UPDATES

സ്ത്രീ ഉടലും ഉയിരും

വ്യഥയുടെ സഞ്ചാരപാതകള്‍; ആഗ്രഹങ്ങളുടെ അറുതികള്‍

സ്വന്തം കഥകള്‍ അച്ചടിച്ചുവന്ന മാസികകള്‍ കൂട്ടിയിട്ട് കത്തിച്ച് സഹോദരി ആത്മഹത്യ ചെയ്യുക. എഴുത്തുകാരി അതിനു സാക്ഷിയാകേണ്ടിവരിക. കെ. സരസ്വതിയമ്മ എന്ന എഴുത്തുകാരിയുടെ അത്യന്തം വേദനാനിര്‍ഭരമായ ജീവിതത്തില്‍ നിന്നൊരേട് മാത്രമാണിത്.

”The loneliness of  the soul in its appalling self-consciousness is horrible and overpowering.”- The Unabridged Journals of Sylvia Plath സ്വന്തം കഥകള്‍ അച്ചടിച്ചുവന്ന മാസികകള്‍ കൂട്ടിയിട്ട് കത്തിച്ച് സഹോദരി ആത്മഹത്യ ചെയ്യുക. എഴുത്തുകാരി അതിനു സാക്ഷിയാകേണ്ടിവരിക. കെ. സരസ്വതിയമ്മ എന്ന എഴുത്തുകാരിയുടെ അത്യന്തം വേദനാനിര്‍ഭരമായ ജീവിതത്തില്‍ നിന്നൊരേട് മാത്രമാണിത്. കടുത്ത അനുഭവങ്ങളിലൂടെ നിരന്തരം യാത്ര ചെയ്യേണ്ടിവന്ന എഴുത്തുകാരി. തുഴഞ്ഞിട്ടും തുഴഞ്ഞിട്ടും കരകാണാതെ കയത്തില്‍ പെട്ടവള്‍.

തീവ്രാനുഭവങ്ങളാല്‍ ഉള്ളുരുകി ലോകഗതിയില്‍ നിന്നകന്ന് ജീവിച്ച ഒട്ടേറെ എഴുത്തുകാരികളുണ്ട്. എമിലി ഡിക്കന്‍സണും സില്‍വിയ പ്ലാത്തും അന്ന അഖ്മത്തോവയും രാജലക്ഷ്മിയും ഒക്കെ പൊടുന്നവെ മനസ്സിലേക്ക് വരുന്നു. ഇത്തരം എഴുത്തുകാരികളുടെ, ലോകം കൊണ്ടാടപ്പെടുകയും അല്ലാതെ പോവുകയും ചെയ്തവരുടെ നിര, വളരെ വലുതാണ്. ആ നാള്‍വഴിയില്‍ ഉള്‍പ്പെടുന്നു കെ. സരസ്വതിയമ്മ. മലയാള സാഹിത്യ ലോകം ഇനിയും വേണ്ടത്ര ശ്രദ്ധകൊടുത്തിട്ടില്ലാത്ത എഴുത്തിന്റെ ലോകം ബാക്കിവെച്ചാണ് അത്യന്തം വേദനാ നിര്‍ഭരമായ സര്‍ഗ പ്രപഞ്ചവും അതിലേറെ വേദന നല്‍കിയ വ്യക്തിജീവിതവും നയിച്ച സരസ്വതിയമ്മ ലോകം വിട്ടത്.

1975 ഡിസംബര്‍ 26 ന് സരസ്വതിയമ്മ മരണമടഞ്ഞു. പത്രത്താളുകളില്‍ അപ്രധാനമായ വാര്‍ത്താവിഭവമായി വരുടെ മരണം ഏതോ മൂലയില്‍ ഒതുങ്ങിപ്പോയി. അവരുടെ മരണശേഷം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതി:
”ഏകാന്തപഥികയായ ഈ എഴുത്തുകാരിയെ പറ്റി, അവരുടെ സുദീര്‍ഘമായ മൗനത്തെ പറ്റി, അറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അവ്യക്തതകളുടെ വഴിയറിയാക്കവലകളില്‍ ഈ അന്വേഷണം പരുങ്ങിനിന്നു. നീണ്ട നിശബ്ദത പാലിച്ച വലിയ ഒരെഴുത്തുകാരി മരിച്ചു.”
1938 മാര്‍ച്ച് 27-ാം തീയതി പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിലെ സീതാഭവനം എന്ന കഥയിലൂടെ മലയാള സാഹിത്യത്തിലേക്ക് കാല്‍വെച്ചു സരസ്വതിയമ്മ. 92 ചെറുകഥകളും ഒരു നോവലും ഒരു നാടകവും ആറു ലേഖനങ്ങളും അടങ്ങുന്നു അവരുടെ രചനാലോകം. 1958 ഫെബ്രുവരി രണ്ടിനു പ്രസിദ്ധീകരിച്ച ജനയുഗം വാരികയില്‍ വന്ന ‘ഉമ്മ’ എന്ന ചെറുകഥയ്ക്കുശേഷം അവരുടെ രചനകളൊന്നും വെളിച്ചം കണ്ടില്ല. ഡയറിക്കുറിപ്പുകളല്ലാതെ പിന്നീടുള്ള കാലത്ത് എഴുത്തുകളൊന്നും ഉണ്ടായില്ല. അവരുടെ മരണം എത്തുന്നതുവരെ 17 ആണ്ടുകള്‍ നീണ്ടു ആ മൗനം.

അത്യന്തം ക്ലേശസന്നിഭമായ വ്യക്തിജീവിതം അവരെ എഴുതുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചു. ഡയറിക്കുറിപ്പുകള്‍ പോലും കൃത്യമായി എഴുതാന്‍ കഴിയാത്തവണ്ണം താന്‍ അശക്തയായിരിക്കുന്നുവെന്നവര്‍ അടിക്കടി കുണ്ഠിതപ്പെട്ടു. പക്ഷെ എഴുതാതിരുന്നതിനെക്കുറിച്ച് ആരാഞ്ഞ എസ്. ഗുപ്തന്‍ നായരോട് സരസ്വതിയമ്മ ഒരു മറുചോദ്യമാണ് ചോദിച്ചത്: ”എന്തിനാ നായരെ അധികമെഴുതുന്നത്?”
എഴുതപ്പെട്ട സാഹിത്യം പോലെ തന്നെ പ്രസക്തമാണ് ആ മൗനങ്ങളും. എഴുതാതിരുന്നപ്പോഴും എഴുതാനിരിക്കുന്ന കൃതികളെ കുറിച്ചോര്‍ത്തുകൊണ്ടുമാത്രമാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എഴുത്തില്ലെങ്കില്‍ തനിക്ക് ജീവിത സുഖം തന്നെയില്ലെന്നു അവര്‍ പറഞ്ഞതായി സരസ്വതിയമ്മയോടെ അഭിമുഖങ്ങള്‍ തയാറാക്കിയിട്ടുള്ള ടി.എന്‍. ജയചന്ദ്രനും കെ.സുരേന്ദ്രനും ഒക്കെ എഴുതിയിട്ടുണ്ട്. മരണത്തിനു രണ്ടാഴ്ച മുന്‍പ് സരസ്വതിയമ്മയെ ആശുപത്രിയില്‍ എത്തിക്കണ്ട കെ. സുരേന്ദ്രനോട് അവര്‍ പറഞ്ഞു:
”എന്തു ചെയ്യാം. പേന എടുത്താല്‍, വായിച്ചാല്‍, സാഹിത്യത്തെപ്പറ്റി ചിന്തിച്ചാല്‍, ശരീരമാകെ വേദന, മനസ്സിനല്ല, ശരീരത്തിനു വേദന!തലയ്ക്ക് കൈകാലുകള്‍ക്ക്!അതിഭയങ്കരമായ അലര്‍ജി”എഴുതാതിരിക്കുന്നതിനു കാരണം ജീവിതത്തിലുണ്ടായ തീവ്രദുഖങ്ങളും കുടുംബരമായ ചില തീരാനഷ്ടങ്ങളും മുറിവുകളുമാണെന്ന് ‘ കെ. സരസ്വതിയമ്മ ഒറ്റയ്ക്കുവഴി നടന്നവള്‍’എന്ന പുസ്തകത്തില്‍ പി.കെ. കനകലതയും ചൂണ്ടിക്കാട്ടുന്നു.

1919 ഏപ്രില്‍ നാലാം തീയതി കുന്നപ്പുഴയിലെ കിഴക്കേക്കോട്ടയില്‍ പത്മനാഭന്‍ പിള്ളയുടേയും കാര്‍ത്യായനി അമ്മയുടേയും മൂന്നു പെണ്‍മക്കളില്‍ ഇളയവളായി സരസ്വതി ജനിച്ചു. പാര്‍വത്യക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏകാശ്രയം. സരസ്വതിയമ്മ ജനിച്ചതിന്റെ പിറ്റേദിവസം കുടും കാരണവര്‍ മരിച്ചതോടെ അവരുടെ ജനനം ദുശ്ശകുനമായി ബന്ധുക്കള്‍ കണ്ടു. കേസും വ്യവഹാരങ്ങളും നിറഞ്ഞ കുടുംബാന്തരീക്ഷം. കുട്ടിക്കാലത്തേ അമ്മയുടെ ആത്മഹത്യാശ്രമത്തിനു സാക്ഷിയായി. പിന്നീട് കുടുംബം തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയിലേക്ക് താമസം മാറി.

ചെറുപ്പത്തിലെ നന്നായി വായിക്കുമായിരുന്നു. പഠനത്തിലും മുന്നില്‍. ഇഎസ്എസ്എല്‍സിക്ക് മികച്ച വിജയം നേടിയെങ്കിലും അച്ഛന്‍ മരിച്ചതോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് വിഷമത്തിലായി. ഒടുവില്‍ വളയും മാലയും പണയം വെച്ചാണ് വിമന്‍സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നത്. അക്കാലത്തേ എഴുത്ത് ആരംഭിച്ചിരുന്നു.

സഹോദരിമാരുടെ ഭാഗത്ത് നിന്നും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ മതിയായ സഹായം ലഭിക്കാതിരുന്നതും വ്യക്തിപരമായ അവരുടെ വിഷമതകളും ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ പരാജയപ്പെടുന്നതിന് ഇടയാക്കി. അക്കാലത്ത് സന്യാസിയാകാനുള്ള ആഗ്രഹം അവരില്‍ ജനിച്ചു. അതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ടാഗോറിന് സരസ്വതിയമ്മ കത്തെഴുതി. എന്നാല്‍ ടാഗോര്‍ ആ ആഗ്രഹം നിരാകരിച്ചുകൊണ്ടു മറുപടി എഴുതി. പിന്നീട് തോറ്റ പരീക്ഷകള്‍ വീണ്ടും എഴുതിയെടുത്തശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ബിഎയ്ക്കു ചേര്‍ന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയും എസ്. ഗുപ്തന്‍ നായരും അന്നവിടെ ബി.എ. ഓണേഴ്‌സിനു പഠിച്ചിരുന്നു.
1942ല്‍ ബിഎ മികച്ച നിലയില്‍ വിജയിച്ച് പെരുന്ന എന്‍എസ്എസ് സ്‌കൂളിലും പിന്നീട് നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്‌കൂളിലും അധ്യാപികയായി. 1945ല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗം നേടി. 1944 ല്‍ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി. ഇതോടെ അവര്‍ക്കെതിരെ വ്യക്തിപരമായ പല അപവാദങ്ങളും ഉയര്‍ന്നു. കുടുംബാന്തരീക്ഷം കലുഷമായി. സഹോദരീ പുത്രന്‍ സുകു അവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സുകുവുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായി. അവധിക്കാലത്ത് വീട്ടില്‍ താമസിക്കാനാവാതെ മദ്രാസിലും മറ്റും പോയി താമസിച്ചു. വീട്ടിലെ സംഘര്‍ഷം എഴുത്ത് ജീവിതത്തേയും ബാധിച്ചു. ഒപ്പമുണ്ടായിരുന്ന സുകു മാറി താമസിച്ചു. പോലീസ് സര്‍വീസിലായിരുന്ന സുകു ജോലി ആവശ്യത്തിനായി താമസം കോട്ടയത്തേക്കും മാറ്റി. സരസ്വതിയമ്മ ജോലി മാറ്റമായി തൃശൂരിലേക്ക് പോയി. എന്നാല്‍ 1961 ഏപ്രില്‍ 9ന് സുകു മരണമടഞ്ഞു. സുകുവിന്റെ അപമൃത്യു സരസ്വതിയമ്മയ്ക്കു വലിയ ആഘാതമായി. 1963 ഒക്ടോ്ബര്‍ 26ന അമ്മയും മരിച്ചു. മകന്റെ മരണത്തില്‍ സമനില തെറ്റിയ മൂത്തസഹോദരി സരസ്വതിയമ്മയ്‌ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി അയയ്ക്കുകയും ചെയ്തു. മൂത്തചേച്ചി സരസ്വതിയമ്മ എഴുതിയ കഥകളും മറ്റും അടിച്ചുവന്ന മാസികകള്‍ കൂട്ടിയിട്ട് അതില്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ട് 1967 ഏപ്രില്‍ 25ന് ആത്മഹത്യയും ചെയ്തു.
കലഹപൂര്‍ണമായ കുടുംബാന്തരീക്ഷമല്ല, ആദര്‍ശാത്മകമായ ലോകമായിരുന്നു അവരുടെ രചനകളുടെ ആന്തരിക തലം നിര്‍ണയിച്ചിരുന്നതെന്നത് ശ്രദ്ധേയം. പുരുഷാധിപത്യത്തെ നിശിതമായി വിമര്‍ശിച്ച എഴുത്തുകാരിയായിരുന്നു സരസ്വതിയമ്മ. ”എന്നാല്‍, പുരുഷ വിദ്വേഷത്തിന്റെ കഥകളാണ് അവ എന്ന് അവര്‍ അംഗീകരിക്കുന്നില്ല. കഥകളിലെ കേന്ദ്ര പ്രമേയം സ്ത്രീ സ്വാതന്ത്ര്യമായിരുന്നു. ആദ്യകാല കഥകളില്‍ കാല്‍പനിക വര്‍ണനകളും ആലങ്കാരിക ഭാഷയും മറ്റും ഉണ്ടായിരുന്നെങ്കിലും അത്തരം അംശങ്ങള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. പില്‍ക്കാല കഥകളില്‍ കാണുന്നത് യഥാതഥാവിഷ്‌കാരത്തിനുതകുന്ന ലളിതമായ ഭാഷയും ഋജുവായ  ആഖ്യാന ശൈലിയുമാണ്. ജീവിതത്തിലെ വിലക്ഷണതകളെ ഹാസ്യാത്മകമായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്.  ഉള്ളില്‍ ദുഖം പതഞ്ഞുയരുമ്പോഴും അവര്‍ ചിരിക്കാന്‍ ആഗ്രഹിച്ചു.

വിവാഹം എന്ന സ്ഥാപനത്തിന്റെ അപചയം  അവര്‍ക്ക് ഇഷ്ടപ്രമേയമായിരുന്നു. വിവാഹത്തെക്കുറിച്ച് പുരുഷന്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകള്‍ അവര്‍ കലാപരമായി ആവിഷ്‌കരിച്ചു.  സാമൂഹികപ്രശ്‌നങ്ങളെ ഗൗരവപൂര്‍വം വീക്ഷിക്കുന്ന ഈ സ്ത്രീപക്ഷ രചനകള്‍ക്ക് ഒരിക്കലും നഷ്ടമാകാത്ത ചരിത്രപരമായ പ്രാധാന്യമുണ്ട്.”
കടുത്ത വ്യഥകള്‍ക്കു നടുവിലും അവര്‍ എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ പുറം ലോകം അവരോട് കൂടുതല്‍ കൂടുതല്‍ ക്രൂരമായി പ്രവര്‍ത്തിച്ചു. സ്‌ത്രൈണ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുന്ന അനുഭവതലമുള്ള ഉമ്മ എന്ന കഥ ജനയുഗത്തില്‍ വെളിച്ചം കണ്ടതിനുശേഷം അവര്‍ ദീര്‍ഘമായ മൗനത്തിലേക്ക് ഊളിയിട്ടു. സാഹിത്യ ലോകത്ത് നിന്നും അവര്‍ തികഞ്ഞ ഭക്തിയിലേക്ക് മാറി. ജോലിയിലും മറ്റും വിരക്തയായി. 1973 ഫെബ്രുവരിയില്‍ സ്വമേധയാ ജോലയില്‍ നിന്നും പിരിഞ്ഞുപോരുകയും ചെയ്തു.

ചുരുക്കം ചില സൗഹൃദങ്ങള്‍. സന്തസഹചാരിയായ റേഡിയോ. 1974 ഏപ്രില്‍ നാലിന് അവര്‍ ഡയറിയില്‍ എഴുതി: ”All my attachment here except the new radio is over.” ഇംഗ്‌ളീഷ് സിനിമകളും ഇഗ്‌ളീഷ് പുസ്തകങ്ങളും അവര്‍ക്കിഷ്ടമായിരുന്നു. ഫോട്ടോഗ്രാഫിയിലും കമ്പമുണ്ടായിരുന്നു. പിന്നീട് അവര്‍ കൂടുതല്‍ കൂടുതല്‍ തന്നിലേക്ക് ഒതുങ്ങി. സ്വകാര്യ കത്തുകളും ഫോട്ടോകളും മറ്റും നശിപ്പിച്ചു. റേഡിയോയും ഉപേക്ഷിച്ചു. പുസ്തകങ്ങളും മറ്റും ലൈബ്രറിക്കും ബന്ധുക്കള്‍ക്കും കൈമാറി. ഇതിനിടെ ശേഷിച്ച സഹോദരിയും മരിച്ചു. തനിച്ചായതിന്റെ തിക്ത വേദന അവരെ മഥിച്ചു. ദൈവത്തോട് ന്നെ രക്ഷിക്കണേയെന്ന അഭ്യര്‍ഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളില്‍ മുഴുവന്‍. രോഗപീഡകളിലേക്ക് മൂക്കുകുത്തിവീണ സരസ്വതിയമ്മ പ്രമേഹവും രക്തസമ്മര്‍ദ്ദവും വര്‍ധിച്ചതിനെ തുടര്‍ന്ന് 1975 ഡിസംബര്‍ 26ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടയുകയും ചെയ്തു.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍