UPDATES

സിനിമ

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയാരാണ്? ശ്രീജയ നായര്‍ /അഭിമുഖം

15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കെയര്‍ഫുള്‍ എന്ന സിനിമയിലൂടെ ശ്രീജയ വീണ്ടും എത്തുന്നു

അനു ചന്ദ്ര

അനു ചന്ദ്ര

മലയാള തനിമയുളള പെണ്‍കുട്ടി, ശ്രീജയ നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആദ്യം ഓര്‍മയില്‍ എത്തുന്നത് ഈ വിശേഷണമാണ്. വിരലിലെണ്ണാവുന്ന സിനിമയിലെ ശ്രീജയ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ അവരുടെ ഇഷ്ടം നേടാന്‍ ശ്രീജയയ്ക്കു കഴിഞ്ഞു. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും ശ്രീജയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാണ് അതിന്റെ തെളിവ്. നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ശക്തമായ ഒരു തിരിച്ചു വരവ് നടത്തുകയാണ് ശ്രീജയ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന പുതിയ ചിത്രത്തിലൂടെ. തന്റെ വിശേഷങ്ങളും പുതിയ ചിത്രത്തെ കുറിച്ചും ശ്രീജയ നായര്‍ അനു ചന്ദ്രയുമായി സംസാരിക്കുന്നു.

അനു: സിനിമയില്‍ നിന്നും നീണ്ടനാളായി മാറിനില്‍ക്കുകയാണെങ്കിലും ശ്രീജയെ മലയാളി മറന്നിട്ടില്ല. അതുകൊണ്ട് തന്നെ വിശേഷങ്ങള്‍ അറിയാന്‍ താത്പര്യമുണ്ട്.
ശ്രീജയ : വിവാഹശേഷം ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. അതിന്റെ അഞ്ചു ബ്രാഞ്ചുകള്‍ കൂടിയുണ്ട്. അതിലാണ് ഇപ്പോഴന്റെ ശ്രദ്ധ. നൃത്തത്തിനൊപ്പം കച്ചേരികളും ചെയ്യാറുണ്ട്. പ്രാക്ടീസുകളും നൃത്തവിദ്യാലയങ്ങളുടെ ഉത്തരവാദിത്വവുമായി ന്ല്ല തിരക്കുണ്ട് ജീവിതത്തില്‍. എങ്കിലും ഞാനതില്‍ സന്തോഷവതിയും സംതൃപ്തയുമാണ്. കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മദന്‍ നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ബിസിനസ്സുകാരനാണ്. ഒരു മകള്‍ മൈഥിലി. ഇനി പത്തിലേക്കാണ്. നൃത്തിന്റെ തിരക്കുകള്‍ക്കൊപ്പം കുടുംബത്തിന്റെ തിരക്കും നിറഞ്ഞതാണ് ഇപ്പോഴത്തെ എന്റെ ജീവിതം.

അ: ഇടവേളക്ക് ശേഷമുളള തിരിച്ചു വരവിന് നിമിത്തമായ കെയര്‍ഫുളിനെ കുറിച്ച്?
ശ്രീ: 2014 ല്‍ ജോഷി സാറിന്റെ അവതാരം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിനുശേഷം ചെയ്യുന്ന സിനിമയാണ് കെയര്‍ ഫുള്‍. കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. ഒരു വീട്ടമ്മയുടെ വേഷമാണ് എനിക്കിതില്‍. എന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത് നടന്‍ കൃഷ്ണകുമാര്‍ ആണ്. ബെംഗളൂരുവില്‍ ഞങ്ങളുടെ അയല്‍ക്കാരനാണു കെയര്‍ഫുളിന്റെ സംവിധായകന്‍ വി.കെ പ്രകാശ് സാര്‍. ഇടയ്ക്കു മാത്രമെ തമ്മില്‍ കാണാറുള്ളെങ്കിലും സാറുമായി നല്ലൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ട്. ഈ സിനിമയിലെത്തിപ്പെട്ടതിന്റെ അടിസ്ഥാന ഘടകമെന്ന് പറയുന്നത് തീര്‍ച്ചയായും ആ സൗഹൃദമാണ്.

അ: ദീര്‍ഘനാള്‍ മാറി നിന്നശേഷം തിരിച്ചുവരുമ്പോള്‍ അനുഭവപ്പെടുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
ശ്രീ: മാറ്റങ്ങള്‍ ഒരുപാടു വന്നിട്ടുണ്ട്. ഞാന്‍ സിനിമകള്‍ ചെയ്തിരുന്ന കാലത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ തലമുറ വളരെ പ്രൊഫഷണലായാണ് സിനിമയെ കാണുന്നത്. ഒരു കഥാപാത്രം ചെയ്യാന്‍ നല്ല തയ്യാറെടുപ്പുകള്‍ അവര്‍ നടത്തുന്നുണ്ട്. സിനിമയുടെ കഥയെക്കുറിച്ചും ഓരോ കഥാപാത്രങ്ങളെയും കുറിച്ച് അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. ഒരോ സിനിമയിലും അവര്‍ totally include ആണ്. അഭിനന്ദിക്കേണ്ട കാര്യങ്ങളാണിതൊക്കെ. ആര്‍ട്ടിസ്റ്റ്കളെല്ലാം അത്രയും സീരിയസ് ആയി സിനിമയെ സമീപിക്കുന്നു എന്നത് തന്നെ സന്തോഷമാണ്. ടെക്‌നിക്കല്‍ സൈഡിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുളളത്. ബാഹുബലിയൊക്കെ കാണുമ്പോള്‍ ശരിക്കും വിചാരിക്കും അതിലെ ചെറിയൊരു ഭാഗമെങ്കിലും ആകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. സാങ്കേതികമായും പ്രമേയപരമായും എത്രയെത്ര നല്ല സിനിമകളാണ് വരുന്നത്. വളരെ പ്രധാനപ്പെട്ടൊരു സംഗതി സിനിമയുടെ പിന്നണിയില്‍ സ്ത്രീ സാന്നിധ്യങ്ങള്‍ വര്‍ദ്ധിച്ചു എന്നതാണ്. പുറമെ നിന്നു നോക്കി കാണുമ്പോള്‍ പോലും വളരെ സന്തോഷം തോന്നും.

അ: പഴയകാല സിനിമ ഓര്‍മകള്‍ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടോ?
ശ്രീ: ആ കാലത്തെക്കുറിച്ച് മനസില്‍ ഉള്ളതെല്ലാം നല്ല ഓര്‍മകളാണ്. വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കില്‍ കൂടി അതെല്ലാം നല്ല സംവിധായര്‍ക്കും, സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊപ്പമായിരുന്നു. ലോഹി സാര്‍, സിബി സാര്‍, കമല്‍ സാര്‍, സത്യന്‍ സാര്‍…അവര്‍ക്കെല്ലാമൊപ്പമുളള സമയം ഒരിക്കലും മറക്കാന്‍ കഴിയില്ല. അവരൊക്കെ ഇന്നും എന്റെ ഗുരുസ്ഥാനത്തുള്ളവരാണ്. ജോഷി സാറിനെയൊക്കെ കാണുമ്പോള്‍ ഇപ്പോഴും പഴയ പേടിയും ബഹുമാനവും ഒക്കെയാണ്. ആ കാലം ഒരിക്കലും മറക്കില്ല. എല്ലാവരും തിരക്കിലാണ്, അതുകൊണ്ട് കോണ്ടാക്ട്‌സ് ഒക്കെ പരിമിതമാണ്. പക്ഷെ എന്റെ ജീവിതത്തിലെ ഓരോഘട്ടത്തിലും ഞാന്‍ ഓര്‍മിക്കുന്ന മുഖങ്ങളാണ് അവരുടെയൊക്കെ.

അ: ചെയ്ത വേഷങ്ങളില്‍ ഏറെ വ്യത്യസ്തമാര്‍ന്ന കഥാപാത്രമായിരുന്നില്ലേ കന്മദത്തിലെ സുമ?
ശ്രീ: എന്റെ കഥാപാത്രങ്ങളില്‍ മിക്കവാറും ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് കന്മദത്തിലേത്. ലോഹി സാര്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു തരുമായിരുന്നു. അതനുസരിച്ചു ചെയ്തു. ലോഹിസാര്‍ എഴുതിയ സാഗരംസാക്ഷി എന്ന സിനിമയില്‍ മമ്മൂക്കായുടെ മകളായി അഭിനയിച്ചിട്ടുണ്ട്. കന്മദത്തിന്റെ ലൊക്കേഷന്‍, മഞ്ജു, ലാലേട്ടന്‍; എല്ലാം നല്ല ഓര്‍മകളാണ്.

അ: കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം മഞ്ജു വാര്യരുമൊത്ത് രണ്ടു സിനിമകള്‍ ചെയ്തു. മഞ്ജുവിന്റെ തിരിച്ചു വരവിനെ കുറിച്ച്?
ശ്രീ: എനിക്ക് തോന്നുന്നു അന്നും ഇന്നും മഞ്ജു ഒരു പോലത്തെ ഒരു കുട്ടിയാണെന്ന്. അഭിനയത്തിലാണെങ്കിലും നൃത്തത്തിലാണെങ്കിലും ഒരുപാട് കഴിവുണ്ട്. കുറച്ച് കാലം മഞ്ജു നൃത്തത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും വീണ്ടും തിരിച്ചുവന്നപ്പോള്‍ കൂടെ വര്‍ക്ക് ചെയ്ത ആളായതുകൊണ്ടും ഞാനുമൊരു നര്‍ത്തകിയായതുകൊണ്ടുംവളരെ സന്തോഷമുണ്ട്. മഞ്ജുവിന്റെ നൃത്തത്തിലേക്കുളള തിരിച്ചു വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരാള്‍ ഞാനാണ്. മലയാള സിനിമയില്‍ സ്ത്രീ പ്രാധാന്യമുളള കഥാപാത്രങ്ങള്‍ ചെയ്യാനുളള ഭാഗ്യം വളരെ കുറച്ച് പേര്‍ക്കേ കിട്ടിയിട്ടുള്ളൂ. അക്കാര്യത്തില്‍ മഞ്ജു ഭാഗ്യവതിയാണ്.

അ: ഒരു രഹസ്യം ചോദിക്കാനുണ്ട്. സമ്മര്‍ ഇന്‍ ബതലഹേമിലെ ആ അജ്ഞാത കാമുകി ശ്രീജയയാണോ?
ശ്രീ: ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമെ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്. സമ്മര്‍ ഇന്‍ ബത്‌ലഹേം ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമായായിരുന്നു. ലൊക്കേഷനൊക്കെ നല്ല രസമായിരുന്നു. ഊട്ടിയില്‍ ഒരു അവധിക്കാലം ആസ്വദിച്ചതുപോലെയുള്ള അനുഭവം. ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികള്‍, കൂടെ ചെറിയ കുട്ടികളും. ഒത്തിരിപ്പേരുണ്ടായിരുന്നു സെറ്റില്‍. വൈകുന്നേരങ്ങളില്‍ ഞാനും മഞ്ജുവുമൊക്കെ കൂടി സ്ട്രീറ്റിലൊക്കെ പോയി ഭക്ഷണം കഴിക്കുമായിരുന്നു. എന്റെ മോള്‍ ആ സിനിമ കാണുമ്പോഴൊക്കെ ചോദിക്കും എങ്ങനെയായിരുന്നു അമ്മാ ആ സമയത്ത്, എന്തായിരുന്നു അമ്മാ ആ സമയത്ത് എന്നൊക്കെ…

അ: സിനിമയിലേക്കുളള വരവ് എങ്ങനെയായിരുന്നു?
ശ്രീ: കമലദളം ആണ് ആദ്യ സിനിമ. ഞാന്‍ അന്ന് കലാമണ്ഡലത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു. സിബി സാര്‍ ആണ് സിനിമയിലേക്ക് സെലക്ട് ചെയ്തത്. അതായിരുന്നു ഫസ്റ്റ് എക്‌സ്പീരിയന്‍സ്. അതില്‍ ലാലേട്ടന്‍, വിനീതേട്ടന്‍, മോനിഷ ഇവര്‍ക്കൊപ്പം തന്നെ ആദ്യ സിനിമ. അന്നൊക്കെ വിനീതേട്ടനോട് വലിയ ആരാധനയൊക്കെ തോന്നി നില്‍ക്കുന്ന സമയത്താണ് കൂടെ അഭിനയിക്കാനവസരം കിട്ടുന്നത്. ഇപ്പോഴും വിനീതേട്ടനെ കച്ചേരികളിലൊക്കെ വെച്ച് കാണാറുണ്ട്.

അ: ചെയ്തതില്‍ കൂടുതലും അനിയത്തി വേഷങ്ങളായി പോയില്ലേ. മുന്‍നിര നായികയാവാത്തതില്‍ വിഷമമുണ്ടോ?
ശ്രീ: ഇല്ല. ഓരോര്‍ത്തര്‍ക്കും ഓരോ caliber ആണ്. അതിനനുസരിച്ചാണ് മുമ്പോട്ട് പോകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കുറച്ചു കൂടി strength എന്ന് പറയുന്നത് ഡാന്‍സിലാണ്. അതുകൊണ്ട് ആകാം ലൈഫ് ഇങ്ങനെ മാറി മറിഞ്ഞത്.

അ: സിനിമയില്‍ ശ്രീജയ്‌ക്കെപ്പോഴും ഒരു നാടന്‍കുട്ടി ഇമേജായിരുന്നു. വ്യക്തിജീവിതത്തിലും അങ്ങനെയാണോ?
ശ്രീ: ഒരിക്കലുമല്ല. ഞാന്‍ കുറച്ച് മോഡേണ്‍ ആണ്.

അ: മകള്‍ മൈഥിലി സിനിമയിലേക്കു വരുമോ?
ശ്രീ: അവള്‍ക്കങ്ങനെയൊരു താത്പര്യം ഉണ്ടെങ്കില്‍ ഉറപ്പായിട്ടും സംഭവിക്കും. പക്ഷേ അവളുടെ ഇപ്പോഴത്തെ ആവേശം ബാഡ്മിന്റനാണ്. എന്തായാലും പഠനം കഴിഞ്ഞിട്ട് തീരുമാനിക്കാം. ഇപ്പോള്‍ പഠിനത്തിനു തന്നെയാണു പ്രാധാന്യം. പിന്നെ മദന്‍ വളരെ സപ്പോര്‍ട്ടാണ്.

അ: കെയര്‍ഫുള്ളിനു പിന്നാലെ സിനിമയില്‍ സജീവമാകുമോ?
ശ്രീ:ഡാന്‍സ് സ്‌കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്ല തിരക്കുണ്ട്. എന്നാലും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും സിനിമ ചെയ്യും. നൃത്തവും സിനിമയും ഒരുമിച്ചു കൊണ്ടുപോവുകയെന്നത് ബുദ്ധിമുട്ടാണ്. എങ്കിലും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍