UPDATES

മുഖ്യമന്ത്രീ, ഈ അമ്മ കരഞ്ഞുപറയുകയാണ്, ഒരു മകനെ കൂടി അവര്‍ക്ക് നഷ്ടപ്പെടരുത്

നിന്റെ അച്ഛനും അമ്മയുമൊന്നുമല്ല സര്‍ക്കാര്‍. നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കാണ് താങ്ങാന്‍ കഴിയാത്തത്- നിരാഹാരം കിടക്കുന്ന ശ്രീജിത്തിനോട് അമ്മ

സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഒന്നര വര്‍ഷമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ നിരാഹാരം 35-ആം ദിവസം കടന്നിരിക്കുകയാണ്. അന്യായമായി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അവിടെവച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ജ്യേഷ്ഠന്‍ ശ്രീജിത്താണ് അനിയന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം തുടരുന്നത്.

തന്റെ സമരം 400 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസത്തിലേറെയായി ശ്രീജിത്ത് നിരാഹാരത്തിലാണ്. വെള്ളം മാത്രം അല്‍പം കുടിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ശ്രീജിത്തിന്റെ ആരോഗ്യം വഷളായികൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഒരു നടപടിയും എടുക്കാത്ത അധികൃതര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ശ്രീജിത്തിനെ കുറിച്ച് ഗീതാ തോട്ടം എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുകയാണ്. എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാമെന്നാണ് അവര്‍ പറയുന്നത്. അവരുടെ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് പോലീസ്, ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ എത്തിച്ച് ശ്രീജിത്തിന്റെ നില പരിശോധിച്ചിരുന്നു. നിലവില്‍ ശ്രീജിത്തിന്റെ ആരോഗ്യത്തില്‍ അപകടമില്ലെന്ന് ഡോക്ടര്‍ വിധി എഴുതിയതിനാല്‍ തങ്ങളുടെ ജോലി തീര്‍ന്നു എന്ന മട്ടില്‍ പോലീസും മടങ്ങി.


തനിക്ക് തീരെ വയ്യെന്നും ശരീരം മുഴുവന്‍ വിറയ്ക്കുന്നെന്നും തല വേദനയെടുക്കുന്നുവെന്നും പറഞ്ഞ ശ്രീജിത്ത് അമ്മ രമണിയുടെ മുമ്പില്‍ വച്ച് പതിഞ്ഞതെങ്കിലും ഉറച്ച വിശ്വാസത്തോടെ അഴിമുഖത്തോട് പറഞ്ഞത്- ‘മരണത്തിന് മാത്രമെ എന്നെ തോല്‍പിക്കാന്‍ കഴിയൂ. അത്ര പെട്ടെന്ന് തോല്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ് കുറേശ്ശേ വെള്ളം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഇവിടെ കിടന്ന് ചത്താലും എനിക്ക് വിഷമമില്ല. എന്റെ പ്രായത്തിലുള്ള എത്ര പേര്‍ കഞ്ചാവും മദ്യവും കഴിച്ച് മരിക്കുന്നു. ഒന്നുമില്ലെങ്കിലും ഞാന്‍ നീതിക്ക് വേണ്ടി പോരാടിയല്ലെ മരിക്കുക. എനിക്ക് ഭയമില്ല. ഭയമുള്ളത് മരിച്ചാല്‍ കേസ് ഒന്നുമല്ലാതാകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് വെള്ളം കുടിച്ച് ജീവന്‍ നിര്‍ത്തിയിരിക്കുന്നത്. പിന്നെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. കുടുംബത്തിന് ഇനി ഞാനെയുള്ളൂ. ചേട്ടന്‍ ഒരു അപകടത്തില്‍പ്പെട്ട കിടപ്പിലായി. ഇപ്പോള്‍ നടക്കും. പക്ഷെ പണിക്ക് പോകാറായിട്ടില്ല.

എന്റെ അനിയന് വേണ്ടി മാത്രമല്ല, ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനും കൂടിയാണീ സമരം. അവന്‍ (ശ്രീജിവ്) കൊല്ലപ്പെടുന്നതിന്റെ മുമ്പും അതിനുശേഷവും ഇവിടെ നിരപരാധികള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കരുത്. ഇവിടെ ഇരട്ടനീതിയാണ്. പിടിപാടുള്ളവന് ഒന്ന്, സാധാരണക്കാര്‍ക്ക് മറ്റൊന്ന്. ഇവിടുള്ള പോലീസ് പറയുന്നത് നിങ്ങള്‍ പണം മേടിച്ചില്ലേ, പിന്നെ എന്തിനാണ് ഇവിടെ കിടക്കുന്നത് എന്ന്. ശരിയാണ് സാര്‍, നിങ്ങള്‍ (പോലീസ്) സര്‍ക്കാരിന്റെയാണെന്നും പറഞ്ഞ് പോലീസ് ഫണ്ടില്‍ നിന്നോ മറ്റ് എവിടെ നിന്നോ മേടിച്ച തന്ന പണം ഞങ്ങള്‍ വാങ്ങിച്ചു. പണം തന്നതുകൊണ്ട് കുറ്റവാളികള്‍ രക്ഷപ്പെട്ടോട്ടേയെന്നാണോ? നീതിക്ക് വേണ്ടിയാണ് ഇവിടെ കിടക്കുന്നത്. സമരം ചെയ്യുന്നത്. എനിക്കറിയാം അവര്‍ (കുറ്റവാളികളായ പോലീസുകാര്‍) എന്റെ മരണമാണ് ആഗ്രഹിക്കുന്നത് എന്ന്. പക്ഷെ പെട്ടെന്ന് ഞാന്‍ മരിച്ച് കേസ് ഒതുങ്ങില്ല. അവര്‍ക്ക്‌ (കുറ്റവാളികള്‍) ജയിക്കണമെങ്കില്‍ ഞാന്‍ മരിക്കുക തന്നെ വേണം.’

ശ്രീജിത്തിന്റെ ഉറച്ച തീരുമാനങ്ങള്‍ കുറ്റവാളികളെ ഭയപ്പെടുത്തുകയാണെങ്കില്‍ അമ്മ രമണിയെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ഇനി ഒരു മകനെ കൂടി നഷ്ടപ്പെടുത്താവാന്‍ ത്രാണിയില്ല. അതുകൊണ്ട് തന്നെ അവര്‍ ശ്രീജിത്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

‘വീട്ടിലെ കാര്യങ്ങള്‍ ഒക്കെ വലിയ കഷ്ടത്തിലാണ്. മൂത്തവനാണെങ്കില്‍ ഒരു വാഹനാപകടത്തില്‍ പെട്ടു കിടക്കുന്നതിനാല്‍ ഒരു ജോലിക്കും പോകുവാന്‍ കഴിയില്ല. ഒരുത്തനെ എല്ലാവരും കൂടി ചേര്‍ന്ന്… ഇവനാണെങ്കില്‍ (ശ്രീജിത്ത്) ഇവിടെ ഇങ്ങനെ കിടക്കുകയാണ്. അങ്ങനെ എല്ലാം കൊണ്ടും ജീവിതത്തില്‍ ഒരു സമാധാനം ഇല്ലാതിരിക്കുകയാണ്. എന്തെങ്കിലും നീതി ലഭിക്കുവായിരുന്നുവെങ്കില്‍ ഇവനെ (ശ്രീജിത്ത്) എങ്ങനെയെങ്കിലുമൊക്കെ സമാധാനിപ്പിച്ച് വീട്ടില്‍ കൊണ്ടുവന്ന് എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിച്ചിച്ചുപോകാമായിരുന്നു. അവര്‍ (ശ്രീജിവിന്റെ കൊലപാതകത്തിലെ പ്രതികള്‍) മന:പൂര്‍വ്വം ഞങ്ങളുടെ കുടുംബം തകര്‍ക്കുകയാണ്. മാഡം (നളിനി നെറ്റോ) കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്നും അന്വേഷണം തുടരണമെന്നും പറഞ്ഞ് ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ അന്ന് ഡിജിപി അത് തടസപ്പെടുത്തി വച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ നഷ്ടപരിഹാര തുക തന്നു. തുക തരുന്നതിന്റെ പേരില്‍ എന്തോക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ നളിനി മാഡം അതു വകവയ്ക്കാതെ പണം തന്നു.

Read: അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്

Read: ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

പക്ഷെ ഈ പൈസ കൊണ്ട് അവനെ (കൊല്ലപ്പെട്ട ശ്രീജിവ്) കിട്ടുമോ? എന്നെയെടുത്ത് കുഴിയില്‍ വയ്ക്കണ്ടവനല്ലേ പോയത്. അവന്റെ രണ്ടര വയസിലായിരുന്നു അവന്റെ അച്ഛന്‍ മരിച്ചത്. ഭര്‍ത്താവ് ഇല്ലാതെ ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് എന്റെ പുള്ളാരെ വളര്‍ത്തിയില്ലേ.. ഞങ്ങളുടെ നാട്ടുകാരായ, ഞങ്ങളെ ശരിക്ക് അറിയാവുന്ന പോലീസുകാരാണ് ഈ ദ്രോഹം ചെയ്തത്. അവര്‍ ഇപ്പോഴും ഞങ്ങളുടെ കണ്‍മുമ്പില്‍ ഞെളിഞ്ഞിരിക്കുകയാണ്. കുറ്റം ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ? ഇനിയും എന്റെ മക്കളെ കൊലയ്ക്ക് കൊടുക്കണോ? ഇവര്‍ (സര്‍ക്കാര്‍) എന്തെങ്കിലും നടപടി എടുക്കുമെന്ന് നോക്കിയിട്ട് അവര്‍ എടുക്കുന്നില്ല. കുറ്റവാളികള്‍ സിപിഎമ്മിന്റെ ആള്‍ക്കാരാണ്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിടിയുള്ള ആള്‍ക്കാരാണ്. സ്വാധീനം കൊണ്ട് പിടിച്ചു നില്‍ക്കുവാണവര്‍.

ഓഫീസര്‍മാരുടെ അടുത്ത് കയറി കയറി ഞാന്‍ മടുത്തു. കേസ് അവര്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. കേസ് എടുക്കും എടുക്കും എന്ന് അവര്‍ പറയുന്നുണ്ട്. എല്ലാം അവരുടെ അള്‍ക്കാരാണ് കുറ്റവാളികളുടെ). മുഖ്യമന്ത്രിയെ ഒന്നു കാണാന്‍ പോലും പോലീസ് ഇതുവരെ അനുവദിച്ചിട്ടില്ല. ഒരു തവണ രാത്രി പത്തുമണിവരെ ഞാനും ഇവനും കൂടി മുഖ്യമന്ത്രിയെ കാണാനായി കാത്തിരുന്നു. പോലീസുകാര്‍ ഞങ്ങളെ കയറ്റിവിട്ടില്ല. ഇവന്‍ ഇവിടെ സമരം ചെയ്ത് കിടക്കുന്നതുകൊണ്ട് പോലീസുകാര്‍ക്ക് ഇവനെ അറിയാം. ഇവന്റെ കൂടെ വന്നതുകൊണ്ട് എന്നെയും കയറ്റിവിട്ടില്ല. അവസാനം ഞാന്‍ ആ പോലീസുകാരുടെ കാലുപിടിച്ചു. മുഖ്യമന്ത്രിയോട് എന്റെ വിഷമം പറയനാണ് എന്നു പറഞ്ഞിട്ടൊന്നും അവര്‍ കയറ്റി വിട്ടില്ല. ഇതുപോലെ പല പ്രാവശ്യം ഇത് തന്നെ നടന്നു. ഇപ്പോള്‍ മനസ്സു മടുത്തു.

അവന്റെ (ശ്രീജിത്ത) അടുത്ത് കാലു പിടിച്ചു- ഇവിടെ കിടന്നാല്‍ ഒരു നീതിയും കിട്ടൂല… എണീര്… എണീര്… എന്ന് പറഞ്ഞിട്ടൊന്നും അവന്‍ കേള്‍ക്കുന്നില്ല. ഇന്നും (06-03-2017) അവനെ വഴക്ക് പറഞ്ഞു. ആഹാരം കഴിക്കാതെ അവന്റെ കൈയും കാലും വിറയ്ക്കുന്നത് കണ്ടിട്ട് സഹിക്കെട്ട് അവനോട് പറഞ്ഞു- കുടുംബം തകര്‍ക്കാന്‍ തന്നെയാണോടാ നീ ഇവിടെ കിടക്കുന്നത്? നിന്റെ അച്ഛനും അമ്മയുമൊന്നുമല്ല സര്‍ക്കാര്‍. നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കാണ് താങ്ങാന്‍ കഴിയാത്തത്. എന്നിട്ടും അവന്‍ വകവയ്ക്കുന്നില്ല. അവന്‍ പറയുന്നത് ‘ഞാന്‍ ഇവിടെ കിടന്ന് മരിച്ചാലും എണിക്കൂല, അവനെ (ശ്രീജിവ്) കൊന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതു വരെ ഞാന്‍ ഇവിടെ കിടക്കും.’

എന്തു ചെയ്യും എന്റെ മോനെ ഞാന്‍, ഇവനിങ്ങനെ തുടങ്ങിയാല്‍… ഞാനും എന്റെ മക്കളും ആര്‍ക്കും ഒരു ദ്രാഹവും ചെയ്തിട്ടില്ല. ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. എന്നിട്ടും എനിക്ക്… ഈ വേദന എന്നു തീരുമോ എന്റെ കര്‍ത്താവേ എന്ന് പ്രാര്‍ഥിക്കുകയാണ് ഇപ്പോള്‍. മുകളിലിരിക്കുന്ന സര്‍വ്വശക്തന്‍ എന്നെങ്കിലും എനിക്ക് അനുകൂലമായി തരുമെന്ന് ഉറപ്പുണ്ട്. അത്രയുള്ളൂ മോനെ എനിക്ക് പറയാന്‍…’

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍