UPDATES

ട്രെന്‍ഡിങ്ങ്

സമരം ശവപ്പെട്ടിയില്‍; “ആര്‍ക്കും ബുദ്ധിമുട്ടില്ല, എളുപ്പത്തില്‍ എടുത്തു കൊണ്ടുപോകാമെന്ന്” ശ്രീജിത്ത്

കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തന്നെ തുടരുന്നുവെന്നും അവരെ ജോലിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് അന്വേഷണം തുടരണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം

പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജിവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയ ശ്രീജിത്ത് പുതിയ സമരമുറയുമായി സമരം തുടരുകയാണ്. സെപ്റ്റംബര്‍ നാലിന് ആയിരം ദിവസം തികഞ്ഞ സമരത്തിന് പുതിയ രീതികള്‍ കൊണ്ട് വരുമെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നതാണ്. തടികൊണ്ട് സ്വയം നിര്‍മിച്ച ശവപ്പെട്ടിയില്‍ കിടന്നാണ് ശ്രീജിത്ത് ഇപ്പോള്‍ സമരം ചെയ്യുന്നത്.

‘കുറച്ച് ദിവസമായി നിരാഹാരസമരമാണ്. വെള്ളം കുടിക്കുന്നതിന്റെ അളവും കുറച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് നടക്കാന്‍ പറ്റുന്നില്ല. കിടക്കുന്ന സമയത്ത് ഉറങ്ങുന്നതിനിടെ എന്തെങ്കിലും സംഭവിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. അതുകൊണ്ടാണ് ശവപ്പെട്ടി പോലെ തയാറാക്കി അതില്‍ കിടക്കുന്നത്. ഇതാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകുകയില്ല. എടുത്തു കൊണ്ട് പോകാം.’ ശവപ്പെട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീജിത്തിന്റെ മറുപടി ഇതായിരുന്നു.

പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരന്‍ ശ്രീജീവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി 2015 മെയ് 22-നാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയത്. സമരത്തിന്റെ 760ാം ദിവസം പിന്നിട്ടപ്പോഴേക്കും ശ്രീജിത്തിന്റെ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു തുടങ്ങി. പിന്നീട് ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയും തുടര്‍ന്ന് വലിയ ജനപിന്തുണയോടെ ജനുവരി 14ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബഹുജനജാഥ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഒരു വ്യക്തിയുടെ സമരം സമൂഹമാധ്യമങ്ങളിലൂടെ ജനകീയമായത്. ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നതായിരുന്നു അന്ന് ശ്രീജിത്ത് മുന്നോട്ട് വെച്ച ആവശ്യം. ആ ആവശ്യം നടപ്പിലാക്കുന്നത് വരെ ശ്രീജിത്തിനൊപ്പമാണെന്ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ പിന്തുണയുമായി എത്തിയവരും അറിയിച്ചിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. 782ാം ദിവസം സിബിഐ അന്വേഷണനടപടികള്‍ ആരംഭിച്ചതോടെ 786ാം ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീജിത്ത് സമരം വീണ്ടും ആരംഭിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും എത്തുകയായിരുന്നു.

സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ല എന്ന് കാണിച്ചു കൊണ്ടാണ് ശ്രീജിത്ത് സമരം തുടര്‍ന്നത്. എന്നാല്‍ കഴിഞ്ഞ മാസം 28ാം തീയതി സിബിഐയുടെ ഓഫീസില്‍ നിന്ന് ഒരു കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് ഇപ്പോള്‍ പറയുന്നു. എന്നിട്ടും സമരമെന്തിന് തുടരുന്നുവെന്ന ചോദ്യത്തിന് കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തന്നെ തുടരുന്നുവെന്നും അവരെ ജോലിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് അന്വേഷണം തുടരണമെന്നുമാണ് തന്റെ ആവശ്യം എന്നാണ് ശ്രീജിത്ത് അറിയിക്കുന്നത്.

സമരം ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആത്മഹത്യ ചെയ്യുമെന്ന് ശ്രീജിത്ത് ഇതിന് മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ശാരീരികമായും മാനസികമായും തളര്‍ന്ന ശ്രീജിത്തിന് വൈദ്യസഹായം ആവശ്യമുള്ള സ്ഥിതിയാണ് നിലവിലുള്ളത്.

ചിത്രം: ശ്രീകേഷ് രവീന്ദ്രന്‍ നായര്‍/The News Minute

ആയിരം ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ കിടക്കുന്ന ഈ മനുഷ്യനെ എല്ലാവരും മറന്നോ? ശ്രീജിത്തിനെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍