UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ എസ് എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാകരുത് സി.പി.എം

Avatar

സാജു കൊമ്പന്‍

ഇതുവരെയില്ലാത്ത വിധം കേരള സമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു ആഘോഷമായി ശ്രീകൃഷ്ണ ജയന്തി മാറിയിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ കവലകളിലെ ഉറിയടിയും രാധാകൃഷ്ണന്‍മാരുടെ വേഷം കെട്ടലുകളുമൊക്കെയായി ഒരു സാധാ കലാപരിപാടി മാത്രമായിരുന്ന ജന്‍മാഷ്ടമിക്ക് ഭക്തിയും രാഷ്ട്രീയവും കലര്‍ന്ന ഭ്രാന്തിന്‍റെ നിറം പകര്‍ന്നു കിട്ടിയിരിക്കുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഉത്സാഹഭരിതരായ സംഘ പരിവാര്‍ സംഘടനകള്‍ ഹൈന്ദവ മതാഘോഷങ്ങള്‍ എല്ലാം തന്നെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. അതേസമയം വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മുങ്ങിക്കിടക്കുന്ന സി പി എം അടക്കമുള്ള മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഫാസിസത്തിന്റെ ഈ വേഷപ്പകര്‍ച്ചയെ ബൌദ്ധികമായി നേരിടാന്‍ കഴിയാതെ പകച്ചു നില്‍ക്കുകയാണ്.

അരുവിക്കര തിരഞ്ഞെടുപ്പ് പരാജയത്തോടെയാണ് സി പി എമ്മും ഇടതു പാര്‍ട്ടികളും ബി ജെ പി തങ്ങളുടെ തായ് വേര് കരണ്ടുതിന്നു തുടങ്ങിയ കാര്യം മനസിലാക്കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ ഇടത്-മതേതര അനുകൂല സാമൂഹ്യ ബോധത്തിലേക്ക് ഇടിച്ചു കയറി സ്ഥാനമുണ്ടാക്കാന്‍ ബി ജെ പി യും അതിന്റെ കേഡര്‍ രൂപമായ ആര്‍ എസ് എസും മറ്റ് സംഘ പരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷദും മറ്റും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ വരുന്നതുവരെ കാര്യമായ പുരോഗതി അവര്‍ക്ക് ഈ കാര്യത്തില്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും അനുയോജ്യമായ മണ്ണൊരുക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട് എന്നതാണ് സമീപകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അനുകൂല കാലാവസ്ഥയില്‍ വിത്ത് വിതയ്ക്കാന്‍ കാത്ത് നിന്ന ഹിന്ദുത്വ സംഘടനകളുടെ മുന്‍പില്‍ ആ സുവര്‍ണ്ണവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ അവരുടെ പരീക്ഷണ ശാലകളില്‍ തയ്യാറായിട്ടുണ്ട് എന്നതിന്റെ തെളിവാണ് സി പി എമ്മിലൂടെ ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. 

എന്നത്തേയും പോലെ കണ്ണൂര്‍ ജില്ല തന്നെയാണ് ഈ സ്ഫോടനാത്മക സ്ഥിതി വിശേഷത്തിന്റെ പ്രഭവ കേന്ദ്രം. സെപ്തംബര്‍ 5നു എല്ലാ വര്‍ഷത്തെയും പോലെ ഹിന്ദു മത വിശ്വാസികളുടെ ഇഷ്ട ദേവനായ ശ്രീകൃഷ്ണന്‍റെ ജന്മദിനം ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് ആര്‍ എസ് എസ് പറയുന്നത്. തങ്ങള്‍ സമാധാനപരമായി നടത്താറുള്ള ഈ സാംസ്കാരിക പരിപാടി അലങ്കോലമാക്കാന്‍ സി പി എം ശ്രമിച്ചാല്‍ അത് എങ്ങനെ നേരിടണമെന്ന് ഹിന്ദു സമൂഹത്തിന് അറിയാം എന്നു ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ അടക്കം ഭീഷണിയുടെ സ്വരത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 

എന്നാല്‍ സമത്വത്തിന്റെ ആഘോഷമായ ഓണം വാരാഘോഷ പരിപാടികളുടെ സമാപനമായിട്ടാണ് സി പി എമ്മിന്റെ കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത് എന്നാണ് സി പി എം പറയുന്നത്. ഇത് കുട്ടികളെ ചെറുപ്രായത്തിലെ കൂടെക്കൂട്ടി ഭക്തിയുടെ മറവില്‍ വര്‍ഗ്ഗീയ വിഷം കുത്തിവെക്കുന്നതിനെതിരെയുള്ള കാംപയിന്‍റെ ഭാഗമാണ്. അല്ലാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷമൊന്നുമല്ല എന്ന് സി പി എം നേതാക്കള്‍ ആണയിടുന്നു. എന്നാല്‍ ചില ഇടങ്ങളില്‍ പാര്‍ട്ടി അനുഭാവികളുടെ നേതൃത്വത്തില്‍ രാഖികെട്ടലും വിഘ്നേശ്വരോത്സവവും മറ്റും നടന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ മന്ത്രി കെ പി അബ്ദുള്‍ റബിനെതിരെ കോഴിക്കോട് ഡി വൈ എഫ് ഐ നടത്തിയ നിലവിളക്ക് സമരം പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുകയും ചെയ്തിരുന്നു.

കണ്ണൂരില്‍ 300 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടത്താനാണ് സംഘ പരിവാര്‍ തീരുമാനം. ജില്ലയിലെ 190 ഓളം കേന്ദ്രങ്ങളില്‍ ബാലസംഘം ഘോഷയാത്ര നടത്തുകയാണ് സി പിഎം. എന്തായാലും കുട്ടികളെ വെച്ച് രണ്ടു പാര്‍ട്ടികളും നടത്തുന്ന കളി തീക്കളിയാകുമോ എന്ന ഭയത്തിലാണ് പൊതു സമൂഹം. 

ഈ വിഷയത്തില്‍ ഏറെ വിമര്‍ശിക്കപ്പെടുന്നതും സി പി എം തന്നെ. ഭൌതിക വാദത്തില്‍ വിശ്വസിക്കുന്ന സി പി എം എന്തിനാണ് കൃത്യമായ മതത്തിന്റെ അടയാളമുള്ള ഒരു ആഘോഷ പരിപാടിയെ തങ്ങളുടേത് എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.  സംഘ പരിവാരം ആഗ്രഹിക്കുന്ന തരത്തില്‍ മതവും ഭക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വീണു കൊടുക്കുകയല്ലേ സി പി എം ഇതിലൂടെ ചെയ്യുന്നത്. സംഘ പരിവാര്‍ നിശ്ചയിക്കുന്ന അജണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന സി പി എം യഥാര്‍ഥത്തില്‍ തങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള അവസാന ശ്രമം നടത്തുകയാണ്.  എം എന്‍ വിജയന്‍ മാഷ് മുന്‍പ് ഒരിക്കല്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്, കാവി മുണ്ടും ചുവന്ന കുറിയും അടക്കമുള്ള ചിഹ്നങ്ങള്‍ ഫാസിസ്റ്റുകള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ച്. വിജയന്‍ മാഷോട് യോജിപ്പില്ലെങ്കിലും സാംസ്കാരിക ചിഹ്നങ്ങളെ ഫാസിസ്റ്റ് വത്ക്കരിക്കാനുള്ള സംഘ പരിവാര്‍ നീക്കത്തിനെതിരെ തങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പാണ് ഇത് എന്ന് ഏതെങ്കിലും സി പി എം നേതാക്കള്‍ വ്യാഖ്യാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. നിലവിളക്കും കാവി മുണ്ടും ചുവന്ന പൊട്ടും രാഖിയും ഗണപതിയും കൃഷ്ണനുമൊക്കെ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന ബൌദ്ധിക നിലപാട്! 

ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം ആഘോഷങ്ങളില്‍ സി പി എം ഇടപെടുന്നതോടെ ആര്‍ എസ് എസിന്റെ മറ്റൊരു റിക്രൂട്ടിംഗ് ഏജന്‍സിയായി സി പി എം മാറുകയാണ് എന്നു പറയേണ്ടി വരും. ചെഗുവേരയുടെ ചിത്രത്തിന് പകരം കൃഷ്ണന്‍റെ ചിത്രമുള്ള ടീ ഷര്‍ട്ടുമിട്ട് പ്രകടനം നടത്തുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സമീപ ഭാവിയില്‍ തന്നെ ആര്‍ എസ് എസ് ശാഖയില്‍ ജയ് ശ്രീരാം വിളിക്കുന്നത് സി പി എം നേതാക്കന്‍മാര്‍ കാണും.

ഇതുപോലുള്ള ചൊട്ടുവിദ്യകള്‍ കൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിച്ചതാണ് തങ്ങളുടെ അടിത്തറ തകര്‍ന്നത് എന്നു തിരിച്ചറിയാന്‍ സി പി എം നേതൃത്വത്തിന് കഴിയുന്നില്ല എന്നാണ് ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നു മനസിലാവുന്നത്. ഒരു വശത്ത് ജൈവ പച്ചക്കറി കൃഷി പോലെയുള്ള  ജനപ്രീയ സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയും മറുവശത്ത് ബൌദ്ധികമായ പാപ്പരത്തം കാണിക്കുകയും ചെയ്യുന്ന സി പി എം കടുത്ത പ്രത്യയശാസ്ത്ര പ്രതിസന്ധിയില്‍ പെട്ട് ഉഴലുകയാണ് എന്നു വ്യക്തം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ദൈവ വിശ്വാസം സംബന്ധിച്ച് കണിശവും കൃത്യവുമായ ഉത്തരം പറയാന്‍ പലപ്പോഴും സി പി എം നേതാക്കള്‍ക്ക് കഴിയുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്‍പറ്റി ഈ കാര്യത്തില്‍ ഒഴുക്കന്‍ നിലപാട് സ്വീകരിക്കുകയാണ് സി പി എം ചെയ്യുന്നത്. ബൌദ്ധികമായ ഈ ശൂന്യതയെ മറികടക്കുകയും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും പാര്‍ട്ടിയെ ഭരിക്കുന്ന ബ്യൂറോക്രാറ്റിക് സ്വഭാവം കുടഞ്ഞു കളയുകയും ചെയ്യാതെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സി പി എമ്മിന് സാധ്യമാകും എന്നു തോന്നുന്നില്ല.

ബാലസംഘത്തിന്റെ പോസ്റ്ററില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറയും, ഡി വൈ എഫ് ഐ യുടെ പോസ്റ്ററില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത്  ശ്രീകൃഷ്ണന്റെ ചിത്രമുള്ള പോസ്റ്ററുകളും നമുക്ക് സമീപകാലത്ത് പ്രതീക്ഷിക്കാം. അപ്പോഴേക്കും അണികള്‍ ആര്‍ എസ് എസ് ശാഖകളിലേക്ക് കുടിയേറിക്കഴിഞ്ഞിട്ടുണ്ടാവും. ഇന്ത്യയില്‍ ആര്‍ എസ് എസ് ശാഖകളുടെ എണ്ണത്തിന്റെ വര്‍ദ്ധനവില്‍ കേരളമാണ് മുന്‍പന്തിയില്‍ എന്നാണ് സമീപകാല വാര്‍ത്തകള്‍. 

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍