UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീകൃഷ്ണന്‍ സഖാവ്, പക്ഷേ ഞങ്ങള്‍ ജയന്തി ആഘോഷിക്കില്ല- മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ സംസാരിക്കുന്നു

Avatar

രാകേഷ് നായര്‍

കൃഷ്ണസങ്കല്‍പ്പം ഒരു വിപ്ലകാരിയുടെ ജീവിതതലത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. കൃഷ്ണജീവിതത്തിന്റെ ബാല്യ-കൗമാര ദശകളിലും ഭഗവത്ഗീതാ ഭാഗങ്ങളിലും കൃഷ്ണനില്‍ ഒരു താത്വികന്റെ, സന്യാസിയുടെ വിപ്ലവകാരിയുടെയെല്ലാം കൂടിച്ചേരല്‍ ദര്‍ശിക്കാവുന്നതാണ്. ഈ അര്‍ത്ഥത്തില്‍ ഒരു കമ്യൂണിസ്റ്റിന് കൃഷ്ണനെ ഉള്‍ക്കൊള്ളുന്നത് അവന്റെ ദര്‍ശനങ്ങളോടുള്ള നീതീകരണം തന്നെയാണ്. കൃഷ്ണജയന്തി കമ്യൂണിസ്റ്റുകാര്‍ ആഘോഷിക്കുന്നത് പരിഹാസ്യമായ പ്രവര്‍ത്തിയാണെന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണ്. ഒരു കമ്യൂണിസ്റ്റ് എപ്പോഴും ആഘോഷങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവനാണ്. ആഘോഷങ്ങളില്‍ അഭിരമിക്കുന്നതിനു പകരം അവന്‍ മനുഷ്യനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടുനില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്. ആ പ്രവര്‍ത്തനങ്ങളുടെ ആത്മാവ് ഉള്‍ക്കൊണ്ട് അതില്‍ മുഴുകാനാണ് ശ്രമിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയോ ഗണേശോത്സവമോ കമ്യൂണിസ്റ്റുകാരന്‍ ആഘോഷിക്കാതെ മാറിനില്‍ക്കുന്നതിന് കാരണവുമിതാണ്. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും വേറൊരു തലമാണ്. അതിന്റെ വിപരീതമാണ് വിപ്ലവ പ്രവര്‍ത്തനം. 

കൃഷ്ണജീവിതത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെങ്കിലും പൊതുവില്‍ അദ്ദേഹത്തോട് താല്‍പര്യമുള്ളവരാണ് കമ്യൂണിസ്റ്റുകാര്‍. അദ്ദേഹത്തിന്റെ സ്വഭാവം, ചിന്തകള്‍, പ്രവര്‍ത്തികള്‍ എന്നിവയെല്ലാം കമ്യൂണിസ്റ്റുകാരന് അന്യമല്ല. വിപ്ലവസ്വഭാവമുള്ള ജീവിതമാണ് കൃഷ്ണന്റെതെന്ന് വ്യക്തമാണ്. ആയതിനാല്‍ അത് ആഘോഷിക്കപ്പെടുകയല്ല വേണ്ടത്. ആഘോഷിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതദര്‍ശനങ്ങള്‍ നഷ്ടപ്പെടുകയാണ്. കേരളത്തിലെയും ഇന്ത്യയിലെയും പ്രത്യേകത എല്ലാം ആഘോഷമാക്കുന്നു എന്നതാണ്. ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിലെ നല്ലഭാവങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നവരാണ്. ആഘോഷിക്കുന്നവര്‍ ആഘോഷിച്ചോട്ടെ, ഞങ്ങള്‍ അതിനെ അധിക്ഷേപിക്കുന്നില്ല. എന്നാല്‍ വെറുമൊരു ഘോഷയാത്രയ്ക്കപ്പുറം കൃഷ്ണനെ ജീവിതത്തില്‍ ശീലമാക്കാന്‍ തയ്യാറാകണമെന്നാണ് പറയാനുള്ളത്.

ശ്രീകൃഷ്ണന്റെ ജന്മം തന്നെ വിപ്ലവ സ്വഭാവമുള്ളതാണ്. ഒരു ശത്രുവിനെതിരെയുള്ള കൃത്യമായ പോരാട്ടത്തിനുവേണ്ടിയുള്ള ജന്മമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹം ജനിക്കാനുള്ള ഇടമായി തിരഞ്ഞെടുത്തത് തന്നെ കാരാഗൃഹമാണ്. പ്രകൃതിയൊരുക്കിയ പ്രത്യേക സാഹചര്യത്തിലൂടെ രക്ഷപ്പെട്ടാണ് അദ്ദേഹം ജീവിച്ചത്. ഈ സാഹചര്യങ്ങളിലൂടെയെല്ലാം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും കടന്നുപോയിട്ടുണ്ടെന്നത് ചരിത്രസാക്ഷ്യങ്ങളാണ്. അതേപോലെ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തം എടുത്തുനോക്കിയാല്‍; കംസനെ വധിക്കുന്നതും കാളിയനെ മര്‍ദ്ദിക്കുന്നതും ഗോക്കളെ രക്ഷിക്കുന്നതും ഗോപാലകന്‍മാര്‍ക്കൊപ്പം ജീവിക്കുന്നതും വെണ്ണ കട്ടെടുത്ത് ഇല്ലാത്ത കുട്ടികള്‍ക്ക് കൊടുക്കുന്നതെല്ലാം കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്ന് കാണാം.

തന്റെ വായില്‍ പ്രപഞ്ചത്തെ കാണിച്ചുകൊടുക്കുന്നുണ്ട് കൃഷ്ണന്‍. വായ്ക്കുള്ളില്‍ വിശ്വത്തെ കാണിക്കുന്നത് ഒരു മാര്‍കിസ്റ്റ് ദര്‍ശനം തന്നെയാണ്. മാര്‍ക്‌സ് പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് സാര്‍വരാജ്യ തൊഴിലാളികളെ സംഘടിപ്പിക്കുവാന്‍ ലോകം മുഴുവന്‍ ഒന്നാകണമെന്ന് പറഞ്ഞത്. സ്വന്തം വായ്ക്കുള്ളില്‍ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു നടന്ന കൃഷ്ണന്‍ ഏകലോകസിദ്ധാന്തത്തിന്റെ സൂചനയാണ് അതിലൂടെ നല്‍കിയത്.

മണ്ണിനായുള്ള നടന്ന ഏറ്റവും വലിയ യുദ്ധമായിരുന്നല്ലോ കൗരവ-പാണ്ഡവ യുദ്ധം. ഭൂമിയില്ലാത്തവന് ഒരു തുണ്ട് ഭൂമിയും കൊടുക്കില്ലെന്ന വാശിയെ തോല്‍പ്പിക്കാനായി ഉണ്ടായതാണ് ആ യുദ്ധം. പെണ്ണിന്റെ മാനത്തെ അപമാനിക്കുകയും മണ്ണിന്റെ വിതരണവും തടയുകയും ചെയ്തവര്‍ക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു കൃഷ്ണന്‍. പെണ്ണിന്റെ മാനം സംരക്ഷിക്കാനും മണ്ണിന്റെ പുനഃക്രമീകരണത്തിനും വേണ്ടി നടത്തിയ ആ യുദ്ധത്തിന് വിപ്ലവസ്വഭാവമാണ്.ആ വിപ്ലവത്തിന് നേതൃത്വം നല്‍കിയത് കൃഷ്ണനാണ്.അദ്ദഹത്തിനുള്ളില്ലെ വിപ്ലവകാരിയാണ്. യുദ്ധഭൂമിയില്‍ വച്ച് വികാരവിക്ഷോഭത്താല്‍ ഭയപ്പെടുന്ന അര്‍ജ്ജുനന് അദ്ദേഹം ഗീത ഉപദേശിക്കുന്നുണ്ട്. ഗീതോപദേശത്തിന് ആ യുദ്ധഭൂമിയേക്കാള്‍ യോജിച്ച മറ്റൊരിടം വേറെയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.പോരാട്ടഭൂമിയില്‍ തളര്‍ന്നു നില്‍ക്കുന്നവനെ ഉണര്‍ത്താന്‍ ഉപദേശങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ആ ഉപദേശം ഒരു ആയുധമാക്കി അദ്ദേഹം ഉപയോഗിച്ചു. ഉപദേശങ്ങളെ ആശയങ്ങളെന്നും പറയാം. ഉള്ളവന്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ക്കു മുമ്പില്‍ ഭയപ്പെട്ടു നിന്ന പാവങ്ങളെ ആശയങ്ങളിലൂടെ ഉണര്‍ത്തി പോരാട്ട സജ്ജരാക്കിയ കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളും, കുരുക്ഷേത്ര ഭൂമിയില്‍ നിന്ന് അര്‍ജ്ജുനന് ഗീതോപദേശം നല്‍കി ശത്രുക്കളെ നേരിടുന്നതിന് സജ്ജനാക്കിയ കൃഷണന്റെ പ്രവര്‍ത്തിയും തമ്മില്‍ എവിടെയാണ് വ്യത്യാസം കാണാനാകുന്നത്?

ഇങ്ങിനെയുള്ള കൃഷ്ണനെ അഘോഷിക്കുകയാണോ വേണ്ടത് അതോ അദ്ദേഹത്തെ പഠിച്ചും അറിഞ്ഞും അനുഭവിച്ചും ആ ജീവിതദര്‍ശനങ്ങളെ പ്രവര്‍ത്തന പഥങ്ങളിലെത്തിക്കുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. കൃഷ്ണജിവിതം മതേതരഭാവത്തില്‍ നിന്ന് മതമൗലീകതയിലേക്ക് മാറ്റുന്നത് തെറ്റാണ്. കൃഷ്ണനായാലും ക്രിസ്തുവായാലും ബുദ്ധനായാലും പ്രവാചക തിരുമേനി ആയാലും; അവരെല്ലം ജനിച്ചത് മനുഷ്യന് വേണ്ടിയാണ്. അവരെല്ലാം മുന്നോട്ടുവച്ച ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും എങ്ങിനെ നമുക്ക് പ്രയോജനപ്പെടുത്താം എന്ന് കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു. മതേതര അര്‍ത്ഥത്തിലുള്ള പഠനങ്ങളും സംവാദങ്ങളുമാണ് അതിനായി വേണ്ടത്. മറിച്ച് ഈ മഹാന്മാരുടെയെല്ലാം ജീവിതം വെറും ആഘോഷമാക്കി മാറ്റുമ്പോള്‍ അത് ഒറ്റദിവസത്തെ കാഴ്ചയായി മാത്രം മാറിപ്പോവുകയാണ്. അതിലൂടെ ആ ദാര്‍ശനികരെ നമുക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാതെ പോവുന്നു.കൃഷ്ണജീവിതം ആത്മാവില്‍ ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. അല്ലാതെ കണ്ണിനു മുന്നിലെ അലങ്കാര പ്രതീകങ്ങളായി മാത്രം കാണേണ്ട ഒന്നല്ല.

ഇതൊക്കെ ആഘോഷിക്കുന്നവരോട് യാതൊരു എതിര്‍പ്പും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണിക്കില്ല. കമ്യൂണിസ്റ്റ് അസഹിഷ്ണുവല്ല. എന്നാല്‍ ഈ ആഘോഷങ്ങള്‍ തങ്ങളുടെത് മാത്രമാണെന്ന ധാരണയും കൃഷ്ണന്‍ തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ധാര്‍ഷ്ട്യവും ചിലരില്‍ നിന്ന് ഉയരുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. കൃഷ്ണന്‍ ഭാരതത്തിനും ലോകത്തിനും മുഴുവന്‍ വേണ്ടപ്പെട്ടൊരാളാണ്. അദ്ദേഹം സംസാരിച്ചത് പ്രപഞ്ചത്തിനു മുഴുവന്‍ വേണ്ടിയാണ്. ഒരു ജര്‍മ്മന്‍ ഫിലോസഫര്‍ എഴുതിയിട്ടുണ്ട്- ‘ലോകത്ത് ഇന്നലെ ജീവിച്ചവരും ഇന്ന് ജീവിക്കുന്നവരും നാളെ ജീവിക്കാനുള്ളവരും ആയ എല്ലാ മനുഷ്യരെയും വേദവ്യാസന്‍ തന്റെ മുന്നില്‍ വിളിച്ചുവരുത്തി അവരിലെല്ലാവരിലുമുള്ള നന്മതിന്മകള്‍ മുഴുവന്‍ കൂട്ടിച്ചേര്‍ത്ത് എല്ലാക്കാലത്തേക്കും വേണ്ടി എല്ലാം ഉള്‍ക്കൊണ്ട ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു; അതാണ് കൃഷ്ണന്‍. ലോകത്ത് ഇതുപോലെ മറ്റൊരു കഥാപാത്രവും കൃഷ്ണനല്ലാതെ വേറെയില്ല’. കൃഷ്ണനെ ഏറ്റവും ആധികാരകമായും വസ്തുനിഷ്ഠതയോടെയും ഇതിനപ്പുറം വ്യാഖ്യാനിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മാനവവികത, ചിന്തകള്‍, ശരിതെറ്റുകള്‍; ഇവയുടെയെല്ലാം ആകെ തുക തന്നെയാണ് കൃഷ്ണ ജീവിതം. കൃഷ്ണന്റെ വിശ്വപരിവേഷത്തില്‍ അദ്ദേഹത്തെ ആര്‍ക്കുവേണമെങ്കിലും ആഘോഷിക്കാവുന്നതാണ്. അതിനാല്‍  ഈ ആഘോഷങ്ങള്‍ക്കെല്ലാം അവകാശം തങ്ങള്‍ക്കുമാത്രമാണെന്ന് ആരും പറയരുത്. ആലോചിച്ചാല്‍ ഈ പിടിവാശി കൃഷ്ണനെ അപമാനിക്കല്‍ ആണെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.

ബെസ്റ്റ് ഓഫ് അഴിമുഖം 

സംഘപരിവാറിന്റെ ഗാന്ധിക്കളിയില്‍ അമ്പരന്ന് സി പി എം
ഗണേശോത്സവം (സി പി എം-കണ്ണൂര്‍ വക)
കാവിരാജ്യക്കാര്‍ ചരിത്രത്തില്‍ നടത്തുന്ന കുത്തിത്തിരുപ്പുകള്‍
കേരളത്തിലെ പത്ത് പഞ്ചായത്ത് പിടിക്കലല്ല അമിത് ഷായുടെ ലക്ഷ്യം
അഡ്വ. ജയശങ്കറിന്റെ രാഖിയും ളാഹ ഗോപാലന്റെ ഫ്യൂഡല്‍ സമീപനങ്ങളും: എവിടെ ദളിത് ബുദ്ധിജീവികള്‍?

കൃഷ്ണദര്‍ശനങ്ങളെ മതവത്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും വേണം. ഭാരതത്തിന്റെ ചരിത്രം പരിശോധിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാകണം. ആര്‍ഷഭാരതസംസ്‌കാരത്തില്‍ നമുക്ക് ക്ഷേത്രങ്ങളുണ്ടായിരുന്നില്ല. ആശ്രമങ്ങളേ ഉണ്ടായിരുന്നുള്ളൂ. അനാഥമാക്കപ്പെട്ടവര്‍ക്കും പുറത്താക്കപ്പെട്ടവര്‍ക്കുമുള്ള ആശ്രയകേന്ദ്രങ്ങളും കുട്ടികള്‍ക്കുള്ള പഠനകേന്ദ്രങ്ങളുമായിരുന്നു അവ. അവിടെയായിരുന്നു ഭാരതീയഗുരുക്കന്‍മാര്‍ താമസിച്ചിരുന്നത്. അവര്‍ സന്യാസ ജീവിതം നയിച്ചവരായിരുന്നു.പിന്നീടാണ് ഇവിടെ ക്ഷേത്രസങ്കല്‍പ്പങ്ങളും അതിന്റെ ചൂഷണങ്ങളും ചാതുര്‍വര്‍ണ്യവും ജാതിചിന്തകളും ഉയര്‍ന്നുവരുന്നത്. നാടിനെ മുടിച്ചുകളഞ്ഞത് ഈ പ്രതിഭാസമാണ്. ഈ അനീതികള്‍ക്കെതിരെ ഭാരതത്തില്‍ നടന്ന പ്രക്ഷോഭമായിരുന്നു ബുദ്ധിസം. അതുകൊണ്ടാണ് ബുദ്ധന്‍ ലോകത്തിലെ ആദ്യത്തെ പരിവര്‍ത്തന വിപ്ലവകാരിയായി മാറുന്നതും. ഇനിയും നമ്മള്‍ ഭാരതത്തിന്റെ ഇരുളടഞ്ഞ പൂര്‍വ്വകാലത്തിന്റെ ഏടുകള്‍ തുറക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഒന്നോര്‍ക്കണം; ഭാരതം ലോകത്തിന് സംഭാവനകള്‍ നല്‍കിയിടത്തോളം മറ്റൊരു രാജ്യത്തിനും അതിനു കഴിഞ്ഞിട്ടില്ല. അതേപോലെ തന്നെ ലോകത്തില്‍ നിന്ന് നമ്മള്‍ പലതും സ്വീകരിച്ചിട്ടുമുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ ലോകത്തെ ഭാരതത്തോളം ഉള്‍ക്കൊണ്ടിട്ടുള്ള മറ്റൊരു രാജ്യവും ഇല്ല. ലോകത്തില്‍ നടന്നിട്ടുള്ളതെല്ലാം ഭാരതത്തിലും സംഭവിച്ചിട്ടുണ്ട്,അല്ലെങ്കില്‍ മറിച്ച്. ഒരേസമയം ഗുരുവും ശിഷ്യനുമായി മാറുകയാണ് ഭാരതം. ഈ വൈശിഷ്ട്യം തന്നെ ശ്രീകൃഷ്ണനിലുമുണ്ടായിരുന്നു. അദ്ദേഹവും  തന്റെ ജീവിതത്തില്‍ ഒരേസമയം ശിഷ്യനായും ഗരുവായും വര്‍ത്തിച്ചു. ഇത്തരം ദര്‍ശനങ്ങള്‍ കൃഷ്ണനില്‍ കാണാനും അവ അനുകരിക്കാനുമാണ് ശ്രമിക്കേണ്ടത്. അതിന് ഈ ലോകത്തിന് മുഴുവന്‍ അവകാശമുണ്ട്; കമ്യൂണിസ്റ്റിനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍