UPDATES

യാത്ര

ഇനി വരുമ്പോള്‍ ഈ ഗ്രാമങ്ങളില്‍ ഞാനെന്റെ നിശ്വാസവും കാല്‍ച്ചുവടുകളും തിരയും

Avatar

അഴിമുഖം

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

[ഈ യാത്രാ പരമ്പരയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇവിടെ വായിക്കാം- ജയ്‌സാല്മീര്‍, ബിക്കാനീര്‍, മൗണ്ട് അബു, ഉദയ്പൂര്‍, ജോധ്പൂര്‍; എന്നെ കൊതിപ്പിച്ച സ്ഥലങ്ങള്‍, ഒരു 10 രൂപ തരാമോ, എന്റെ കയ്യില്‍ രൂപയൊന്നുമില്ല: അജ്മീര്‍-പുഷ്‌കര്‍ യാത്ര]


എല്ലാ ആകുലതകളെയും എനിക്ക് മുന്‍പേ കോട്ടയിലേക്ക് പറഞ്ഞു വിട്ട് സ്വസ്ഥമായി ആ ബസിന്റെ സീറ്റില്‍ കിടന്നു ഉറങ്ങിയ ഞാന്‍ രാവിലെ കൃത്യ സമയത്ത് തന്നെ സ്ഥലത്തെത്തി. അടുത്തുള്ള എ ടി എമ്മുകളില്‍ പോയെങ്കിലും നിരാശ ആയിരുന്നു ഫലം. കോട്ടയില്‍ നിന്നും ഒരു 70 കിലോ മീറ്റര്‍ അകലെയാണ് എനിക്ക് പോകേണ്ട സ്ഥലം. അവിടെ ചെന്നാല്‍ രാജസ്ഥാനിലെ ഗ്രാമ പ്രദേശങ്ങളും ജീവിതങ്ങളും കാണിച്ച് തരാമെന്നും കൂടെ വരാമെന്നും അജ്ഞാതനായ ഒരു സുഹൃത്തിന്റെ വാഗ്ദാനമുണ്ട്. എനിക്ക് നേരിട്ട് പരിചയമില്ല, ഒരു സുഹൃത്ത് തന്ന നമ്പരിലൂടെ മെസേജുകള്‍ അയ്ച്ചുള്ള പരിചയമെയുള്ളൂ. രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും എം ബി എ ചെയ്തിട്ടുള്ള, ഇപ്പോള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു എന്‍ജിഒ-യില്‍ ജോലി ചെയ്യുകയാണ് ആ കക്ഷി. സാഗോദ് എന്ന ചെറു പട്ടണത്തില്‍ എത്തി ചേരാന്‍ ആണ് എനിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അവിടെ എന്നെ പിക്ക് ചെയ്‌തോളാമെന്ന് ആ അജ്ഞാത സുഹൃത്ത് മെസേജ് അയച്ചിരുന്നു.

കോട്ടയില്‍ നിന്ന് സാഗോദിലേക്കുള്ള ബസ് ലഭിക്കണമെങ്കില്‍ ഒരു 3 കിലോ മീറ്റര്‍ പോകണം. ഒരു ഓട്ടോ ബുക്ക് ചെയ്ത് അവിടെ എത്തി. ബസ് കിടക്കുന്നുണ്ട്. എത്ര രൂപ ആകുമെന്ന് ചോദിച്ചപ്പോള്‍ 67 രൂപ. അത് ഇനി സംഘടിപ്പിക്കണം. കുറച്ച് അടുത്ത് ഒരു എ ടി എം കണ്ടു. ചെന്നപ്പോള്‍ ചെറിയ ക്യൂ. മനസില്‍ ലഡു പൊട്ടി.. യാഹൂ… പ്രിയപ്പെട്ട മോദിജി നല്ല നമസ്‌കാരം. അങ്ങനെ 2 ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ കാശുകാരന്‍ ആകാന്‍ പോകുന്നു. അവിടെ നിന്നും കാശും എടുത്ത് ഞാന്‍ ഇറങ്ങി ഓടി ഒരു ചായക്കടയിലേക്ക്, സന്തോഷം കൊണ്ട് 3 ചായ ഒന്നിന് പുറകെ ഒന്നായി കുടിച്ചു. കടക്കാരന്‍ എന്റെ സന്തോഷം കണ്ട്‌ അമ്പരന്നിരിക്കണം. പിന്നെ അടുത്ത കണ്ട സുലഭ് ടോയിലറ്റില്‍ പോയി കൃത്യങ്ങള്‍ പൂര്‍ത്തിയാക്കി സാഗോദിലേക്കുള്ള ബസില്‍ കേറി ഇരുന്നു. ഞാന്‍ ഇതാ വരുന്നു എന്ന മെസേജ് അജ്ഞാത സുഹൃത്തിന് അയച്ച്, ഹെഡ് സെറ്റ് ചെവിയില്‍ തിരുകി ജാലക വാതിലിലൂടെ കാഴ്ചകള്‍ കണ്ടു മനസിനെ വേറെ എങ്ങോട്ടോ പറത്തി വിട്ടു. സാഗോദ് എത്തിയെന്ന് മയക്കത്തിലാരോ എന്നെ തട്ടിയുണര്‍ത്തി പറഞ്ഞപ്പോള്‍ ധൃതി പിടിച്ച് ഒന്നും ആലോചിക്കാതെ ചാടി ഇറങ്ങി.

ഒടുവില്‍ ഞാന്‍ ഇതുവരെ വരെ സംസാരിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത രാം സ്വരൂപ് ചൗധരി എന്ന സുഹൃത്ത് അതാ അവിടെ ബൈക്കുമായി എന്നെ കാത്തുനില്‍ക്കുന്നു. അവിടെ നിന്നും ഞങ്ങള്‍ അവന്‍ താമസിക്കുന്ന ഇടത്തേക്ക് പോയി. ഒരുപാട് സംസാരിക്കുന്ന, സുസ്ഥിര വികസന സങ്കല്‍പങ്ങളെ കുറിച്ച് വാചാലനാകുന്ന, കൃഷി ഇഷ്ടപെടുന്ന ഒരു രാജസ്ഥാനി. 5 റൂമുകളുള്ള ഒരു വീട്, 3 റൂമുകളില്‍ ഓരോ വാടകക്കാര്‍. 4 മക്കളും അച്ഛനും അമ്മയും ഉള്‍പ്പെടുന്ന ഉടമസ്ഥര്‍ 2 റൂമുകളിലായി കഴിയുന്നു. വാടകക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും അവര്‍ തന്നെയാണ്. ആ തെരുവിലെ ഏറ്റവും നല്ല വീട് ഇവരുടെതാണ്. വളരെ മെല്ലിച്ച ഒരു സ്ത്രീ, അവരെ രാം ‘ആന്റി ജി’ എന്ന് വിളിക്കുന്നതു കേട്ട് ഞാനും അങ്ങനെ തന്നെ വിളിച്ചു. രാവിലെ മുതല്‍ വീട്ടിലെ പണികള്‍ ചെയ്ത് ചെയ്ത് ജീവിക്കുന്ന ഒരു സാധാരണ വീട്ടമ്മ. അവര്‍ അല്പം പോലും ആരോടും ദേഷ്യപ്പെടാറില്ല എന്ന് രാം പറഞ്ഞു. അവരുടെ കുട്ടികള്‍ എന്നെ കണ്ടപ്പോള്‍ അടുത്തേക്ക് വന്നു. മൂന്ന് കുട്ടികള്‍, ഒരു ആണ്‍കുട്ടിയും മൂത്ത രണ്ട് പെണ്‍കുട്ടികളും. മൂത്തത് ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന ഒരു പെണ്‍കുട്ടി, 8-ാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടാമത്തവള്‍ പിന്നെ 6-ാം ക്ലാസില്‍ പഠിക്കുന്ന ഇളയവന്‍. രണ്ടാമത്തെ പെണ്‍കുട്ടിക്ക് എന്നെ അത്ര പിടിച്ചില്ലെന്നാണ് തോന്നുന്നത്. സ്‌കൂള്‍ കെട്ടിടത്തില്‍ എല്ലാവര്‍ക്കും ഇരിക്കാന്‍ ഇടം ഇല്ലാത്തതിനാല്‍ എല്‍ പി, യു പി ബാച്ചിന് ക്ലാസ് എന്നും ഉച്ച കഴിഞ്ഞാണ് എന്ന് ഇളയവന്‍ പറഞ്ഞത് എനിക്ക് പുതിയ അറിവായിരുന്നു. അത് കൊണ്ട് അവന്‍ ഉച്ച കഴിഞ്ഞാണ് എന്നും വീട്ടില്‍ നിന്നും പഠിക്കാന്‍ പോവുക. ഗൃഹനാഥനെ അവിടെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ ഗൃഹനാഥന്‍ ഒരു കടയില്‍ ജോലി ചെയ്യുകയാണെന്നും രാത്രി ആകും വരാന്‍ എന്നും പറഞ്ഞു.

രാം സാധാരണ രാവിലെ ഒന്നും കഴിക്കാറില്ല, അതുകൊണ്ട് അവര്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. പുറമേ നിന്ന് കഴിക്കാം എന്ന് ഞാന്‍ പറഞ്ഞു. ബൈക്ക് എടുത്ത് ഞങ്ങള്‍ ഇറങ്ങി. വഴിയുടെ രണ്ടു വശങ്ങളിലും കൃഷി ഇടങ്ങള്‍. കുറെ ഏറെ സഞ്ചരിച്ച് ഒരു ഗ്രാമത്തിലെത്തി. അവനു അവിടെ ചെറിയ പരിചയമുണ്ടെന്ന് പറഞ്ഞു. ഒരു വീട്ടിലേക്ക് ചെന്നു. സ്ത്രീകള്‍ മാത്രമേ അപ്പോള്‍ അവിടെ ഉള്ളു. മുത്തശ്ശിയും, മക്കളും ചെറു മക്കളും. ആ വീട് ഇരിക്കുന്ന ഇടത്തിന് 2 സെന്റ് സ്ഥലം ഉണ്ടാകും. അതില്‍ നാല് വീടുകള്‍, നാല് കുടുംബങ്ങള്‍. കൂട്ട് കുടുംബം രീതിയാണ് ആണ് അവിടെ. മോര് എടുക്കട്ടെ അതോ ചായ വേണോ എന്ന് ചോദിച്ചപ്പോള്‍ രണ്ടും നിരസിച്ചു. എങ്കില്‍ കപ്പലണ്ടി വറുത്ത് തരാം എന്ന് പറഞ്ഞു ഒരു പെണ്‍കുട്ടി അകത്തോട്ട് പോയി. ഞാന്‍ കയര്‍ പാകിയ കട്ടിലില്‍ ഇരുന്നു. സുഹൃത്ത് തൊഴിലുറപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ മുഴുകിയിരുന്നു അവരോടൊപ്പം. അതിനിടെ ആ പെണ്‍കുട്ടി കപ്പലണ്ടി വറുത്ത് കൊണ്ട് വന്നു. അവള്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്നു. നല്ല രുചിയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കൃഷി ചെയ്ത് എടുത്തതാണത്രേ. ഞാന്‍ ഫോട്ടോ എടുക്കാന്‍ അവരോടു അനുമതി ചോദിച്ചു. വളരെ ചെറുതെങ്കിലും ആ വീടിനോട് എനിക്ക് ഇഷ്ടം തോന്നി. പഴയ കൃഷി രീതികളെ ഓര്‍മിപ്പിക്കും വിധം വീടിനോട് ചേര്‍ന്ന് ഒരു കലപ്പ ചാരി വെച്ചിട്ടുണ്ട്.

കേറി വരുന്നിടത്ത് ആരോടും അധികം മിണ്ടാതെ ഇരിക്കുന്നുണ്ട് ആ വീട്ടിലെ കാരണവത്തി. ആ ഇരുപ്പ് എനിക്ക് ഒരുപാടിഷ്ടമായി. അതിനു ശേഷം ഞാന്‍ ആ പെണ്‍കുട്ടിയോട് അവളുടെ ഒരു ചിത്രം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെറു ചിരിയോടെ അവള്‍ ശരി എന്ന് പറഞ്ഞു. ചിത്രം എടുക്കുമ്പോള്‍ അവളുടെ മുഖത്തെ ആത്മവിശ്വാസം എനിക്കേറെ പ്രിയങ്കരമായി തോന്നി. അവിടെ നിന്നും മറ്റ് വീടുകളിലേക്കും കൃഷി ഇടങ്ങളിലെക്കും ഞങ്ങള്‍ ഇറങ്ങി നടന്നു. വീണ്ടും അടുത്ത ഗ്രാമത്തിലേക്ക്. മണി ഒന്നര കഴിഞ്ഞു എനിക്ക് വിശന്നു തുടങ്ങി. പുറമേ നിന്ന് കഴിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിനിടയില്‍ അത് മറന്നു പോയി. തിരിച്ച് അവന്റെ താമസ സ്ഥലത്ത് എത്തി. ആന്റിജി റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും, പരിപ്പ് കൊണ്ട് വേറെ ഒരു കറിയും ഉണ്ടാക്കി വെച്ചിരുന്നു. ജീരകം പൊടിച്ച് ചേര്‍ത്ത തൈര് രുചികരമായി തോന്നി. ഭക്ഷണത്തിന് ശേഷം ഒന്ന് വിശ്രമിക്കാമെന്നു വെച്ച് സംസാരം ആരംഭിച്ചു. ആപ്പോള്‍ സുഹൃത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. കല്യാണ സംബന്ധമായ ഒരു ചടങ്ങിനു പോകാന്‍ സുഹൃത്തുക്കള്‍ വിളിക്കുന്നതാണ്. കല്യാണത്തിന്റെ പിറ്റേന്നു വരനും ബന്ധുമിത്രാദികളും വധുവിനെ അവരുടെ വീട്ടില്‍ ചെന്ന് കൂട്ടി കൊണ്ട് വരുന്ന ഒരു ചടങ്ങാണ്. പോയാലോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് നൂറു സമ്മതം. രാജസ്ഥാന്‍ കല്യാണ ചടങ്ങുകള്‍ കാണാനുള്ള ഒരു സുവര്‍ണ അവസരം അല്ലെ പാഴാക്കണ്ട എന്നു ഞാനും കരുതി.

എങ്കില്‍ സമയം കളയണ്ട. എഴുന്നേല്‍ക്കാന്‍ പറഞ്ഞു, എഴുന്നേറ്റു. അഞ്ചു മിനിട്ടിനകം പോകേണ്ടി വരുമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ റെഡിയായി. ഒരു ബസില്‍ കുത്തി നിറച്ച് ആളുകള്‍, വരന്‍ വേറെ ഒരു കാറില്‍. വധുവിന്റെ വീട്ടിലേക്ക് അവിടെ നിന്നും 110 കിലോ മീറ്റര്‍ സഞ്ചരിക്കണം. ബസിന്റെ പടികളില്‍ ഞാനും സുഹൃത്തും ഇരുന്നു. ആടിയുലഞ്ഞു ബസ് അങ്ങനെ ഇങ്ങനെ മുന്നോട്ട് നീങ്ങി. 7 മണി കഴിഞ്ഞു അവിടം എത്തിയപ്പോള്‍. വരന്‍ കാറില്‍ നിന്നും അവിടെ സജ്ജീകരിക്കപ്പെട്ട കുതിരപ്പുറത്ത് ഏറി. ബാന്‍ഡ് വാദ്യങ്ങള്‍, പിന്നെ ഒരു ചെറിയ ജീപ്പില്‍ സംഗീതം. അവിടെ എത്തിയപ്പോള്‍ കുറെ പേരെ രാം പരിചയപ്പെടുത്തി. ഞങ്ങള്‍ ഒരുമിച്ച് നടന്നു. കുറച്ച് നടന്നപ്പോള്‍ മദ്യം കഴിക്കുന്നതില്‍ പ്രശ്‌നം ഇല്ലാലോ എന്നായി കൂട്ടുകക്ഷികള്‍. എങ്കില്‍ ഏത് ബ്രാന്‍ഡ് എന്ന ചോദ്യത്തിനു എന്തും എന്നായി. മദ്യ ശാലയില്‍ ചെന്നപ്പോള്‍ എല്ലാവരുടെയും കയ്യില്‍ 500 നോട്ട്. ഒരു രക്ഷയും ഇല്ലാതെ ആയപ്പോള്‍ എന്നോട് ചോദിച്ചു. സുഹൃത്തിന്റെ ഉറപ്പില്‍ ഞാന്‍ പണം കടം കൊടുത്തു. റമ്മും ബിയറും വാങ്ങി അവര്‍ വന്നു. പാട്ടും നൃത്തവും തുടങ്ങാനുളതുകൊണ്ട് ഒരു പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിന്റെ അടുത്തിരുന്നു വേഗം മോന്തി. പിന്നെ ധൃതിയില്‍ നടന്ന് വരന്റെ ഒപ്പം ഞങ്ങള്‍ കൂടി. 2 കിലോമീറ്റര്‍ ഉണ്ട് നടക്കാന്‍. പക്ഷെ ഒച്ചിഴയുന്ന പോലെയേ നീങ്ങൂ. ചടുലമായ സംഗീതത്തിന്റെ അകമ്പടിയോടെ ചുവടുകള്‍ വെച്ച് ഞങ്ങളും പതിയെ നൃത്തം ചെയ്യാന്‍ തുടങ്ങി.

പെണ്‍കുട്ടികള്‍ കുറവാണ്. 5 പേര്‍ കാണും. ബാക്കിയെല്ലാം പുരുഷ പ്രജകളാണ്. ആ ഗ്രാമത്തിന്റെ സന്തോഷത്തിനു ഒപ്പം ഞാന്‍ ചുവട് വെച്ചു. മനസില്‍ ആഹ്ലാദത്തിന്റെ പൂക്കുലകള്‍ വേഗത്തില്‍ വേഗത്തില്‍ കായ്ക്കുകയും പൂക്കുകയും തളിരിടുകയും ചെയ്യുന്നു. ഇതിനിടയില്‍ കുതിരപ്പുറമേറിയ വരനെ പരിചയപ്പെട്ടു. കേരളത്തില്‍ നിന്നും വന്ന അതിഥിയെ ചേര്‍ത്ത് പിടിച്ച് അയ്യാള്‍ ഫോട്ടോഗ്രാഫറെ വിളിച്ച് ഒരു പടം എടുപ്പിച്ചു. കുട്ടികളും മുതിര്‍ന്നവരും എല്ലാവരും ഡാന്‍സിന്റെ ലഹരിയിലാണ്. 10 മണി ആകാറായപ്പോള്‍ ഞങ്ങള്‍ വധു ഗൃഹത്തില്‍ എത്തി. വരന്‍ തന്റെ കയ്യില്‍ പിടിച്ചിട്ടുള്ള ഖുക്രി പോലത്തെ ഒരു ചെറിയ കത്തി കൊണ്ട് വധു ഗൃഹത്തില്‍ തൂക്കി ഇട്ടിട്ടുള്ള ഒരു ചെറിയ ദേവീദേവന്മാരുടെ രൂപത്തില്‍ തൊടുന്നതോടെ ചടങ്ങ് അവസാനിക്കും. തിരക്ക് ഒഴിവാക്കാനായി ഞാനും സുഹൃത്തുക്കളും പെട്ടെന്ന് ഭക്ഷണം ഒരുക്കിയിരുന്ന ഇടത്തേക്ക് പോയി. റൊട്ടിയും നല്ല എരിവുള്ള പരിപ്പ് കറിയും ഉരുള കിഴങ്ങ് കറിയും. ഒരുപാട് ഇഷ്ടമായെങ്കിലും എരിവു കാരണം കുറച്ചേ കഴിക്കാന്‍ പറ്റിയുള്ളൂ. മധുര പലഹാരങ്ങളും കഴിക്കാന്‍ ഉണ്ടായിരുന്നു.

ഭക്ഷണ ശേഷം ഞങ്ങള്‍ ഉറങ്ങാന്‍ ഏര്‍പ്പാടാക്കിയിട്ടുള്ള ഇടത്തേക്ക് പോയി. ഒരു കടയുടെ മുകളില്‍ പന്തല്‍ ഇട്ടു പായ വിരിച്ച് ഇടത്താണ് കിടക്കേണ്ടത്. നല്ല തണുപ്പുണ്ട്, അതിനാല്‍ കട്ടിയുള്ള പുതപ്പും ഉണ്ട്. ഞങ്ങള്‍ അഞ്ചാറു പേര്‍ വേഗം കിടന്നു. എത്ര വേഗമാണ് ഞാന്‍ ഉറങ്ങിപ്പോയത്. രാവിലെ ഒരു ആറു മണിയായിക്കാണും ആളുകള്‍ വന്നു എല്ലാവരെയും വിളിക്കുന്നു. എന്തോ ചടങ്ങുകള്‍ക്ക് ആയിരിക്കുമെന്ന് ഓര്‍ത്തു ഞാന്‍ രാമിനോട് ചടങ്ങുകള്‍ കാണാന്‍ വരുന്നില്ലെന്ന് ഒന്നുകൂടി മൂടി പുതച്ചു കിടന്നു കൊണ്ട് പറഞ്ഞു. രാം പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത് ഈ ചടങ്ങ് വളരെ വ്യക്തിപരമായിട്ടുള്ളതാണ്. എനിക്ക് മനസിലായില്ല എന്നായപ്പോള്‍ കക്കൂസില്‍ പോകുന്ന ചടങ്ങ് ആണ് എന്ന് വ്യക്തമായി പറഞ്ഞു. ഇപ്പൊ എനിക്ക് കാര്യം മനസിലായി. ‘ബേഗം പോം’ എന്ന ഭാവത്തില്‍ ഞാന്‍ ചാടി എഴുന്നേറ്റു. മണ്ണിട്ട വഴിയുടെ ഇരു വശത്തും പാടമാണ്. അവിടെ എവിടെയും കാര്യം സാധിക്കാം ഒരു പ്രശ്‌നവും ഇല്ല എന്ന് അറിയിച്ചു. വെള്ളത്തിന്റെ ഒരു ചെറിയ പ്രശ്‌നമുണ്ട്. അടുത്ത് ഒരു ചെറിയ തോട് പോലെ ഒന്ന് ഒഴുകുന്നുണ്ട് പക്ഷെ നമ്മുടെ കളമശേരിയിലെ തോട് പോലെ മൊത്തം മാലിന്യം. അവസാനം ആരോ കളഞ്ഞു പോയ 2 വെള്ള കുപ്പികള്‍ കൊണ്ട് വെള്ളം എടുക്കാന്‍ തീരുമാനമായി. 6 പേര്‍ ഉണ്ട്. 3 റൗണ്ട് ആയി പോകാം എന്ന് പറഞ്ഞു. അതിഥി ആയതിനാല്‍ ഞാന്‍ സ്വാഭാവികമായും ആദ്യ റൗണ്ടില്‍ പെട്ടു. ഞാനും ഒരു സുഹൃത്തും വെള്ളകുപ്പിയുമായി നടന്നു, അതിന്റെ ഇടക്ക് എന്നോട് സഹയാത്രികന്‍ ഒരു ഉപദേശം തന്നു ആളുകള്‍ വന്നാലും പരിഭ്രമിക്കേണ്ട ഇത് സ്വാഭാവികമാണെന്ന്. ഞാന്‍ ഒരു ചെറു ചിരി പാസാക്കി. ഒരു കുപ്പി വെള്ളം കൊണ്ട് കാര്യം കഴിഞ്ഞ് അടുത്ത റൗണ്ടിന് ബാറ്റണ്‍ കൈമാറി. പിന്നീട് എല്ലാവരും അടുത്ത് കണ്ട കിണറില്‍ നിന്ന് വെള്ളം കോരി മുഖമൊക്കെ കഴുകി.

എനിക്ക് ഇന്ന് തിരിച്ചു പോകേണ്ടതാണ് കോട്ടയിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. ചമ്പല്‍ ഗാര്‍ഡന്‍ കാണാനും സെവന്‍ വണ്ടേഴ്‌സ് കാണാനും എനിക്ക് അതിയായ ആഗ്രഹങ്ങള്‍ ഉണ്ട്. രാവിലെയും എന്തോ ചടങ്ങുകള്‍ ഉണ്ട് വധു ഗൃഹത്തില്‍. തല വഴി മുഖം ചെറുതായി മറക്കുന്ന വസ്ത്രം ധരിച്ച് വധുവും അടുത്തായി വരനും ഇരുപ്പുണ്ട്. വരന് സമ്മാനം കിട്ടിയ കട്ടിലില്‍ ആണ് രണ്ടു പേരും ഇരിക്കുന്നത്. കൂടെ കുറച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും. സമ്മാനമായി കിട്ടിയ വസ്തുക്കളിലെക്ക് ഞാന്‍ നോക്കി, ചെറിയ ഒരു എല്‍ ഇ ഡി ടിവി, എയര്‍ കൂളര്‍, ഫ്രിഡ്ജ്. വധുവിന്റെ ശരീരത്തില്‍ പൊന്നിന്റെ അധികം ആര്‍ഭാടങ്ങളില്ല, ആര്‍ഭാടം പോയിട്ട് കാല്‍ പവനില്‍ കൂടുതല്‍ ഇല്ലെന്നു പിന്നെ മനസിലായി. വളരെ പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് കല്യാണം. വധു വരന്മാരെ ആശീര്‍വദിക്കാന്‍ പ്രത്യേക ജാതിയില്‍ പെട്ട വേറെ ഒരു സ്ത്രീ എത്തി ഒന്ന് രണ്ടു കുട്ടികളോടൊപ്പം, അത് അവരുടെ അവകാശം ആണത്രേ. സാധാരണ പത്തഞ്ഞൂറു രൂപ കിട്ടുന്ന അവര്‍ക്ക് ഇത്തവണ കിട്ടിയത് 70 രൂപ മാത്രം. വളരെ നേരം കയര്‍ക്കുന്നുണ്ട് ആ സ്ത്രീ. ഇങ്ങനെയൊക്കെയാണ് മോദിയുടെ സാമ്പത്തിക അടിയന്തിരാവസ്ഥ സാധാരണക്കാരെ ബാധിക്കുന്നത്. ചടങ്ങുകള്‍ തീര്‍ന്നപ്പോള്‍ ഞങ്ങള്‍ തിരിച്ചു ബസില്‍ കേറി. ഏകദേശം 3 മണി ആയപ്പോള്‍ തിരിച്ച് രാം താമസിക്കുന്ന റൂമിലെത്തി. യാത്രക്ക് ഇടയ്ക്കു വെച്ചു തന്നെ ഉച്ചക്കുള്ള ഭക്ഷണം ഒരുക്കാന്‍ ആന്റിജിയെ വിളിച്ചു പറഞ്ഞിരുന്നു. റൊട്ടിയും ദാല്‍ ഫ്രൈയും, പിന്നെ ഒരു പ്രത്യേക വിഭവവും. പച്ച മഞ്ഞള്‍ ചെറുതായി നുറുക്കി അരിഞ്ഞു ചമ്മന്തി പോലെ, അത് എനിക്ക് ഏറെ ഇഷ്ടമായി. അതിനിടെ ആന്റിജിയുടെ മക്കള്‍ കേരളം എന്ന് കേട്ടിട്ടില്ല പോലും, അങ്ങനെ ഒരു ഇടത്തെ കുറിച്ചു അവര്‍ ആദ്യമായാണ് കേള്‍ക്കുന്നത് എന്നും എന്നോട് പറഞ്ഞു. കോട്ടയിലേക്ക് തിരിച്ച് പോകാന്‍ ബസ് കിട്ടാതായപ്പോള്‍, ജീപ്പില്‍ പോകാന്‍ നിര്‍ദേശിച്ചു രാമും അവന്റെ കൂടെ ആ വീട്ടിലെ വേറൊരു റൂമില്‍ താമസിക്കുന്ന ഒരു ദീര്‍ഘ കായനായ പോലീസുകാരനും. അപ്പോഴേക്കും എന്റെ കയ്യില്‍ നിന്നും ഇന്നലെ മദ്യം വാങ്ങാന്‍ എടുത്ത പണം തിരികെ നല്‍കാന്‍ രണ്ടു പേരും എത്തി. എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍ ജീപ്പില്‍ കോട്ടയിലേക്ക് യാത്ര തിരിച്ചു.

കോട്ടയില്‍ രാത്രി പന്ത്രണ്ടര വരെ ചെലവഴിക്കാം, അപ്പോഴാണ് തിരിച്ചു ഹൈദരാബാദിലേക്കുള്ള ട്രെയിന്‍. ആദ്യം ചമ്പല്‍ ഗാര്‍ഡന്‍ കാണാം എന്ന് തീരുമാനിച്ചു. പൂന്തോട്ടത്തിന്റെ ഒരു കരയിലൂടെ ചമ്പല്‍ നദി ഒഴുകുന്നു. സഞ്ചാരികള്‍ക്ക് ബോട്ട് സവാരിയും അവര്‍ ഒരുക്കിയിട്ടുണ്ട്. നദിയുടെ കരയിലായി പുക തുപ്പുന്ന ഫാക്ടറികള്‍ എന്റെ ശ്രദ്ധ തിരിച്ചു. അടുത്തതായി സെവന്‍ വണ്ടേഴ്‌സ് കാണാന്‍ പോകാമെന്ന് വെച്ചു. ഒരു ഓട്ടോ ബുക്ക് ചെയ്തു. പേ ടിഎം വഴിയാണ് പണമിടപാടുകള്‍ എന്നതിനാല്‍ അവര്‍ സവാരി നിരസിച്ചു. ഏറെ നേരം ശ്രമിച്ചപ്പോള്‍ എനിക്കും മടുപ്പ് തോന്നി. കയ്യില്‍ പണം ഉണ്ടല്ലോ, ബുക്ക് ചെയ്ത ഓട്ടോക്കാരനോട് പണം നല്‍കാമെന്നു സമ്മതിച്ചു. ആട്ടോയില്‍ കേറിയപ്പോള്‍ മുതല്‍ അയാള്‍ പരാതി പറയാന്‍ തുടങ്ങി. പേ ടിഎം അഞ്ച് ദിവസം കഴിഞ്ഞേ പണം അക്കൗണ്ടില്‍ തരികയുള്ളൂ എന്നും ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. കോട്ട ഐഐഎം, ഐഐടി എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ക്ക് ദേശീയ പ്രസിദ്ധമാണ്. സെവന്‍ വണ്ടേഴ്‌സ് കോട്ട സന്ദര്‍ശിക്കുന്ന ഏതൊരുവനും കാണേണ്ട ഇടമാണ്. ഏഴു ലോക മഹാത്ഭുതങ്ങളുടെ ഒരു ചെറു പതിപ്പാണ് അത്. പാസ് എടുത്ത് ഞാന്‍ അകത്തേക്ക് കടന്നു, ആദ്യം കാണുന്നത് ഗിസയിലെ പിരമിഡാണ്. ഞാന്‍ ആകെ കണ്ടിട്ടുള്ളത് അതില്‍ താജ് മഹല്‍ മാത്രമാണ്. ബാക്കിയുള്ള 6 ഇടങ്ങളും എപ്പോഴാണ് കാണാന്‍ വരിക എന്ന് എന്നോട് ചോദിക്കുന്നത് പോലെ എനിക്ക് തോന്നി. ഒരുപാട് നേരം ഞാന്‍ ചെലവഴിച്ചു അവിടെ. കിഷോര്‍ സാഗര്‍ തടാകത്തിന്റെ കരയിലുള്ള ഈ പാര്‍ക്ക് എന്നെ ഒരുപാട് ആകര്‍ഷിച്ചു. തടാകതിന്റെ കരയിലൂടെ ഞാന്‍ കുറെ നടന്നു. ഇനി വരുമ്പോള്‍ എന്റെ നിശ്വാസവും കാല്‍ച്ചുവടുകളും ഞാന്‍ ഇവിടെ തിരയും എന്ന ചിന്തയോടെ ഞാന്‍ ചെലവഴിച്ചു അവിടം. പതിയെ ഞാന്‍ പുറത്ത് കടന്നു. കോട്ട റെയില്‍വേ സ്റ്റേഷനിലേക്ക് ഞാന്‍ ഒരു ഷെയര്‍ ഓട്ടോയില്‍ യാത്രയായി.

അങ്ങിനെ ഒരു യാത്ര പൂര്‍ത്തിയാകാന്‍ പോകുന്നു. മനസില്‍ ഒരുപാട് പേരോട് നന്ദി മാത്രം. പേടിഎം-നോട്, ജുഗ്‌നു ആട്ടോ മൊബൈല്‍ ആപ്പിനോട്, പണം കടം തന്ന പേരറിയാത്ത ആളുകളോട്, രാമിനോട്, സുഖമാണോ എന്ന് വിളിച്ചും മെസ്സേജ് അയച്ചും ചോദിച്ച് കൊണ്ടിരുന്ന പ്രിയപ്പെട്ടവരോട്. എല്ലാത്തിനും ഉപരി ഞാന്‍ ഏറ്റവും കടപ്പെട്ടത് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയോടാണ്. ഈ യാത്ര, അനിശ്ചിതത്വം നിറക്കാനും, ഇത്രയും ഞാന്‍ രസിക്കാനും ആസ്വദിക്കാനും ഇടയാക്കിയത് അങ്ങ് ഏര്‍പ്പെടുത്തിയ ഈ നോട്ട് നിരോധനമാണ്. തോഴ#ോന്‍ന അങ്ങേക്കെന്റെ നെഞ്ചില്‍ നിന്നും പറിച്ചെടുത്ത ഉമ്മകള്‍. ഓര്‍മ്മകളെ അലസോരപ്പെടുത്താതെ തന്നെയാണ് കോട്ട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ഹൈന്ദരാബാദിലേക്കുള്ള ട്രെയിന്‍ വന്നതും യാന്ത്രികമായി ഞാന്‍ എനിക്കുള്ള ഇടത്തേക്ക് പോയി ഇരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ നിറയെ ഓര്‍മ്മകളുമായി വേറെ ഒരു ലോകത്തില്‍ ഞാന്‍ സഞ്ചരിച്ചുകൊണ്ടെ ഇരിക്കുകയായിരുന്നു. ചുറ്റുമുള്ളത് പലതും ഞാന്‍ അറിയുന്നേ ഉണ്ടായിരുന്നില്ല. ഒരു ഇടം നമ്മെ കൊതിക്കുമ്പോള്‍ നാം അവിടെ എത്തിപ്പെടുന്നു… 

അവസാനിച്ചു

(ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനെറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍