UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നാല്‍ രാജ്യത്തിന് നേരേ പിടിച്ച കണ്ണാടി എന്നുകൂടിയാണ്

Avatar

ടീം അഴിമുഖം

ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്കാണോ എന്ന് സംശയിക്കുന്നവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ തെളിവുകള്‍ക്കായി ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്ന ചില കേസുകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും. യഥാര്‍ത്ഥത്തില്‍, കേരളത്തിലെ സദാചാര പോലീസുകാരെ ഒരു ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് വിഷയത്തിന്റെ ഒരു ഭാഗിക ചിത്രം മാത്രമേ നല്‍കൂ. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നടക്കുന്ന നാടകങ്ങള്‍ ഒന്ന് നിരീക്ഷിച്ച് നോക്കൂ. എത്ര അധികാര കൊതിയനാണ് എന്‍ ശ്രീനിവാസന്‍ എന്ന് മാത്രമല്ല അത് വെളിവാക്കുന്നത്. മറിച്ച്, നിരവധി പേരുടെ മൗനത്തെ കൂടിയാണ്. ഒരു മാന്യമായ, നിയമത്തെ അനുസരിക്കുന്ന, ധാര്‍മികമായി നയിക്കപ്പെടുന്ന സമൂഹമായിരുന്നു ഇന്ത്യയെങ്കില്‍, ശ്രീനിവാസനെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും ഇതിനകം തന്നെ നീക്കം ചെയ്യുമായിരുന്നു. ഇന്ത്യ സിമന്റ്‌സിന്റെ എംഡിയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായ ശ്രീനിവാസന്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെയും വ്യത്യസ്ത താല്‍പര്യസംരക്ഷണത്തിന്റെയും പേരില്‍ അദ്ദേഹം ഇതിനകം തന്നെ അഴികള്‍ക്കുള്ളില്‍ അടയ്ക്കപ്പെടുകയും ചെയ്യുമായിരുന്നു. 

ശ്രീനിവാസന്‍ പദവിയില്‍ തുടരുന്നത് ‘മനംപുരട്ടല്‍’ ഉണ്ടാക്കുന്ന ഒന്നാണെന്ന് ചൂണ്ടിക്കാട്ടി, അദ്ദേഹത്തെ ബിസിസിഐയില്‍ നിന്നും പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ ചെന്നൈ ഐപിഎല്‍ ഫ്രാഞ്ചൈസി നടത്തിക്കൊണ്ടുപോകുന്നു എന്ന് മാത്രമല്ല വാതുവെപ്പില്‍ പങ്കാളിയാവുകയും ചെയ്തു. ജഗന്‍ മോഹന്‍ റെഡ്ഢി ഉള്‍പ്പെടുന്ന വിവാദ സാമ്പത്തിക കുംഭകോണത്തില്‍ ശ്രീനിവാസനെതിരെ അന്വേഷണം നടക്കുന്നുമുണ്ട്.

‘ഭരണനിര്‍വഹണ സമിതിക്ക് അതീതമായിരിക്കണം’ ബോര്‍ഡ് പ്രസിഡന്റിന്റെ സ്ഥാനമെന്ന് കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ‘നിക്ഷിപ്ത താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനുമുള്ള അവസരങ്ങള്‍’ അദ്ദേഹം നല്‍കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ‘ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് താങ്കള്‍. സിഎസ്‌കെയുടെ ഔദ്യോഗിക ഭാരവാഹിയായ മെയ്യപ്പന് വാതുവയ്പ്പില്‍ പങ്കുണ്ടെന്ന് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു വിവേചനരഹിതമായ നിലപാട് സ്വീകരിക്കാനും ശിക്ഷ തീരുമാനിക്കാനും ബോര്‍ഡ് പ്രസിഡന്റിന് സാധിക്കുമോ? നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ല എന്ന് അംഗീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്’- കോടതി വ്യക്തമാക്കി. 

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലായിരുന്നു ശ്രീനിവാസന്റെ അഭിഭാഷകന്‍ (അഭിഭാഷക വൃത്തി ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന കബില്‍ സിബലിന് ഒരു കൊലക്കേസില്‍ പോലും ശ്രീനിവാസന് വേണ്ടി ഹാജരാകാം. അതുകൊണ്ട് തന്നെ അദ്ദേഹം ഈ കേസില്‍ ശ്രീനിവാസന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ തെറ്റൊന്നുമില്ല). അദ്ദേഹത്തിന്റെ മകന്‍ അമിത് ബിസിസിഐയുടെ കൗണ്‍സല്‍ ആണെന്നതും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്ന സിബല്‍, കായിക രംഗത്ത് വാതുവെപ്പിനെതിരായുള്ള നിയമത്തിന്റെ കരടില്‍ ഐപിഎല്ലിനെ ഒഴിവാക്കുക വഴി അന്നത്തെ സര്‍ക്കാരിന് മേല്‍ ചെളിതെറിപ്പിച്ചിരുന്നു എന്നതും വെറും യാദൃശ്ചികം മാത്രമായിരിക്കാം.

രാജ്യത്തെ അസംഖ്യം പ്രശസ്തരും അധികാരശേഷിയുള്ളവരുമായ ആളുകള്‍ ശ്രീനിവാസന്‍ സംഭവത്തിലാകമാനം മൗനം ദീക്ഷിക്കുന്നതില്‍ നിന്നും ഇന്ത്യയുടെ കഥ വായിച്ചെടുക്കാം. ഇത്തരം കാര്യങ്ങളിലെല്ലാം ഇന്ത്യയിലെ പ്രശസ്തരും അധികാരശേഷിയുള്ളവരും മൗനം പാലിക്കുക മാത്രമല്ല ചെയ്യുന്നത്. സുതാര്യതയും പൊതുധാര്‍മികതയും ഭരണഘടന മൂല്യങ്ങളും പരമാവധി അകറ്റി നിറുത്തുന്നതിനായി അവര്‍ എല്ലായ്പ്പോഴും ഒന്നിക്കുകയും ചെയ്യും.

നമുക്ക് ഗുജറാത്തിലെ കഥകളില്‍ നിന്നും ആരംഭിക്കാം.

ഈ മേയ് മാസം 30-ാം തീയതി വരെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍. ആരാണ് അദ്ദേഹത്തിന്റെ പകരക്കാരനായത്? രാജ്യസഭാംഗവും മുകേഷ് അംബാനിയുടെ വിശ്വസ്തരില്‍ ഒരാളുമായ പരിമള്‍ നത്വാനി പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അമിത് ഷാ ആ സ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. മോദിക്ക് മുമ്പ് ഗുജറാത്ത് ക്രിക്കറ്റിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് ആരാണ്? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നരഹരി അമീന്‍.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും ക്രിക്കറ്റ് അസോസിയേഷന്റെ കഥയെടുത്തു നോക്കു. ഈ കഥയില്‍ വ്യത്യാസമുണ്ടാവില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിംഗ് മേക്കറാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ’31 പേര്‍ക്ക് വോട്ടവകാശം ഉള്ള ഒരു സമിതിയില്‍, മൂന്ന് സര്‍ക്കാര്‍ സ്ഥാപന വോട്ടുകള്‍ ഉള്‍പ്പെടെ എട്ട് സ്ഥിര വോട്ടുകള്‍ തന്റെ വരുതിയിലുള്ള ജയ്റ്റിലി ബോര്‍ഡിലെ കിംഗ് മേക്കറാ’ണെന്ന്, IANS വാര്‍ത്ത ഏജന്‍സി കഴിഞ്ഞ സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീനിവാസന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അരുണ്‍ ജെയ്റ്റ്‌ലി എന്നത് കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം. ലേഖനം ഇങ്ങനെ തുടരുന്നു, ‘കഴിഞ്ഞ നൂറു ദിവസത്തിനിടയില്‍ ശ്രീനിവാസന്‍ എത്ര ‘ഉപചാര സന്ദര്‍ശനങ്ങള്‍’ ജയ്റ്റ്ലിയുടെ ഭവനത്തിലേക്ക് നടത്തി എന്നറിയുന്നത് കൗതുകകരമാണ്. അതും സിബിഐ തലവനെ പോലെ തന്നെ കേന്ദ്രധനകാര്യമന്ത്രിയും വീട്ടില്‍ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു പുസ്തകം സൂക്ഷിക്കുമ്പോഴാണെന്നും ഓര്‍ക്കണം.’

ആരൊക്കെയാണ് ജയ്റ്റ്‌ലിയുടെ കൂട്ടാളികള്‍? കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്‌ളയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് ക്രിക്കറ്റ് ബോര്‍ഡും, ബിജെപി പാര്‍ലമെന്റ് അംഗം അനുരാഗ് താക്കൂര്‍ അദ്ധ്യക്ഷനായ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും.

ഒന്നു കൂടി ചുറ്റും കണ്ണോടിച്ചാല്‍ നിങ്ങള്‍ക്ക് ശരദ് പവാറിനെയും ലാലു പ്രസാദ് യാദവിനെയും ജോതിരാദിത്യ സിന്ധ്യയെയും കാണാം. പ്രധാനമന്ത്രിയും ധനമന്ത്രിയും മുതലുള്ള ഈ പ്രമുഖരുടെ കൂട്ടായ മൗനമാണ് ശ്രീനിവാസന് ക്രിക്കറ്റിലെ എല്ലാ പദവികളും വഹിക്കാനുള്ള അവകാശം നല്‍കുന്നത്.

വിശാല ഇന്ത്യയുടെ ഒരു ദൃഷ്ടാന്തമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗം. ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന അധാര്‍മികതയുടെ ഏറ്റവും കൃത്യമായ പ്രതിഫലനമാണ് ക്രിക്കറ്റ് ഭരണതലത്തില്‍ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാന്‍, ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സുപ്രീം കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന വാദം മാത്രം കേട്ടാല്‍ മതി.

കോഴിക്കോട് നടന്ന ചുംബനസമരത്തെ അടിച്ചൊതുക്കാന്‍ എത്തിയ ഇച്ഛാഭംഗം വന്ന വന്നവര്‍, ഡല്‍ഹിയില്‍ ഉബര്‍ കാറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഡ്രൈവര്‍, ആ ഡ്രൈവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലും കണ്ടെത്താം. ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളെ എത്ര ഭംഗിയായി ഇവിടുത്തെ ക്രിക്കറ്റ് ഭരണരംഗം പ്രതിഫലിപ്പിക്കുന്നു എന്നറിയാന്‍, ആ രംഗം ശ്രദ്ധാപൂര്‍വം ഒന്ന് വീക്ഷിച്ചാല്‍ മാത്രം മതി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍