UPDATES

വായന/സംസ്കാരം

പൂജാരിയായ ഒരു കവി; ഫേസ്ബുക്കാണ് തട്ടകം

പറയാനേറെയുണ്ടായിട്ടും പല കാരണങ്ങളാല്‍ നിശ്ശബ്ദരായിപ്പോകുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പ്രതികരണത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും ചെറുനാക്കനക്കാനുള്ള ശ്രമം

സൈലന്‍റ് മോഡില്‍
തപസ്സുചെയ്യുമ്പോള്‍
ഇന്‍ബോക്സില്‍
സ്മൈലികള്‍
നൃത്തം
ചെയ്യുന്നു
ഫുള്‍
കവറേജിലും
പച്ച
കത്താതെ
സന്ദേശകാവ്യങ്ങള്‍
ഉമ്മറപ്പടിയില്‍
ഉറുമ്പരിക്കുന്നു
സ്ക്രീന്‍ നിലാവില്‍
മഞ്ഞുവീഴുമ്പോള്‍
ചില്ലപൊട്ടിയ
റിംഗ്ടോണ്‍ മരങ്ങള്‍
വേരഴുകി
കടപുഴകി
നിലംപതിക്കുന്നു
സീറോ ബാലന്‍സിന്റെ
വന്ധ്യതയില്‍
വിഷം കുടിച്ച്
എന്റെ പ്രൊഫൈല്‍
എക്സ്പൈര്‍ ആകുന്നു

ശ്രീനിവാസന്‍ തൂണെരി എന്ന യുവകവിയുടെ പ്രൊഫൈല്‍ എന്ന കവിതയാണിത്. പുതിയ കാലത്തിന്റെ പദാവലിയും അനുഭവങ്ങളും പകരുന്ന ഈ കവിത സാമൂഹിക മാധ്യമങ്ങളുടെ കാലത്തെ കവിയുടെ അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാവരും കവികളാകുന്ന കാലമാണ്, കവികളെ തട്ടി നടക്കാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു കവികളെ പരിഹാസത്തോടെ നോക്കുന്ന ഒരു പ്രവണത സമകാലിക കേരളത്തില്‍ പൊതുവേയുണ്ട്. കവിത എഴുത്ത് എന്തോ അപരാധമാണെന്ന തോന്നലില്‍ നിന്നാണ് ഇത്തരം പരിഹാസങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ മുഖ്യധാരാ കവികള്‍ക്കൊപ്പം ആനുകാലികങ്ങളില്‍ നിറഞ്ഞു നില്ക്കാന്‍ പറ്റുന്നില്ലെങ്കിലും ഫേസ്ബുക് പോലെയുള്ള സമൂഹ മാധ്യമങ്ങളില്‍ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച് തങ്ങളുടെ കവിതകള്‍ വായനക്കാരില്‍ എത്തിക്കുന്ന ഒട്ടേറെ കവികള്‍ ഇന്ന് മലയാളത്തില്‍ ഉണ്ട്.

ഏതെങ്കിലും പ്രസിദ്ധീകരണത്തിന് കവിത അയച്ച് അവരുടെ കനിവു കാത്തിരിക്കേണ്ടതില്ല എന്നുള്ളതും വായനക്കാരുടെ പ്രതികരണം അപ്പപ്പോള്‍ അറിയാന്‍ കഴിയുന്നു എന്നതും ഇത്തരം സാമൂഹിക മാധ്യമങ്ങളുടെ പ്രത്യേകതയാണ്. ഏത് മാധ്യമത്തിലൂടെ പുറത്തു വന്നാലും തങ്ങള്‍ എഴുതുന്നത് വായനക്കാരില്‍ എത്തുമ്പോഴാണ് അവരത് ഏറ്റെടുക്കുമ്പോഴാണ് കവിയും കവിതയും വിജയിക്കുന്നത്. അതിനര്‍ത്ഥം സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന കവിതകള്‍ എല്ലാം തന്നെ ഉദാത്തമാണ് എന്നല്ല. ഒരു നൂറു കവിതകള്‍ വായിക്കുമ്പോള്‍ അതില്‍ ഒരു പത്തെണ്ണമെങ്കിലും ഉള്‍ക്കാമ്പുള്ള കവിതകളാണെന്ന് കണ്ടെത്താന്‍ കഴിയും.

കോഴിക്കോട് ജില്ലക്കാരനായ ശ്രീനിവാസന്‍ തൂണേരി എന്ന കവി വായനക്കാരിലേക്കെത്തുന്നത് സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ്. 2015 അവസാനം മുതലാണ് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ സജീവമായി എഴുതിത്തുടങ്ങുന്നത്. വായനക്കാരില്‍ നിന്നു നല്ല പ്രോത്സാഹനവും അതിനു ലഭിച്ചതായി കവി പറയുന്നു. 2017 ആകുമ്പോഴേക്കും കവിയെത്തേടി വടകരയിലെ Harbingers എന്ന പ്രാദേശിക പുസ്തക പ്രസാധകര്‍ എത്തുകയും മൌനത്തിന്‍റെ സുവിശേഷം എന്ന കവിതാ സമാഹാരം പുറത്തിറക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും നാടകകൃത്തുമായ കെ എസ് ബിമലിന്‍റെ  സ്മരണ നിലനിര്‍ത്താനായി കൂട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോകുന്ന ദിശ എന്ന സാംസ്കാരിക കൂട്ടായ്മയാണ് പുസ്തക പ്രസിദ്ധീകരണത്തിന് എല്ലാ പിന്തുണയും നല്കിയത്.

എഴുത്തിനെ കുറിച്ചും കവിതയിലേക്കെത്തിയ വഴികളെ കുറിച്ചും കവി പറയുന്നു.

‘സ്കൂള്‍ പഠനകാലത്ത് തന്നെ എഴുത്തില്‍ താത്പര്യം ഉണ്ടായിരുന്നു. സ്കൂളിലെ കൈയ്യെഴുത്ത് മാസികയില്‍ എഴുതിക്കൊണ്ടാണ് തുടങ്ങുന്നത്. വീട്ടില്‍ എഴുത്ത് പാരമ്പര്യം ഒന്നും ഉണ്ടായിരുന്നില്ല. മൊകേരി ഗവണ്‍മെന്‍റ് കോളേജിലെ പഠനകാലത്താണ് എഴുത്തിനെ സീരിയസ്സായി കാണുന്നത്. അന്ന് എസോണ്‍ ഇന്‍റര്‍സോണ്‍ കലോത്സവങ്ങളില്‍ എപ്പോഴും സമ്മാനം കിട്ടിയിരുന്നു. ആ സമയത്ത് മാതൃഭൂമിയില്‍ ഓള്‍ കേരള എഡിഷനില്‍ കവിതയെ പറ്റിയുള്ള കുറിപ്പും കവിതയും വന്നിരുന്നു. അത് വലിയ പ്രോത്സാഹനമായിരുന്നു.

കോളേജ് ജീവിതത്തിന് ശേഷം ചെറിയ ഒരു ബ്രേക് സംഭവിച്ചു. പഠനം കഴിഞ്ഞു ജീവിതത്തിന്‍റെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പെട്ടുപോയപ്പോള്‍ 2015ലാണ് ഞാന്‍ വീണ്ടും സജീവമായിട്ട് വരുന്നത്. ഫേസ്ബുക്കിലൂടെ തന്നെയാണ് അത് കൂടുതല്‍ ആളുകളിലേക്ക് എത്തിയതും ഒരുപാട് പ്രോത്സാഹനം കിട്ടിയതും. ഈ കാലയളവില്‍ എഴുത്തുകാരും അല്ലാത്തവരുമായ നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്കിന് നമ്മള്‍ ഒരുപാട് നെഗറ്റീവ് വശങ്ങള്‍ കാണുന്നുണ്ടെങ്കിലും അത് നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നത് പോലെയിരിക്കും എന്നാണ് എന്‍റെ അഭിപ്രായം. ഫേസ്ബുക്ക് തന്നെയാണ് എന്‍റെ എഴുത്തിനെ ഈ അവസ്ഥയില്‍ അംഗീകരിക്കപ്പെടാന്‍ കാരണം എന്നു നിസ്സംശയം പറയാം. ഇരുപതോളം കവിതകള്‍ ക്രോഡീകരിച്ചു ഒരു സമാഹാരം പോലെ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അതോട് കൂടിയാണ് ആളുകള്‍ കവിത കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നെ ഞാന്‍ ഇത് പുസ്തകമാക്കാന്‍ ഒരു ആലോചനയുണ്ടെന്ന് പറഞ്ഞു ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ട്ടു. അതുകണ്ട് ദിശ എന്ന കൂട്ടായ്മയിലെ ആളുകള്‍ സമീപിക്കുകയും അങ്ങനെ Harbingers പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുകയായിരുന്നു.

ഞാന്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിയാണ്. ആത്മീയത എന്നു പറയുന്നതു കാലാനുസൃതമായിട്ടുള്ള മാറ്റം വരുത്തേണ്ട സംഗതിയാണ്. പാരമ്പര്യത്തെ അപ്പാടെ തള്ളിക്കളഞ്ഞിട്ട് നമ്മള്‍ക്ക് നിലനില്‍ക്കാന്‍ പറ്റില്ലല്ലോ. അപ്പോ പാരമ്പര്യത്തിന്‍റെ നല്ല ഘടകങ്ങള്‍ നമ്മള്‍ക്ക് സ്വാംശീകരിച്ചു കൊണ്ട് കാലാനുസൃതമായിട്ട് അതിനെ രൂപപ്പെടുത്തി എടുക്കുക എന്നുള്ളതാണ് പ്രധാനം. അത് എത്രത്തോളം പ്രായോഗികമായി എന്നുള്ളത് വേറെകാര്യം. എഴുത്തുകാര്‍ സാമൂഹ്യ പരമായിട്ടുള്ള ഇടപെടലുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. മറ്റ് സാഹിത്യ രൂപങ്ങളെ അപേക്ഷിച്ച് കവിതയില്‍ അത് നേരിട്ടു അവതരിപ്പിക്കാന്‍ കഴിയില്ല. ധ്വന്യാത്മകമായ ഭാഷ ഉപയോഗിച്ച് ബിംബങ്ങളിലൂടെ അവതരിപ്പിക്കാനെ കഴിയൂ. അതിനനുസരിച്ചുള്ള ബിംബങ്ങള്‍ പുതിയ സാഹചര്യത്തില്‍ കണ്ടെത്തുക എന്നുള്ളതാണ്.’

ശ്രീനിവാസന്‍ തൂണേരിയുടെ അമ്പത്തഞ്ചോളം കവിതകളുടെ സമാഹാരമാണ് ‘മൌനത്തിന്‍റെ സുവിശേഷം’. സമകാലിക ജീവിതത്തിന്‍റെ ആകുലതകളും പോയകാലത്തിന്‍റെ ഗൃഹാതുരസ്മരണകളും ശ്രീനിവാസന്റെ കവിതകളില്‍ കാണാം. പാരമ്പര്യത്തിന്‍റെ ശീലങ്ങളെ മറികടക്കാതെ തന്നെ പുതിയ കാലത്തെ അടയാളപ്പെടുത്തുന്നു ഈ കവിതകള്‍. ചില കവിതകളില്‍  പാരിസ്ഥിതികമായ ഉത്കണ്ഠകളും സര്‍ഗസൗന്ദര്യത്തോടെ ഉയരുന്നുണ്ട്. ഇവയൊക്കെത്തന്നെ ഉപരിപ്ലമായ വിലാപങ്ങളായോ വാക്കുകളുടെ അതിഭാവുകത്വമായോ ആയല്ല കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്. യന്ത്ര വത്കൃതവും യാന്ത്രികവുമായ പുതിയകാലത്തെ സംവേദനം ചെയ്യണമെങ്കില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍, സെല്‍ഫി, മെസേജ്, സ്മൈലി, പ്രൊഫൈല്‍, സൈലന്‍റ് മോഡ്, ഇന്‍ബോക്സ് തുടങ്ങിയ പദപ്രയോഗങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. അത്തരം വാക്കുകള്‍ ഉപയോഗിക്കുമ്പോഴും കവിത വരണ്ടുപോകുന്നില്ല. തീക്ഷ്ണ ബിംബങ്ങള്‍ കൊണ്ട് അവ വായനക്കാരന്‍റെ  ഉള്ളിലേക്ക് തറഞ്ഞു കയറുന്നുമുണ്ട്.

“പറയാനേറെയുണ്ടായിട്ടും പലകാരണങ്ങളാല്‍ നിശ്ശബ്ദരായിപ്പോകുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പ്രതികരണത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും ചെറുനാക്കനക്കാനുള്ള ശ്രമം.” എന്നാണ് കവി ഈ സമാഹാരത്തിന്‍റെ  ആമുഖത്തില്‍ പറയുന്നത്.  താന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടുകള്‍ അസഹനീയവും ആതുരവുമാകുമ്പോള്‍ പ്രതികരിക്കാതെ നിശ്ശബ്ദനാകാന്‍ കഴിയില്ലെന്ന് തന്നെയാണ് കവി ഇവിടെ പ്രഖ്യാപിക്കുന്നത്.

‘മൌനത്തിന്‍റെ സുവിശേഷം’ എന്ന കവിതയില്‍ കവി പറയുന്നത് ദയവായി ഞങ്ങളോടു സംസാരിക്കരുത്. ‘ജീവിച്ചിരിക്കാനുള്ള കൊതിമൂത്ത് എന്നെ മരിച്ചവരാകയാല്‍ കടല്‍ക്ഷോഭത്തെ കുറിച്ചും കപ്പല്‍ഛേദങ്ങളെപ്പറ്റിയും ഞങ്ങള്‍ക്ക് ആകുലതകളില്ല’ എന്നാണ്. ജീവിച്ചിരിക്കാന്‍ കൊതി മൂത്ത് ആത്മഹത്യ ചെയ്യേണ്ടി വരിക എന്നത് ഒരു വൈരുദ്ധ്യമാണ്. അങ്ങനെ ഒരാള്‍ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യമാണ് ആദ്യം വായനക്കാര്‍ക്ക് തോന്നുക. ഇവിടെ വര്‍ത്തമാന കാല സങ്കീര്‍ണ്ണതകള്‍ മനുഷ്യരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ്. എന്നതാണു യാഥാര്‍ഥ്യം.

നിന്നെപ്പോലൊരാള്‍ 
മരിക്കാനെ പാടില്ലായിരുന്നു
നിസ്സാരമായ ഒരു കാരണത്താല്‍ 
ശ്വാസമല്ലേ പോയുള്ളൂ
വിശ്വാസങ്ങള്‍ 
ഇനിയും 
ഉണ്ടായിരുന്നില്ലേ? എന്നു  ‘വടി’ എന്ന കവിതയില്‍ കവി ചോദിക്കുന്നു.

‘കരച്ചിലിന്‍റെ നാനാ(ണ)ര്‍ത്ഥങ്ങള്‍’ എന്ന കവിതയില്‍ തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെടുന്ന അല്ലെങ്കില്‍ മനസ്സറിയാത്ത തെറ്റിന് കുറ്റവാളിയാക്കപ്പെടുന്നവന്‍റെ വിലാപവും കണ്ണീരുമുണ്ട്. ചെയ്യാത്ത തെറ്റിന് തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ടവന്‍റെ കണ്ണീര് രാജ്യത്തിനും രാജാവിനും വേണ്ടി നാണമില്ലാതെ നഗ്നമായ ചുണ്ട് പിളര്‍ത്തി ചിരിക്കുന്നവര്‍ ബോധപൂര്‍വ്വം മറന്നുപോകുന്നു. കരഞ്ഞു ചത്തവന്‍ കൊടിപിടിച്ചു വരുമ്പോള്‍ സ്വപ്നങ്ങള്‍ക്കും കരച്ചില്‍ വരും എന്നാണ് കവി പറയുന്നത്.

പരസ്പരം ഒറ്റിക്കൊടുത്ത് തീര്‍ന്നുപോയ സ്നേഹം, ജീവിച്ചിരിക്കാനുള്ള കൊതിമൂത്ത് എന്നെ മരിച്ചവര്‍, നിലാവിന്‍റെ പാപരക്തം വീണു പൂക്കുന്ന മുറിവുകള്‍, വ്യര്‍ത്ഥകാലത്തിന്‍റെ കടല്‍ത്തിരക്കോള്‍, ഒരു ഹൃദയം നിറയെ വെടിക്കോപ്പുമായ് വടിയായൊരാള്‍, അഴല്‍ തിന്ന് മരിച്ച രാത്രി, പനി തീര്‍ക്കുന്ന വിഴുപ്പ് പായ, പുറത്തു നിന്ന് പൂട്ടിയ പ്രണയത്തിന്‍റെ ഒറ്റമുറി വീട്, പുര നിറഞ്ഞിട്ടും പൊട്ടിത്തെറിക്കാത്ത സങ്കടങ്ങളുടെ നിശ്ശബ്ദത, കണ്ണീരിലേക്ക് അടച്ചും തുറന്നും തുരുമ്പെടുത്ത പ്രാര്‍ത്ഥനകള്‍, വിടപറയുമ്പോള്‍ ചിതറുന്ന ഭ്രാന്തിന്‍റെ ചോര, പാറ്റവീഴാതെ അടച്ചുവെച്ച പട്ടിണിക്കഞ്ഞിയുടെ കെടുമണം, അനാഥമായി മരിച്ചുപോയ പകലിന്‍റെ ജഡം, ക്ലോക്ക് മുറിച്ചിട്ട രാത്രിയുടെ ഞരക്കം, വിഷം വെച്ചിട്ടും ചാകാത്ത എലികളെപ്പോലെ ഓര്‍മ്മകള്‍, പൂനിലാവത്ത് പിന്‍വാതിലില്‍ അഴിച്ചെറിഞ്ഞ ഭോഗച്ചെരുപ്പ്, സമയത്തിന്‍റെ പക്ഷിയെ വെടിവെച്ചിടുന്ന ഘടികാരം, ചിതല്‍ തിന്ന കുറിപ്പടിക്കുള്ളില്‍ ചിതയൊരുക്കാതെ പുകയുന്ന മോര്‍ച്ചറി,  തെറ്റിവായിക്കാന്‍ കഴിയാത്ത പുസ്തകം, വെട്ടിയാലും മുളപൊട്ടുന്ന വന്‍മരം, വാക്കുപാലിക്കുവാന്‍ തോക്കെടുക്കുന്നവര്‍, തീക്കനല്‍ തിന്ന് വിശപ്പ് മാറ്റുന്നവര്‍, വെളിച്ചം ചുംബിച്ചു തിരുച്ചുപോയിട്ടും കറുത്തുദിക്കുന്ന തമോരഹസ്യങ്ങള്‍, അഴിച്ചെറിഞ്ഞിട്ടും അഴുകിത്തീരാത്ത പഴന്തുണി, എന്നിങ്ങനെ നിരവധി ബിംബങ്ങള്‍ ശ്രീനിവാസന്‍റെ ഈ സമാഹാരത്തിലെ കവിതകളില്‍ കണ്ടെത്താം. വാക്കുകള്‍ വാരി വലിച്ചിടുന്നതിന് പകരം ധ്വന്യാത്മകമായ ബിംബങ്ങള്‍കൊണ്ട് കവിതയെ വാങ്ഗ്മയ ചിത്രങ്ങളാക്കുവാന്‍ കവിക്ക് കഴിയുന്നുണ്ട്. കേട്ടുമടുത്ത ബിംബങ്ങളല്ല അത്.

‘ഓര്‍മ്മകള്‍ക്ക് ചുവപ്പ് തന്നെയാണ്’  എന്ന കവിതയില്‍ കവി ഫിഡല്‍ കാസ്ട്രോ എന്ന വിപ്ലവകാരിയെ കുറിച്ചാണ് പറയുന്നത്. അത് വെറുമൊരു അനുശോചനക്കുറിപ്പല്ല മരിച്ചു കവിയുടെ  കൃത്യവും വ്യക്തവുമായ രാഷ്ട്രീയ ബോധം തന്നെയാണ്.

എത്രയൊളിത്താവളത്തിന്‍ 
സ്മരണകള്‍
രക്തസാക്ഷിത്വമാര്‍ന്നെത്തുന്നു
ഞങ്ങളില്‍
എത്ര ഗറില്ലാ യുദ്ധങ്ങള്‍ക്ക്
സാക്ഷ്യാനസ്തമിക്കുമ്പോള്‍
നിനക്കു സൂര്യന്‍ സഖേ? 
വംശാബോധങ്ങളെ 
പൊള്ളിച്ചു പെയ്യുന്നൊ-
രഗ്നിമേഘത്തിന്‍ തുടിപ്പായുണരുക

എന്നു പറയുന്ന കവി പേപിടിച്ച്  ഓടിയാടുക്കുന്ന നായ്ക്കളെ പേടിച്ച് ജീവിക്കേണ്ടിവരുന്ന സമകാലിക ജീവിതത്തിന്റെ ആകുലതകളും പങ്കുവെക്കുന്നുണ്ട്.

യാത്ര, ഒളിച്ചോട്ടം, പ്രണയ സന്ധ്യയില്‍ എന്നീ കവിതകളില്‍ ഭഗ്ന പ്രണയത്തിന്‍റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണ്ട്.  പ്രണയിനി ഓര്‍മ്മകളുടെ സയനൈഡ് ഗുളികകളിലേക്ക് ഒളിച്ചോടിയപ്പോള്‍ നിഴലില്ലാത്തൊരു രൂപമായി കെട്ടിയ പെണ്ണിലേക്കും കിട്ടിയ സൌഭാഗ്യങ്ങളിലേക്കും ഞാന്‍ അനുസരണയോടെ ഒളിച്ചോടി എന്നു തന്‍റെ പരാജയം സമ്മതിക്കുന്ന കവി പ്രണയ സന്ധ്യയില്‍  എന്ന കവിതയില്‍ രണ്ടായി മുറിഞ്ഞെന്നുറപ്പായാല്‍ നീ മരിച്ചുപോയൊരു പകല്‍, ഞാനോ ഇരുള്‍ കാത്തിരിക്കുന്ന രാത്രിയും എന്നു നിരാശനാവുന്നുമുണ്ട്.

‘വേതാളമൊഴികള്‍’ എന്ന കവിതയില്‍ കവി വരച്ചിടുന്നത് സമകാലിക ഇന്ത്യന്‍ അവസ്ഥകളാണ്. അസ്ഥിയിലും അഗ്നിയാളുന്ന കാലമായാണ് കവി കാലത്തെ വിശേഷിപ്പിക്കുന്നത്. എങ്ങും നിറഞ്ഞു കേള്‍ക്കുന്ന നിലവിളികളും കുരുതികളും കവിയെ അസ്വസ്ഥമാക്കുന്നുണ്ട്.

ഭിന്ന മതജാതികള്‍ സംസ്കാരധാരകള്‍
തുന്നിയിഴചേര്‍ത്ത സ്വപ്നത്തിന്‍ 
പതാകയില്‍ 
വന്യമൊരു ഭീതിയുടെ ചിഹ്നം- ആസുരമായ വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ  ഇങ്ങനെയാണ് ചിത്രീകരിക്കുന്നത്. ചോദ്യം ചോദിക്കുന്നവരെയും പ്രതികരിക്കുന്നവരെയും നിശ്ശബ്ദരാക്കുന്ന ഭരണകൂട ഭീകരതയെ കുറിച്ചും  കവി വ്യാകുലനാകുന്നുണ്ട് ഈ കവിതയില്‍. നക്ഷത്ര ജന്മം എന്ന കവിതയില്‍ കവി,

നേരിനായ് വീണ്ടും പടയ്ക്കിറങ്ങീടുവാന്‍ 
നോവു കത്തിച്ചെടുക്കുന്നു പന്തങ്ങളായ് 
നേരമാവുന്നു നയിക്കുകീ നാടിന്‍റെ 
ചോരവീഴാത്ത നിരായുധ വിപ്ലവം- നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ നേരമായെന്നും നേരിനായ് പടക്കിറങ്ങണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ചോര ചിന്തുന്ന സായുധ വിപ്ലവത്തില്‍ കവിക്ക് താത്പര്യമില്ല.

റിപ്പബ്ലിക്കുകള്‍ ഉണ്ടാകുമ്പോള്‍ എന്ന കവിതയില്‍
‘ആകയാല്‍ 
പുലരിക്ക് മുമ്പ് നമുക്ക് സ്വാതന്ത്ര്യപ്പെടാം
എന്‍റെ പുഴകളെയും
കുന്നുകളെയും
നമുക്ക് മുറിച്ചെടുക്കാം
ചോരകവിഞ്ഞ് സമുദ്രമുണ്ടാകുമ്പോള്‍
നിന്റെ അതിരിനപ്പുറത്തേക്ക്
അതിനി ഒഴുകിപ്പരക്കില്ല’

പുഴയും കടലും കുന്നുകളും പകുത്തെടുത്ത് അതിരുകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന യുദ്ധങ്ങളും കലാപങ്ങളും  ജനതയുടെ അതിജീവനത്തിന്നായുള്ള പലായനങ്ങളും ഉത്കണ്ഠയോടെയാണ് കവി ഇവിടെ നോക്കിക്കാണുന്നത്. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അപഹരിക്കപ്പെടുന്ന അവകാശങ്ങളെകുറിച്ചും കവി പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ തുരുത്തുകളായി മാറുന്ന സമകാലിക മനുഷ്യന്‍റെ അവസ്ഥകൂടിയാണ് കവി ഇവിടെ പങ്ക് വെക്കുന്നത്. ഓരോരുത്തരും അവരവരുടെ അതീരുകള്‍ക്കകത്ത് വ്യതസ്ത രാജ്യങ്ങളായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്.

പാരമ്പര്യവും പുതുമയും ഇഴചേര്‍ന്ന് കിടക്കുന്നുണ്ട് ശ്രീനിവാസന്‍റെ കവിതയില്‍. പ്രകൃതിയും മനുഷ്യനും നേരിടുന്ന എല്ലാത്തരം പ്രശ്നങ്ങള്‍ക്ക് നേരെയും തുറന്നു പിടിച്ച ഒരു കാണ്ണാടിയാണ് ഈ കവിതകള്‍. ഈ സമാഹാരത്തില്‍ ഏറ്റവും ശക്തമായ ബിംബങ്ങള്‍കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്ന കവിതകളാണ് പ്രൊഫൈല്‍, പോസ്റ്റ് മോര്‍ട്ടം എന്നീ കവിതകള്‍.

മൌനത്തിന്‍റെ സുവിശേഷം എന്ന ഈ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ എന്‍ പ്രഭാകരന്‍, ശ്രീനിവാസന്‍റെ കവിതകളെ കുറിച്ച് ഇങ്ങനെ പറയുന്നു. ‘കവിതയെ മനസ്സിലാക്കണമെങ്കില്‍ കവിതയെ ചരിത്രവുമായും സാമൂഹിക അനുഭവങ്ങളുമായും ബന്ധിപ്പിച്ച് തന്നെ മനസ്സിലാക്കണം. ശ്രീനിവാസന്‍റെ കവിതകളെ കുറിച്ച് പറയുകയാണെങ്കില്‍ കവിത ശ്രീനിവാസന്‍റെ മതമാണെന്ന് പറയാം. പോര്‍ച്ചുഗീസ് കവിയായ ഫെര്‍ണാഡോ പെസ്സോ പറഞ്ഞു എന്‍റെ രാജ്യം പോര്‍ട്ടുഗല്‍ അല്ല പോര്‍ച്ചുഗീസ് ഭാഷയാണെന്ന്. കവിയെ അല്ലെങ്കില്‍ സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം കവിയുടെ രാജ്യം ഭാഷയാണ്. കവിയുടെ മണ്ഡലം കവി വ്യാപരിക്കുന്ന അയാള്‍ വ്യാപരിക്കുന്ന സാഹിത്യ രൂപമാണ്. കവിയുടെ മതവും കവിയുടെ രാജ്യവും കവിത തന്നെയാണ്.  അങ്ങനെ കവിതയെ തന്‍റെ മതവും രാജ്യവും ഒക്കെ ആക്കിയെടുത്തിട്ടുള്ള അതിനു വേണ്ടി തന്നെ മനസ്സുകൊണ്ട് വ്യാപരിക്കുന്ന ഒരാളാണ് ശ്രീനിവാസന്‍. ഇദ്ദേഹത്തിന്‍റെ കവിതകളില്‍ പലതും നമ്മുടെ പരമ്പരാഗത കാവ്യ സങ്കല്‍പ്പങ്ങളോട് അടുത്ത് നില്‍ക്കുന്നവയാണ്. കൃത്യമായിട്ട് അതിന്‍റെ രൂപത്തില്‍ ഉള്ളവയല്ല. വൃത്തം, ശൈലി എല്ലാം അതേപടി പിന്തുടരുന്നവയല്ല. എങ്കിലും ഘടനയില്‍ പൊതുവേ ഒരു പരമ്പരാഗത സ്വഭാവം ഉണ്ട്. അതിനിടയില്‍ വളരെ വ്യത്യസ്ഥമായ ചില ബിംബങ്ങളും കവിതകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിലുള്ള ബിംബങ്ങളുടെ വ്യതിരിക്തമായ സ്വഭാവം കൊണ്ട് ഏറ്റവും പുതിയ കാലത്തെയും അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്. പ്രൊഫൈല്‍’ എന്ന കവിത പുതിയ സാങ്കേതിക വിദ്യ, മൊബൈല്‍ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഒക്കെ സാങ്കേതിക വിദ്യ നന്നായിട്ട് പരിചയമുള്ള ആളുകള്‍ക്ക് മാത്രമേ ഇത് മനസ്സിലാകുകയുള്ളൂ. കാരണം ഇതില്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ ഒക്കെ ആ തരത്തില്‍ ഉള്ളതാണ്. അങ്ങനെ ഏറ്റവും പുതിയ കാലത്തിന്റെ വാക്കുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട് അതിനിടയില്‍ ശ്രീനിവാസന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍ പലതും സാമ്പ്രദായിക രീതിയില്‍ ഉള്ളതാണ്. അതിനൊരുതരം ശാന്തതയും ഒരുതരം പതിഞ്ഞ സ്വഭാവവും ഉണ്ട്. അതിനിടയില്‍ ചില മിന്നലാട്ടങ്ങള്‍ ഉണ്ട്. ഇടയ്ക്ക് ചില വ്യതിയാനങ്ങള്‍ ഉണ്ട്.  പോസ്റ്റ്മോര്‍ട്ടം എന്ന കവിതയില്‍  ഓര്‍മ്മകളുടെ വരവിനെ കുറിച്ചാണ് പറയുന്നത്. ‘വിഷം വെച്ചിട്ടും ചാവാതെ വെള്ളം വെള്ളം എന്നു തൊണ്ട വരണ്ട്  വരുന്നുണ്ട് ഓര്‍മ്മകള്‍’ എന്നാണ് പറയുന്നത്. ഓര്‍മ്മകളുടെ വരവിനെ ആ തരത്തില്‍ നമ്മള്‍ അങ്ങനെ സങ്കല്‍പ്പിക്കാറില്ല. നമുക്ക് തിക്തമായിട്ടുള്ള അസുഖകരമായിട്ടുള്ള ഓര്‍മ്മകള്‍ ഉണ്ടാവും. ആ ഓര്‍മ്മകളുടെ വരവ് അവിചാരിതമായിട്ടായിരിക്കും. രാത്രിയിലാണ് പാതി സ്വപ്നത്തിലും ഉറക്കത്തിലും ഒക്കെയാണ് ഓര്‍മ്മകള്‍ ഏറ്റവും കൂടുതലായിട്ട് വരുന്നത്. ഓര്‍മ്മകളുടെ വരവിനെ വിഷം വെച്ചിട്ടും ചാകാത്ത എലികളെ പോലെ എന്നു നമ്മളൊരിക്കലും സാധാരണ സങ്കല്‍പ്പിക്കാറില്ല. അങ്ങനെ അസാധാരണമായ രീതിയില്‍ സങ്കല്‍പ്പിക്കുന്നത് കൊണ്ടാണ് ഈ ബിംബം തീക്ഷണമായ ബിംബമായി മാറുന്നത്.

നിഴലുകള്‍ തൂങ്ങി മരിച്ച രാത്രിക്ക് കീഴില്‍
എത്ര നേരം കാവലിരിക്കണം
പുലരിയുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു
എനിക്കെന്റെ ജഡം തിരിച്ചു കിട്ടാന്‍

ഈ കവിതയിലെ ഏറ്റവും ഞെട്ടിക്കുന്ന ഇമേജ് ഇതാണ്. എനിക്കെന്‍റെ ജഡം എപ്പോഴാണ് കിട്ടുക എന്ന ഏറ്റവും വിഷമം പിടിച്ച  ചോദ്യം ഏറ്റവും ഇരുണ്ട ചോദ്യം ഒരു കവി ചോദിക്കുന്നത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ചോദ്യം എന്ന നിലയില്‍ അല്ല. അത് മൊത്തം ഒരു സാമൂഹ്യാനുഭവത്തിന്‍റെ പ്രതിഫലനമാണ്. നമ്മുടെ സമൂഹം ഈ തരത്തില്‍ ഉള്ള വലിയ സന്ദിഗ്ദതകളിലൂടെ വലിയ സംഘര്‍ഷങ്ങളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. വലിയ ചില ഇല്ലായ്മകളിലൂടെ നഷ്ടങ്ങളിലൂടെ ദുരനുഭവങ്ങളിലൂടെ ഒക്കെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് എന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കവിതയാണ് പോസ്റ്റ്മോര്‍ട്ടം. ചില ബിംബങ്ങള്‍ ചില വ്യതിയാനങ്ങള്‍ സവിശേഷ സ്വഭാവമുള്ള  ഷാര്‍പ്പായിട്ടുള്ള ചില വ്യതിയാനങ്ങള്‍ ശ്രീനിവാസന്‍റെ കവിതകളില്‍ ഉണ്ട്. ഒരു പക്ഷേ അത്തരം വ്യതിയാനങ്ങളുടെ വഴിയിലൂടെയുള്ള ഒരു മുന്നോട്ട് പോക്കായിരിക്കും ഈ കവിയുടെ ഭാവിയെ നിര്‍ണ്ണയിക്കുന്നത്’.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍