UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരള്‍ പകുത്തു നല്‍കിയ ശ്രീരഞ്ജിനിയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത്

Avatar

സഫിയ ഒ സി

പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ഒരു അംഗന്‍വാടിയില്‍ എത്തിയപ്പോഴാണ് ഉമ്മയുടെ തോളില്‍ അവശയായി കിടക്കുന്ന ആലിയ ഫാത്തിമയുടെ കുഞ്ഞുമുഖം ആശാ വര്‍ക്കറായ ശ്രീരഞ്ജിനിയുടെ ശ്രദ്ധയില്‍പെട്ടത്. ഉമ്മയോട് സംസാരിച്ചപ്പോള്‍ കുഞ്ഞിന് കരള്‍ രോഗമാണെന്ന് മനസിലായി. പിന്നെ ആ കുഞ്ഞു ശരീരത്തിലേക്ക് തന്റെ കരളിന്റെ ഒരു തുണ്ട് തുന്നിച്ചേര്‍ക്കാന്‍ ശ്രീരഞ്ജിനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ആശാവര്‍ക്കറുടെ ജോലിയും തട്ടുകടയിലെ കൂലിപ്പണിയും ഒക്കെയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ശ്രീരഞ്ജിനി ആലിയ ഫാത്തിമയെ കാണുന്നതും കരള്‍ കൊടുക്കാന്‍ തീരുമാനിക്കുന്നതും. യാതൊരു ഉപാധികളോ പ്രതിഫലമോ കൂടാതെയാണ് അവര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ ഒരുദിവസത്തെ വെറും വാര്‍ത്തയായി ചുരുങ്ങിപ്പോകേണ്ട ഒന്നല്ല ശ്രീരഞ്ജിനി എന്ന നാട്ടിന്‍പുറത്തുകാരി വീട്ടമ്മയുടെ ജീവിതം. തന്റെ ജീവിതം മാറ്റിമറച്ച ആ തീരുമാനം എടുത്തതിനെ കുറിച്ച് ശ്രീരഞ്ജിനി പറയുന്നു;

“എത്രയായാലും അമ്മയല്ലേ അവര്‍ക്ക് വിഷമം ഉണ്ടാവുമല്ലോ. അങ്ങനെ ഞാന്‍ അങ്കന്‍വാടി ടീച്ചറോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചു. ടീച്ചറാണ് പറഞ്ഞത് കരള്‍രോഗമാണെന്നും കരള്‍ മാറ്റിവെച്ചാല്‍ കുട്ടിയുടെ ആരോഗ്യം രക്ഷപ്പെടുമെന്നും. മോള്‍ക്ക് പത്തുമാസമായിരുന്നു പ്രായം. ടീച്ചര്‍ പറഞ്ഞു ഡോണറെ അന്വേഷിക്കുന്നുണ്ട്. ഓരോരുത്തര്‍ വരുന്നുണ്ട്, പക്ഷേ ഒന്നും മാച്ചാവുന്നില്ല. കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്കും കരള്‍ കൊടുക്കാന്‍ പറ്റുന്നില്ല. കാരണം പലര്‍ക്കും ഫാറ്റി ലിവറും തൈറോയിഡും ഒക്കെയാണ്. അപ്പോ ഞാന്‍ ടീച്ചറിനോട് പറഞ്ഞു, ഞാന്‍ കൊടുക്കാമെന്ന്‍. ടീച്ചര്‍ പെട്ടെന്ന്‍ എന്തോ ആയിപ്പോയി. കാരണം എന്‍റെ അവസ്ഥ ടീച്ചറിന് നന്നായിട്ടറിയാം. സാമ്പത്തികം ഇല്ല, കിടന്നുപോയാല്‍ ആരും നോക്കാനില്ല. ടീച്ചര്‍ എന്നെ വിലക്കി. ഞാന്‍ പറഞ്ഞു, അത് കുഴപ്പമില്ല ഒരു കുഞ്ഞിന്‍റെ ജീവന്‍ അല്ലേന്ന്. ഒരുപാട് തവണ പറഞ്ഞിട്ടും ഞാന്‍ പിന്‍മാറുന്നില്ല എന്നു മനസ്സിലായപ്പോള്‍ ടീച്ചര്‍ കുട്ടിയുടെ അമ്മൂമ്മയുമായി  സംസാരിച്ചു. അവര് വീട്ടില്‍പ്പോയി മറ്റുള്ളവരോട് സംസാരിച്ചിട്ടു പറയാം എന്നു പറഞ്ഞു. പിന്നീട് അവര് എന്നോടു വീട്ടിലോട്ടൊന്നു ചെല്ലാന്‍ പറഞ്ഞു. സന്തോഷവും സങ്കടവും ഒക്കെയായി എല്ലാരുടെയും കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അതുകണ്ടപ്പോ എനിക്കും സങ്കടം വന്നു. അവരെന്നോട് ചോദിച്ചു, കേട്ടത് സത്യാണോന്ന്‍. സത്യമാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോ അവര് പറഞ്ഞു അത് ഒരിക്കല്‍കൂടി പറയണം ഞങ്ങള്‍ക്ക് നേരിട്ടു കേള്‍ക്കണം എന്ന്‍. അവരത് ഒരുപാട് തവണ എന്നെക്കൊണ്ട് പറയിച്ചു. കാരണം അത്രമേല്‍ അവിശ്വസനീയമായിരുന്നു അത്. വേറൊരാള്‍ പറയുന്നതിനെക്കാള്‍ ഞാന്‍ തന്നെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഉറപ്പുണ്ടല്ലോ. എന്‍റെ അവസ്ഥയൊക്കെ ഞാന്‍ അവരോടു പറഞ്ഞു. ആരും ഇല്ല. പക്ഷേ എനിക്ക് കാശൊന്നും വേണ്ട, കരള്‍ മാച്ച് ആവുമെങ്കില്‍ ഞാന്‍ തരാന്‍ തയ്യാറാണെന്ന് പറഞ്ഞു.

തുടര്‍ന്ന് ഡോക്ടറെ കണ്ടു സംസാരിച്ചു. കുറേ ടെസ്റ്റുകള്‍ ഉണ്ട്. ഭാഗ്യത്തിന് എല്ലാം പോസിറ്റീവായിരുന്നു. ഓരോ ടെസ്റ്റ് കഴിയുമ്പോഴും ഡോക്ടര്‍ ചോദിക്കും പിന്‍മാറുമോ എന്ന്.  ഇല്ല പിന്‍മാറുന്നില്ല മുന്നോട്ട് തന്നെ പോകാന്നു ഞാന്‍ പറയും. ഓപ്പറേഷന്‍റെ തലേദിവസം വരെ എന്നോടു ചോദിച്ചിട്ടുണ്ട് പിന്മാറ്റം ഉണ്ടോന്ന്‍. ഞാന്‍ തീരുമാനിച്ചിറങ്ങിയതാണ്. ഒരുപാട് ബുദ്ധിമുട്ടും കാര്യങ്ങളും ഉണ്ട്, എന്നാലും ഒരു കുഞ്ഞ് ജീവന്‍ അല്ലേ. അത് എത്ര കാലം ജീവിക്കാനുള്ളതാണ്. ഏതൊക്കെ നിലയില്‍ എത്തുമെന്ന് ആര്‍ക്ക് പറയാനാവും.”

അതുവരെയുള്ള ശ്രീരഞ്ജിനിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയായ വിശ്വംഭരന്‍റെയും പ്രേമകുമാരിയുടെയും മൂന്നു മക്കളില്‍ മൂത്തയാളാണ് ശ്രീരഞ്ജിനി. അച്ഛന് ബാങ്കില്‍ ജോലിയുണ്ടായിരുന്നെങ്കിലും മദ്യപാനം കാരണം കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തിലൂടെയാണ് ശ്രീരഞ്ജിനിയും സഹോദരങ്ങളും കടന്നുപോയത്. പലപ്പോഴും അമ്മ ഓല മെടയാനൊക്കെ പോയിട്ടാണ് കുടുംബം നോക്കിയിരുന്നത്. 

“അച്ഛന് ഐ ഒ ബി യിലായിലായിരുന്നു ജോലി. ആദ്യം കാഷ്യര്‍ ആയിരുന്നു. പിന്നെ അസിസ്റ്റന്‍റ്  മാനേജരായി. അവിടുന്നു വി ആര്‍ എസ് എടുത്തു. മദ്യപാനം തന്നെയായിരുന്നു പ്രശ്നം. ഇപ്പോ കിട്ടുന്ന പെന്‍ഷന്‍ പോലും അച്ഛന്  മദ്യപിക്കാനേ തികയൂ. എന്നോട് കഴിഞ്ഞ ദിവസം 1000 രൂപ അച്ഛന്‍ കടം ചോദിച്ചു. പെന്‍ഷന്‍ കിട്ടിയാല്‍ തിരിച്ചു തരാം എന്നു പറഞ്ഞു. പോകുമ്പോ നൂറോ ഇരുനൂറോ കയ്യില്‍ ഉണ്ടെങ്കില്‍ ഞാന്‍ അച്ഛന് കൊടുക്കാറുണ്ട്. മൂത്ത അനിയന്‍ ലോട്ടറി കച്ചവടം ചെയ്യുന്നു. ഇളയ ആള് ഇപ്പോ എവിടേയും പോകുന്നില്ല. നാടന്‍ പാട്ടിനൊക്കെ പോകാറുണ്ടായിരുന്നു. പ്രീഡിഗ്രി വരയേ ഞാന്‍ പഠിച്ചിട്ടുള്ളൂ. സംസ്കൃത കോളേജിലായിരുന്നു. തോറ്റുപോയി. പിന്നെ തയ്യല്‍ പഠിച്ചു, കമ്പ്യൂട്ടര്‍ പഠിച്ചു. തൃശൂരില്‍ ഖാദിബോര്‍ഡിന്‍റെ ഫൈബര്‍ സൂപ്പര്‍വൈസറി കോഴ്സ് പഠിച്ചു. അതിനു സെക്കന്‍റ്  ക്ലാസ്സ് ഉണ്ടായിരുന്നു.”

കഴിഞ്ഞ പതിനാലു വര്‍ഷമായി ശ്രീരഞ്ജിനിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ട്. ആറ് വര്‍ഷം മുന്‍പ് മൂത്ത അനിയന് ട്രെയിന്‍ തട്ടി വലതു കൈ നഷ്ടപ്പെട്ടു. രണ്ടാമത്തെ അനിയന് രണ്ടു വര്‍ഷം മുന്‍പ് ട്രെയിന്‍ ഇടിച്ച് ഒരു കൈയും കാലും നഷ്ടമായി. അച്ഛന്‍റെ മദ്യപാനത്തിന് ഇപ്പോഴും കുറവൊന്നും ഇല്ല. ഇതിനിടയില്‍ ബന്ധത്തിലുള്ള ഒരാളെ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ ശ്രീരഞ്ജിനി വീട്ടില്‍ നിന്നിറങ്ങിപ്പോയി.

കല്യാണം കഴിഞ്ഞിട്ട് 14 വര്‍ഷമായി. പുള്ളിയുടെ വീട്ടുകാര്‍ ആദ്യമൊന്നും അടുപ്പിച്ചില്ല. അവര്‍ക്കു മൂന്നു പെണ്‍മക്കളായിരുന്നു, അതിന്‍റെ പ്രശ്നവും ഉണ്ടായിരുന്നു. എന്‍റെ വീട്ടില്‍ നിന്ന്‍ പെന്‍ഷന്‍ കിട്ടുമ്പോള്‍ അച്ഛന്‍ എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ട് തരുമായിരുന്നു. ആദ്യം ഭര്‍ത്താവിന് ചെറുതായിട്ടൊക്കെയേ മദ്യപാനം ഉണ്ടായിരുന്നുള്ളു. പിന്നീടാണ് സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയത്. ഇടയ്ക്കു വെച്ചു ഞാന്‍ കുറെ പറഞ്ഞപ്പോള്‍ മദ്യപാനം നിര്‍ത്തിയിരുന്നു. പിന്നെ വീണ്ടും തുടങ്ങി. അവസാനം ആയപ്പോള്‍ കഞ്ചാവും തുടങ്ങി. എട്ടു വര്‍ഷം ഞാന്‍ നോക്കിയതാ. അതിനിടയില്‍ ഒരു പതിനഞ്ചു തവണ ഒത്തുതീര്‍പ്പ് ചെയ്തിട്ടുണ്ട്. ഭയങ്കര ഉപദ്രവമായിരുന്നു. എനിക്കു തീരെ സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ വനിതാ സെല്ലില്‍ കേസ് കൊടുത്തു. പാവപ്പെട്ടവര്‍ക്ക് നിയമം പോലും അനുകൂലമല്ല. ഞാനത് ശരിക്കും അവിടെ കാണുകയായിരുന്നു. കുട്ടികളോട് ആദ്യമൊന്നും അയാള്‍ വല്യ സ്നേഹം ഒന്നും കാണിക്കില്ലായിരുന്നു. അതുവരെ ഒന്നും വാങ്ങിക്കൊടുക്കാത്ത ആള് ഞാന്‍ പരാതി കൊടുത്തപ്പോള്‍ കുട്ടികള്‍ക്ക് ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൊടുത്തു. അങ്ങനെ അവരെ കൂടെ നിര്‍ത്തി. ഒടുവില്‍ അയാള്‍ ഡിവോഴ്സ് നോട്ടീസ് കൊടുത്തു. ഒത്തുതീര്‍പ്പിന് വക്കീല്‍ വിളിച്ചു. എനിക്കു അയാളെ വേണ്ടാന്നും കുഞ്ഞുങ്ങളെ വിട്ടുതരണം എന്നും ഞാന്‍ പറഞ്ഞു. മക്കളെ വിട്ടുകൊടുത്താല്‍ ചിലവിന് കൊടുക്കണ്ടേ, അതുകൊണ്ട് അത് പറ്റില്ലെന്ന് പുള്ളി പറഞ്ഞു. മക്കള്‍ക്ക് എപ്പോഴാണ് വരാന്‍ തോന്നുന്നത് അപ്പോള്‍ വരട്ടെയെന്ന് ഞാനും പറഞ്ഞു.

അച്ഛന്‍ മദ്യപിച്ചു ബഹളം വെച്ചപ്പോള്‍ തലയ്ക്ക് പരിക്കുപറ്റി വല്യമ്മയുടെ വീട്ടിലായിരുന്നു കുറച്ചുനാള്‍ ശ്രീരഞ്ജിനി താമസിച്ചിരുന്നത്. അപ്പോഴാണ് ഇങ്ങനെയൊരു വലിയ തീരുമാനം അവരെടുക്കുന്നത്. 

“പേപ്പര്‍ വര്‍ക്കും കാര്യങ്ങളും വന്നപ്പോഴാണ് ഞാന്‍ വീട്ടില്‍ പറയുന്നത്. അച്ഛനോടും ഇളയ അനിയനോടും സംസാരിച്ചു. മൂത്ത അനിയനോട് പറഞ്ഞില്ല. അവനും ഞാനും തമ്മില്‍ അത്ര രസത്തില്‍ അല്ലായിരുന്നു. നമ്മളെന്തെങ്കിലും പറഞ്ഞാല്‍ അവനത് നല്ല രീതിയില്‍ എടുക്കത്തില്ല. ഇളയവന്‍ അങ്ങനെയല്ല. ഞാന്‍ എന്തുപറഞ്ഞാലും അവന് മനസ്സിലാവും. ഞാന്‍ അവനോടു പറഞ്ഞു, ഒരു കുഞ്ഞുവാവയ്ക്ക് കരള്‍ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്. ഒരു നല്ല കാര്യമല്ലേ എന്ന് അവന്‍ പറഞ്ഞു. അച്ഛനത് സീരിയസായി എടുത്തില്ല. ഞാന്‍ നിസ്സാരം പോലെ പറഞ്ഞതുകൊണ്ട് അച്ഛന്‍ വിചാരിച്ചു, ഞാന്‍ കളി പറഞ്ഞതാണെന്ന്. കമ്മീഷന്‍ ഓഫീസില്‍ പോയിട്ട് രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ടു കൊടുക്കണമായിരുന്നു. അച്ഛനെയും അനിയനെയും വിളിപ്പിച്ചു. അച്ഛന്‍ കാര്യം ഗൌരവം ഉള്ളതാണെന്ന് മനസ്സിലാക്കുന്നത് അപ്പോഴാണ്. ആദ്യം അച്ഛന്‍ ഭയങ്കര കരച്ചിലായിരുന്നു. മോള് കരള്‍ കൊടുക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് പ്രശ്നം ഉണ്ടോന്ന്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്ന്‍ അച്ഛനോട് ചോദിച്ചു. ഒരു കുഴപ്പവും ഇല്ലെന്ന് അച്ഛന്‍ പറഞ്ഞു. പിന്നെ അച്ഛന്‍ എന്നോട് പറഞ്ഞു, നീ മരിച്ചുപോയാലും ഞങ്ങള്‍ക്ക് പ്രയാസം ഇല്ല. കാരണം നീ നല്ലൊരു കാര്യം ചെയ്തിട്ടല്ലേ മരിക്കുന്നതു എന്ന്.”

അനിയന്‍റെ കൂടെ മാസങ്ങളോളം ആശുപത്രിയില്‍ നിന്നപ്പോള്‍ കിഡ്നി രോഗികളുടെയും മറ്റും കഷ്ടപ്പാടുകള്‍ ഒരുപാട് കണ്ടിട്ടുണ്ട് ശ്രീരഞ്ജിനി. കാശു വാങ്ങിച്ചിട്ട് കിഡ്നി നല്‍കാതെ പറ്റിച്ചിട്ടു പോകുന്നതും ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരും ഡോണറെ കിട്ടാതെ മരണത്തിന് കീഴടങ്ങിയവരുമുണ്ട്. മദ്യപാനം കൊണ്ട് കരള്‍രോഗം ബാധിച്ചവരും ജന്മനാ കരള്‍രോഗം ബാധിച്ച കുഞ്ഞുങ്ങളും ഒക്കെ അടങ്ങുന്ന പലരുടേയും വേദനകളും സങ്കടങ്ങളും കണ്ടു വിഷമം തോന്നിയിട്ടാണ് അവയവദാനം പ്രോത്സാഹിപ്പിക്കുന്ന മൃതസഞ്ജീവനി എന്ന സംഘടനായില്‍ ശ്രീരഞ്ജിനി പേര് രജിസ്റ്റര്‍ ചെയ്യുന്നത്.  

“ചില സമയത്ത്  ഡയാലിസിസ് റൂമിന്‍റെ അടുത്തു പോയിരിക്കും. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുന്നത്. വയസ്സായ ഒരു സ്ത്രീ അവരുടെ മോന് കിഡ്നി കൊടുക്കാനായിട്ടു വന്നത് കണ്ടു. അത് കണ്ടപ്പോ എനിക്കു വല്ലാത്ത സങ്കടം തോന്നി. ഒന്നാമത് അത്രയും പ്രായം ചെന്ന ഒരമ്മ. ഓപ്പറേഷന്‍ ചെയ്താല്‍ അവരുടെ ജീവന്‍ തന്നെ കിട്ടുമോ എന്നറിയില്ല. വേറാരും കൊടുക്കാനില്ലാഞ്ഞിട്ട് മോന്‍റെ ജീവന് വേണ്ടിയിട്ട് അവര് ഇറങ്ങിയതാണ്. അപ്പോള്‍ തന്നെ ഞാന്‍ അവയവദാനത്തിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവം കൊടുക്കണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. നമ്മള്‍ കാരണം ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുക എന്നത് വലിയ കാര്യമല്ലേ.”

എട്ട് വര്‍ഷമായി ശ്രീരഞ്ജിനി ആശാവര്‍ക്കറായിട്ടു ജോലിചെയ്യുന്നു. നേഴ്സാകണം എന്നായിരുന്നു ശ്രീരഞ്ജിനിയുടെ ചെറുപ്പം മുതലെയുള്ള ആഗ്രഹം. 

“ആശാ വര്‍ക്കര്‍ എന്നുകേട്ടപ്പോ എനിക്കു പോണം എന്നു തോന്നി. ഭര്‍ത്താവ്  സമ്മതം തന്നു. ഒരാഴ്ചത്തെ ട്രെയിനിംഗ് ഉണ്ടായിരുന്നു. മാസം 1500 രൂപയാണ് കിട്ടുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പോഷകാഹാരം, ഇഞ്ചെക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കുക, വയോജനങ്ങളുടെ ക്യാമ്പുകളും മറ്റും കൃത്യമായി ഇന്‍ഫോം ചെയ്യുക, കിടപ്പുരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുക, പാലിയേറ്റുമായി അവരെ ബന്ധപ്പെടുത്തുക, രജിസ്റ്റര്‍ ചെയ്യാനും മറ്റും സഹായിക്കുക ഇതൊക്കെയാണ് ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍.”

കരള്‍ ദാനം ചെയ്യാനുള്ള ശ്രീരഞ്ജിനിയുടെ തീരുമാനം അച്ഛനും ഇളയ അനുജനും അംഗീകരിച്ചെങ്കിലും മൂത്ത അനിയനും മറ്റ് ബന്ധുക്കളും ശക്തമായി എതിര്‍ത്തു. വല്യമ്മയുടെ വീട്ടില്‍ ഇനി താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ ഇറക്കിവിട്ടു. അനിയന്‍ ഭര്‍ത്താവിനെയും കൂട്ടി ആ കുഞ്ഞിന്റെ വീട്ടില്‍ പോയി പ്രശ്നങ്ങള്‍ ഉണ്ടാക്കി.

“വല്യമ്മയുടെ മോള് കുറെ അനാവശ്യങ്ങളൊക്കെ എന്നോടു പറഞ്ഞു. ഇതിനേക്കാള്‍ ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണെന്നും കുട്ടിക്ക് കരള്‍ കൊടുക്കുകയാണെങ്കില്‍ കുട്ടിയുടെ വാപ്പയുടെ കൂടെ ജീവിക്കേണ്ടിവരും എന്നൊക്കെ അവര് പറഞ്ഞു. എനിക്കത് കേട്ടപ്പോള്‍ ഭയങ്കര സങ്കടം വന്നു. ഒരു കുഞ്ഞിന്‍റെ ജീവന് വേണ്ടിയിട്ടല്ലേ ഞാന്‍ ഇത് ചെയ്യുന്നത്. പിന്നെ അവര് എന്‍റെ ഭര്‍ത്താവിനെ ഇളക്കിവിട്ടു. ഭര്‍ത്താവിന്‍റെ സമ്മതപത്രം വേണമായിരുന്നു. കുട്ടിയുടെ വാപ്പയോട് ഞാന്‍ പറഞ്ഞു, സമ്മതപത്രം കൊണ്ടുപോയാല്‍ ഉടനെ ഒപ്പിട്ടു വാങ്ങണം. പിന്നെ തരാമെന്ന് പറഞ്ഞാല്‍ സമ്മതിക്കരുത്. വായിക്കാനൊന്നും സമ്മതിക്കരുത് എന്നൊക്കെ. ഇത് തല്‍ക്കാലം നമ്മള്‍ കുറച്ചുപേര്‍ അറിഞ്ഞാല്‍ മതി, എല്ലാം ശരിയായിട്ട് മറ്റുള്ളവരെ അറിയിച്ചാല്‍ മതി എന്നൊക്കെ ഞാന്‍ അവരോടു പറഞ്ഞിരുന്നു. അനിയനൊക്കെ പറഞ്ഞിട്ട് ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു കൊടുത്തില്ല. പിന്നെ എന്‍റെ മൂത്ത അനിയനും ഭര്‍ത്താവും കൂട്ടുകാരും ഒക്കെ കുഞ്ഞിന്‍റെ വീട്ടില്‍ പോയി പ്രശ്നം ഉണ്ടാക്കി. ഓപ്പറേഷനില്‍ ഞാന്‍ മരിച്ചുപോകുകയാണെങ്കില്‍ അവരുടെ കബറില്‍ അടക്കം ചെയ്യണം എന്നൊക്കെ പറഞ്ഞു. എന്‍റെ സഹോദരന്‍ തന്നെയാണ് അങ്ങനെ പറഞ്ഞത്. നീ മരിച്ചാല്‍ നിന്നെ ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യില്ല, അവരുടെ കബറിലെ അടക്കൂ എന്നും അനിയന്‍ എന്നോടു പറഞ്ഞു. ഭര്‍ത്താവ് പിന്നെ സമ്മതപത്രത്തില്‍ ഒപ്പിട്ടു തന്നില്ല. ഇയാള്‍ സമ്മതിക്കാതിരുന്നപ്പോള്‍  എനിക്കു കരള്‍ കൊടുക്കാന്‍ താത്പര്യം ഉണ്ട് പക്ഷേ ഭര്‍ത്താവ് സമ്മതിക്കുന്നില്ല എന്നുപറഞ്ഞുകൊണ്ട് ഞാനും ഇളയ അനിയനും ഒപ്പിട്ട് ഹൈക്കോടതിയില്‍ ഒരു പരാതി കൊടുത്തിരുന്നു. അപ്പോള്‍ ഭാര്യക്ക് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന് ഭാര്യയുടെയോ സമ്മതപത്രം ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടു ഹൈക്കോടതിയില്‍ നിന്നു ഉത്തരവിറങ്ങി.

എന്‍റെ ഇളയ അനിയന്റെ ഒരുപാട് കൂട്ടുകാരുണ്ട്, അവരാണ് ആക്സിഡന്‍റായപ്പോ എന്‍റെ അനിയനെ സഹായിച്ചത്. ഒന്നരവര്‍ഷത്തോളം ചികിത്സ ഉണ്ടായിരുന്നു. അവന്‍റെ സുഹൃത്തുക്കള്‍ മൂന്നര ലക്ഷത്തോളം രൂപ പിരിച്ച് ചികിത്സയ്ക്ക് സഹായിച്ചിരുന്നു. അതുകൊണ്ട് അവര് എന്തായാലും എന്നോടൊപ്പം ഉണ്ടാവുമെന്നെനിക്ക് അറിയാമായിരുന്നു. നാട്ടിലാരെങ്കിലും എനിക്കു വേണ്ടി കാണുമല്ലോ. വല്യമ്മയുടെ മോള് പറഞ്ഞു, നീ ഇത് ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. നിന്‍റെ കയ്യും കാലും അടിച്ചൊടിച്ച് ഇവിടെ ഇടുമെന്ന്. ഞാന്‍ പറഞ്ഞു കയ്യും കാലും അടിച്ചൊടിച്ചു വീട്ടില്‍ ഇട്ടാലും ഞാന്‍ കൊടുക്കും. കയ്യും കാലുമല്ലേ ഒടിയുന്നുള്ളൂ അല്ലാതെ ശരീരത്തിന് ഒന്നും പറ്റില്ലല്ലോ. അപ്പോ ആളുകളെ വിളിച്ചു കൂട്ടിയിട്ട് നിന്നെ തല്ലിക്കൊല്ലും എന്നായി അവര്‍. അപ്പോ കേസ് തേഞ്ഞ് മാഞ്ഞു പോകുമല്ലോ. ഞാന്‍ ചത്തുപോയാലും ഞാന്‍ കൊടുക്കും. ഞാന്‍ ചത്തു പോകുകയാണെങ്കില്‍ ഒരവയവം എന്നുള്ളത് ഒമ്പതുപേര്‍ക്കായി അങ്ങു പോകും. അങ്ങനെ ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. എന്തു വന്നാലും ഞാന്‍ കൊടുക്കും. ഞാനത് തീരുമാനിച്ചു കഴിഞ്ഞു എന്നും ഞാന്‍ അവരോടു പറഞ്ഞു. ഒരു കുഞ്ഞ് ജീവന്‍ അല്ലേ. അതിനു ഇത്രയും കടുംപിടുത്തം പിടിക്കേണ്ട കാര്യം ഇല്ലല്ലോ. ഞാനല്ലേ കൊടുക്കുന്നെ. അതിനു ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ. ഒടുവില്‍ അവരുടെ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല എന്നു പറഞ്ഞു. എനിക്കാണെങ്കില്‍ സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ല. എന്തായാലും ഈ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ എന്നെ നോക്കാന്‍ ആരും ഉണ്ടാവില്ല. വാടകയ്ക്ക് കിടന്നാല്‍ വെള്ളമെങ്കിലും കുടിച്ചു സമാധാനത്തില്‍ കിടക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് വീട് വാടകയ്ക്ക് എടുത്തത്.

നാട്ടുകാര്‍ക്ക് വല്യമ്മയുടെ മോള് തന്നെ പബ്ലിസിറ്റി കൊടുത്തു. പത്തു ലക്ഷം രൂപ വാങ്ങിച്ചാണ് ഞാന്‍ കരള്‍ കൊടുത്തത് എന്നും എനിക്കു കടവെച്ചു തന്നു, വീട് വാങ്ങിച്ചു തന്നു, സ്ഥലം വാങ്ങിത്തന്നു എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ അവര്‍ പറഞ്ഞു പരത്തി. ഞാനിതൊക്കെ ചെയ്യുന്നത് അഹങ്കാരം കൊണ്ടാണെന്ന് പറഞ്ഞവരും ഉണ്ട്. നല്ല അടി കിട്ടാഞ്ഞിട്ടാണ്, അമ്മയെ പോലെ മെന്‍റലായിട്ടാണ് അങ്ങനെയൊക്കെ പറഞ്ഞവരുണ്ട്. മക്കളെ കാണാതിരിക്കുന്നത് കൊണ്ട് എല്ലാരും ഓരോന്ന് പറയും. പക്ഷേ അങ്ങനെയൊന്നും അല്ല, എന്‍റെ മക്കളെ പിരിഞ്ഞു നില്‍ക്കുമ്പോള്‍ എനിക്കു വിഷമം ഉണ്ടല്ലോ, അതെനിക്ക് മാത്രേ മനസ്സിലാവൂ. 

ഓപ്പറേഷന് മുന്‍പ് ഡോക്ടര്‍ എന്നോടു ഓപ്പറേഷന്‍ കഴിഞ്ഞാല്‍ വരാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ എനിക്കു എന്തു പറ്റും എന്ന ചിന്തയൊന്നും ഇല്ലായിരുന്നു. മരിക്കുന്നതിനെക്കുറിച്ച് എനിക്കു ഭയമില്ലായിരുന്നു. പ്രാര്‍ഥിച്ചത് ഞാന്‍ ജീവിച്ചിരിക്കണം എന്നാണ്. കാരണം ഞാന്‍ മരിച്ചുപോയാല്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇവര്‍ സമാധാനം കൊടുക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ ദൈവത്തോട് നന്നായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ഈ കുഞ്ഞിനും എനിക്കും ഒരാപത്തും വരല്ലേന്ന്. ഞാനിത്രയും അപവാദം കേട്ടിട്ട് കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കത് താങ്ങാന്‍ പറ്റില്ല. ഇപ്പോഴും എന്നെ കാണുമ്പോള്‍ ഡോക്ടറുടെ കണ്ണ് നിറയും. അന്ന് നീ പറഞ്ഞ വാചകം എപ്പോഴും ഓര്‍ക്കാറുണ്ടെന്ന് പറയും. 


ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എങ്ങനെയാണ് ധൈര്യം കിട്ടിയത് എന്നൊന്നും ശരിക്കും പറഞ്ഞാല്‍ എനിക്കറിയില്ല. അവളെ അന്നുകണ്ടപ്പോള്‍ അത്രയ്ക്ക് അവശതയായിരുന്നു. കണ്ണും മുഖവുമൊക്കെ നല്ല മഞ്ഞക്കളര്‍, സാധാരണ ഏത് കുട്ടികളെ കണ്ടാലും ഞാന്‍ കയ്യില്‍ പിടിക്കും. പിടിക്കുമ്പോള്‍ പെട്ടെന്നു മനസ്സിലാകും ആരോഗ്യം ഉള്ള കുട്ടികളെയും ഇല്ലാത്ത കുട്ടികളെയും. അപ്പോ ഞാന്‍ അമ്മമാരോട് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട ആഹാരത്തെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കും. ആലിയയുടെ കയ്യില്‍ പിടിച്ചപ്പോള്‍ ഒട്ടും ആരോഗ്യം ഇല്ല. എപ്പോഴും വെള്ളക്കളറില്‍ മോഷന്‍ പോകും. അപ്പോഴാണ് അവര്‍ പറഞ്ഞത്, ആഹാരം കഴിക്കാന്‍ പോലും കുഞ്ഞിനു കഴിയില്ലെന്ന്. അതിനു ശേഷം എല്ലാദിവസവും ഞാന്‍ കുഞ്ഞിനെ കാണാന്‍ പോകും. എന്ത് ആഹാരം കൊടുത്താലും അപ്പോള്‍ തന്നെ മോഷന്‍ പോകും. ആഹാരം വയറ്റില്‍ തങ്ങാതെ ആ കൊച്ച് എങ്ങിനെ ജീവിച്ചിരുന്നു എന്നുപോലും എനിക്കറിയില്ല. മുലപ്പാല്‍ കൊടുത്താല്‍ പോലും വയറ്റില്‍ നിന്നു പോകും. അനിയന്‍റെ  പ്രശ്നം വന്നപ്പോള്‍ ഒരുപാട് പേര് സഹായിച്ചു. അതുപോലെ എനിക്കും ആരെയെങ്കിലും സഹായിക്കണം എന്നു തോന്നി.

മൂത്ത അനിയന്‍ മദ്യപിച്ചിട്ട് പാളത്തിന്‍റെ അടുത്ത് കിടന്നുറങ്ങിയതായിരുന്നു. കൈ പാലത്തിലായിപ്പോയി, അങ്ങനെ പറ്റിയതാ. ഇളയവന്‍ പണിയും കഴിഞ്ഞു വരുമ്പോ മഴകാരണം ട്രെയിന്‍ വരുന്നത് കേള്‍ക്കാതെ പറ്റിയതാണ്. ഒമ്പതരക്കാണ് വണ്ടി ഇടിച്ചത്. പതിനൊന്നര കഴിഞ്ഞു ഞങ്ങള്‍ അറിയുമ്പോള്‍. ആറുമാസം തുടര്‍ച്ചയായി ആശുപത്രിയില്‍ കിടന്നു. പിന്നെ ഇടയ്കിടെ പോകണം. ഞാന്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. കാലിലെ മുറിവില്‍ ഡ്രെസ് ചെയ്യുന്നത് കാണുമ്പോള്‍ എനിക്കു തലകറങ്ങും. പലപ്പോഴും ആശുപത്രിയില്‍ ഉള്ള പലരും സഹായിച്ചിട്ടുണ്ട്. എന്തു ആവശ്യപ്പെട്ടാലും അനിയന്‍റെ കൂട്ടുകാര്‍ ഓ‌ടി‌ വരുമായിരുന്നു. ബാത്ത് റൂമിലൊക്കെ കൊണ്ടുപോകുന്നത് അവരായിരുന്നു. സ്വന്തം സഹോദരങ്ങള്‍ പോലും അങ്ങനെ ചെയ്യില്ല. ഏത് പാതിരാത്രിയാണെങ്കിലും അവര് വരും. ആ ഒരു സഹായം, അത് ജാതിയും മതവും നോക്കിയിട്ടല്ലല്ലോ. അതാണ് എന്റെ ഏറ്റവും വലിയ  പോസറ്റീവ് എനര്‍ജി എന്നുപറയുന്നത്.  അവര് തന്ന ആ സഹായം എനിക്കു മറ്റുള്ളവര്‍ക്ക് കൊടുക്കണം എന്നുതോന്നി.

അനിയന്‍ ഹോസ്പിറ്റലില്‍ ഉള്ളപ്പോള്‍ പത്രത്തില്‍ കണ്ടിട്ട് കിഡ്നി കൊടുക്കാന്‍ ഞാന്‍ ചിലരെ വിളിച്ചിരുന്നു. ഭര്‍ത്താവിന്‍റെ സമ്മതപത്രം വേണം എന്നു പറഞ്ഞതുകൊണ്ട് അത് നടന്നില്ല.  എന്തായാലും മരിക്കുന്നതിന് മുന്‍പ് കൊടുക്കണം എന്നെനിക്ക് ആഗ്രഹമായിരുന്നു. കാരണം നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കുന്നതിന് ഒരു പ്രത്യേകതയില്ലേ. മരിച്ചിട്ട് കൊടുക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ലല്ലോ. മനുഷ്യര്‍ക്കിടയില്‍ ഒരു മതത്തിന്റെയും വേര്‍തിരിവ് ആവശ്യമില്ല. നമ്മളിപ്പോള്‍ ഒരിടത്ത് വീണുപോയാലും നമ്മളെ താങ്ങിയെടുക്കുന്നത് ആരാണെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അവിടെ ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം അങ്ങനെയൊന്നും ഇല്ല. പെട്ടെന്നു ആരാ കാണുന്നത് അവര് താങ്ങി എടുക്കുന്നു. മനുഷ്യത്വം ഉള്ളവര്‍ താങ്ങിയെടുത്ത് ഒരുതുള്ളി വെള്ളം കൊടുക്കും. അല്ലാത്തവര്‍ തിരിഞ്ഞു നോക്കാതെയങ്ങുപോകും. രക്തം കൊടുക്കാന്‍ പോലും ആളുകള്‍ക്ക് മടിയായിരുന്നു പണ്ടൊക്കെ. ഇപ്പോ ജാതിമത ചിന്തകളും വേര്‍തിരിവുകളും വളര്‍ന്നുവരുന്ന കുട്ടികളില്‍ പോലും കാണുന്നുണ്ട്. അത് അവരെ അങ്ങനെ വളര്‍ത്തുന്നത് കൊണ്ടാണ്. പക്ഷേ എന്‍റെ അച്ഛന്‍ എന്നെ പഠിപ്പിച്ചത് ആരോടും വേര്‍തിരിവ് കാണിക്കരുത്, നമ്മള്‍ മനുഷ്യരാണ് എന്നാണ്. നമ്മള്‍ കൊച്ചിലെ കേള്‍ക്കുന്നത് അതാണ്. അതുകൊണ്ട് അങ്ങനെയോരു ചിന്താഗതിയാണ് എനിക്കും. കുട്ടിക്കാലത്ത് കേള്‍ക്കുന്നതാണ് മനസ്സില്‍ ഉറയ്ക്കുന്നത്. 

കരള്‍ തരാം, ഇത്തിരി കനിവു കാട്ടരുതോ? ആലിയ ഫാത്തിമയുടെ ജീവിതം നമ്മോട് പറയുന്നത്

സത്യം പറഞ്ഞാല്‍ ഈ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് മൂന്നു ദിവസം ഈ വീട്ടിനകത്ത് ഒരുവക കഴിക്കാനില്ലാതെ പട്ടിണി കിടന്നിട്ടുണ്ട് ഞാന്‍. മൂന്നാംദിവസം ജന്മഭൂമി പത്രത്തിലെ ശിവകൈലാസ് ആണ് വിളിച്ചത്. എന്താണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്നു ചോദിച്ചു. എങ്ങനെയാ ചിലവൊക്കെ പോകുന്നേ എന്നുചോദിച്ചു. ഇപ്പോ കാശൊന്നും കയ്യിലില്ലാന്ന് ഞാന്‍ പറഞ്ഞു. പട്ടിണിയാണെന്നൊന്നും ഞാന്‍ പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവര് വന്നു. പിന്നെ ഒരു ഏജന്‍സി വഴി 1000 രൂപ തന്നു. വേറൊരാള് 500 രൂപയും തന്നു. പിന്നെ അടുത്തുള്ള കടയില്‍ നിന്നു പത്തുകിലോ അരി വാങ്ങിത്തന്നു. പിന്നെ എല്ലാ മാസവും 1000 രൂപ ബാങ്കില്‍ ഇടാമെന്നു പറഞ്ഞു. ഒരുദിവസം ഒരു കവര്‍ പാലും മാസം ആയിരം രൂപയും മുടങ്ങാതെ തരുന്നുണ്ട്. അങ്ങനെ ആ ചേട്ടന്‍ പലരോടും പറഞ്ഞിട്ട് കുറെ സഹായങ്ങള്‍ ചെയ്തു തന്നു. വാര്‍ത്തകളില്‍ കണ്ടിട്ടും കുറച്ചു പേര്‍ സഹായിച്ചു.  

കിംസും കേരള ഗവണ്‍മെന്‍റും ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. ഇരുപതു ലക്ഷം രൂപയാണ് മൊത്തം ചിലവ്. പത്തു ലക്ഷം ഗവണ്‍മെന്‍റ് കൊടുക്കുന്നുണ്ട്. ഒരാഴ്ച ഐസിയുവില്‍ കിടന്നു. പിന്നെ 15 ദിവസം ആശുപത്രിയില്‍ കിടന്നു. ഡിസ്ചാര്‍ജ് ആയിട്ട് ആദ്യം വേറൊരു വീട്ടിലാണ് നിന്നത്. ബാത്റൂമിലൊക്കെ പോകാന്‍ ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും വീഴാന്‍ പോയിട്ടുണ്ട്. അപ്പോ എനിക്കു പേടിയാകും വല്ലതും വന്നുപോയാലോ. ആളുകള്‍ ആ കുട്ടിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തില്ലേ. അതിനിടയില്‍ മണക്കാടുള്ള ചില മുസ്ലീം സംഘടനകള്‍ വന്നു. ഞാന്‍ തറയില്‍ കിടക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര പ്രയാസമായി. കട്ടില്‍, മെത്ത, ചെയര്‍ വീട്ടുസാധനങ്ങള്‍ ഒക്കെ വാങ്ങിത്തന്നത് അവരാണ്. അവര് ഒരു പതിനായിരം രൂപയും എനിക്കു തന്നിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ മൂന്നുമാസത്തെ വാടക കൊടുക്കാനായിട്ട് 9000 രൂപ തന്നിരുന്നു. പിന്നെ എല്ലാം സഹായിച്ചത് അന്യ ആള്‍ക്കാരാണ്. ഇപ്പോള്‍ അവരൊക്കെ എന്‍റെ ബന്ധുക്കള്‍ തന്നെയാണ്. കാരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‍ രണ്ടുപേര്‍ എനിക്ക് ആയിരം രൂപ വെച്ചു കാഷ് അയച്ചുതന്നായിരുന്നു. ഒരു ഉണ്ണികൃഷ്ണനും ഒരു സുകുമാരനും, രണ്ടു പേരും പട്ടാമ്പിക്കാരാണ്. സുകുമാരന്‍ ഇപ്പോ രണ്ടാമതും എനിക്കു ആയിരം രൂപ അയച്ചുതന്നു. വാര്‍ത്ത കണ്ടിട്ടാണ് അവര് കാഷയച്ചുതന്നത്. അവരെന്നെ വിളിക്കാറുണ്ട്.

ഇടയ്ക്ക് കുട്ടിയുടെ ഉമ്മ വിളിക്കും. ഓണത്തിന് വിളിച്ചിരുന്നു. ഞാന്‍ അങ്ങോട്ടു വിളിക്കാറില്ല. കാരണം അടുപ്പിച്ചു വിളിച്ചാല്‍ ശല്യം ചെയ്യുന്നതായിട്ട് അവര്‍ക്കു തോന്നിയാലോ. വിളിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. എന്നെ ഇങ്ങോട്ട് വന്ന്‍ ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ രണ്ടുതവണയും കുഞ്ഞിനെ വീട്ടില്‍പ്പോയി കണ്ടതാണ്. ആലിയ ഇപ്പൊ നല്ല ഉഷാറായിട്ടുണ്ട്. മരുന്നിന്റെ ഒക്കെയായിരിക്കും, ഇത്തിരി കവിളൊക്കെ ചാടിയിട്ടുണ്ട്. അത് ശരിയാകുമായിരിക്കും. അവളെ കാണുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. ആദ്യം കണ്ട അവസ്ഥയില്‍ നിന്ന്‍ ഒരുപാട് വ്യത്യാസം വന്നു. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നത് അവള്‍ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നാണ്. ഞാന്‍ പോയപ്പോ വീട്ടുകാര്‍ക്ക് വല്യ കുഴപ്പമില്ല. പക്ഷേ പഴയതുപോലുള്ള അടുപ്പമില്ല. അതെനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. അവരുടെ മെന്‍റാലിറ്റി വേറെയാണ്, അതെനിക്ക് നേരത്തെ മനസ്സിലായിട്ടുണ്ട്. പിന്നെ ഞാന്‍ അവരെക്കുറിച്ചല്ല ചിന്തിച്ചത്. ആ കുഞ്ഞിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ആശുപത്രിയില്‍ നിന്നു  വന്നപ്പോഴൊന്നും ആലിയയുടെ വീട്ടുകാര്‍ എന്നെ കാണാന്‍ വന്നിട്ടൊന്നും ഇല്ല. ഞാന്‍ താമസിക്കുന്ന സ്ഥലം പോലും അവര്‍ക്ക് അറിയില്ല. ഓരോരുത്തര്‍ വിളിച്ച് കരള്‍ കൊടുത്ത ആള് എങ്ങനെ ഇരിക്കുന്നു എന്നു ചോദിക്കുമ്പോള്‍ കുട്ടിയുടെ അപ്പൂപ്പന്‍ പറഞ്ഞുകൊണ്ട് നടക്കുന്നത് എന്നെ കാണാന്‍ വരാറുണ്ട്, എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്യാറുണ്ട് എന്നൊക്കെയാണ്. ഓപ്പറേഷന്‍ കഴിഞ്ഞപ്പോ എല്ലാ മീഡിയയിലും വാര്‍ത്ത വന്നിരുന്നു. അപ്പോള്‍ കുട്ടിയുടെ വാപ്പ എന്നെ ഗള്‍ഫില്‍ നിന്നു വിളിച്ചിട്ട് എന്നോടു പറഞ്ഞു, ചേച്ചി ഇനി പത്രക്കാരോട് സംസാരിക്കാനൊന്നും പോകണ്ട, അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന്. മോള് വളര്‍ന്നുവരാനുള്ളതല്ലേ എന്നൊക്കെ പറഞ്ഞു. എനിക്കു അതുകേട്ടപ്പോള്‍ ഒരുമാതിരിയായിരുന്നു. എനിക്കു മോളെ കാണണം എന്ന്‍ ഭയങ്കര ആഗ്രഹമുണ്ട്. എന്നാല്‍ പോകാനൊരു മടിയുണ്ട്.


 

മീഡിയക്കാരോട് ഒന്നും ഞാന്‍ അങ്ങോട്ടുപോയി പറഞ്ഞതല്ല. അവര് ഇങ്ങോട്ട് വന്നു ചോദിക്കുന്നതാണ്. കുഞ്ഞിന്‍റെ വാപ്പയും ഉമ്മയും തമ്മില്‍ പ്രശ്നം ഉണ്ടായി ഹൈക്കോടതി ഇടപെട്ട കേസ് ആയതുകൊണ്ടാണ് പത്രക്കാര്‍ അറിഞ്ഞത്. പത്തുപേരറിയുന്നതാണ് നല്ലതെന്ന്‍ പിന്നെ ഞാന്‍ വിചാരിച്ചു. എന്നാലേ ആളുകള്‍ അവയവദാനത്തിന് മുന്നോട്ട് വരൂ എന്നെനിക്കു തോന്നി. കുട്ടികളും മുതിര്‍ന്നവരും ഒക്കെയായി ഒരുപാട് ആളുകള്‍ അവയവത്തിന് വേണ്ടി കാത്തു നില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്‍റ ഭാഗത്തു നിന്നും സാമ്പത്തിക സഹായം ഒന്നും കിട്ടിയിട്ടില്ല. അവര്‍ക്കാര്‍ക്കും അറിയില്ലായിരിക്കും. ചിലപ്പോ പത്രത്തിലൊക്കെ വായിച്ചുകാണും. ഒരാള്‍ പോലും വന്നിട്ടില്ല. ഗവണ്‍മെന്‍റില്‍ നിന്നു ആരെങ്കിലും വന്നു സംസാരിച്ചാല്‍ അത് വാര്‍ത്തയാകും അപ്പോള്‍ മറ്റുള്ളവര്‍ക്കും അതൊരു പ്രയോജനം ആകും. 

മക്കളെ അടുത്തൊരു കല്യാണത്തിന് കണ്ടിരുന്നു. ആളുകളുടെ മുന്നില്‍ വെച്ച് മിണ്ടുകയൊന്നും ഇല്ല. ഇളയ മോന്‍ എന്‍റെ കൂട്ടുകാരിയോട് അമ്മയെ അന്വേഷിച്ചതായി പറയണം എന്നു പറഞ്ഞു. അച്ഛനും അമ്മയും താമസിക്കുന്ന വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. അനിയന്‍ ഗള്‍ഫില്‍ പോകാന്‍ ലോണ്‍ എടുത്തതാണ്. ഞാന്‍ അതില്‍ ഇടപെടാന്‍ പോകാറില്ല. പിന്നെ വേറൊരു സ്ഥലം ഉണ്ട്. അമ്മ പ്രമാണം പണയം വെച്ചിരിക്കുകയാണ്. അവിടെയാണ് ഞാന്‍ താമസിച്ചുകൊണ്ടിരുന്നത്, ആ വീട് ഇടിഞ്ഞുപോയി. അതെനിക്ക് തരില്ലാന്നുള്ള വാശിയിലാണ് മൂത്ത അനിയന്‍. ഇപ്പോള്‍ കുറച്ചു നാളായിട്ടു ചെക്കപ്പിനൊന്നും പോകുന്നില്ല. ആരോഗ്യ സ്ഥിതി മോശമാണ്. രക്തക്കുറവുണ്ട്. ഷുഗര്‍ ഡൌണാണ്. എച്ച് ബി കുറവാണ് പെട്ടെന്നു ക്ഷീണവും തലകറക്കവും വരും. ഇടയ്ക്കു ബസ്സില്‍ വെച്ച് വയ്യാണ്ടായി. ഒരു കൂട്ടുകാരി കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് രക്ഷപ്പെട്ടു. നാലുമാസമെ റസ്റ്റ് എടുത്തുള്ളൂ. ചിലപ്പോള്‍ ഭയങ്കര നടുവേദന വരും. രാവിലെ എഴുന്നേല്‍ക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ഇടയ്ക്ക് ശരീരത്തില്‍ നീരുണ്ടാകും. ഓപറേഷന്‍ ചെയ്ത സ്ഥലത്ത് ഇപ്പോഴും വേദനയുണ്ട്. അത് മാറാന്‍ താമസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഓപറേഷന്‍ കഴിഞ്ഞിട്ടിപ്പൊ ഏഴു മാസം കഴിഞ്ഞു, ഞരമ്പുകള്‍ എല്ലാം കൂടിച്ചേരണമെങ്കില്‍ സമയമെടുക്കും. കളക്ടറൊക്കെ നേരിട്ടു ഇടപെട്ട് കിട്ടിയതാണ് ഇപ്പോഴത്തെ ജോലി. വട്ടിയൂര്‍ക്കാവ് ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായിട്ടാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ആദ്യത്തെ ദിവസം വല്യ ബുദ്ധിമുട്ടായിരുന്നു. ക്ലീനിംഗ് ഒക്കെയുണ്ട്. 4000 രൂപ വാടക കൊടുക്കണം. എന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ജോലി ഇല്ലാതെ പറ്റില്ല. 7000 രൂപയാണ് സാലറി. 6700 രൂപ കയ്യില്‍ കിട്ടും. 4000 വാടക. പിന്നെ ബസ് ചിലവ്, അതുകൊണ്ട് ഒന്നിന്നും തികയില്ല. 

വെള്ളയമ്പലം മാനവീയം വീഥിയില്‍  ഞായറാഴ്ച ദിവസങ്ങളില്‍ ശ്രീരഞ്ജിനി ചായയും സ്നാക്സും കൊടുക്കാന്‍ പോകുന്നുണ്ട്. അതില്‍ നിന്ന് ചെറിയ വരുമാനം കിട്ടും. ചിലപ്പോള്‍ നഷ്ടവുമാകും.

സ്വന്തം പ്രാരാബ്ദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയില്‍ ഒരു കൂട്ടുകാരിയെയും മൂന്നുമക്കളെയും സംരക്ഷിക്കുന്നുണ്ട് ശ്രീരഞ്ജിനി.

“കൂട്ടുകാരിയും മക്കളും വന്നിട്ടിപ്പോള്‍ ആറു മാസമായി. ഇവളുടെ രണ്ടു മക്കളും എന്‍റെ മക്കളുടെ കൂടെ പഠിച്ചതാണ്. അന്നും ഇന്നും അവരെന്നെ അമ്മായി എന്നാണ് വിളിക്കുന്നത്. ഭര്‍ത്താവുമായിട്ട് പ്രശ്നമായിട്ടു അങ്ങനെ വന്നതാണ്. ഇവരിവിടെ വരുന്നതിന് മുന്നേ അവളുടെ ഭര്‍ത്താവ് ഞാനവരെ പിടിച്ചുവെച്ചിരിക്കുന്നു എന്നു പറഞ്ഞു കേസ് കൊടുത്തിരുന്നു. ഞാന്‍ സ്റ്റേഷനില്‍ പോയി കാര്യം പറഞ്ഞു. അതുകഴിഞ്ഞ് പിറ്റേ ദിവസമാണ് അവള്‍ വിളിക്കുന്നത്, ഞങ്ങള്‍ അങ്ങോട്ട് വന്നോട്ടേ എന്നുചോദിച്ചുകൊണ്ട്. അപ്പോ ഞാന്‍ വന്നോളാന്‍ പറഞ്ഞു. പെണ്‍കുട്ടികളെയും കൊണ്ട് റോഡിലിറങ്ങിയാലുള്ള അവസ്ഥ അറിയാലോ. ഇപ്പോ അവള്‍ക്കൊരു ചെറിയ ജോലിയുണ്ട്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍. പിന്നെ മൂന്നുകുട്ടികള്‍ക്കും സ്പോണ്‍സര്‍ ആയിട്ടുണ്ട്. മാസം 7500 രൂപ അവര്‍ക്ക് കിട്ടുന്നുണ്ട്. ഇപ്പോ അവര്‍ സ്കൂളിന്‍റെ അടുത്ത് വാടക വീട് നോക്കുന്നു. കുട്ടികളുടെ സ്പോണ്‍സര്‍മാര്‍ 2000 രൂപ വാടക കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്”.

യാത്ര പറഞ്ഞു പിരിയാന്‍ നേരമായപ്പോള്‍ ശ്രീരഞ്ജിനി പറഞ്ഞു, “ഒരു നിമിഷം പോലും ആലോചിക്കാതെ ഞാനെടുത്ത തീരുമാനമാണിത്. ഈ നിമിഷം വരെ തെറ്റായിപ്പോയെന്ന് എനിക്കു തോന്നിയിട്ടെയില്ല.” 

ഇത് പറയുമ്പോള്‍ ശ്രീരഞ്ജിനിയുടെ ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു. ആ ഉറപ്പ് തന്നെയാണ് ഇത്രയേറെ പ്രതികൂല സാഹചര്യങ്ങളിലും അവരെ പിടിച്ച് നിര്‍ത്തുന്നതും.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍