UPDATES

കായികം

ശ്രീശാന്തിന് ടീമിലേക്ക് മടങ്ങിയെത്താന്‍ ഇനിയും സാധിക്കുമെന്ന് ടി സി മാത്യു

നെഹ്രയ്ക്ക് ടീമില്‍ മടങ്ങിയെത്താന്‍ സാധിച്ചെങ്കില്‍ ശ്രീശാന്തിനും സാധിക്കും

മലയാളി പേസ് ബൗളര്‍ എസ് ശ്രീശാന്തിന് ഇനിയും ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്ന് ബിസിസിഐ വൈസ്പ്രസിഡന്റ് ടി സി മാത്യു. 39 വയസ്സുകാരനായ ആശിഷ് നെഹ്ര ടീമില്‍ മടങ്ങിയെത്തിയതിനെ ചൂണ്ടിക്കാട്ടിയാണ് മാത്യു ഇത് പറഞ്ഞത്. നെഹ്രയ്ക്ക് ടീമില്‍ മടങ്ങിയെത്താന്‍ സാധിച്ചെങ്കില്‍ ശ്രീശാന്തിനും സാധിക്കും.

ശ്രീശാന്ത് ഇപ്പോഴും നല്ല ബൗളറാണെന്നും നല്ല രീതിയില്‍ പരിശീലനം നടത്തുന്നുണ്ടെന്നും മാത്യും കൂട്ടിച്ചേര്‍ത്തു. ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ ശ്രീശാന്തിനെ പുകഴ്ത്തി തന്നോട് സംസാരിച്ചിട്ടുണ്ടെന്നും ടി സി മാത്യു അറിയിച്ചു. ബിസിസിഐയുടെ ഇടക്കാല ഭരണത്തലവന്‍ വിനോദ് റായിക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കാനും ടി സി മാത്യു നിര്‍ദ്ദേശിച്ചു.

2013ല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഒത്തുകളിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്തമായി വിലക്കിയിരിക്കുകയാണ്. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി വിധിയുണ്ടായിട്ടും വിലക്ക് നീങ്ങിയിട്ടില്ല. ഇതിനിടെ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുള്ള ക്ഷണം ശ്രീശാന്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബിസിസിഐയുടെ അനുവാദമുണ്ടെങ്കിലേ അതിന് സാധിക്കൂ. തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ശ്രീശാന്ത് തിരിച്ചുവരണമെന്ന ആവശ്യം ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായാണ് ശ്രീശാന്ത് കണക്കാക്കപ്പെടുന്നത്. ടീം ഇന്ത്യയില്‍ നല്ലൊരു പേസ് ബൗളറുടെ അഭാവം ഇപ്പോഴുമുണ്ട്. മികച്ച സീം പൊസിഷനും ഔട്ട് സ്വിങ്ങും കൈമുതലായുള്ള ശ്രീശാന്ത് വിലക്ക് നീങ്ങാനായാണ് കാത്തിരിക്കുന്നത്. 33 വയസായെങ്കിലും ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനും ക്രിക്കറ്റര്‍ക്ക് വേണ്ട ഫിറ്റ്‌നസ് നലനിര്‍ത്താനും താരം ശ്രമിക്കുന്നുണ്ട്.

വിരാട് കോഹ്ലി ക്യാപ്റ്റനായ സ്ഥിതിക്കും ശ്രീശാന്തിന്റെ ബൗളിംഗിനെ പുകഴ്ത്തിയ അനില്‍ കുംബ്ലൈ പരിശീലകനായ സ്ഥിതിക്കും ഇന്ത്യന്‍ ടീമിന് ഇനി വരാനിരിക്കുന്നത് വിദേശ പര്യടനങ്ങളാണെന്നതും ടീമില്‍ തിരിച്ചെത്താനുള്ള ശ്രീശാന്തിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമാണ് ശ്രീശാന്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍