UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീയുടെ ലക്ഷ്യം നിയമസഭയോ? അതോ ടീം ഇന്ത്യയോ?

Avatar

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കളത്തിലിറക്കുകയാണ് ബിജെപി. സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ ശ്രീയും സമ്മതം മൂളിക്കഴിഞ്ഞു. ഇത്തവണ കേരളത്തില്‍ അകൗണ്ട് തുറക്കുക എന്ന കാര്യത്തില്‍ ഭീഷ്മശപഥം എടുത്തിരിക്കുന്ന പാര്‍ട്ടിക്ക് ശ്രീശാന്ത് എന്തുകൊണ്ട് പ്രിയപ്പെട്ടതാകുന്നുവെന്നതിന് ചില കാരണങ്ങള്‍.

1. ശ്രീശാന്തിന്റെ ബിജെപി ചായ്‌വ്
പ്രത്യക്ഷത്തില്‍ അല്ലെങ്കിലും ശ്രീശാന്ത് പുലര്‍ത്തിയിരുന്ന ബിജെപി അനുകൂല മനോഭാവം അത്ര രഹസ്യമല്ല. കേരളത്തില്‍ പാര്‍ട്ടി വേദികളില്‍ ശ്രീ എത്തിയിട്ടില്ലെങ്കിലും ബെംഗളൂരുവില്‍ ശ്രീ ബിജെപി വേദികളുടെ ഭാഗമായിട്ടുണ്ട്. പോരാത്തതിന് ശ്രീയുടെ ഭാര്യാകുടുംബത്തിന് ശക്തമായ ബിജെപി ബന്ധമാണുള്ളതും. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഷെഖാവത്ത് കുടുംബത്തിലെ ഭുവനേശ്വരി കുമാരിയാണ് ശ്രീശാന്തിന്റെ ഭാര്യ. ഭുവനേശ്വരിയുടെ കുടുംബം രാജസ്ഥാനിലെ പാര്‍ട്ടി ഘടകവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുമുണ്ട്.

2. ശ്രീശാന്ത് എന്ന താരം 
ബിജെപി പ്രധാനമായും മുതലെടുക്കാന്‍ ഉദ്ദേശിക്കുന്നത് ശ്രീയുടെ താരമൂല്യം തന്നെയാകും. ക്രിക്കറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണെങ്കിലും ശ്രീശാന്തിന് കേരളത്തില്‍ മോശമില്ലാത്ത താരമൂല്യം ഇപ്പോഴുമുണ്ട്. ശ്രീശാന്തിന്റെ ആരാധകരായ യുവാക്കളെയാണ് ഈ താരമൂല്യത്തിലൂടെ ബിജെപി ലക്ഷ്യമിടുക. ചെറുപ്പക്കാരന്‍, ക്രിക്കറ്റര്‍, ഡാന്‍സര്‍, പാട്ടുകാരന്‍, അഭിനേതാവ് എന്നിങ്ങനെ ശ്രീശാന്തിന് യുവവോട്ടര്‍മാരുടെ പിന്തുണ നേടിക്കൊടുക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവ വേണ്ടരീതിയില്‍ വര്‍ക് ഔട്ട് ചെയ്താല്‍ ബിജെപിയുടെ തന്ത്രം വിജയിക്കും.

3. ശ്രീശാന്ത് എന്ന ഹിന്ദു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ കാലംതൊട്ട് ശ്രീശാന്ത് ഏറ്റവുമധികം പരിഹാസവും കേട്ടിരുന്നത് കടുത്ത ഹൈന്ദവ വിശ്വാസങ്ങള്‍ പിന്തുടരുന്നതിന്റെ പേരിലായിരുന്നു. കൈയിലും കഴുത്തിലും ചരടും മാലകളുമായിട്ടായിരുന്നു എന്നും ശ്രീശാന്ത് കളത്തില്‍ ഇറങ്ങിയിരുന്നത്. പൊതുവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാവരും തന്നെ അന്ധവിശ്വാസികളാണെങ്കിലും ശ്രീയുടെ കാര്യത്തില്‍ മലയാളിയുടെ യുക്തിബോധം യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്തവണ്ണം ആക്രമിക്കുകയായിരുന്നു. ഇതിനു പുറമെയാണ് ശ്രീശാന്തിന്റെ അമ്മയുടെ വഴിപാടുകളും പൂജകളുമൊക്കെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകളായി വന്നത്. ആറ്റുകാല്‍ പൊങ്കാലയിലെ ശ്രീയുടെ മാതാവിന്റെ സാന്നിധ്യമൊക്കെ പലപ്പോഴും പരിഹാസരൂപത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതെങ്കിലും ഈശ്വര വിശ്വാസത്തിലും ഹൈന്ദാചാരങ്ങള്‍ പാലിക്കുന്നതിലും വിട്ടുവീഴ്ച്ചയില്ലാതെയായിരുന്നു ശ്രീയും കുടുംബവും മുന്നോട്ടുപോയത്. ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായൊരു രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയിലായിരുന്നു അതെങ്കില്‍ മാറിയ സാഹചര്യത്തില്‍ ആ വിശ്വാസങ്ങളും പിന്തുടര്‍ച്ചയും ശ്രീയെ ഉത്തമനായൊരു ഹിന്ദുവായി അവതരിപ്പിക്കാന്‍ ബിജെപിക്ക് സഹായകമാകും. പ്രത്യേകിച്ച് ക്ഷേത്ര നഗരമായ തൃപ്പൂണിത്തുറയിലാണ് ശ്രീയെ സ്ഥാനാര്‍ത്ഥയാകുന്നത് എന്നതിനാല്‍ സവര്‍ണ വോട്ടുകള്‍ ലക്ഷ്യം വച്ച് ബിജെപിക്ക് നിര്‍ത്താവുന്ന ഏറ്റവും നല്ല നായര്‍ സ്ഥാനാര്‍ത്ഥി തന്നെയാകും ശ്രീശാന്ത്.

4. ശ്രീശാന്ത് എന്ന രക്തസാക്ഷി
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ശ്രീശാന്തിന് ഒരു രക്തസാക്ഷി പരിവേഷമുണ്ട്. മുന്‍പ് ഒരു. താരത്തിനും ഉണ്ടാകാത്തവിധമുള്ള ദുരനുഭവത്തിനാണ് ടീം ഇന്ത്യയുടെ ഏറ്റവും അഗ്രസീവായി കളിക്കാരന്‍ എന്നു പേരുകേട്ട ശ്രീശാന്ത് വിധേയനാകപ്പെട്ടത്. ഐപിഎല്‍ മത്സരത്തിനിടയില്‍ മാച്ച് ഫിക്‌സിംഗ് നടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍വരെ കിടക്കേണ്ടി വന്നു ശ്രീശാന്തിന്. ശ്രീക്കെതിരെ ശക്തമായ തെളിവുണ്ടെന്ന വാദമായിരുന്നു ഡല്‍ഹി പൊലീസ് എപ്പോഴും ഉയര്‍ത്തിയിരുന്നത് (ഇപ്പോള്‍ കനയ്യ കുമാര്‍ ഉമര്‍ ഖാലിദ് തുടങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹക്കുറ്റം ചെയ്തതിനു തെളിവുണ്ടെന്നു പറഞ്ഞു നടന്ന ഡല്‍ഹി പൊലീസ് മുന്‍ കമ്മിഷണര്‍ ബി എസ് ബസ്സി തന്നെയായിരുന്നു ശ്രീയുടെ കാര്യത്തിലും കടുംപിടുത്തം നടത്തിയത്). ക്രിക്കറ്റിനെയും രാജ്യത്തെയും വഞ്ചിച്ചു എന്ന അക്ഷേപം ഇക്കാലയളവില്‍ ശ്രീക്ക് ഒരുപാട് കേള്‍ക്കേണ്ടി വന്നു. ബിസിസിഐ ആകട്ടെ ശ്രീശാന്തിനെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും പൂര്‍ണമായി വിലക്കി. ഒടുവില്‍ പര്യാപ്തമായ തെളിവുകളൊന്നുമില്ലാതെയായിരുന്നു ശ്രീശാന്തിനെതിരെ കേസ് എടുത്തതതെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി പാട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. ക്രിക്കറ്റ് കളിക്കാനുള്ള വിലക്കും കോടതി നീക്കി. കേസില്‍ നിന്നും വിമുക്തനായെങ്കിലും ബിസിസിഐ ശ്രീയുടെ മുന്നില്‍ വാതില്‍ അടച്ചു. പണ്ട് കെ കെ നായര്‍ എന്ന ബിസിസിഐ സെക്രട്ടറിയുടെ സഹായത്തോടെ ടീമിലേക്ക് വാതില്‍ തുറക്കപ്പെട്ട ശ്രീശാന്ത് അഗ്നിശുദ്ധി തെളിയിച്ചിട്ടും അകത്തൊരാള്‍ തനിക്കുവേണ്ടി പറയാന്‍ ഇല്ലാത്തതിനാല്‍ അവഗണിക്കപ്പെട്ടു. ശ്രീയുടെ തിരിച്ചുവരവ് ഏതാണ്ട് അസാധ്യം തന്നെയാകാമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞതോടെ ഈ മലയാളിയുടെ ഭാവി എന്തായിരിക്കുമെന്ന് തീരുമാനമായി.

ബിസിസിഐയുടെ വാശി ഇപ്പോഴും തുടരുന്നതിനാല്‍ ശ്രീശാന്ത് ഇനിയും ഇന്ത്യന്‍ ജഴ്‌സി അണിയുമെന്നത് അദ്ദേഹത്തിന്റെയുള്ളില്‍പ്പോലും വിദൂരമായൊരു സ്വപ്‌നം മാത്രമായിരിക്കും. സിനിമയുടെയും ഫാഷന്‍ ഷോകളുടെയും മറ്റൊരു ഗ്ലാമര്‍ ലോകത്തേക്ക് ശ്രീ ചുവടുവയ്ക്കുന്നതും അതുകൊണ്ടാണ്. പക്ഷേ കോഴ ആരോപണവിധേയനായി നിന്നപ്പോഴും സേവ് ശ്രീശാന്ത് എന്ന പേരില്‍ ശ്രീശാന്തിനെ അനുകൂലിച്ച് വലിയൊരു ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. ശ്രീ നിരപരാധിയാണെന്നും ഉത്തേരേന്ത്യന്‍ ലോബിയുടെ ചതിക്കുഴിയില്‍ കഴിവുറ്റൊരു കളിക്കാരന്‍ വീണുപോയതാണെന്നും അവര്‍ ശബ്ദമുയര്‍ത്തി. ശ്രീയുടെ മോചനത്തിനായി സേവ് ശ്രീശാന്ത് ഗ്രൂപ്പ് കേരളത്തിലും ഡല്‍ഹിയിലുമായി നിരന്തരം ഇടപെടലുകള്‍ നടത്തുകയുമുണ്ടായി. ഒടുവില്‍ ശ്രീശാന്ത് കുറ്റവിമുക്തനായപ്പോള്‍ കേരളം ഒന്നടങ്കമാണ് ശ്രീയെ തിരികെ ടീമില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. ഈയൊരു പിന്തുണ ശ്രീക്ക് ഇപ്പോഴും ഉണ്ടെന്നു തന്നെയാണ് ബിജെപി കണക്കുകൂട്ടുന്നത്.

5. മാറ്റം ആഗ്രഹിച്ചാല്‍ ശ്രീശാന്ത്
തൃപ്പൂണിത്തുറയില്‍ മത്സരിക്കാനാണ് തനിക്കു താത്പര്യമെന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചുകൊണ്ട് ശ്രീശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്റെതൊരു കമ്യൂണിസ്റ്റ് ചായ്‌വ് ഉള്ള കുടുംബം ആണെന്നും ശ്രീ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കുടുംബത്തെ താന്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്ന് ശ്രീശാന്ത് പറയുമ്പോള്‍ തൃപ്പൂണിത്തുറയിലെ ചിത്രം ഏകദേശം വ്യക്തമായിട്ടുണ്ട്. കെ ബാബു ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഏറെ ചര്‍ച്ചകള്‍ക്കും വാക്‌പോരുകള്‍ക്കുമൊടുവില്‍ സി എം ദിനേശ് മണിയെ എല്‍ഡിഎഫും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അങ്ങനെ വരുമ്പോള്‍ ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമായി തൃപ്പൂണിത്തുറ മാറും. സിറ്റിംഗ് മണ്ഡലമെന്ന സുരക്ഷിതത്വമാണ് ബാബുവിനുള്ളതെങ്കിലും ബാര്‍ കോഴയിലടക്കം ഏറെ പഴികേട്ടൊരാളാണ് ബാബു. ബാബു സ്ഥാനാര്‍ത്ഥിയാകുന്നതിനോട് കോണ്‍ഗ്രസ് അണികള്‍ക്കും താത്പര്യക്കുറവുണ്ട്. ഇതിന്റെയെല്ലാം തിരിച്ചടി ബാബുവിനുണ്ടാകാം. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നേട്ടത്തില്‍ കണുനട്ടാണ് സിപിഐ എം കളത്തിലിറങ്ങുന്നത്. പക്ഷേ ഇതിനോടകം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അടിയൊഴുക്കുകള്‍ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാല്‍ ദിനേശ് മണി ഒരിക്കല്‍ കൂടി ഇവിടെ തോല്‍ക്കും. ഇതെല്ലാം കണക്കുകൂട്ടിയാണ് ബിജെപി തങ്ങള്‍ക്ക് പ്രതീക്ഷയുള്ളൊരു മണ്ഡലമായി തൃപ്പൂണിത്തുറയെ പരിഗണിക്കാന്‍ കാരണം. ക്ഷേത്രനഗരികള്‍ കേന്ദ്രീകരിച്ച് മുന്നേറ്റം നടത്തുന്ന ബിജെപിക്ക് ഏറെ സഹായം തൃപ്പൂണിത്തുറയില്‍ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കാം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മണ്ഡലത്തില്‍ രണ്ടാമതെത്തിയതും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ഈയൊരുഘട്ടത്തില്‍ ശ്രീശാന്തിനെപോലൊരാളുടെ സ്ഥാനാര്‍ത്ഥിത്വം അവരെ ഏറെ സഹായിക്കും.

6. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ
ശ്രീശാന്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. കേന്ദ്രനേതൃത്വമാണ് ശ്രീശ്രാന്തിന്റെ പേര് നിര്‍ദേശിച്ചതും ഇക്കാര്യത്തില്‍ ശ്രീയുമായി ആശവിനിമയം നടത്തിയതും. മുകളില്‍ നിന്നുള്ള ഇടപെടല്‍ തന്നെയാകണം ശ്രീയെ മത്സരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നതും. ഒരുപക്ഷേ സംസ്ഥാനഘടകത്തിന്റെ താത്പര്യമായിരുന്നെങ്കില്‍ ശ്രീ ഇത്രവേഗം ഒരു സമ്മതം മൂളല്‍ നടക്കില്ലായിരുന്നു. സ്ഥാനാര്‍ത്ഥിത്വ സ്വീകരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും പ്രലോഭനങ്ങളും ശ്രീക്ക് ലഭിച്ചു കാണണം. പ്രത്യേകച്ച് അമിത് ഷാ നേരിട്ട് ഇടപെട്ട സ്ഥിതിക്ക്. തുറവൂര്‍ വിശ്വംഭരനെയായിരുന്നു നേരത്തെ ഇവിടെ ബിജെപി സ്ംസ്ഥാന ഘടകം നിശ്ചയിച്ചത്. എ എന്‍ രാധാകൃഷ്ണനടക്കമുള്ളവരുടെ പേരുകള്‍ കടന്നാണ് പൊതുസമ്മതനെന്ന നിലയില്‍ തുറവൂര്‍ വിശ്വംഭരന്റെ പേര് നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ അപ്രതീക്ഷിതമായി ശ്രീശാന്ത് കടന്നുവരികയും തൃപ്പൂണിത്തുറയുടെ രാഷ്ട്രീയചിത്രം പ്രവചനാതീതമായി മാറുകയുമാണ്.

തേഡ് അംപയര്‍
ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ ലോക്‌സഭ അംഗമാണ്. അനുരാഗ് ഠാക്കൂര്‍ ആണ് ശ്രീശാന്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്നു പറഞ്ഞതും. പുതിയ സാഹചര്യത്തില്‍ മോദി-ഷാ പക്ഷക്കാരനായ അനുരാഗ് ഠാക്കൂര്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ അനുകൂലമായി നിലപാടെടുക്കുമോ? നിയമസഭയിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടീം ഇന്ത്യയില്‍ ഒരു സീറ്റ് കിട്ടിയാല്‍ അതാകും ശ്രീശാന്തിനെ ഏറെ സന്തോഷിപ്പിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍