UPDATES

വിദേശം

ചാവേര്‍ ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിനായി കാത്തുനിന്നു, പിന്നെ സ്വയം പൊട്ടിത്തെറിച്ചു, ശ്രീലങ്കയില്‍ മരണം 290 ആയി

കൊല്ലപ്പെട്ടവരില്‍ 35 പേര്‍ വിദേശികളാണ്.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ ചാവേറുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട. ഹോട്ടല്‍ സിന്നാമോണില്‍ ആക്രമണം നടത്തിയത് ചാവേര്‍ ആണെന്നാണ്. ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിനായി കാത്തുനിന്ന ശേഷം ഇയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതരെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് അസ്സാം മുഹമ്മദ് എന്ന പേരിലാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തിരുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇയാള്‍ ശ്രീലങ്കക്കാരന്‍ തന്നെയാണെന്നും തെറ്റായ വിലാസം നല്‍കിയാണ് മുറി എടുത്തതെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

‘ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നിരവധി കുടംബങ്ങള്‍ ബുഫെയ്ക്ക് മുന്നില്‍ കാത്തിരിക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയായാള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് തൊട്ടുമുമ്പായിരുന്നു അയാള്‍ അരയില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു’ ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. ഇതേ സമയം തന്നെയാണ് ഹോട്ടല്‍ ശങ്ക്രീലയിലും കിംങ്‌സ്ബറിയിലും സ്‌ഫോടനം നടന്നത്. ഇതിന് പുറമെ മൂന്ന് ക്രിസ്ത്യന്‍ പളളികളിലാണ് സ്‌ഫോടനം നടന്നത്.

അതേസമയം ശ്രീലങ്കയില്‍ ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ശ്രീലങ്കയിലെ ടെലികമ്മ്യുണിക്കേഷന്‍സ് മന്ത്രി ഹരീന്‍ ഫെര്‍ണാണ്ടോ രംഗത്തെത്തി. മുന്നറിയിപ്പുണ്ടായിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ച വന്നുവെന്ന ആരോപണമാണ് മന്ത്രി ഉന്നയിച്ചത്. മുന്നറിയിപ്പുണ്ടായിട്ടും കരുതല്‍ നടപടിയെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രില്‍ 11 നാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഭീകര സംഘടനയായ നാഷണല്‍ തൗഹീത്ത് ജമാ അത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി വ്യക്തമല്ല.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 290 പേര്‍ മരിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഇതുവരെ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയതായി കരുതുന്ന വാനും അതിന്റെ ഡ്രൈവറെയും അറസ്റ്റിലായതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് ശ്രീലങ്കയില്‍തന്നെ നിര്‍മ്മിച്ചതാണെന്നാണാന്നാണ് ഔദ്യോഗിക വിശദീകരണം. ആറടി നീളമുള്ള പൈപ്പ് ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. വിദേശ സന്ദര്‍ശനം വെട്ടിക്കുറച്ച് നാട്ടില്‍ തിരിച്ചെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ശിരിസേന പ്രധാനമന്ത്രി റിനില്‍ വിക്രമസംഗെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷ സമിതി യോഗവും പ്രസിഡന്റ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍