UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭയാര്‍ത്ഥി വിശേഷണം ഭാരമാകുമ്പോള്‍; ഇന്ത്യയിലെ ശ്രീലങ്കന്‍ തമിഴരുടെ ജീവിതം

Avatar

ആനി ഗൊവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ശ്രീലങ്കയില്‍ പുതിയ പ്രസിഡന്‍റ് വന്നതോടെ കാലങ്ങളായി നീണ്ടു നിന്ന കലാപങ്ങളില്‍പ്പെട്ട് പലയിടത്തായി ചിതറിപ്പോയ തമിഴ് വംശജര്‍ക്ക് സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാം എന്ന പുതിയ പ്രതീക്ഷയ്ക്ക് ജീവന്‍ വെച്ചിരിക്കുന്നു. പ്രത്യേകിച്ച് രക്തരൂക്ഷിതമായ സംഘര്‍ഷ കാലത്ത് അന്യദേശത്തു പിറവിയെടുത്ത അവരുടെ മക്കള്‍ക്ക്. 

ഇന്ന് ഇരുപതുകളില്‍ ജീവിക്കുന്ന പലരുടെയും ജീവിതം തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ഒരു അഭയാര്‍ഥി ക്യാമ്പിലും ആയിരുന്നിരിക്കണം. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധക്കെടുതികളില്‍ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ മാതാപിതാക്കള്‍ സ്വീകരിച്ച ഒരു മാര്‍ഗമായിരുന്നു അത്. ഭാഷയിലെ ചെറിയ വ്യത്യാസങ്ങള്‍, ശ്രീലങ്കന്‍ രീതിയിലെ കിളിത്തട്ട് കളി, പ്രഭാതഭക്ഷണത്തിന് പുഴുങ്ങിയ അരിപ്പൊടി പലഹാരവും തേങ്ങാ ചമ്മന്തിയും എന്നിങ്ങനെ തങ്ങളുടെ പാരമ്പര്യത്തിന്റെ ചില തുണ്ടുകള്‍ കൂട്ടിയിണക്കിയാണ് അവര്‍ ജീവിച്ചത്.

21 വയസുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പ്രശാന്ത് ശേഖറിന്, ശ്രീലങ്ക എന്നാല്‍ ദൂരെ എവിടേയോ ഉള്ള ഒരു ദ്വീപ് മാത്രമാണ്. ‘അമ്മയും അച്ഛനും പറയുന്നത് ലങ്ക വളരെ മനോഹരമായ ഒരു സ്ഥലം ആണെന്നാണ്. അവിടത്തെ ജീവിതം ഇതിലും മെച്ചപ്പെട്ടതും ആയിരുന്നത്രേ. അവിടെ എല്ലാം സുലഭം ആണ്. ഇതൊക്കെ അവര് പറയുന്നതാണേ… എനിക്കറിഞ്ഞൂടാ.’ പ്രശാന്ത് പറയുന്നു. 

ശേഖറിനെ പോലെ കീഴ്പുതുപാട്ട് ക്യാമ്പില്‍ താമസിക്കുന്ന അനവധി ചെറുപ്പകാരുടെ ഭാവി ജിവിതം മാറിമറിയാന്‍ പോവുകയാണെന്നാണ് ഈ കഴിഞ്ഞ ആഴ്ചകളില്‍ വാട്ട്‌സാപ് , ഫേസ്ബുക്ക് എന്നിവടങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. 

ശ്രീലങ്കയിലെ പുതിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേന തങ്ങളുടെ രാജ്യത്ത് നിന്ന് പലായനം ചെയ്ത തമിഴ് വംശജരെ തിരിച്ചു കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും നടത്തും എന്ന് പ്രതിജ്ഞ ചെയ്തിരുന്നു. ഇതിനു ശേഷം 1983 ലെ കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് ഓടിപ്പോന്ന ഒരു ലക്ഷം തമിഴ് വംശജരെ ജന്മനാട്ടിലേക്ക് പുനരധിവസിപ്പിക്കാന്‍ ശ്രീലങ്കയും ഇന്ത്യയും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. തമിഴ്‌നാട്ടിലെ നൂറിലധികം ക്യാമ്പുകളിലായാണ് അറുപത്തിനാലായിരത്തോളം ആളുകള്‍ ഇപ്പോഴും ജീവിക്കുന്നത്. 

1990ല്‍, ഒരു താത്കാലിക സംവിധാനമായാണ് കീഴ്പുതുപാട്ട് ക്യാമ്പ് ഉണ്ടാക്കിയത്. എന്നാല്‍ ഇന്നത് ഒരു പൂര്‍ണമായ ഇന്ത്യന്‍ ഗ്രാമമായി മാറിയിരിക്കുന്നു. പൊടിയണിഞ്ഞ തെരുവുകള്‍, ബോഗന്‍ വില്ല അതിരുകള്‍ തീര്‍ക്കുന്ന കുഞ്ഞു സിമന്റ് ഭവനങ്ങള്‍, അതില്‍ തന്നെ ഫ്രിഡ്ജ്, ടി വി എന്നിവക്കായി ഏച്ചുകെട്ടിയ കുടുസ്സു മുറികള്‍, ചെറിയ പെട്ടിക്കടകള്‍,….. ഇവിടെയുള്ള 800 കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും ഒരു ചെറിയ തുക ധനസഹായം ലഭിക്കുന്നുണ്ട്. അതിനു പുറമേ, സൗജന്യ അരി, വീട്, വൈദ്യുതി എന്നിവയും ലഭിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള യാതൊരു സാധ്യതയും ഇവര്‍ക്കില്ല. 

ഇന്ത്യയുടെ തെക്കേ അറ്റത്ത് അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളിപോലെ നില്‍ക്കുന്ന; കാലങ്ങളായി ബുദ്ധമത വിശ്വാസികളും സിംഹളരും ഹിന്ദു ന്യൂനപക്ഷ തമിഴ് വംശജരും തമ്മില്‍ കലാപങ്ങള്‍ കൊണ്ട് കലുഷിതമായ ഒരു കുഞ്ഞു ദ്വീപ്; അതാണ് ശ്രീലങ്ക. ഈ കലാപങ്ങള്‍ ഒടുവില്‍ 1980ലെ ആഭ്യന്തരയുദ്ധത്തിലേക്ക് വഴിവച്ചു. 

ഈ കലാപങ്ങളില്‍ ഇന്ത്യയുടെ പങ്ക് ചെറുതല്ല. 1980 ല്‍ ഇന്ത്യ ശ്രീലങ്കയില്‍ നടത്തിയ ‘സമാധാന ശ്രമങ്ങള്‍’ ആണ് എല്‍ടിടിഇ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) 1991ല്‍ മനുഷ്യബോംബിലൂടെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ്ഗാന്ധിയെ വധിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നടന്ന കലാപങ്ങള്‍ ഈ അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചു. പിന്നീടു 1996ല്‍ ഇന്ത്യയില്‍ ഇവരെ തിരിച്ചെത്തിക്കാന്‍ നയങ്ങള്‍ സ്വീകരിച്ചു. 1997 ല്‍ എല്‍ടിടിഇയെ അമേരിക്ക ഒരു വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. 

വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിനും കലാപങ്ങള്‍ക്കും ശേഷം മഹിന്ദ രാജപക്‌സ 2009ല്‍ ഈ ദേശീയവാദ സംഘത്തെ പരാജിതരാക്കി. 

തമിഴ് അധീന പ്രദേശം പിടിച്ചടക്കി എന്ന് രാജപക്‌സെയുടെ ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും അവിടേക്ക് മടങ്ങാന്‍ അഭയാര്‍ത്ഥികകള്‍ തയ്യാറല്ല. അവിടെ അന്തരീക്ഷം ഇപ്പോഴും കലുഷിതമാണ്. പട്ടാളക്കാര്‍ നിരന്തരം റോന്തു ചുറ്റുന്നു. കൂടാതെ തമിഴ് വംശജരില്‍ നിന്നും പിടിച്ചെടുത്ത ഭൂമി മുഴുവനായും വിട്ടുകൊടുക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 

ഇപ്പോള്‍ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ത്ഥികളില്‍ എഴുപതു ശതമാനത്തിനും തിരിച്ചു ശ്രീലങ്കയിലേക്ക് പോകാന്‍ ആഗ്രഹം ഇല്ല എന്നാണ് മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) നടത്തിയ സര്‍വേയില്‍ കാണിക്കുന്നത്. 

തിരിച്ചു ചെന്നാല്‍ എന്തായിരിക്കും എന്നതിന്റെ അനിശ്ചിതത്വം ആണ് പലര്‍ക്കും പ്രശ്‌നം എന്ന് ടിസിലെ അധ്യാപകനും പ്രസ്തുത പഠനം നടത്തിയ വ്യക്തികൂടിയായ കെ എം പരിവേളന്‍ പറയുന്നു. തിരിച്ചു പോയാല്‍ ഉപജീവനത്തിന് പോലും എന്ത് ചെയ്യണം എന്നവര്‍ക്ക് അറിയില്ല. ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം മാറ്റങ്ങള്‍ ഉണ്ടാകും എന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . 

എന്നാല്‍ സിരിസേനയുടെ ഭരണത്തിനു കീഴില്‍ അഭയാര്‍ത്ഥികള്‍ എന്താണ് അനുഭവിക്കുക എന്നത് ഇപ്പോള്‍ പ്രവചിക്കാന്‍ ആകില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജന്മം കൊണ്ട് സിംഹളനായ സിരിസേന തമിഴ് വംശജരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും പിന്തുണ കൊണ്ടുകൂടിയാണ് ജനുവരിയില്‍ രാജ്പക്‌സയെ തോല്‍പ്പിച്ചത്. പട്ടാളം പിടിച്ചെടുത്ത ഭൂമി ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കും, യുദ്ധസംബന്ധമായ പരാതിയില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിക്കും, തമിഴ് വംശജരെ പുരധിവസിപ്പിക്കും എന്നൊക്കെ സിരിസേന വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കും. 

അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിനായി ഈ ജനുവരി മുപ്പതിന് ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ ക്യാമ്പുകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ ഈ ചര്‍ച്ചകള്‍ വളരെ ‘പ്രാരംഭ’ തലത്തിലാണ് എന്ന് പറഞ്ഞ് ഒഴിവാക്കി. 

ഈഴം അഭയാര്‍ഥി പുനരധിവാസ സംഘടന പ്രതിനിധികള്‍ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചേര്‍ത്തു വച്ചു ഒരു രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ യാത്രചിലവുകള്‍, ഭൂമി, വീട്, ഉപജീവനമാര്‍ഗം കണ്ടെത്തുന്നതുവരെ മൂന്ന് കൊല്ലത്തേക്ക് മൊത്തം 1500 ഡോളര്‍ ധനസഹായം എന്നിങ്ങനെയാണ് ആ രേഖയിലെ ആവശ്യങ്ങള്‍. ശ്രീലങ്കയിലെ തമിഴരും ക്യാമ്പിലെ തമിഴരും തമ്മില്‍ വീഡിയോ സംഭാഷണങ്ങള്‍ നടത്തുന്നതിനും ഇവര്‍ സൗകര്യം ചെയ്തുകൊടുക്കുന്നു. 

“ഒരു അഭയാര്‍ത്ഥികളുടെ ജീവിതം ദുരിതപൂര്‍ണമാണ്”. ഈഴം അഭയാര്‍ഥി പുനരധിവാസ സംഘടന സ്ഥാപകന്‍ എസ് സി ചന്ദ്രഹാസന്‍ പറഞ്ഞു. “ഞങ്ങളത് പുറത്തു പറയാറില്ല. നിങ്ങള്‍ ഒന്നുമായും ഒരിടവുമായും ബന്ധമില്ലാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. ഒരു പാട് കാലം അങ്ങനെ പോയി. ഇനി ഇത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” 

ഈ അടുത്ത ദിവസം കീഴ് പുതുപാട്ടില്‍ ശേഖര്‍ തന്റെ കൂട്ടുകാരോടും കുടുംബങ്ങളോടും ഒപ്പം ഒരു ഒത്തുകൂടല്‍ നടത്തി. 1990 മുതല്‍ ഈ ക്യാമ്പിലെ അന്തേവാസി ആണ് ശേഖറും കുടുംബവും. 22വയസുള്ള അനിയത്തി നാഗപ്രിയ (നഴ്‌സ്) കൂട്ടില്‍ അടച്ച രണ്ടു തത്തകള്‍ക്ക് ചുവന്ന മുളക് നല്കി. ശ്രീലങ്കയിലെ പ്രതിഷേധക്കാര്‍ ശേഖറിനെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇവര്‍ ശ്രീലങ്ക ഉപേക്ഷിച്ചു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയായിരുന്നു. ഇവര്‍ ഇവിടെ ഒരു ചെറിയ കട തുടങ്ങി അതിലെ വരുമാനം കൊണ്ട് മറ്റുള്ള കുട്ടികള്‍ എല്ലാം വിദ്യാഭ്യാസം നേടി. 

മറ്റുള്ള യുവാക്കള്‍ക്കൊപ്പം ശേഖറും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും, ക്രിക്കറ്റും വോളീബോളും കളിച്ചും, അടുത്ത കടകളില്‍ നിന്ന് ഭക്ഷണം കഴിച്ചും നടക്കുന്നു. സ്വന്തം ഭാവിയെക്കുറിച്ച് ഈ അടുത്താണ് ഇവര്‍ ചിന്തിക്കാന്‍ തുടങ്ങിയത്. 

ശേഖറിന്റെ സുഹൃത്തായ ലോകനാഥന്‍ ബാല പറയുന്നു.”എനിക്ക് ശ്രീലങ്കയുടെയോ ഇന്ത്യയുടെയോ ഭാഗമാണ് ഞാന്‍ എന്ന് തോന്നുന്നില്ല. ആകെ വേര്‍പിരിച്ച ഒരു അവസ്ഥയാണിത്. എനിക്കറിയില്ല എന്താണ് ചെയ്യേണ്ടതെന്ന്. അങ്ങോട്ടേക്ക് പോകാനും തോന്നും. ചിലപ്പോള്‍ പോകേണ്ടെന്നും. ശ്രീലങ്ക ഒന്ന് കാണണം എന്നുണ്ട്, അവിടെ എങ്ങിനെ ആണെന്ന് അറിയില്ലല്ലോ. എന്നാല്‍ പോയിട്ട് അവിടെ നിലനില്ക്കുന്ന പ്രശ്ങ്ങള്‍ അറിയുമ്പോള്‍ പോയിട്ടെന്തിനാ എന്നും തോന്നും.” ബാല പറഞ്ഞു നിര്‍ത്തി .

‘തനിക്ക് തിരിച്ചു പോകണ്ട’ എന്ന് ശേഖര്‍ പറയുന്നു. “ഒരു പൗരത്വം ഇല്ലാത്ത പ്രശ്നം ഉണ്ട്. അടുത്ത കൊല്ലം ഡിഗ്രി കഴിഞ്ഞു ഏയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിനു ചേരുമ്പോള്‍ അതൊക്കെ പ്രശ്‌നം ആയേക്കാം.” 

“സത്യം പറഞ്ഞാല്‍ എന്റെ ഭാവിയെ ഓര്‍ത്തു എനിക്ക് പേടി ഉണ്ട്. എനിക്ക് ഒരു ജോലി കിട്ടിയാല്‍ പോലും, അഭയാര്‍ത്ഥി എന്ന വിശേഷണം ഒരു ബാധ്യത ആകും. ഞങ്ങളെ ആരും വിശ്വാസത്തില്‍ എടുക്കില്ല. ഇന്ത്യയെ ആണ് ഞാന്‍ സ്‌നേഹിക്കുന്നത് എങ്കിലും ഇതാണ് എന്റെ സ്വദേശം എന്ന് പറയാന്‍ പോലും എനിക്ക് സാധിക്കില്ല.” ശേഖര്‍ പറഞ്ഞു നിര്‍ത്തുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍