UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുവിന്റെ അടുത്തായാലും സ്വന്തം ഡിഗ്നിറ്റി കളയരുത്: ശ്രീ എം / അഭിമുഖം

Avatar

മുസ്ലിം പാരമ്പര്യത്തില്‍ നിന്നും ആത്മീയതയുടെ വിശാലതയിലേക്കു സ്വയം വെട്ടിയ ഒരു പാതയാണ് ശ്രീ എം. പാരമ്പര്യ സന്യാസരൂപങ്ങള്‍ക്ക് വിരുദ്ധമായി, ഗൃഹസ്ഥാശ്രമിയായി നിന്നുകൊണ്ടു തന്നെ, കാഷായവസ്ത്രങ്ങളുടെ ആര്‍ഭാടമില്ലാതെ തന്റെ സഹജീവികള്‍ക്കായി പ്രത്യാശയുടെ യാത്ര തുടരുന്നൊരാള്‍…

ആരാണ് ശ്രീ എം
1948-ല്‍ തിരുവനന്തപുരത്ത് മുസ്ലിം കുടുംബത്തില്‍ ജനിച്ച അദ്ദേഹം കുട്ടിക്കാലം മുതല്‍ക്കു തന്നെ ആത്മീയ പാതയില്‍ ആകൃഷ്ടനായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പേര് മുംതാസ് അലി. 19- മത്തെ വയസ്സില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഹിമാലയത്തിലേക്ക് യാത്രയാവുകയായി. തുടര്‍ന്ന് ശ്രീ മഹേശ്വര്‍നാഥ് ബാബാജിയെ കണ്ടെത്തുകയും വര്‍ഷങ്ങള്‍ അദ്ദേഹത്തോടൊപ്പം പഠനത്തിനായി ചെലവഴിക്കുകയും തുടര്‍ന്ന് ഗുരുവിന്റെ നിര്‍ദ്ദേശം പ്രകാരം ജനത്തിനിടയിലേക്ക് എത്തുകയുമായിരുന്നു.

യോഗി എം, ശ്രീ എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകള്‍ ആണ് അദ്ദേഹത്തിന്.

മാനവ് ഏകതാ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പ്രത്യാശയുടെ പദയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരിയില്‍ മുതല്‍ ശ്രീനഗര്‍ വരെ 7500 കിലോമീറ്റര്‍ നടന്നുള്ള ആ യാത്ര ജാതി, മതഭേദമന്യേ സമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. 

ആത്മീയതയെന്ന പുകമറയ്ക്ക് പിന്നില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ പോരാടുകയും ചെയ്യുന്ന ഈ കാലത്ത് എന്താണ് ആത്മീയത എന്നുള്ള ചോദ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ സാഹചര്യത്തില്‍ ആത്മീയതയെക്കുറിച്ച് അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വി. ഉണ്ണികൃഷ്ണന്‍, ശ്രീ എം-മായി സംസാരിക്കുന്നു

ഉണ്ണി: എല്ലാവരും ഗുരുക്കന്മാര്‍ ആകുന്ന കാലഘട്ടമാണിത്. ആത്മീയതയില്‍ ആകൃഷ്ടരാകുന്നവര്‍ പലരും പല തരത്തില്‍ കബളിപ്പിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടിന്ന്. യഥാര്‍ത്ഥ ആത്മീയത എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങനെ തിരിച്ചറിയാം?

 

ശ്രീ എം: പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊരു സംശയം ഉണ്ടാവുന്നതില്‍ യാതൊരു തെറ്റുമില്ല. അത് വരേണ്ടതുമാണ്.

സ്പിരിച്ച്വലി  ഡെവലപ്പ്‌ഡ് ആയ ആളുകള്‍ അവരുടെ ഗുരുക്കന്മാരെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫോളോവേഴ്സിനെ എക്സ്പ്ലോയിറ്റ് ചെയ്യാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. അത് സൂക്ഷിക്കേണ്ട ഒന്നാണ്.

ആത്മീയപാതയില്‍ ഉള്ള ഒരു വ്യക്തി അതിന്റെതായ ബാഹ്യ ആഡംബരങ്ങള്‍ കാട്ടണം എന്ന് ഒരു നിര്‍ബന്ധവുമില്ല. അത്തരം ഒന്ന് കാണുകയാണെങ്കില്‍ അല്‍പ്പം സംശയിക്കണം.

ഡിമാന്‍ഡ് അനുസരിച്ച് എല്ലാം ലഭിക്കുന്ന ലോകമാണ് ഇത്. ആവശ്യത്തിനനുസരിച്ച് സപ്ലൈ ചെയ്യാന്‍ ആളുകളും ഉണ്ട്. അതാണ് പ്രധാന കാരണം. പക്ഷേ ആത്മീയത വില്‍ക്കാന്‍ സാധിക്കില്ല.

പക്ഷേ ഇന്നിതൊരു ഇന്‍ഡസ്ട്രിയായി വളര്‍ന്നിരിക്കുകയാണ്.

ഒരുദാഹരണം പറയാം.

ഞാന്‍ താങ്കളെ ഒരു സ്പിരിച്വല്‍ ടെക്നിക് പഠിപ്പിച്ചു. ആറു മാസം കഴിയുമ്പോള്‍ താങ്കള്‍ കുറച്ച് ആളുകളെ വിളിച്ചു ചേര്‍ത്ത് ആ ടെക്നിക് പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങി. അതിനൊരു ഫീസ്‌ ഉണ്ട്. കുറച്ചു ഫീസ്‌ കൈയ്യില്‍ വച്ച ശേഷം മിച്ചമുള്ളത്‌ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് അയക്കുകയും ചെയ്തു. അപ്പോള്‍ ഒരു നെറ്റ്വര്‍ക്കും ഒരു ഫ്രാഞ്ചൈസും ആവും, ഇന്‍സ്റ്റിറ്റ്യൂഷന്‍ വളരുകയും ചെയ്യും, പൈസ ഉണ്ടാവുകയും ചെയ്യും. അതാണ്‌ ലക്ഷ്യവും. ഇതാണ് ഇന്ന് നടക്കുന്നത്. അത് ആത്മീയതയല്ല.

നമ്മള്‍ പകര്‍ന്നു നല്‍കുന്ന ജ്ഞാനം അഞ്ചു പേര്‍ ഗൌരവത്തോടെ ജീവിതത്തില്‍ പകര്‍ത്തുകയാണെങ്കില്‍ ഒരുപാടു മാറ്റങ്ങള്‍ ഈ ലോകത്ത് വരും. എന്നാല്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ വഴിയാണ് അത്. പക്ഷേ എല്ലാവര്‍ക്കും പ്രിയം എളുപ്പവഴികളാണ്. അത്തരം വഴികള്‍ തേടുന്നവര്‍ ചെന്നെത്തുക മേല്‍പ്പറഞ്ഞതുപോലെ ഡിമാന്റിനനുസരിച്ചു സപ്ലൈ ചെയ്യുന്നവരുടെ അടുത്താണ്.

ഗുരു, പട്ടൊക്കെ വിരിച്ച് സിംഹാസനത്തില്‍ ഇരിക്കുന്നു. ശിഷ്യരായിട്ടുള്ളവര്‍ മുട്ടില്‍ ഇഴഞ്ഞു പുഴുക്കളെപ്പോലെ ചെല്ലുന്നു. അങ്ങനെയുള്ള കാഴ്ചകള്‍ നമ്മള്‍ ദിനവും കാണുന്നു. അതില്‍ തെറ്റ് ചെയ്യുന്നത് ഗുരുവല്ല, ഫോളോവേഴ്സ് തന്നെയെന്നേ ഞാന്‍ പറയൂ. ഗുരുവിനോടായാലും മറ്റ് ആരോടായാലും അവനവന്റെ ഡിഗ്നിറ്റി കളഞ്ഞു കുളിക്കരുത്.

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ചോദിച്ചു, അഞ്ചു പേരെ എനിക്ക് തന്നാല്‍ ഞാന്‍ ലോകത്തെ മാറ്റിക്കാണിച്ചുതരാം എന്ന്. അതായത് അതിന്റെ അര്‍ഥം അത്തരത്തിലുള്ള അഞ്ചു പേരെ അദ്ദേഹത്തിനു കിട്ടിയില്ല എന്നുതന്നെയാണ്.

ഉണ്ണി: ആത്മീയത ഒരു കച്ചവടരീതിയായി മാറിയിരിക്കുകയാണ്. ആത്മീയത ഉല്‍പ്പന്നങ്ങളായി മാര്‍ക്കറ്റുകളില്‍ എത്തുന്നു. സ്പിരിച്വല്‍ നൂഡില്‍സ് വരെയുണ്ട് ഇപ്പോള്‍. എന്തുകൊണ്ടാണ് അങ്ങനെയൊരു മാറ്റം?

ശ്രീ എം: ഇന്ത്യയുടെ സ്ഥിതിയനുസരിച്ച് ഒരാള്‍ വേഷം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഒരു ഗുരുവായി പ്രസ്ന്റ്റ് ചെയ്‌താല്‍ മറ്റുള്ളവര്‍ അയാളെ ആരാധിക്കാന്‍ ആരംഭിക്കും. അതോടെ ഗുരുവായി അവരോധിക്കപ്പെടുന്ന വ്യക്തിക്കും സെല്‍ഫ് എസ്റ്റീം കൂടും. ആരാധകരുടെ എണ്ണം കൂടുന്നതോടെ അത് വര്‍ധിക്കും. അവര്‍ ഇയാളെ ദൈവമായി കാണാന്‍ തുടങ്ങുകയും ചെയ്യും.

ഒരു ദിവസം രാവിലെ എഴുനേല്‍ക്കുമ്പോള്‍ അയാള്‍ക്കും തോന്നും ഞാന്‍ ദൈവമായി എന്ന് (ചിരിയോടെ). അപ്പോള്‍ ഞാന്‍ എന്തു വേണമെങ്കിലും ചെയ്യാന്‍ തയ്യാറാവും. ഞാന്‍ ദൈവമല്ലേ, ആരാ എന്നോടു ചോദിക്കാന്‍. പിന്നെ ബിസിനസ്. ആദ്യം യോഗ, പിന്നെ പ്രാണായാമം അടുത്തതായി എണ്ണയുണ്ടാക്കാന്‍ തുടങ്ങും. കഷണ്ടിക്ക് മരുന്നുണ്ടാക്കും.

പക്ഷേ കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല എന്നുള്ളത് ഈ കക്ഷികള്‍ മറന്നുപോകും. എന്നാലും ആരും ഇത് ചോദ്യം ചെയ്യില്ല. പ്രത്യേകിച്ച് ഭരണത്തിലിരിക്കുന്നവരുമായി ബന്ധം ഉണ്ടെന്നു തോന്നിയാല്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെയാണ് ഈ സ്പിരിച്വല്‍ ബിസിനസ് വികസിക്കുന്നത്. 

ഇന്നുള്ള ഗുരുക്കന്മാരുടെ അവകാശവാദങ്ങള്‍ സത്യമെങ്കില്‍, നാച്ചുറല്‍ പ്രൊഡക്റ്റ് അവര്‍ വില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് യോഗി ചെയ്യേണ്ടവയല്ല. യോഗിയുടെ വഴിയില്‍ നിന്നും വ്യതിചലിച്ച് ബിസിനസ് പാതയിലേക്ക് എത്തുമ്പോള്‍ അയാള്‍ ഭോഗിയാകുന്നു.

ഉണ്ണി: ഹിന്ദുത്വം മാത്രമാണ് സ്പിരിച്വാലിറ്റി എന്ന് ഒരു ധാരണ ചിലപ്പോഴെങ്കിലും കണ്ടുവരാറുണ്ട്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം.

ശ്രീ എം: ആത്മീയത എല്ലായിടത്തുമുണ്ട്. ലൈഫ് ഓഫ് ക്രിസ്ത്യന്‍ മിസ്റ്റിക്സ് എക്സ്പ്ലൈന്‍ഡ്  എന്ന പുസ്തകം വായിച്ചിരിക്കേണ്ട ഒന്നാണ്. പിന്നെ സെന്റ്‌ ഫ്രാന്‍സിസ് ഫ്രെസിസ്, സെന്റ്‌ ഇഗ്നേഷ്യസ് ലൊയോള, സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ എന്നിങ്ങനെ ക്രിസ്റ്യാനിറ്റിയില്‍ എത്ര സെയിന്റ്സ് ഉണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ആത്മീയ ചിന്തകളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഇസ്ലാം മതമെന്നത് തന്നെ ഒരാളുടെ മിസ്റ്റിക്കല്‍ എക്സ്പീരിയന്‍സുകളില്‍ ബേസ് ചെയ്താണ് ഉണ്ടായത്. അദ്ദേഹം ഒരു മിസ്റ്റിക് ആണ്. സൂഫികള്‍ എത്രപേര്‍ ഉണ്ടായിട്ടുണ്ട്. ജലാലുദീന്‍ റൂമി തൊട്ട്, ഖലീലുദീന്‍ അക്തര്‍ തൊട്ട് എത്രപേര്‍. ബുദ്ധമതത്തിലും ഉളളത് സമാനമായ ആശയങ്ങള്‍. അങ്ങനെ എല്ലാ മതവിഭാഗങ്ങളിലും.

ശ്രദ്ധിക്കേണ്ട ഒന്ന് പണ്ടത്തെ ഋഷിമാര്‍ ഇന്ത്യയില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് ആത്മീയതയ്ക്കാണ്. അതുകൊണ്ട് സ്പിരിച്വാലിറ്റിയെ ഒരുപാട് പഠിച്ചിട്ടുള്ള സ്ഥലമാണ്‌ നമ്മുടേത്.

ഹിന്ദു സിസ്റ്റം ഓഫ് തോട്ട്സ് എന്ന രീതിയില്‍ കണക്കിലെടുത്താല്‍ മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട്സ് ആണ് ഉള്ളത്. ഒരു ബുക്കോ ഒരു ടീച്ചറോ ഇല്ല ആ സിസ്റ്റത്തില്‍. പല ഋഷിമാര്‍ പല തരത്തില്‍ ഇതിനെ വിശകലനം ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ കോണ്‍ട്രഡിക്റ്ററി ആയിപ്പോലും. പക്ഷേ അതും അംഗീകരിക്കപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ആത്മീയത ഒന്നിന്റെ മാത്രം ഭാഗമാണ് എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.

ഉണ്ണി: സ്പിരിച്വല്‍ ലൈഫ്-നോര്‍മല്‍ ലൈഫ് എന്നിങ്ങനെ രണ്ടു വിധത്തില്‍ കാറ്റഗറൈസ് ചെയ്യപ്പെട്ടിട്ടുണ്ടോ?  

ശ്രീ എം: ഇത് രണ്ടും നമ്മുടെ മാത്രം ടേംസ് ആണ്. സ്പിരിച്വല്‍ എന്ന് പറഞ്ഞാല്‍ തന്നെ അതിന്റെ അര്‍ഥം നോര്‍മല്‍ ലൈഫില്‍ ജീവിക്കുമ്പോള്‍ ട്രാന്‍സെന്‍ഡ് ചെയ്ത് ജീവിക്കുക എന്ന് തന്നെയാണ്. അതില്‍ ഒരു വെര്‍ട്ടിക്കല്‍ ഡിവിഷന്‍ ഉണ്ടാക്കി വച്ചിരിക്കയാണ്. ഡെയിലി ലൈഫില്‍ സ്പിരിച്വല്‍ പ്രാക്റ്റീസ് പിന്തുടരാതിരുന്നാല്‍ അതൊരു ഫുള്‍ ഫ്ലഡ്ജ്ഡ് സ്പിരിച്വല്‍ ജേര്‍ണി ആണെന്ന് പറയാന്‍ പറ്റുമോ? ഞാന്‍ ഗുഹയില്‍ തപസ് ചെയ്യുമ്പോള്‍ മാത്രെമേ  ആത്മീയത ഉപയോഗിക്കൂ, പുറത്തു വരുമ്പോള്‍ പറ്റില്ല എന്നത് തികച്ചും വിരുദ്ധമായ ഒന്നാണ്. എനിക്ക് അവിടെ ഉണ്ടായ അനുഭവം, എനിക്ക്  ലഭിച്ച ജ്ഞാനം ഞാന്‍ പ്രാക്റ്റിക്കലായി ഈ ലോകത്ത് പ്രസന്‍റ്റ് ചെയ്‌താല്‍ മാത്രമേ അത് ആത്മീയത എന്ന് പറയാനാകൂ.

 

പ്രകൃതിയോടുള്ള പരിഗണന, ദയ, സഹജീവികളെ സഹായിക്കാനുള്ള മനസ്സ് ഇതൊക്കെ ആത്മീയ വികാസത്തിന്റെ ഭാഗമാണ്. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ ആത്മീയത ഒന്നുമല്ല. ഇത്തരം അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ മാത്രമേ നമുക്കാകൂ. പ്രവര്‍ത്തികമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. അതുകൊണ്ട് അങ്ങനെ ഒരു ഡൈക്കോട്ടമി ഇല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഉണ്ണി: ആത്മീയയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഗുരുവിനെ നമ്മള്‍ തേടാറുണ്ട്. എങ്ങനെ ഒരു നല്ല ഗുരുവിനെ തെരഞ്ഞെടുക്കാം?

ശ്രീ എം: ഗുരു നമ്മളെ തെരഞ്ഞെടുക്കുകയാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ കണ്ടെത്തുന്ന ഗുരുക്കന്മാര്‍ ഒക്കെ കുഴപ്പമാവുകയാണ് പതിവായി. ജെനുവിന്‍ ആയിട്ടുള്ള ഒരു ആത്മീയാചാര്യന്‍, ഒരു ഗുരു എപ്പോഴും തന്റെ അറിവ് പകര്‍ന്നു നല്‍കാന്‍, പരിശീലനം നല്‍കാന്‍ ഒരു ശിഷ്യനെ തിരഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ ഒരു കൂട്ടം ആള്‍ക്കാരെ കണ്ടെത്തുമ്പോഴാണ് ഗുരു അറിവ് പകരുന്നത്.

അതിനര്‍ത്ഥം ഗുരുവിനെ തിരയണ്ട എന്നല്ല.വളരെ ശ്രദ്ധയോടെ വേണം, വീണു പോകരുത്. നേരത്തേ പറഞ്ഞതു പോലെ ബാഹ്യ ആഡംബരങ്ങളില്‍ വീണുപോകരുത്. കാരണം ജനുവിന്‍ ആയിട്ടുള്ള ഗുരു ഒരിക്കലും ശിഷ്യരെ വര്‍ദ്ധിപ്പിക്കുന്ന ബിസിനസില്‍ ഉണ്ടാവില്ല. എത്രത്തോളം കുറഞ്ഞിട്ടുണ്ടോ  അത്രത്തോളം നല്ലത്.

ഉണ്ണി: ആത്മീയതയോട് ഇന്നത്തെ യുവത്വം മുഖം തിരിക്കുന്നുണ്ടോ?

ശ്രീ എം: വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ ലഭിക്കുകയാണെങ്കില്‍ ഇന്നത്തെ യുവത്വം തീര്‍ച്ചയായും ആത്മീയതയെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കും. പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനാലാണ് അവര്‍ ഒരു അകലം പാലിക്കുന്നത്.

നമ്മുടെ മുടിയൊക്കെ നരച്ചു. കുറച്ചു വര്‍ഷം കൂടി കാണും, അതു കഴിഞ്ഞാല്‍ പോകും. ഇനി യുവതയാണ് ഭാവിയെ നയിക്കേണ്ടത്. 

ആത്മീയതയുടെ വിത്ത് പാകേണ്ടത് യുവതയുടെ മനസ്സിലാണ്. അവിടെയാണ് അത് വളരേണ്ടത്. എന്നാല്‍ മാത്രമേ ലോകത്തിന്റെ ഭാവി സുരക്ഷിതമാവുകയുള്ളൂ. ആ വിത്ത് വിതയ്ക്കുകയാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി.

ഉണ്ണി: അങ്ങയുടെ ആത്മീയജീവിതത്തിലെ വഴിത്തിരിവായിരുന്നല്ലോ ഹിമാലയത്തിലെ ‘ട്രെയിനിംഗ് പീരീഡ്‌’ അതെക്കുറിച്ച് പറയാമോ? 

ശ്രീ എം: അതേ, അതിനെ ട്രെയിനിംഗ് പീരീഡ്‌ എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ഞാന്‍ ഹിമാലയത്തില്‍ എത്തിയത്  19-മത്തെ വയസ്സിലാണ്. മൈന്‍ഡ് വളരെ ഫ്രഷ് ആയുള്ള ഒരു അവസ്ഥയായിരുന്നു അന്ന്. പക്ഷേ അതിനു മുന്‍പ് തന്നെ ആത്മീയതയുമായി ബന്ധപ്പെട്ട ഏറെ വിവരങ്ങള്‍ ഞാന്‍ പലയിടങ്ങളില്‍ പലരില്‍ നിന്നും ശേഖരിച്ചിരുന്നു. അക്കാലത്ത് സുഹൃത്ത് രഞ്ജിത്തും കൂടി മോട്ടോര്‍ സൈക്കിളില്‍ കന്യാകുമാരിയിലും മായി അമ്മയെ കാണാനും നൈനാ സ്വാമി, അദ്വൈതാശ്രമം എന്നിങ്ങനെ യാത്രയായിരുന്നു. അങ്ങനെ കുറെയേറെ ഇന്‍പുട്ട്സ് കിട്ടിക്കഴിഞ്ഞിരുന്നു; എങ്കിലും പ്രാക്റ്റിക്കല്‍ ആയ ഒരു എക്സ്പീരിയന്‍സ് ആയിരുന്നു മിസ്സിംഗ്. അതു തേടിയാണ് ഞാന്‍ ഹിമാലയത്തില്‍ എത്തിയത്. എനിക്ക് കിട്ടിയത് അതിനു പറ്റിയ ഒരു ഗുരുവിനെത്തന്നെയായിരുന്നു. ഗുരു മഹേശ്വര്‍നാഥ് ബാബാജി. നാഥ്‌ സമ്പ്രദായത്തില്‍ നിന്നുമാണ് അദ്ദേഹം. എന്നാല്‍ ആ ഒരു സമ്പ്രദായത്തില്‍ മാത്രം ഒതുങ്ങി ഒരു ക്രിസ്റ്റലൈസ്ഡ് ആയ ഒരു മനുഷ്യന്‍ ആയിരുന്നില്ല. വളരെ എക്സ്പാന്‍ഡഡ് ആയ ഒരു വ്യക്തിത്വമായിരുന്നു.

അദ്ദേഹം എന്നെ പഠിപ്പിച്ച രീതി വളരെ മോഡേണ്‍ ആയ ഒന്നായിരുന്നു. ചോദ്യങ്ങളെ ഒരിക്കലും തടഞ്ഞിരുന്നില്ല ഗുരു. ചോദിക്കാം, ഡിസ്കസ് ചെയ്യാം, ക്രിട്ടിസൈസ് ചെയ്യാം.

ഗുരുവെന്ന ഒരു ബാനര്‍ ഇല്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം. ഒരു ആശ്രമം ഇല്ല. ഒരു ഓര്‍ഗനൈസേഷന്‍ ഇല്ല, വാഹനത്തില്‍ കയറില്ല. എവിടേക്ക് ആണെങ്കിലും അദ്ദേഹം നടന്നേ പോകൂ. അങ്ങനെ ഏറെ പ്രത്യേകതകള്‍.

വാക്ക് ഓഫ് ഹോപ്പിന്റെ വിത്ത്‌ ലഭിക്കുന്നത് അവിടെനിന്നുമാണ്‌. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ നടന്നു പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. ഉപനിഷദ് ഒക്കെ പഠിച്ചത് ഒരു ക്ലാസ്സായി അല്ല. യാത്രക്കിടയില്‍ ഏതെങ്കിലും നദിയുടെ തീരത്ത് ഇരിക്കും.

‘അഗര്‍ തും അപ്നെ മന്‍മേ സോച് രഹേഹോ കി മേ യേ ഹൂം, വോ ഹൂം… ഇസ്മേ സച് കൌന്‍സാ ഹേ?’

അതായത് നീ നിന്റെ മനസ്സില്‍ ചിന്തിക്കുന്നു ഞാന്‍ അതാണ്‌, ഇതാണ് എന്നൊക്കെ… എന്നാല്‍ അതിന്റെ വാസ്തവം എന്താണ്?

ഇങ്ങനെയൊക്കെ ഓരോന്ന് പെട്ടന്ന് ചോദിച്ച് നമ്മളെ ഷോക്ക് ചെയ്തു കളയും. പിന്നെ കാര്യങ്ങള്‍ പറഞ്ഞുതരും.

ഇങ്ങനെയാണ് ഓരോന്നും പഠിച്ചത്.

ഇന്നത്തെക്കാലത്ത് അത്തരത്തില്‍ ഉള്ള ഒരു ടീച്ചിംഗ് മെത്തേഡ് കണ്ടെത്താന്‍ പ്രയാസമാണ്. നമ്മുടെ സ്കൂളുകളില്‍ പലതിലും ഫോളോ ചെയ്യുന്നത് തികച്ചും ഓര്‍ത്തഡോക്സ് ആയ ഒരു സിസ്റ്റം ആണ്. മുന്‍ബഞ്ചില്‍ ഇരിക്കുന്നവന്‍ ചോദ്യത്തിനുത്തരം പറഞ്ഞാല്‍ അവന്‍ മിടുക്കന്‍. പിറകില്‍ ഇരിക്കുന്നവന്‍ പറയാന്‍ മടിച്ചതിനു കാരണം ഉത്തരം ശരിയാണോ തെറ്റാണോ എന്നുള്ള സംശയം കാരണമാവാം. എന്നാല്‍ അവനെ ഡള്‍ സ്റ്റുഡന്റ് ആയി വിധിയെഴുതും.

ചോദ്യം അകത്ത് സെറ്റില്‍ ചെയ്യാന്‍ സമ്മതിക്കില്ല. ആരും ആരെയും കേള്‍ക്കാന്‍ തയ്യാറല്ല എന്നുള്ളതാണ് ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്നം. ആര്‍ക്കും സമയമില്ല, തിരക്കാണ്.

രണ്ടാമത്തേത് എല്ലാരും ഗുരുക്കന്മാരാണ്. ശിഷ്യര്‍ ഇല്ല.

എന്നാല്‍ ഗുരുവിനോടോത്തുള്ള ആ കാലം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

ഉണ്ണി: കഴിഞ്ഞ കുറേക്കാലമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന മതപരമായ അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ ഐക്യത്തില്‍ തന്നെ വിള്ളല്‍ വരുത്തിയ ഒന്നാണ്. അതിനെ എങ്ങനെ വിലയിരുത്തുന്നു?

ശ്രീ എം: അസഹിഷ്ണുത മുന്‍പും ഇവിടെ നിലവിലുണ്ടായിരുന്നു. മതത്തിലേക്ക് രാഷ്ട്രീയം എത്തുകയും അത് മതത്തിന്റെ രാഷ്ട്രീയം ആകുകയും ചെയ്യുന്നു. അടുത്ത കുറച്ചു കാലങ്ങളായാണ് അത് പുറത്തേക്ക് എത്തിയത് എന്നേയൂള്ളൂ. എങ്കിലും പ്രതീക്ഷ കൈവിടേണ്ട സമയം ആയിട്ടില്ല. മതം എന്നതിനപ്പുറത്തേക്ക് മനുഷ്യര്‍ ഒരുമിച്ചാല്‍ തീരാവുന്ന ഒന്നേയുള്ളൂ പ്രശ്നങ്ങള്‍.

ഉണ്ണി: മുസ്ലിം പശ്ചാത്തലത്തില്‍ നിന്നാണല്ലോ ആത്മീയതയിലേക്കെത്തുന്നത്. പ്രത്യേകിച്ചും മതപരമായ അതിരുകള്‍ ശക്തമായിരുന്ന കാലഘട്ടത്തില്‍. എന്തൊക്കെ പ്രശ്നങ്ങളാണ് അന്ന് നേരിട്ടിരുന്നത്? 

ശ്രീ എം: പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് മുസ്ലിം പശ്ചാത്തലം ആയതു കൊണ്ടു മാത്രമല്ല. അതൊരു ഭാഗം മാത്രം. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും അത്ര പ്രോത്സാഹനം ഉണ്ടായിരുന്നില്ല. അവര്‍ക്ക് മക്കള്‍ പൂര്‍ണ്ണമായും ആത്മീയതയിലേക്ക് വരുന്നത് അത്ര ദഹിച്ചിരുന്നില്ല. അത് ഏതു മതത്തതിലായിരുന്നാലും ശരി. പ്രത്യേകിച്ചും കുടുംബത്തിലെ ഒറ്റക്കുട്ടി ആണെങ്കില്‍ പ്രശ്നം വഷളാകും.

(അടുത്തിരുന്ന സുഹൃത്തിനെ ചൂണ്ടിക്കാട്ടി)

ഇദ്ദേഹം കുടുംബത്തിലെ ഒറ്റ മകന്‍ ആയിരുന്നു. ധ്യാനിച്ച് ഒരു നീല ലൈറ്റ് ഒക്കെ കണ്ടു തുടങ്ങി. ഒരു ദിവസം അയാളുടെ അമ്മ റൂമില്‍ എത്തിയപ്പോള്‍ മകന്‍ ഇരുന്നു ധ്യാനിക്കുകയാണ്. ഒറ്റ മകന്‍, പ്രോപ്പര്‍ട്ടി എല്ലാം ഇവന്റെയാണ്. നീല വെളിച്ചം ഒക്കെ കണ്ടെന്നു പറയുന്നു. അവര്‍ ആകെ ടെന്‍ഷനിലായി. സമാനമായ അവസ്ഥയാണ്‌ മറ്റു പലയിടത്തും കാണാന്‍ കഴിയുക.

ഞാന്‍ ആദ്യമായി ദുബായില്‍ ഭഗവദ് ഗീതാ പ്രഭാഷണത്തിനായി പോയപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. എടോ ഇയാള്‍ അവിടെപ്പോയി ഭഗവദ് ഗീതയെക്കുറിച്ചൊക്കെ സംസാരിക്കാന്‍ പോയാല്‍ അറബികള്‍ എല്ലാം കൂടെ അടിച്ചു കൊല്ലും. അവരുടെ മതവിശ്വാസത്തിന് എതിരാണ് എന്നൊക്കെ. ഇപ്പോള്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ്‌ ഞാന്‍ അവിടെ പോകുന്നത്.

 

വാക്ക് ഓഫ് ഹോപ്പ്
നാനാത്വത്തില്‍ ഏകത്വം എന്നുള്ളത് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഇവിടെ ജീവിക്കുന്നു. ചിലപ്പോഴൊക്കെ അതില്‍ തടസ്സങ്ങള്‍ നേരിടുന്നു. ആ വിഷയം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്ത് ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെയാണ് ഞാന്‍ അതെക്കുറിച്ച് ആലോചിക്കുന്നത്. തുടര്‍ന്ന് സമാനമായി ചിന്തിക്കുന്ന കുറച്ചുപേര്‍ എന്നോടൊപ്പം ചേര്‍ന്നു. അങ്ങനെയാണ് വാക്ക് ഓഫ് ഹോപ്‌ ഉണ്ടാകുന്നത്. ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ക്കൂടി യാത്ര കടന്നു പോയി. എല്ലായിടത്തും നല്ല സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. യാത്രയിലുണ്ടാകുന്ന വിഷമതകള്‍, ആശ്ചര്യദായകമായ സംഭവങ്ങള്‍, കാഴ്ചകള്‍, പുതിയ അനുഭവങ്ങള്‍ എന്നിവയൊക്കെ ഓരോരുത്തരേയും പരിവര്‍ത്തനത്തിനു വിധേയരാക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍