UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്‌കൂളിലെ അറബി പഠനം കണ്ടുപിടിക്കാന്‍ ശ്രീരാമസേനക്കാരുടെ റെയ്ഡ്

അഴിമുഖം പ്രതിനിധി

സ്‌കൂളില്‍ അറബിക് പഠനം നടക്കുന്നുണ്ടോയെന്നറിയാന്‍ ശ്രീരാമ സേനയുടെ റെയ്ഡ്. മംഗളൂരുവിലെ ഉള്‍പ്രേദശേത്തു സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലായിരുന്നു അറബി ഭാഷ പഠിപ്പിക്കുന്നുണ്ടോയെന്നറിയാന്‍ ശ്രീരാമസേനക്കാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

നീര്‍മാര്‍ഗയയ്ക്കടുത്തുള്ള ബോന്‍ഡാന്റില സെന്റ്. തോമസ് ഹയര്‍ പ്രൈമറി സ്‌കൂളില്‍ ശനിയാഴ്ച രാവിലെയാണ് നാപ്പതോളം വരുന്ന ശ്രീരാമസേന പ്രവര്‍ത്തകരുടെ മിന്നല്‍ സന്ദര്‍ശനം. ഏതാനും മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ ഒപ്പം കൂട്ടിയിരുന്നു.

ക്ലാസ് മുറികളിലേക്ക്കടന്നു കയറിയ പ്രവര്‍ത്തകര്‍ കുട്ടികളുടെ നോട്ട് ബുക്കുകള്‍ പിടിച്ചുവാങ്ങി അറബി പഠനം നടക്കുന്നുണ്ടോയെന്നു പരിശോധന നടത്തി.

സ്‌കൂളില്‍ നിര്‍ബന്ധിത അറബി പഠനം നടക്കുന്നതായി മാതാപിതാക്കളുടെ പരാതി കിട്ടിയതുകൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്നാണ് ശ്രീരാമ സേന നേതാവ് ആനന്ദ് ഷെട്ടി പറയുന്നത്. എല്ലാ ശനിയാഴ്ച്ചയും രാവിലെ ഒമ്പതു മുതല്‍ പത്തുവരെ കുട്ടികളെ നിര്‍ബന്ധിച്ച് അറബിയും ഉര്‍ദുവും പഠിപ്പിക്കുകയാണെന്നാണ് പരാതി. പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്താത്ത ഒന്നും കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ചു പഠിപ്പിക്കാന്‍ അനുവദിക്കില്ല; ആനന്ദ് ഷെട്ടി പറഞ്ഞു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മെല്‍വിന്‍ ബ്രാഗ്‌സ് പറയുന്നത്; കഴിഞ്ഞ നാലു കൊല്ലമായി സ്‌കൂളില്‍ ജര്‍മന്‍, ഫ്രഞ്ച്, അറബിക് ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം നടന്ന അധ്യാപക-രക്ഷകര്‍ത്തായോഗത്തില്‍ ഉയര്‍ന്ന തീരുമാനപ്രകാരം ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളുടെ പഠനം നിര്‍ത്തലാക്കി. എന്നാല്‍ അറബി ഭാഷാപഠനം തുടരാനും കുട്ടികള്‍ക്ക് കരാട്ടെ പരിശീലിനം നല്‍കാനും എല്ലാവരും സമ്മതം പ്രകടിപ്പിച്ചതാണ്. വെള്ളിയാഴ്ചയാണ ്കരാട്ടെ പരിശീലനം. ശനിയാഴ്ച അറബിക് പഠനം. ഈ ക്ലാസില്‍ പങ്കെടുക്കണമോയെന്നത് കുട്ടികളുടെ തീരുമാനമാണ്. ആറും ഏഴു ക്ലാസുകളിലായി 59 കുട്ടികള്‍ ഉള്ളതില്‍ 40 പേരോളം മാത്രമാണ് ഈ ക്ലാസില്‍ പങ്കെടുക്കുന്നതും. മിക്കവാറും ദിവസങ്ങളില്‍ ഹാജര്‍ നില വളരെ പരിതാപകരവുമായിരിക്കും. ആരെയും നിര്‍ബന്ധിച്ച് അറബി പഠനം നടത്തുന്നില്ലെന്നും ഹെഡ്മാസ്റ്റര്‍ പറയുന്നു.

അവര്‍ക്ക് ഈ കാര്യവുമായി ബന്ധപ്പെട്ട് എന്നോട് സംസാരിക്കാമായിരുന്നു, അതിനുപകരം ക്ലാസ് മുറികളിലേക്ക് ഇരച്ചു കയറുകയായിരുന്നു. വന്നവരില്‍ ഈ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്നവരും ഉണ്ടായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സകൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാംഗ്ലൂര്‍ റൂറല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എന്‍ എസ് ശ്രുതി സ്‌കൂള്‍ സന്ദര്‍ശിക്കുകയും അധികൃതരില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. സ്‌കൂളില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

എന്നാല്‍ തങ്ങള്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും സ്‌കൂള്‍ നടത്തിപ്പുകാരുടെ ചെയ്തികള്‍ കൈയോടെ പിടികൂടാനാണ് ശ്രമിച്ചതെന്നും ആനന്ദ് ഷെട്ടി പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍