UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീശ്രീ രവിശങ്കറിന്റെ സാംസ്‌കാരികോത്സവത്തിന് സോപാധിക അനുമതി

അഴിമുഖം പ്രതിനിധി

ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഡല്‍ഹിയില്‍ യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിന് സോപാധികളോടെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. അഞ്ചു കോടി രൂപ സംഘാടകര്‍ പിഴ അടയ്ക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. പാരിസ്ഥിതികാഘാത ഭീഷണി നിലനില്‍ക്കവേയാണ് ഈ ആഴ്ചയവസാനം നടക്കുന്ന പരിപാടിക്ക് ട്രൈബ്യൂണല്‍ രണ്ടു ദിവസത്തെ വാദത്തിന് ഒടുവില്‍ അനുമതി നല്‍ിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ഭീഷണികളുമുണ്ട്.

ഡല്‍ഹി വികസന അതോറിറ്റിയും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കൂടാതെ ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കാതിരിക്കുകയും വേണം.

നേരത്തെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ട്രൈബ്യൂണല്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകളോട് കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. പരിപാടിക്ക് അനുമതി നല്‍കാന്‍ കേന്ദ്ര, സംസ്ഥാന അധികൃതര്‍ വഹിച്ച പങ്കിനേയും ട്രൈബ്യൂണല്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസമാണ് യമുന തീരത്ത് സാംസ്‌കാരികോത്സവം നടത്തുന്നത്.

ജല വിഭവ ശേഷി മന്ത്രാലയം പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്നകാര്യം ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ പരിസ്ഥിതി മന്ത്രാലയം തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനേയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. നദീ തടത്തില്‍ ആര്‍ക്കെങ്കിലും മാറ്റം വരുത്തണമെങ്കില്‍ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതല്ലേയെന്ന് ട്രൈബ്യൂണല്‍ ആരാഞ്ഞു. നദിയെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. നാശനഷ്ടങ്ങള്‍ തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ട്രൈബ്യൂണല്‍ മന്ത്രാലയത്തോട് ചോദിച്ചു.

യോഗ, ധ്യാനം, പ്രാര്‍ത്ഥന, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി യമുന തീരത്തെ ആയിരത്തിലധികം ഏക്കര്‍ ഭൂമിയാണ് സംഘാടകര്‍ താല്‍ക്കാലിക ഗ്രാമമായി മാറ്റിയെടുത്തത്. ഇതിനായി കൃഷി ഭൂമിയും വ്യാപകമായി നശിപ്പിച്ചിരുന്നു. 35,000 കലാകാരന്‍മാരും 150 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും പങ്കെടുക്കുന്ന പരിപാടിക്കായി ഏഴ് ഏക്കര്‍ വിസ്തീര്‍ണമുള്ള സ്റ്റേജാണ് നിര്‍മ്മിച്ചത്. ഇത്രയും പേര്‍ക്കുള്ള സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.

നദീതടം നശിപ്പിച്ചു കൊണ്ടുള്ള പരിപാടിക്ക് അനുമതി നല്‍കിയതിന് പാര്‍ലമെന്റില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു. കൂടാതെ പരിപാടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സൈന്യത്തെ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിച്ചതും പ്രതിപക്ഷം ചോദ്യം ചെയ്തു.

വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് രവിശങ്കര്‍ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. നദീതടത്തില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് ആര്‍ട്ട് ഓഫ് ലിവിങ് അവകാശപ്പെടുന്നതെങ്കിലും താല്‍ക്കാലിക പാലങ്ങളും മൊബൈല്‍ ടവറുകളും പാര്‍ക്കിങ് ഏര്യയും മറ്റും നിര്‍മ്മിക്കുന്നുണ്ട്.

നദീ തടത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ളതായി ട്രൈബ്യൂണല്‍ നിയമിച്ച വിദഗ്ദ്ധരുടെ സമിതി കണ്ടെത്തിയിരുന്നു. 100 മുതല്‍ 120 കോടി രൂപവരെ ഈ നാശനഷ്ടം നികത്താന്‍ വേണ്ടി വരുമെന്ന് കമ്മിറ്റിയംഗങ്ങള്‍ വിലയിരുത്തിയിരുന്നു. വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍