UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീ ശ്രീ രവിശങ്കര്‍: വലതുപക്ഷത്തിന്റെ അതിജീവനതാളം- ഫ്രൈഡേ റിവ്യൂ

ടീം അഴിമുഖം

കോണ്‍ഗ്രസും പിന്നെ ഒരു പശുവും ചേര്‍ന്നതാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്നു പറഞ്ഞത് അരുണ്‍ ഷൂരിയാണ്. ദി എക്കണോമിസ്റ്റ് എന്ന മാസിക പറയുന്നത് ബി ജെ പി ഇപ്പോള്‍ ‘കോണ്‍ഗ്രസും ഒരു പതാക’യും ചേര്‍ന്നതാണെന്ന്. നിങ്ങള്‍ എവിടെ നില്ക്കുന്നു, എങ്ങനെ സര്‍ക്കാരിനെ നോക്കിക്കാണുന്നു എന്നതിനനുസരിച്ച് മോദി സര്‍ക്കാരിനെക്കുറിച്ചുള്ള നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ മാറാം. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഏത് കോണില്‍ നിന്നു നോക്കിയാലും ഒരുകാര്യം ഉറപ്പാണ്, എന്‍ ഡി എ സര്‍ക്കാര്‍ ഒരു തനി ‘ഇന്ത്യന്‍’ സര്‍ക്കാരാണ്, കുറച്ചു ‘ഗുരു’ക്കന്‍മാര്‍ക്ക് അസാധാരണമായ സ്വാധീനമുള്ള സര്‍ക്കാര്‍.

ഗുരുക്കന്മാര്‍
മോദി സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള രണ്ടു ഗുരുക്കന്മാര്‍ ശ്രീ ശ്രീ രവിശങ്കറും രാംദേവുമാണ്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റെയാള്‍ ഹരിയാനയില്‍ നിന്നും. ഒരാള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ഭാഷകളിലും സംസാരിക്കുമ്പോള്‍ മറ്റെയാള്‍ ഹിന്ദി കഷ്ടിച്ച് സംസാരിക്കും. രണ്ടുപേരും യോഗയില്‍ തത്പരര്‍. രണ്ടുപേര്‍ക്കുമുണ്ട് ആനന്ദം തൊട്ട് ആയുര്‍വേദം വരെ വില്‍ക്കുന്ന വിജയകരമായ കൂറ്റന്‍ വ്യാപാര സാമ്രാജ്യങ്ങള്‍. നിയമവുമായി അത്ര സുഖത്തിലല്ല ഇരുകൂട്ടരും. അത്തരം ഏറ്റുമുട്ടലുകളിലൊക്കെ അവര്‍ വഴങ്ങാതെ നില്‍ക്കുകയും ചെയ്തു. എന്നിട്ടും മോദി സര്‍ക്കാരിന്റെ സര്‍വ പിന്തുണയും അവര്‍ക്കുണ്ട്. 

യു പി എ സര്‍ക്കാരിനെതിരെ അഴിമതിവിരുദ്ധ നിലപാടില്‍ ജനങ്ങളെ അണിനിരത്താന്‍ രണ്ടു ഗുരുക്കന്മാരും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. India Against Corruption മുന്നേറ്റവും അതുവഴി അരവിന്ദ് കെജ്രിവാള്‍ -അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനും ഒടുവില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍ വാഴിക്കുന്നതിലുമെത്തിയ നീക്കങ്ങളില്‍ ഇരവരുടെയും പങ്ക് നിര്‍ണായകമാണ്. 

നന്ദിസൂചകമായി അവരുടെ ആവശ്യങ്ങളും, വന്‍കിട വ്യാപാര, ആത്മീയ താത്പര്യങ്ങളും അനുവദിക്കാനും സംരക്ഷിക്കാനും മോദി സര്‍ക്കാര്‍ സദാ സന്നദ്ധവുമാണ്. 

ഈ രാഷ്ട്രീയ, ആത്മീയവ്യാപാര ബന്ധത്തിലെ ഏറ്റവും പുതിയ അധ്യായമാണ് മോദി സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെ നടക്കുന്ന, ശ്രീ ശ്രീ രവിശങ്കറിന്റെ Art of Living Foundation (AOL) സംഘടിപ്പിക്കുന്ന ആഗോള സാംസ്‌കാരിക മേള. 

തങ്ങളുടെ 35 വര്‍ഷത്തെ സേവനത്തെ കുറിക്കാന്‍ നടത്തുന്ന മേളയില്‍ സംഘാടകര്‍ ഡല്‍ഹിയിലെ യമുന നദീതീരത്ത് നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തായി ആയിരക്കണക്കിന് ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പടുകൂറ്റന്‍ വേദിയും കൂടാരങ്ങളും മറ്റ് സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. 

എന്നാല്‍ ഇത് പാരിസ്ഥിതിക ചട്ടങ്ങളെ ലംഘിച്ചു എന്നു കണ്ടെത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍, വേണ്ട മേല്‍നോട്ടം നടത്താത്തതിന് സര്‍ക്കാര്‍ ഏജന്‍സികളെ കുറ്റപ്പെടുത്തുകയും ചെയ്തു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഈ പരിപാടിയുടെ നടത്തിപ്പ് മുഴുവന്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നുമാണ്. സൈന്യത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചും നദിക്കു കുറുകെ താത്ക്കാലിക പാലം പണിയാന്‍ സൈന്യത്തെ ഏല്‍പ്പിച്ചത് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ഉത്തരവ് പ്രകാരമാണ്. ഡല്‍ഹി വികസന അതോറിറ്റിയുടെ അനുമതി ലഭ്യമാക്കിയതും അവര്‍ തന്നെയാണ്. പരിപാടിക്ക് വരാന്‍ വിദേശത്തുനിന്നുള്ള വിശിഷ്ടാതിഥികളെ പ്രേരിപ്പിക്കുന്നതിനും പ്രധാനമന്ത്രി കാര്യാലയമാണ് മുന്നില്‍. 

ഇത്രയും വൈകിയ വേളയില്‍ ഇനി പരിപാടി തടയാന്‍ ആകില്ല എന്ന നിസഹായാവസ്ഥയിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പരിപാടി നടത്താന്‍ അനുവദിച്ചത്. പിഴ ചുമത്തുകയും ആ പ്രദേശം പൂര്‍വസ്ഥിതിയിലാക്കാന്‍ സംഘടനയോട് ആവശ്യപ്പെടുകയുമാണ് ചെയ്യാവുന്ന കാര്യം. 

വെള്ളിയാഴ്ച്ച മേള തുടങ്ങുന്നതിന് മുമ്പ് 5 കോടി രൂപ പിഴയടക്കണം എന്ന ഉത്തരവ് പാലിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍ വ്യാഴാഴ്ച്ച പറഞ്ഞുകഴിഞ്ഞു. ‘സത്യമേവ ജയതേ’ എന്നുപറഞ്ഞ രവിശങ്കര്‍ ജയിലില്‍ വരെ പോകാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. ഇന്നാല്‍ ഏറ്റവും ഒടുവിലായി ആര്‍ട്ട് ഓഫ് ലീവിംഗ് ഓര്‍ഗനൈസേഷന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനോട് പറഞ്ഞിരിക്കുന്നത്, പിഴയായി ചുമത്തിയിരിക്കുന്ന അഞ്ചു കോടി ഉടനടി കണ്ടെത്തുന്നത് അസാധ്യമാണെന്നും എന്നാല്‍ പരിപാടി ആരംഭിക്കുന്നതിനു മുമ്പായി 25 ലക്ഷം പിഴയിനത്തില്‍ അടയ്ക്കാമെന്നും ബാക്കി തുകയ്ക്ക് മൂന്നാഴ്ച്ചത്തെ സാവകാശം നല്‍കണമെന്നുമാണ്.

പാരിസ്ഥിതിക വിവാദം ചൂടുപിടിക്കവേ, മേള കൂടുതല്‍ വലിയ കുഴപ്പങ്ങള്‍ നേരിടുന്നുണ്ട്. രാഷ്ട്രപതി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറി. മേളയിലും ഒപ്പം നടക്കുന്ന മാര്‍ച്ച് 12-13-ലെ ആഗോള നേതൃ സംഗമത്തിലും പങ്കെടുക്കാനിരുന്ന പല ലോക നേതാക്കളും പിന്‍മാറുകയും ചെയ്തു. 

ഇതില്‍ വിശിഷ്ടാതിഥി സിംബാബ്‌വേ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബേ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രസിഡന്റ് ബിധിയ ദേവി ഭണ്ഡാരി, മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി വില്ലേപ്പിന്‍ എന്നിവര്‍ വ്യാഴാഴ്ച വൈകീട്ടും തങ്ങള്‍ എത്തുന്ന കാര്യത്തില്‍ തങ്ങളുടെ നയതന്ത്രകാര്യാലയങ്ങളെ വിവരമറിയിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വ്യാഴാഴ്ച്ച ഉറപ്പുനല്‍കി. നേതൃസംഗമം ഒരു ഹോട്ടലിലാണ് നടക്കുന്നതെങ്കിലും നേതാക്കള്‍ മേളസ്ഥലവും സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. 

പൊതുശ്രദ്ധ നേടിയ പിന്‍മാറ്റം 92-കാരനായ സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയുടേതാണ്. ഹരാരെയില്‍ നിന്നുള്ള യാത്ര പ്രഖ്യാപിച്ചതിന് ശേഷം അവസാനനിമിഷമാണ് അദ്ദേഹം യാത്ര റദ്ദാക്കിയത്. ചടങ്ങ് സംബന്ധിച്ച് നിരവധി പ്രോട്ടോകോള്‍, സുരക്ഷാ അപര്യാപ്തതകള്‍ ഉണ്ടെന്ന് സംഘാടകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് മുഗാബെയുടെ വക്താവ് ഡല്‍ഹിയില്‍ പ്രസ്താവനയില്‍ അറിയിച്ചു. ‘ആതിഥേയ രാജ്യത്തു നിന്നടക്കമുള്ള നിരവധി നേതാക്കള്‍ പിന്മാറി’ എന്നും പ്രസ്താവനയില്‍ പറയുന്നു. ഇത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്മാറ്റം സൂചിപ്പിച്ചാണ്.

പാപനാശത്തുനിന്നുമുള്ള ഒരു ആണ്‍കുട്ടി 
തമിഴ്‌നാട്ടിലെ പാപനാശത്തെ തന്റെ എളിയ ചുറ്റുപാടുകളില്‍നിന്നും രവിശങ്കര്‍ മഹാകാതങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഞായറാഴ്ച്ച ജനിച്ചതുകൊണ്ടു രവി (സൂര്യന്‍) എന്നും ശങ്കരാചാര്യരുടെ ജന്മദിനമായതിനാല്‍ ശങ്കര എന്നുമാണ് പേരിട്ടത്. 

ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്നും ശാസ്ത്രബിരുദം നേടിയ രവിശങ്കര്‍ മഹാഋഷി മഹേഷ് യോഗിക്കൊപ്പം വേദശാസ്ത്രത്തില്‍ പരിപാടികളും പ്രഭാഷണങ്ങളും നടത്താന്‍ ചേര്‍ന്നു. ധ്യാന, ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

1980-കളില്‍ രവിശങ്കര്‍ ലോകമാകെ ആത്മീയ പഠന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. തന്റെ താളബദ്ധമായ ശ്വസനക്രിയ- സുദര്‍ശനക്രിയ- കര്‍ണാടകത്തിലെ ഷിമോഗയില്‍ ഭദ്ര നദീതീരത്തെ ഒരു മൗനവ്രതകാലത്ത്, ‘ഒരു കവിതയും പ്രചോദന’വുമായി 1982-ലാണ് തന്നിലേക്ക് വന്നതെന്ന് രവിശങ്കര്‍ പറയുന്നു. 

ഓരോ വികാരത്തിനും തത്തുല്യമായ ഒരു ശ്വാസതാളമുണ്ടെന്നും ശ്വാസത്തെ നിയന്ത്രിച്ചാല്‍ വ്യക്തിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി വൈയക്തിക പ്രയാസങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്നും രവിശങ്കര്‍ പറയുന്നു. ആദ്യത്തെ ജീവനകല പഠനപരിപാടി 1983-ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് നടത്തിയത്. 1986-ല്‍ യു.എസില്‍ കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയില്‍ നടത്തി. അവിടുന്നിങ്ങോട്ട് ഒരു ആഗോള ആത്മീയ വ്യാപാര സാമ്രാജ്യത്തിന്റെ വളര്‍ച്ചയായിരുന്നു കണ്ടത്. 

രവിശങ്കര്‍ പറയുന്നു,’അക്രമമില്ലാത്ത സമൂഹം, അരോഗമായ ശരീരം, വിറയ്ക്കാത്ത ശ്വാസം, ചിന്താക്കുഴപ്പമില്ലാത്ത മനസ്, മടിയില്ലാത്ത ബുദ്ധി, കെട്ടുപിണയാത്ത ഓര്‍മ്മ, അശോകമായ ആത്മാവ് എന്നിവ ഓരോ മനുഷ്യ ജീവിയുടെയും ജന്‍മാവകാശമാണ്.’

വിവാദം നിറഞ്ഞ ഒരു ചരിത്രം പേറുന്ന നരേന്ദ്ര മോദിക്കും വെറുപ്പും വിദ്വേഷവും രാഷ്ട്രീയായുധമാക്കിയ വലതുപക്ഷ രാഷ്ട്രീയത്തിനുമുള്ള തന്റെ ആവേശകരമായ പിന്തുണയും തന്റെ തത്വചിന്തയും തമ്മില്‍ ഒരു പൊരുത്തക്കേടും രവിശങ്കര്‍ കാണുന്നില്ല എന്നതാണ് ശ്രദ്ധേയം.

 

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍