UPDATES

ന്യൂസ് അപ്ഡേറ്റ്സ്

(F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ദേശദ്രോഹം ക്രിമിനല്‍ കുറ്റമാണ്. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കടുത്ത കുറ്റം. ഇതിന്റെ പേരില്‍ ഏത് പോലീസുകാരനും ഏതൊരു പൗരനേയും പിടിക്കാം. കോടതി അയാളെ വെറുതെ വിടുന്നതുവരെ പീഡിപ്പിക്കാം. ഇത് നമ്മള്‍ സാധാരണ കാണുന്ന കാഴ്ചയാണ്.

ഇന്ത്യ എന്ന രാജ്യം ബ്രിട്ടീഷ് ഭരണത്തിന്റെ സംഭാവനയാണ്. എന്നാല്‍, ഇന്ത്യയുടെ ആത്മാവ്  എന്നു പറയുന്നത് അതിന്റെ ആത്മീയതയാണ്. ആകാശത്തേക്കാള്‍ വിശാലവും സമുദ്രത്തേക്കാള്‍ ആഴവുമുള്ള ചിന്താധാര. അതിന് ഏകമാനസ്വഭാവമില്ല. നിശ്ചിത പദ്ധതിയുമില്ല. അത് പവിത്രമാണ്. പക്ഷേ, ആ പവിത്രമായ ചിന്തയെ വ്യഭിചരിക്കുന്നത് തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍  വകുപ്പില്ല. ആത്മീയതയില്‍ മായം ചേര്‍ത്ത്, വിഷമയമാക്കി, വില്‍ക്കുന്നത് തടയാനും വകുപ്പില്ല.  ആത്മീയ വ്യഭിചാരികളേയും ആത്മീയതയില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ ചേര്‍ത്ത് വിറ്റു ചീര്‍ക്കുന്നവരെ ശിക്ഷിക്കാനും വകുപ്പില്ല.

അതുകൊണ്ടാണ് രവിശങ്കര്‍ ഇന്നും തടങ്കലിനു പുറത്ത് ജീവിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ആത്മീയതയുടെ ചരിത്രം ഇത്തരം കള്ളനാണയങ്ങളുടെ ചരിത്രമാണ്. സത്യസായി ബാബയുടെ, അമൃതാനന്ദമയിയുടെ, രാംദേവിന്റെ. രവിശങ്കറിന്‍റെ… 

മനുഷ്യരെ ശ്വസിക്കാന്‍ പഠിപ്പിച്ചാണ് രവിശങ്കര്‍ പണം കൊയ്യുന്നത്. അങ്ങനെ കൊയ്ത പണം കൊണ്ടാണ് അയാള്‍ ചക്രവര്‍ത്തിക്ക് തുല്യമായ ജീവിതം നയിക്കുന്നത്. ഇതാണ് അയാള്‍ ഉദ്ദേശിക്കുന്ന യഥാര്‍ത്ഥ ആര്‍ട്ട് ഓഫ് ലീവിംഗ്. (മറ്റുള്ളവരെ പറ്റിച്ചു സുഖമായി ജീവിക്കുക. പറ്റിക്കാന്‍ വേണ്ടി എടുക്കുന്ന കാര്യം നിയമക്കുരുക്കില്‍ പെടാത്തതാക്കുക. അതിന് ഏറ്റവും എളുപ്പം ഇന്ത്യന്‍ ആത്മീയതയാണ്.)

മണലാരണ്യത്തില്‍ ഇരുന്നുകൊണ്ട് ആ മണല്‍ പൊന്നുംവിലയ്ക്ക് വില്‍ക്കുന്ന സൂത്രശാലിയാണയാള്‍. ഈ മണല്‍ത്തരികള്‍ നിങ്ങളെ  മണല്‍പ്പരപ്പു കടക്കാന്‍ സഹായിക്കും എന്ന് നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിവുള്ള മിടുക്കനായ നുണയനാണയാള്‍. മരുഭൂമിയില്‍ നിന്ന് മണല്‍ വാങ്ങാന്‍ ആളുണ്ടെങ്കില്‍, അയാളുടെ കൈയില്‍ നിന്നും വാങ്ങുന്ന മണല്‍ത്തരികള്‍ മരുഭൂമി മുറിച്ചുകടക്കാന്‍ പറ്റിയ തോണിയാണെന്ന് കരുതാന്‍ മണ്ടന്‍മാര്‍ നിരന്നുനില്‍ക്കാന്‍ തയ്യാറാണെങ്കില്‍, അങ്ങനെ ചെയ്യുന്നതിന് നിയമതടസ്സമില്ല എന്നു മാത്രമല്ല ഭരണാധികാരികളുടെ സമ്മതവും സഹകരണവും പങ്കിടലും ഉണ്ടെന്നായാല്‍, രവിശങ്കറിന് എന്തുകൊണ്ട് ശ്വാസം വിടാന്‍ പഠിപ്പിച്ച്, ഇതാണ് ആത്മീയം എന്ന് പറഞ്ഞുപറ്റിച്ച്, പണമുണ്ടാക്കി സ്വന്തം ആര്‍ട്ട് ഓഫ് ലീവിംഗ് പടുത്തുയര്‍ത്തിക്കൂട?

ശ്വാസത്തിന് ഇന്ത്യന്‍ ആത്മീയതയില്‍ എന്താണ് സ്ഥാനമെന്ന് നോക്കാം. നാസ്തികവും ആസ്തികവുമാണ് അടിസ്ഥാന ചിന്താധാരകള്‍. വേദങ്ങളെ പാടെ നിരാകരിച്ചതാണ് നാസ്തികചിന്ത. ഒരു പരിധിവരെ വേദങ്ങളെ അംഗീകരിച്ചതാണ് ആസ്തികചിന്ത. ആസ്തിക ചിന്തയ്ക്ക് ആറു ശാഖകളുണ്ട് – സാംഖ്യ, യോഗ, വേദാന്ത, മീമാംസ, ന്യായ, വൈശേഷിക. ഇതില്‍ യോഗത്തിനു തന്നെ നാല് ശിഖരങ്ങളുണ്ട് – ഭക്തിയോഗ, കര്‍മ്മയോഗ, ജ്ഞാനയോഗ, രാജയോഗ. യോഗയുടെ നാലുവഴികളും ആത്മജ്ഞാനം തേടുന്നവയാണ്. ഇതില്‍ രാജയോഗത്തിന് ഏറെ പ്രാധാന്യം വന്നത് വിവേകാനന്ദനു ശേഷമാണ്. യോഗകളില്‍ ഏറ്റവും ശ്രേഷ്ഠമായത് രാജയോഗമാണെന്ന വിവേകാനന്ദന്റെ ഗ്രന്ഥങ്ങളിലൂടെയുള്ള വാദത്തിന് വിവേകാനന്ദനോളം തന്നെ സ്വീകാര്യത ഇന്ത്യന്‍ മനസ്സില്‍ ലഭിച്ചു.

രാജയോഗത്തിന്റെ ലക്ഷ്യം, മറ്റേതു യോഗയിലേതുമെന്നപോലെതന്നെ, ആന്തരികപ്രപഞ്ചത്തിലേക്ക് ധ്യാനത്തിലൂടെ മനസ്സിനെ എത്തിക്കുക എന്നതാണ്. ആന്തരികപ്രപഞ്ചം കണ്ടെത്താനായി ഉള്ളിലേക്ക് നോക്കാനുള്ള ഉപകരണമാണ് മനസ്സ്. മാത്രമല്ല, മനസ്സ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. മനസ്സിനെ വരുതിയില്‍ നിര്‍ത്തി പാകപ്പെടുത്തി എടുക്കുന്നതിനുള്ള ചിട്ടവട്ടങ്ങളില്‍ ഒന്നാണ് ആസന. (ശ്വാസനിയന്ത്രണത്തിന് ഏറ്റവും ഉചിതമായ അവസ്ഥ എന്ന് മാത്രമേ ഇതിനര്‍ത്ഥമുള്ളു. അല്ലാതെ, തലകുത്തിനില്‍ക്കണമെന്നില്ല. ആസനം എന്ന സൂക്ഷ്മമായ ഈ ചിട്ടവട്ടത്തെ വ്യാഖ്യാനിച്ചും പരത്തിപ്പറഞ്ഞും പുതിയ കൂട്ടലുകളിലൂടെയും സ്ഥൂലമാക്കിത്തീര്‍ത്തതാണ് നമ്മള്‍ ഇന്നു കാണുന്ന യോഗാക്ലാസുകള്‍. കാല് മുകളിലാക്കിയും കാലുകള്‍ക്കിടയില്‍ തല താഴ്ത്തിയും ഒക്കെ കാണുന്ന ആഭാസനങ്ങള്‍)

സൗകര്യമായ ഒരാസനത്തില്‍ ഇരുന്ന് ശ്വാസഗതി നിയന്ത്രിക്കാനുള്ള ‘പ്രാണായാമ’, ഏതെങ്കിലും ഒരു വസ്തുവില്‍ മനസ്സിനെ തളച്ചുനിര്‍ത്തുന്ന ‘ധാരണ’, അതിലേക്കുതന്നെ സ്വയം മുഴുകുന്ന ‘ധ്യാനം’, പിന്നീട്, സ്വന്തം സ്വത്വബോധം തന്നെ ധ്യാനത്തില്‍ അലിഞ്ഞു ചേരുന്ന ‘സമാധി’ എന്ന അവസ്ഥ; ഇവയാണ് രാജയോഗത്തിന്റെ കാതല്‍.

ഈ ശ്വാസനിയന്ത്രണവും ധ്യാനവുമാണ് രവിശങ്കര്‍ ആത്മീയകച്ചവടത്തിന് തിരഞ്ഞെടുത്തത്. ശ്വസിക്കാന്‍ രവിശങ്കറിനെ പഠിപ്പിച്ചത് മഹേഷ് എന്നയാളായിരുന്നു. അതീന്ദ്രിയധ്യാനം എന്ന അയാളുടെ ഉത്പന്നം വിദേശത്ത് നല്ല വില്‍പ്പന ഉണ്ടാക്കി. പക്ഷെ, രവിശങ്കറിനെ ഗുരു മഹേഷ് ആശ്രമത്തില്‍ നിന്നും പറഞ്ഞുവിട്ടു. ഗുരുവിനേക്കാള്‍ ഉയരത്തില്‍ ചെന്നെത്തുക എന്നതാണ് യഥാര്‍ത്ഥ ഗുരുദക്ഷിണ എന്നു തിരിച്ചറിഞ്ഞ രവിശങ്കര്‍ മഹേഷിനു ചെന്നെത്താന്‍ കഴിയാത്ത രാജ്യങ്ങളിലൊക്കെ തന്റെ ഉല്‍പ്പന്നമായ സുദര്‍ശനക്രിയയും തന്റെ ബ്രാന്റ് നെയിമായ ശ്രീശ്രീയും  കൊണ്ടുചെന്നെത്തിച്ചു. (പഴയ അലക്‌സാണ്ടറെവിടെ പുതിയ രവിശങ്കര്‍ എവിടെ?)

എന്നാല്‍, രാജയോഗത്തിന്റെ സുപ്രധാനമായ അവസാനഘട്ടത്തിലേക്ക് പോകാന്‍ രവിശങ്കര്‍ എന്ന കച്ചവടക്കാരന്‍ മെനക്കെട്ടില്ല. സ്വന്തം സ്വത്വബോധം പോലും ധ്യാനത്തില്‍ ലയിച്ചുചേരുന്ന അവസ്ഥ. അതെന്തായാലും വേണ്ട എന്ന് രവിശങ്കര്‍ തീരുമാനിച്ചു. സ്വത്വബോധം തന്നെ ധ്യാനത്തില്‍ ലയിച്ചുപോയാല്‍ പിന്നെ താനെവിടെ? അതില്‍ കച്ചവടത്തിന് യാതൊരു സാധ്യതയുമില്ല. അത് ആത്മജ്ഞാനമാണ്. ആ അനുഭവം മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. എന്നാല്‍, അതിലേക്ക് എത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ക്ക് ആഗോള മാര്‍ക്കറ്റുണ്ട്. അങ്ങനെയാണ് ഇന്ത്യന്‍ ആത്മീയതയിലെ ആസ്തിക ചിന്തയിലെ ആറുശാഖകളില്‍ ഒന്നായ യോഗയിലെ നാല് ഉള്‍പ്പിരിവുകളില്‍ ഒന്നായ രാജയോഗയിലെ എട്ടു ഘട്ടങ്ങളില്‍ രണ്ടെണ്ണം വിറ്റ് രവിശങ്കര്‍ എന്ന പാപനാശത്തെ പയ്യന്‍ ഒരു Transnational corporate honcho ആയി മാറിയത്. രവിശങ്കറിന് അതല്ലാതെ ആത്മീയതുമായോ രാജയോഗയുമായോ യാതൊരു ആത്മബന്ധവുമില്ല. അതുകൊണ്ടാണ്, രവിശങ്കര്‍ സ്വന്തം ബ്രാന്റിനെന്നപോലെ തനിയ്ക്ക് ഒരു ബ്രാന്റ് ഉണ്ടാക്കിയത്. അതില്‍ ഷാംപൂവിട്ട്, ആവശ്യത്തിനു മാത്രം ‘ഡൈ’ ചെയ്ത തലമുടിയും താടിയും, സാരിയോ മുണ്ടോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഡ്രെസ് കോഡും ചതുരവട്ടത്തിലുള്ള ചലനവുമൊക്കെ ഉള്‍ക്കൊള്ളും. (എനിയ്ക്കും നിങ്ങള്‍ക്കും വേഷത്തിലും ഹെയര്‍ സ്റ്റൈലിലും മാറ്റം വരുത്തിയശേഷം  സമൂഹത്തില്‍ ഇടപെടാന്‍ കഴിയും. രവിശങ്കറിനെപ്പോലുള്ള നമ്മുടെ ആത്മീയ ബ്രാന്റുകള്‍ക്ക് അതിന് കഴിയില്ല. അവര്‍ നമ്മളേക്കാള്‍ എത്രയോ ഏറെ image conscious ആണ്)

അത്തരമൊരു ബ്രാന്റിംഗിന്റെ കീഴിലുള്ള പുതിയൊരു – അന്താരാഷ്ട്ര കമ്പോളം ലക്ഷ്യമാക്കിക്കൊണ്ടുള്ള – ഒരു ഉത്പന്നം രവിശങ്കര്‍ ഉടന്‍ പുറത്തിറക്കും. ആനന്ദം ചാനല്‍. ഇതിന്റെ ആദ്യഘട്ടമാണ് യമുനയുടെ തീരത്തു നടന്ന സാംസ്‌കാരിക മേള. മികച്ച കച്ചവടക്കാര്‍ അങ്ങനെയാണ്. അവരുടെ പ്രോഡക്ട് ഇറങ്ങുന്നതിനു മുമ്പുതന്നെ അവര്‍ ഒരു പുതിയ ചലനം കമ്പോളത്തില്‍ ഉണ്ടാക്കും. നാനോ കാര്‍ ഇറക്കുന്നതിന് മുമ്പ് രത്തന്‍ ടാറ്റ ഉണ്ടാക്കിയ ചലനങ്ങള്‍ ഓര്‍മ്മയില്ലേ?

അതിജീവനത്തിന്റെ കല പഠിപ്പിക്കുന്ന രവിശങ്കര്‍ പക്ഷെ, ആ പ്രദേശത്തുള്ള പരിസ്ഥിതിയെക്കുറിച്ചോ അവിടുത്തെ കര്‍ഷകരുടെ അതിജീവനത്തെക്കുറിച്ചോ ചിന്തിച്ചില്ല. അതിന്റെ കാര്യവും ഇല്ല. കൃഷിക്കും കാര്‍ഷിക വിഭവത്തിനും ഇന്ന് വലിയ മാര്‍ക്കറ്റില്ല. മാത്രമല്ല, അത് വിയര്‍ക്കേണ്ട പണിയാണ്. രവിശങ്കറിനാണെങ്കില്‍ വിയര്‍പ്പിന്റെ രോഗവുമുണ്ട്. വിയര്‍ത്തുകൂട. കൃഷി എന്നതുതന്നെ രവിശങ്കറിന് അറിയില്ല. അതുകൊണ്ടാണ് ആറുവര്‍ഷം മുമ്പ് തന്റെ കൊട്ടാരത്തിനടുത്ത് കൃഷിയിടത്ത് മൃഗങ്ങളെ ഓടിക്കാന്‍ ഏതോ കര്‍ഷകന്‍ പടക്കം പൊട്ടിച്ചപ്പോള്‍, തീവ്രവാദികള്‍ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നും ആക്രമണം തുടങ്ങിയെന്നുമെല്ലാം വിലപിച്ചുകൊണ്ട്, ആത്മാവിനെ ശരീരം എന്ന തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളില്‍ വ്യാപൃതനായിരിക്കുന്ന സന്യാസി എന്ന് ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുന്ന രവിശങ്കര്‍ കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെട്ടത്. (പിന്നീട്, സത്യം മനസ്സിലാക്കിയപ്പോള്‍, തന്നെയും തന്റെ ആത്മാവിനെയും വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞ ആ കര്‍ഷകനെ ഒന്നു പോയി കാണണമെന്ന് രവിശങ്കറിന് തോന്നിയതുമില്ല.)

സമ്മേളനത്തിന്റെ രൂപരേഖ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് തയ്യാറാക്കുമ്പോഴും ആത്മീയ ആചാര്യനായ രവിശങ്കറും അഴകിയ രാവണനായ പ്രധാനമന്ത്രിയും നാട്ടില്‍ കുറേ നിയമങ്ങള്‍ ഉണ്ടെന്നും അതു പാലിക്കാന്‍ ഏതു ആത്മീയ വ്യാപാരിക്കും ബാധ്യതയുണ്ടെന്നുമുള്ള കാര്യം മറന്നുപോയി.

വാസ്തവത്തില്‍, ഹരിത ട്രൈബ്യൂണല്‍ രവിശങ്കറെ ഓര്‍മ്മിപ്പിച്ചത് ഇക്കാര്യമാണ് – വളരെ പതിഞ്ഞ സ്വരത്തിലാണെങ്കിലും. പക്ഷെ, പിഴ ഒടുക്കില്ല എന്നും പകരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമൊക്കെ പഴയ ഉത്തരരാജകുമാരന്‍ സ്റ്റൈലില്‍ രവിശങ്കര്‍ തട്ടിവിട്ടു. ഒടുവില്‍ ആരോ ബുദ്ധി ഉപദേശിച്ചുകൊടുത്തു – ജയില്‍ തന്റെ കൊട്ടാരത്തിന്റെ എക്സ്റ്റന്‍ഷന്‍ അല്ലെന്ന്. അതോടെ രവിശങ്കര്‍ അനുസരണയുള്ള കുഞ്ഞാടായി.

Art of Livingന്റെ കച്ചവടസാധ്യത 155 രാജ്യങ്ങളിലും എത്തിച്ചതോടെ രവിശങ്കര്‍ എന്ന വ്യാപാരി ആത്മീയ വ്യഭിചാരത്തിന്റെ ഗിരിശൃംഗത്തില്‍ തന്നെ എത്തി. ലോകത്ത് എത്ര കച്ചവടക്കാര്‍ക്കാണ് ഈ സ്ഥാനം കൈവന്നിട്ടുള്ളത്? സംഗതി ആത്മീയതയായതുകൊണ്ട് ശത്രുരാജ്യങ്ങളില്‍പ്പോലും നല്ല കച്ചവടമാണ്.

ഇത്രയൊക്കെയായ സ്ഥിതിക്ക് മറ്റാരും അധികം പരീക്ഷിക്കാത്ത ഒരു കച്ചവടം രവിശങ്കറിന്  തുടങ്ങാം. ആത്മാവ് എന്ന പോലെ ലോകത്തെ എല്ലാ ജീവജാലങ്ങള്‍ക്കും ഇത് ബാധകമാണ്. ആത്മീയദുഃഖം പോലെ ഇതും ഒരു മഹാദുഃഖം തന്നെ. ആത്മീയ ആനന്ദംപോലെ ഇതും ഒരു മഹാ ആനന്ദം തന്നെ. ആത്മീയരംഗത്തെന്നപോലെ രവിശങ്കറിന് ഇതിലും ആനന്ദോത്സവം നടത്താം. ഇപ്പോള്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ നിന്നു പോലും പ്രതിനിധികള്‍ എത്തും.

ഇതും ശ്വാസത്തേയും ശ്വാസനിയന്ത്രണത്തേയും കുറിച്ചാണ്. ഇതിനെക്കുറിച്ച് വളരെ വിശദമായി തന്നെ സര്‍റിയലിസ്റ്റ് ചിത്രകാരനായിരുന്ന സല്‍വദോര്‍ ദാലി തന്റെ ‘Diary of a Genius’ എന്ന പുസ്തകത്തില്‍ പ്രത്യേക അധ്യായമായി അനുബന്ധത്തില്‍ കൊടുത്തിട്ടുണ്ട്. രവിശങ്കര്‍ അതൊന്നു വായിക്കണം. ശ്വാസത്തെക്കുറിച്ച് ഇത്ര മനോഹരമായി എഴുതപ്പെട്ടിട്ടുള്ള മറ്റു ഗ്രന്ഥങ്ങള്‍ ഇല്ല. രവിശങ്കര്‍ സ്ഥിരമായി മോഷ്ടിച്ചെഴുതുന്ന രജനീഷിന്റെ പുസ്തകങ്ങളിലോ സെന്‍ ബുദ്ധിസത്തിന്റെ പുസ്തകങ്ങളിലോ ഈ ശ്വാസക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. രവിശങ്കറിന്റെ അറിവിലേക്കായി പുസ്തകത്തില്‍ നിന്ന് രണ്ടുവരി ഉദ്ധരിക്കുന്നു:

“Because of a very long fart, really a very long and, let us be frank, meledious fart, that I produced when I woke up, I was reminded of Michel de montaigne. This auther reports that Saint Augistine was a famous farter who succeeded in playing entire scores” (Diary of a Genius)

മഹേഷിനു ശേഷം ദാലിയെ രവിശങ്കറിന് പുതിയ ഗുരുവാക്കാം. ഗുരുവിനേക്കാള്‍ ഉയരത്തില്‍,  ഇത്തവണയും ശിഷ്യന് പറന്നുയരാം. ഈ ശ്വാസക്രിയയ്ക്ക് പേര് കണ്ടെത്താനും Art of Living കണ്ടെത്തിയ രവിശങ്കറിന് ബുദ്ധിമുട്ടേണ്ടിവരില്ല.

 

പുതിയ ഉത്പന്നത്തിന്റെ പേര് Fart of Living എന്നായാലോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍