UPDATES

വിദേശം

രാജപക്‌സെയുടെ അസ്തമയവും ശ്രീലങ്ക പ്രതീക്ഷിക്കുന്ന പുതിയ ഉദയവും

Avatar

ടീം അഴിമുഖം

വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ പോസ്റ്റല്‍ വോട്ടുകളുടെയും പിന്നെ ജില്ല തിരിച്ചുള്ള ഫലങ്ങളും അറിയുന്നതിനായി ലക്ഷക്കണക്കിന് ശ്രീലങ്കക്കാര്‍ കഴിഞ്ഞ രാത്രി വൈകിയ ശേഷവും ടിവി സ്‌ക്രീനുകളിലും കമ്പ്യൂട്ടറുകളിലും കണ്ണുംനട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച അതിരാവിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മൈത്രിപാല സിരിസേനയുടെ ഓഫീസും താമസസ്ഥലവും അടങ്ങുന്ന കൊളംബോയിലെ ഒരു വലിയ കെട്ടിടമായ വിജെരാമ മാവാതയുടെ മുന്നില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിക്കാനും കാതടപ്പിക്കുന്ന ശബ്ദത്തില്‍ കുഴല്‍വിളി ഉയരാനും തുടങ്ങി.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യമന്ത്രിയുടെ ജോലി ഉപേക്ഷിച്ച് പ്രതിപക്ഷത്തേക്ക് കൂറുമാറിക്കൊണ്ട് ഈ 63-കാരനായ മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ നടത്തിയ ചൂതാട്ടം വിജയം കണ്ടിരിക്കുന്നു. നിലവിലെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ തോല്‍വി അംഗീകരിക്കുകയും അധികാരകൈമാറ്റം സുതാര്യമാക്കുമെന്ന് വാഗ്ദാനം നല്‍കുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഗാലെ റോഡിലെ ടെംബിള്‍ ട്രീസ് ഒഴിഞ്ഞുപോവുകയും ചെയ്തു. തുടര്‍ന്ന്, വെള്ളിയാഴ്ച വൈകിട്ട് കൊളംബോയിലെ സ്വാതന്ത്ര്യ ചത്വരത്തില്‍ നടന്ന ചടങ്ങില്‍ സിരിസേന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ നേതാവായിരുന്ന റെനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായും ചുമതലയേറ്റു.

പൊലുന്നറുവയിലെ ഒരു മധ്യവര്‍ഗ കര്‍ഷക കുടുംബത്തിലാണ് പുതിയ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ജനനം. ജനാധിപത്യം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍. തമിഴ് വിമോചന പുലികളുമായി (എല്‍ടിടിഇ) 30 വര്‍ഷം നീണ്ടുനിന്ന രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും സമാധാനപരവും സുതാര്യവുമായ തെരഞ്ഞെടുപ്പായിരുന്നു ഒറ്റ ദിവസം കൊണ്ട് ശ്രീലങ്കയില്‍ നടന്നത്.

ദീര്‍ഘകാലം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും എല്‍ടിടിഇ യെ നാമാവശേഷമാക്കാനും സാധിച്ചതാണ് മഹിന്ദ രാജപക്‌സെയുടെ ഏറ്റവും വലിയ നേട്ടമെന്ന് സിരിസേനയ്ക്ക് വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും സമ്മതിക്കും.

ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങള്‍ക്കും സ്വപ്‌നം കാണാന്‍ കൂടി സാധിക്കാത്ത രീതിയില്‍, യുദ്ധം തകര്‍ത്തെറിഞ്ഞ വടക്ക്, കിഴക്ക് പ്രവിശ്യകളുടെ സത്വരവും സമഗ്രവുമായ വികസനം സാധ്യമാക്കിയതും രാജപക്‌സെ സര്‍ക്കാരിന്റെ നേട്ടമായി വിലയിരുത്തപ്പെടും.

 

 

വീതിയേറിയ ഹൈവേകള്‍ നിര്‍മ്മിക്കുകയും അതിദ്രുതം കുഴിബോംബുകള്‍ നീക്കം ചെയ്യുകയും ദശാബ്ദങ്ങള്‍ക്ക് ശേഷം ആദ്യമായി കൊളംബോയില്‍ നിന്നും വടക്കന്‍ തുറമുഖ പട്ടണമായ കങ്കനേശന്‍ തുറയിലേക്ക് ദീര്‍ഘദൂര തീവണ്ടിപ്പാത പുനഃരാരംഭിക്കുകയും ചെയ്തു. യുദ്ധം അവസാനിച്ച് വെറും നാല് വര്‍ഷം കൊണ്ടാണ് ഇതെല്ലാം സാധ്യമാക്കിയത്.

പിന്നെ എന്തുകൊണ്ടാണ് രാജപക്‌സെയെ ജനം വോട്ട് ചെയ്ത് പുറത്താക്കിയത്? അടിസ്ഥാനപരമായി തെക്കന്‍ ഏഷ്യയിലെ അതിശക്തരായ എല്ലാ രാഷ്ട്രീയ കുടുംബങ്ങള്‍ക്കും സംഭവിച്ച വീഴ്ച രാജപക്‌സെയ്ക്കും സംഭവിച്ചു: പ്രസിഡന്റിന്റെ ഓഫീസിലുള്ള എല്ലാ അധികാരങ്ങളും കൈവശപ്പെടുത്താനും പ്രധാനപ്പെട്ട തസ്തികകളിലെല്ലാം ബന്ധുങ്ങളെ പ്രതിഷ്ഠിക്കാനുമുള്ള ത്വര. ഇവരില്‍ പലരും കനത്ത അഴിമതി, തന്‍പ്രമാണിത്ത ആരോപണങ്ങള്‍ നേരിടുന്നവരുമാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രസിഡന്റിന്റെ കൊട്ടാരം ഉപേക്ഷിച്ച അതേ ശാന്തതയോടെ രാജപക്‌സെ തന്റെ അസ്തമയത്തിലേക്ക് നടന്ന് നീങ്ങുമോ? അതോ സൈനിക നടപടികളുടെ അന്ത്യനാളുകളില്‍ 40,000 സിവിലയന്മാര്‍ കൊല്ലപ്പെട്ടു എന്ന് യുഎന്‍ കണക്കാക്കുന്ന ഒരു യുദ്ധത്തിലൂടെ തമിഴ് പുലികളെ തച്ചുടച്ചതിന്റെ പേരില്‍ അദ്ദേഹം യുദ്ധക്കുറ്റ വിചാരണയ്ക്ക് വിധേയനാകുമോ?

എന്നാല്‍, പുതിയ സര്‍ക്കാര്‍ കടുത്ത അസഹിഷ്ണുത പുലര്‍ത്താത്ത പക്ഷം രാജപക്‌സെയ്ക്ക് ഒരു സുവര്‍ണ ഹസ്തദാനവും സമാധാനപരമായ വിശ്രമജീവിതവും പ്രതീക്ഷിക്കാനാവുമെന്നാണ് വിദഗ്ധരും ദ്വീപ് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നവരും പറയുന്നത്. കാരണം യുദ്ധക്കുറ്റത്തിന്റെ മൂടി തുറക്കുന്നത് നിരവധി തിരിച്ചടികള്‍ക്ക് കാരണമായേക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉദാഹരണത്തിന്, യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള യുഎന്‍ അന്വേഷണത്തെയും വടക്കന്‍ പ്രവിശ്യകളില്‍ സൈനിക സാന്നിദ്ധ്യം കുറയ്ക്കണമെന്ന ആവശ്യത്തെയും രാജപക്‌സെയെ പോലെ തന്നെ എതിര്‍ത്ത ആളാണ് പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന. ‘യുദ്ധക്കുറ്റങ്ങളുടെ തിരക്കഥയ്ക്കനുസരിച്ച് പോരാടാപ്പെട്ട ഒരു തെരഞ്ഞെടുപ്പ് യുദ്ധമായിരുന്നില്ല ശ്രീലങ്കയില്‍ നടന്നത്. അഴിമതി ആരോപണങ്ങളുടെ പേരിലും ഭരണം കുടുംബകാര്യമാക്കിയതിന്റെ പേരിലും രാജപക്‌സെയെ തളയ്ക്കാനാണ് സംയുക്ത പ്രതിപക്ഷം ശ്രമിച്ചത്’, എന്ന് ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഏതൊരു തരത്തിലുള്ള യുദ്ധക്കുറ്റാന്വേഷണവും സൈനിക കമാണ്ടര്‍മാരെയും പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ച. എന്നാല്‍, യുദ്ധ കുറ്റാരോപണങ്ങളുടെ പേരില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്ന് സിരിസേന ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല, ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിക്കുന്ന സമയത്ത് രാജ്യത്തിന്റെ പ്രതിരോധമന്ത്രി കൂടിയായിരുന്നു പുതിയ പ്രസിഡന്റ്.

 

 

എന്തുകൊണ്ടാണ് സിരിസേന തിരഞ്ഞെടുക്കപ്പെട്ടത്? സംവിധാനം ‘ശുദ്ധമാക്കും’ എന്ന് മാത്രമല്ല, പാര്‍ലമെന്റില്‍ നിന്നും പ്രധാനമന്ത്രിയില്‍ നിന്നും കവര്‍ന്നെടുക്കപ്പെട്ട അധികാരങ്ങള്‍ തിരിച്ച് നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

എന്നാല്‍ സിരിസേനയുടെ മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കക്ഷികള്‍ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബഹുകക്ഷി ‘സമഗ്ര മുന്നണി’: രാജപക്‌സെയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും (എസ്എല്‍എഫ്പി) അതിന്റെ ഏറ്റവും വലിയ എതിരാളിയായും തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനും പുതിയ പ്രധാനമന്ത്രിയുമായ റെനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും (യുഎന്‍പി) പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പില്‍ രാജപക്‌സെയ്‌ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിലൂടെ അദ്ദേഹത്തെ സിരിസേന ഞെട്ടിക്കുന്നതിന് മുമ്പ് എസ്എല്‍പിഎഫിന്റെ മുതിര്‍ന്ന നേതാവായിരുന്നു പുതിയ പ്രസിഡന്റ്. തമിഴ്, സിംഹള ദേശീയവാദി പാര്‍ട്ടികളും മുസ്ലീം പാര്‍ട്ടികളും ബുദ്ധ പുരോഹിതരും ഈ സംഖ്യത്തില്‍ ഉണ്ടെന്നുള്ളതും കൗതുകകരമാണ്. ഇത്രയും സര്‍വവ്യാപിയായ ഒരു മുന്നണി ഏതൊരു രാജ്യത്തിന്റെയും സ്വപ്‌നമായിരിക്കും.

എന്നാല്‍, മറ്റ് രാജ്യങ്ങള്‍ പോലെയല്ല ശ്രീലങ്ക. ഇവിടെ ചില നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു: നേരത്തെ ആഭ്യന്തരയുദ്ധം നടന്ന തമിഴ് പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നതാണ് ഇതില്‍ പ്രഥമം. ഭൗമരാഷ്ട്രീയപരമായി ലോലവും സംഘര്‍ഷ സാധ്യതയുള്ളതുമായ ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളില്‍ ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള്‍ സന്തുലിതമായി നിലനിര്‍ത്തുക എന്നതാണ് രണ്ടാമത്തെ വെല്ലുവിളി. തമിഴര്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്ന മുന്നണിയിലെ കക്ഷികള്‍ക്ക് എങ്ങനെ സിംഹളരുമായി മുഖത്തോട് മുഖം നോക്കാനാവും?

പുതിയ തുടക്കങ്ങള്‍ക്ക് കാരണമാകുമെന്ന പ്രതീക്ഷയെ താലോലിക്കാന്‍ ശ്രീലങ്കക്കാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ധാരാളമാണെന്നാണ് കൊളംബോ തെരുവുകളില്‍ തുടരുന്ന ആഹ്ലാദാരവങ്ങള്‍ കാണിക്കുന്നത്. പക്ഷെ ദീര്‍ഘകാലത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്കയില്‍ നിര്‍ണായകമായ പടിഞ്ഞാറന്‍ സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെന്നും കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍