UPDATES

വിദേശം

മഹീന്ദ്ര രാജപക്സെ; അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ശ്രീലങ്കന്‍ മുഖം

Avatar

അഴിമുഖം പ്രതിനിധി

ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സയുടെ കുടുംബം അഴിമതി കേസില്‍ നട്ടംതിരിയുകയാണ്. ഏറ്റവും ഒടുവിലായി മകന്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായിരിക്കുന്നു. രാജപക്സെ കുടുംബാംഗങ്ങള്‍ക്കും സഹായികള്‍ക്കുമെതിരെ മൂവായിരത്തിലധികം കേസുകളുണ്ടെന്നാണ് ശ്രീലങ്കന്‍ ഗവണ്‍മെന്‍റ് പറയുന്നത്.

മഹീന്ദ്ര രാജപക്സയുടെ മൂത്തമകനായ നമല്‍ രാജപക്സ (30)യാണ് പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളെ കൊളംബോ മജ്‌സ്‌ട്രേറ്റ് 22 വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

സ്വന്തം ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികള്‍ വഴി 45 മില്യണ്‍ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന പുതിയ ആരോപണത്തെത്തുടര്‍ന്നാണു നടപടിയെന്ന് ഒരു കോടതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നമലിനെതിരെ ഇത്തരത്തിലുള്ള രണ്ടാമത്തെ ആരോപണമാണിത്. യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ ഹമ്പന്‍ടോട്ട ജില്ലയില്‍നിന്നുള്ള എംപിയായ നമല്‍ ഒരു ഇന്ത്യന്‍ കമ്പനിയില്‍നിന്ന് അഞ്ചുലക്ഷം ഡോളര്‍ കോഴ വാങ്ങിയെന്ന ആരോപണവും നിലവിലുണ്ട്.

രാജപക്സയുടെ ഇളയ മകന്‍ ശ്രീലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥനും ശ്രീലങ്കന്‍ റഗ്ബി ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ യോഷിതയ്‌ക്കെതിരെയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമുണ്ട്. തന്റെ ടിവി ചാനലായ കാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് വഴി കള്ളപ്പണം ഇടപാട് നടത്തിയെന്നാണ് ആരോപണം. 2012-ല്‍ ശ്രീലങ്കന്‍ റഗ്ബി കളിക്കാരന്‍ വാസിം താജുദ്ദീന്‍ മരിക്കാനിടയായ സംഭവത്തിലും യോഷിത അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാസിമും യോഷിതയും തമ്മില്‍ റഗ്ബിയെയും ഒരു വനിതയെയും ചൊല്ലി കടുത്ത ശത്രുതയുണ്ടായിരുന്നുവെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ പറയുന്നു.

രാജപക്സ കുടുംബത്തിലെ നിരവധിപേര്‍ അഴിമതി ആരോപണവും അന്വേഷണവും നേരിടുകയാണ്. മഹീന്ദ്രയുടെ സഹോദരനും മുന്‍ സാമ്പത്തിക വികസന മന്ത്രിയുമായ ബാസില്‍ സാമ്പത്തിക തിരിമറി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ മൂന്നുതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ബാസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.


നമല്‍ രാജപക്സ

മഹീന്ദ്ര രാജപക്സയുടെ 10 വര്‍ഷത്തെ ഭരണകാലത്ത് കുടുംബാംഗങ്ങള്‍ പൊതുഖജനാവില്‍നിന്ന് കോടിക്കണക്കിനു ഡോളര്‍ ചോര്‍ത്തിയെന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുമെന്ന് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ സഭാംഗമായ രാജപക്സക്കെതിരെ തമിഴ് വിഘടനവാദികള്‍ക്കെതിരെയുള്ള യുദ്ധകാലത്ത് രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ ലംഘന പരാതികള്‍ ഉയര്‍ന്നിരുന്നു. രാജ്യത്ത് ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാരില്‍ ഇപ്പോഴും അഭിമതനാണെങ്കിലും 2006ല്‍ സുനാമി ദുരന്തബാധിതര്‍ക്കായുള്ള പണം ഉള്‍പ്പെടെ തിരിമറി നടത്തിയെന്ന ആരോപണങ്ങള്‍ ജനാഭിപ്രായത്തില്‍ മാറ്റം വരുത്തുന്നുണ്ട്. നിരവധി സുനാമി ബാധിതര്‍ ഇന്നും ഭവനരഹിതരാണ്.

അഴിമതിയും സ്വജനപക്ഷപാതവും: രാജപക്സയുടെ പൈതൃകം
തെക്കന്‍ ജില്ലയായ ഹമ്പന്‍ടോട്ടയിലെ ഗിരുവാപട്ടുവയില്‍നിന്നുള്ള ഭൂവുടമകളാണ് രാജപക്സ കുടുംബം. നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളുമുണ്ടായിരുന്ന കുടുംബത്തില്‍നിന്ന് ഡോണ്‍ ഡേവിഡ് രാജപക്സ ഇഹാല വാലികഡ കോറാലില്‍ വിഡനാറാച്ചി എന്ന പദവിയിലെത്തി. ഇയാളുടെ മകന്‍ ഡോണ്‍ മാത്യു രാജപക്സ 1936ല്‍ സ്റ്റേറ്റ് കൗണ്‍സിലില്‍ എത്തിയതാണ് കുടുംബത്തിന്റെ രാഷ്ട്രീയപ്രവേശം. 1945ല്‍ ഡോണ്‍ മാത്യുവിന്റെ മരണത്തെത്തുടര്‍ന്ന് സഹോദരന്‍ ഡോണ്‍ ആല്‍വിന്‍ രാജപക്സ തിരഞ്ഞെടുപ്പില്ലാതെ കൗണ്‍സിലിലെത്തി.

1947ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കുടുംബത്തിലെ രണ്ടുപേരാണ് ഹമ്പന്‍ടോട്ടയിലെ രണ്ട് നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചത്. അടുത്ത മൂന്നു ദശകങ്ങളില്‍ കുടുംബത്തിലെ രണ്ടുപേര്‍ കൂടി – ജോര്‍ജ് രാജപക്സ, മഹീന്ദ്ര രാജപക്സ – പാര്‍ലമെന്റിലെത്തിയതോടെ ഹമ്പന്‍ടോട്ട ജില്ലയില്‍ ഇവരുടെ ആധിപത്യമായി. 1936 മുതല്‍ 1977 വരെ തുടര്‍ച്ചയായി ഇവര്‍ ജനപ്രതിനിധികളായി. 1977ല്‍ യുഎന്‍പി വന്‍ വിജയം നേടിയതോടെയാണ് ഇതിന് അവസാനമായത്.

1989ല്‍ മഹീന്ദ്രയും സഹോദരന്‍ ചമലും പാര്‍ലമെന്റിലെത്തിയതോടെ വീണ്ടും രാജപക്സ കുടുംബം രാഷ്ട്രീയശക്തിയായി. നിരുപമ രാജപപക്സ, ബേസില്‍ രാജപക്സ, നമല്‍ രാപക്സെ എന്നിവരും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു.

രാജപക്സ കുടുംബം ഹമ്പന്‍ടോട്ടയിലെ രാഷ്ട്രീയരംഗത്ത് ആധിപത്യം പുലര്‍ത്തിയെങ്കിലും സേനാനായക്, ബന്ദാരനായകെ കുടുംബങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നത്. 2005ല്‍ മഹീന്ദ്ര രാജപക്സ പ്രസിഡന്റായതോടെ ഇതിനു മാറ്റം വന്നു. അന്നുമുതല്‍ രാജപക്സ കുടുംബാംഗങ്ങള്‍ ഉന്നതപദവികളില്‍ നിയമിക്കപ്പെട്ടു. പ്രസിഡന്റായതിനുശേഷം ഉടന്‍ തന്നെ സഹോദരന്‍ ഗോട്ടാഭായ രാജപക്സയെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. മറ്റൊരു സഹോദരന്‍ ബേസില്‍ രാജപക്സ പ്രസിഡന്റിന്റെ ഉപദേശകനായി സ്ഥാനമേറ്റു.

2010ല്‍ യുഎന്‍പി, ടിഎന്‍എ, ജെവിപി എന്നിവരടങ്ങിയ പ്രതിപക്ഷത്തെ എതിര്‍ത്ത് മഹീന്ദ്ര രാജപക്സ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചമല്‍, ബേസില്‍, നമല്‍ എന്നിവര്‍ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2010ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പ്രിഫറന്‍ഷ്യല്‍ വോട്ട് (425100) നേടിയാണ് ഗംപഹ ജില്ലയില്‍നിന്ന് ബേസില്‍ ജയിച്ചത്. ശതമാനക്കണക്കില്‍ ഏറ്റവും വലിയ ഭൂരിപക്ഷമായ 147,568 വോട്ട് നേടിയാണ് നമല്‍ ഹമ്പന്‍ടോട്ടയില്‍നിന്നു വിജയിച്ചത്.

തുടര്‍ന്ന് ചമല്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ബേസില്‍ സാമ്പത്തിക വികസന മന്ത്രിയായി. മൂന്നു രാജപക്സ സഹോദരങ്ങളുടെ കയ്യിലായി അഞ്ച് വകുപ്പുകള്‍. പ്രതിരോധം, നഗരവികസനം, ക്രമസമാധാനം, സാമ്പത്തിക വികസനം, ധനകാര്യം, ആസൂത്രണം, തുറമുഖ, ഹൈവേ വികസനം. ഒരു ഘട്ടത്തില്‍ ദേശീയ ബജറ്റിന്റെ 70 ശതമാനം ഇവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ അത് രജപക്സമാര്‍ നിഷേധിക്കുന്നു. 2014ലെ ബജറ്റ് അനുസരിച്ച് രജപക്സ സഹോദരര്‍ക്ക് ബജറ്റിന്റെ 47 ശതമാനമാണ് അനുവദിച്ചിരുന്നത്.

കുടുംബത്തിലെ അകന്ന ബന്ധത്തിലുള്ള വളരെപ്പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടു. അധികാരം ഒരു കുടുംബത്തില്‍ കേന്ദ്രീകരിക്കപ്പെട്ടതോടെ സ്വജനപക്ഷപാതം ആരോപിക്കപ്പെട്ടു. വന്‍ അഴിമതി, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണങ്ങള്‍, ഉത്തര ശ്രീലങ്കയില്‍ വിജയിച്ച തമിഴര്‍ക്ക് അധികാരം കൈമാറാനുള്ള വൈമനസ്യം എന്നിവ രാജ്യത്തെമ്പാടും ദൃശ്യമാണെങ്കിലും രാജപക്സ കുടുംബം ആരോപണങ്ങള്‍ നിഷേധിക്കുന്നു.

2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പൊതുഖജനാവിലെ പണം വഴിവിട്ടു ചെലവാക്കിയെന്നും ശ്രീലങ്കന്‍ എയര്‍ ഫോഴ്‌സിനെ ഉള്‍പ്പെടെ ഉപയോഗിച്ചെന്നും ആരോപണമുണ്ട്. 22 ലക്ഷത്തിലധികം രൂപയാണ് എയര്‍ ഫോഴ്‌സ് ഉപയോഗത്തിനു ചെലവ്. സംഘടനകളില്‍നിന്നും തിരഞ്ഞെടുപ്പ് നിരീക്ഷകരില്‍നിന്നും ധനദുരുപയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു. ഇതിനൊപ്പം വഞ്ചന, അധികാര ദുര്‍വിനിയോഗം, കൊലപാതകം തുടങ്ങിയവയും ആരോപിക്കപ്പെട്ടു. രാജ്യത്തുനിന്ന് 700 ബില്യണ്‍ രൂപ സെന്‍ട്രല്‍ ബാങ്ക് വഴി പുറത്തേക്കു കടത്തിയതായും ആരോപണം വന്നു. ബാങ്ക് മുന്‍ ഗവര്‍ണര്‍ അജിത് നിവാര്‍ഡ് കബ്രാലുമായുള്ള മഹീന്ദ്ര രാജപക്സയുടെ അടുത്ത ബന്ധം ഉപയോഗിച്ചായിരുന്നു ഇത്.

രാജപക്സ സര്‍ക്കാര്‍ പോര്‍ട്ട് വിക്ടോറിയയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയ പണത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് 2015 ജനുവരി 23ന് സീഷെല്‍സ് ഭരണകൂടം അറിയിച്ചു. രാജ്യത്തുനിന്ന് അനധികൃതമായി കടത്തിയ കോടിക്കണക്കിനു രൂപ കണ്ടെത്തുന്നതില്‍ സിരിസേന സര്‍ക്കാരിനെ സഹായിക്കുമെന്ന് 2015 ഫെബ്രുവരിയില്‍ ഇന്ത്യ അറിയിച്ചു. മുന്‍ ഭരണകൂടത്തിന്റെ അഴിമതി തെളിയിക്കാന്‍ ഈ പണം കണ്ടെത്താന്‍ സിരിസേന ഭരണകൂടം ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സഹായം തേടി. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ യൂണിറ്റ് രാജപക്സ കുടുംബത്തിന്റെ ഭൂമി ഇടപാടുകള്‍, സ്റ്റോക് മാര്‍ക്കറ്റ് പ്രൈസ് ഫിക്‌സിങ്, പൊതുപണത്തിന്റെ ദുരുപയോഗം എന്നിവ അന്വേഷിക്കാന്‍ ദ്രുത പ്രതികരണ സംഘത്തെ നിയോഗിച്ചു.

മഹീന്ദ്രയുടെ ചില സഹോദരര്‍ അറസ്റ്റ് ഒഴിവാക്കാന്‍ രാജ്യം വിട്ടു കഴിഞ്ഞു. സിരിസേന സര്‍ക്കാര്‍ തങ്ങളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുമെന്ന ഭയത്തിലാണ് അവര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍