UPDATES

ഓഫ് ബീറ്റ്

ശ്രീലത സ്വാമിനാഥന്‍; മലയാളി അറിയാതെ പോയി ഈ മരണം

അമ്മു സ്വാമിനാഥന്റെ കൊച്ചുമകള്‍ എന്നതിനേക്കാള്‍ ആദിവാസികള്‍ക്കായി ജീവിച്ച ഒരു സ്ത്രീ എന്ന വിശേഷണം പേറിയിരുന്നു ശ്രീലത സ്വാമിനാഥന്‍

സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ഒരു ട്വീറ്റായിരിക്കാം മലയാളികള്‍ പലരെയും ശ്രീലത സ്വാമിനാഥനെ ഓര്‍മിപ്പിച്ചത്. അധികം പേരും അങ്ങനെയൊരാളെ കുറിച്ച് കേള്‍ക്കുന്നതും അന്വേഷിക്കുന്നതും പോലും എന്‍ എസിന്റെ ട്വീറ്റ് വായിച്ച ശേഷമായിരിക്കാം.

ഒരുപേജ് മുഴുവനായി മരണവാര്‍ത്തകള്‍ക്കായി മാറ്റിവയ്ക്കുന്ന മലയാള പത്രങ്ങള്‍ ശ്രീലത സ്വാമിനാഥന്‍ എന്ന ആദിവാസിക്ഷേമ പ്രവര്‍ത്തകയും സിപിഎംഎല്‍ നേതാവുമായിരുന്ന എഴുപത്തിനാലുകാരിയുടെ മരണം ശ്രദ്ധിക്കാതെ പോയതിനെക്കുറിച്ചായിരുന്നു എന്‍എസിന്റെ ട്വീറ്റ്.

അമ്മു സ്വാമിനാഥന്റെ പേരക്കുട്ടി എന്നതു പോലും ശ്രീലത സ്വാമിനാഥന്റെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണമായി കേരളത്തിലെ മാധ്യമങ്ങള്‍ പരിഗണിച്ചില്ല. മരണത്തിന് ശേഷം അവരെ പരിചയപ്പെടുത്തേണ്ടി വരുന്നത് ലജ്ജാകരമാണെങ്കിലും അവരെ പോലൊരു സ്ത്രീയെ അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരിലെങ്കിലും നമ്മുടെ നാളെകളില്‍ അല്‍പ്പമെങ്കിലും ഓര്‍ത്തിരിക്കാന്‍ ചില കാര്യങ്ങള്‍ പറയുക മാത്രമാണ് ഇവിടെ.

അമ്മു സ്വാമിനാഥന്റെ ചെറുമകള്‍, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അനന്തരവള്‍, മൃണാളനി സാരാഭായിയുടെ സഹോദരി എന്നിങ്ങനെയും പരിചയപ്പെടുത്താമെങ്കിലും ആദിവാസികളുടെ ഉന്നമനത്തിയി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍ എന്നതു തന്നെയാണു ശ്രീലത സ്വാമിനാഥന്റെ പ്രസക്തി. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിലെ ദന്താളി എന്ന വിദൂരസ്ഥ ഗ്രാമത്തിലെ ആദിവാസികളുടെ ക്ഷേമത്തിനായി 40 വര്‍ഷമായി പ്രവര്‍ത്തിച്ചുവരിയായിരുന്നു സിപിഐ(എംഎല്‍) നേതാവ് കൂടിയായ ശ്രീലത. ഫെബ്രുവരി അഞ്ചിനാണ് 74 കാരിയായ ശ്രീലത സ്വാമിനാഥന്‍ ഉദയ്പൂരില്‍ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്.

1944 ഏപ്രില്‍ 29ന് ചെന്നൈയില്‍ ജനിച്ച ശ്രീലത, വിദ്യാഭ്യാസ കാലം മുതല്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതയായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടക പഠനത്തിനായി ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനില്‍ ഉപരിപഠനം നടത്തി. 1972ല്‍ സിപിഐ(എംഎല്‍) യില്‍ ചേര്‍ന്ന അവര്‍, മെഹ്രോളിയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതയായി. പിന്നീട് ഡല്‍ഹിയിലെ ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അടിയന്തരാവസ്ഥ കാലത്ത് പത്തുമാസത്തെ ജയില്‍വാസം അനുഷ്ടിച്ചു. ശ്രീലത സ്വാമിനാഥന്‍ തിഹാര്‍ ജയിലില്‍ കിടക്കുമ്പോഴാണ് അമ്മുമ്മ അമ്മു സ്വാമിനാഥന് ആ വര്‍ഷത്തെ മികച്ച വനിത പുരസ്‌കാരം സമ്മാനിക്കുന്നതിന് ഇന്ദിര ഗാന്ധി ചെന്നൈയിലേക്ക് പറന്നത്.

1978 മുതല്‍ രാജസ്ഥാനായി അവരുടെ പ്രവര്‍ത്തന മേഖല. ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അനാസ്ഥയില്‍ അവര്‍ക്ക് കടുത്ത ക്ഷോഭം ഉണ്ടായിരുന്നു. പോഷകക്കുറവും ശിശുമരണവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും അദിവാസികള്‍ക്ക് വനാവകാശം സ്ഥാപിച്ചു കിട്ടുന്നതിനും അവര്‍ ശബ്ദമുയര്‍ത്തി. ദന്താളിയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായിരുന്നു. 1990 അഖിലേന്ത്യ പുരോഗമന വനിത അസോസിയേഷന്റെ അദ്ധ്യക്ഷയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 1997 ഒക്ടോബറില്‍ വരാണസിയില്‍ നടന്ന സിപിഐ(എംഎല്‍) പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് അവര്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്നത് വരെ അവര്‍ ആ സ്ഥാനത്ത് തുടര്‍ന്നു. തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യ കേന്ദ്ര കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ശ്രീലത.

കക്ഷി രാഷ്ട്രീയത്തിന് ഉപരിയായി വ്യക്തി ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അവര്‍. 1996 പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) എന്ന സംഘടനയുമായി ബന്ധപ്പെട്ട് അവര്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രേം കിഷന്‍, രാധാകാന്ത് സക്‌സേന, അരുണ റോയ് തുടങ്ങിയ പ്രമുഖരെ ഈ സംഘടനയിലേക്ക് കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.

തന്റെ കുടുംബത്തില്‍ ശിശുവിവാഹം തടയുന്നതിനായി പ്രവര്‍ത്തിച്ചു എന്നതിനുള്ള ശിക്ഷയായി 1992ല്‍ ബന്‍വാരി ദേവി എന്ന ദളിത് സ്ത്രീ മുന്നോക്ക ജാതിക്കാരായ പുരുഷന്മാരാല്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍, മറ്റ് മനുഷ്യാവകാശ സംഘടനകളോടൊപ്പം ചേര്‍ന്ന് അവര്‍ പ്രക്ഷോഭങ്ങളെ നയിച്ചു. രാജസ്ഥാനെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങളില്‍ ഒന്നായിരുന്നു അത്. ജാതി വിവേചനം, ലിംഗ അസമത്വം, സാംസ്‌കാരിക അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെയെല്ലാം ധീരമായി പോരാടിയ വനിതയായിരുന്നു അവര്‍.

ധീരയായ പോരാളിയും വളരെ വിമോചിതയായ വ്യക്തിയുമായിരുന്നു അവരെന്ന് ഭര്‍ത്താവും സഖാവുമായ മഹേന്ദ്ര ചൗധരി പറയുന്നു. ജീവിതത്തില്‍ തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന അവര്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുകയും പോരാടുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍