UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

അവധി കഴിഞ്ഞ് ശ്രീറാം ഇന്നു തിരിച്ചെത്തും; ചിന്നക്കനാല്‍ ആദ്യലക്ഷ്യം

കയ്യേറ്റങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച മേഖലയാണു ചിന്നക്കനാല്‍

അവധിയിലായിരുന്നു ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നു തിരിച്ചെത്തുന്നതോടെ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ കൂടുതല്‍ വേഗത്തിലാകുന്നു. റവന്യു ഉദ്യോഗസ്ഥരുമായി കൂടിക്കണ്ടശേഷം ചിന്നക്കനാലിലേക്കായിരിക്കും സബ് കളക്ടറും സംഘവും പോവുക. മൂന്നാറിലെ കയ്യേറ്റങ്ങളുടെ പേരില്‍ കുപ്രസിദ്ധിനേടിയ പ്രദേശമാണ് ചിന്നക്കനാല്‍. റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചിന്നക്കനാലില്‍ ഒഴിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയശേഷമായിരിക്കും അങ്ങോട്ടേയ്ക്കു പോവുക. ഉടുമ്പന്‍ ചോലയിലെ കയ്യേറ്റവും ഇന്ന് ഒഴിപ്പിക്കാന്‍ സാധ്യതയുണ്ട്. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ചിരിക്കുന്ന കുരിശും നീക്കം ചെയ്യും.

അതേസമയം ചിന്നക്കനാലില്‍ റവന്യു സംഘത്തിനു വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. കാരണം ഇവിടുത്തെ കയ്യേറ്റങ്ങളില്‍ അധികവും സിപിഎം നേതാക്കളുടെതാണെന്ന ആരോപണമുണ്ട്. സാധാരണക്കാരെ മുന്‍നിര്‍ത്തി റവന്യു വകുപ്പിനെ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമം നടക്കുമെന്നാണു കരുതുന്നത്. എന്നാല്‍ ദേവികുളത്ത് നടന്നതുപോലെയുള്ള ഇടപെടലാണ് മറുഭാഗത്തു നിന്നും ഉണ്ടാകുന്നതെങ്കില്‍ റവന്യു വകുപ്പിനു വിട്ടുനല്‍കിയിരിക്കുന്ന പൊലീസ് സംഘത്തിന് ഇവരെ തടയേണ്ടി വരും. അങ്ങനെ വന്നാല്‍ സംഘര്‍ഷം വലുതാകാനും സാധ്യതയുണ്ട്. ചിന്നക്കനാല്‍ മേഖലയില്‍ വ്യാപകമായി സര്‍ക്കാര്‍ സ്വകാര്യവ്യക്തികള്‍ കയ്യേറി വച്ചിരിക്കുന്നതായാണു റിപ്പോര്‍ട്ട്. ഈ പ്രദേശത്തെ കയ്യേറ്റങ്ങളെ കുറിച്ച് മുന്‍ ജില്ല കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം വരെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സര്‍ക്കാര്‍ നടപടികളൊന്നും തന്നെ ഇവിടെ നടന്നിട്ടില്ല. രാഷ്ട്രീയസ്വാധീനം ഈ മേഖലയിലെ കയ്യേറ്റങ്ങളെ സംരക്ഷിച്ചുപോരുകയാണ്. അതുകൊണ്ടു തന്നെ ശ്രീറാമിനും സംഘത്തിനും ഇന്നും തങ്ങളുടെ ഉദ്യമം വിജയിക്കാനായാല്‍ അതു വന്‍ നേട്ടമാകും. മറിച്ചാണെങ്കില്‍ രാഷ്ട്രീയവിജയവും.

അതേസമയം എടുത്തുചാടിയുള്ള നീക്കങ്ങളാണു സബ് കളക്ടറുടേതെന്ന ആക്ഷേപം പൊലീസില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ നിന്നും വരുന്നുണ്ട്. അതുകൊണ്ട് കൃത്യമായ നിയമനടപടികളും മുന്നൊരുക്കങ്ങളും നടത്തിയശേഷം മതി കയ്യേറ്റമൊഴിപ്പിക്കല്‍ എന്ന നിര്‍ദേശം മുന്നോട്ടുവന്നിട്ടുണ്ട്. ഇന്നു റവന്യു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നതും അതുകൂടി കൊണ്ടാണ്. ഈ യോഗത്തില്‍ ഉണ്ടാകുന്ന തീരുമാനം അനുസരിച്ചായിരിക്കും ഇന്നത്തെ നടപടികള്‍. നേരത്തെ നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്തവരുടെ ഭൂമി ആദ്യം ഒഴിപ്പിച്ചെടുക്കുക, ബാക്കിയുള്ളവര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്തിച്ച് അവരുടെ ഭൂരേഖകള്‍ പരിശോധിക്കും. നിയമാനുസൃതമല്ലെങ്കില്‍ അവര്‍ക്കും ഒഴിയാനുള്ള നിര്‍ദേശം നല്‍കുക. ഈ രീതിയില്‍ മുന്നോട്ടുപോകാനായിരിക്കും ഇനി സാധ്യത. കയ്യേറ്റമൊഴിപ്പിക്കലിനിടയില്‍ സംഘര്‍ഷമുണ്ടായാല്‍ പൊലീസ് കൃത്യസമയത്ത് ഇടപെടുമെന്നുള്ള ഉറപ്പും റവന്യു വകുപ്പിന് കിട്ടിയിട്ടുണ്ട്.

കയ്യേറ്റമൊഴിപ്പിക്കല്‍ സര്‍ക്കാര്‍ നയമാണെന്നും അതുമായി മുന്നോട്ടുപോകുമെന്നും തന്നെയാണു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുന്നത്. സബ് കളക്ടര്‍ക്കു പൂര്‍ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന മന്ത്രിയേയും എംഎല്‍എയേയും തിരുത്തുമെന്നും സിപിഎം അതു ഗൗരവത്തില്‍ കാണണമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍