UPDATES

നിലപാട് മാറ്റി രാഹുല്‍; ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസാണെന്ന്‍ പറഞ്ഞിട്ടില്ല

അഴിമുഖം പ്രതിനിധി

ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു സംബന്ധിച്ച് സുപ്രീം കോടതി മുമ്പാകെയുള്ള കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് രാഹുല്‍ ഗാന്ധി തന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോയത്. ഇതോടെ രാഹുലിനെതിരെയുള്ള മാനനഷ്ട കേസ് പിന്‍വലിച്ചേക്കും.

 

ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ രാഹുലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് പാര്‍ട്ടി ഉപാധ്യക്ഷന്റെ നിലപാട് മാറ്റം കോടതിയെ അറിയിച്ചത്. ഒരു സംഘടന എന്ന നിലയില്‍ ആര്‍.എസ്.എസ് ആണ് ഗാന്ധിജിയുടെ വധത്തിനു പിന്നിലെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിട്ടില്ല. മറിച്ച് ആര്‍.എസ്.എസുമായി ബന്ധമുള്ളയാളാണ് വധിച്ചത് എന്നാണ് പറഞ്ഞതെന്നും സിബല്‍ വ്യക്തമാക്കി.

 

2014 മാര്‍ച്ചില്‍ തനെയില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുക്കാന്‍ കാരണമായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. “ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആളുകള്‍ (ബി.ജെ.പി) അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. സര്‍ദാര്‍ പട്ടേലിനേയും ഗാന്ധിജിയേയും എതിര്‍ത്തവരാണ് അവര്‍”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ വരികള്‍. ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസുകാരാണെന്ന പരാമര്‍ശം പിന്‍വലിച്ചാല്‍ കേസില്‍ നിന്ന് പിന്മാറാമെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും ഹര്‍ജിക്കാരന് അനുകൂലമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.

 

സംഭവത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രാഹുലിനെ ഉദ്ധരിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താക്കള്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇന്നലെ നിലപാട് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍