UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ച നാഗാരാഷ്ട്ര വാദി എസ്എസ് ഖപ്ലംഗ് അന്തരിച്ചു

ഖംപ്ലഗിന്റെ നേതൃത്വത്തിലുള്ള എന്‍എസ്‌സിഎന്‍കെ പതിറ്റാണ്ടുകളോളം ഇന്ത്യയിലേയും മ്യാന്‍മറിലേയും പ്രദേശങ്ങള്‍ മോചിപ്പിച്ച് സ്വതന്ത്ര രാഷ്ട്രത്തിനായി സായുധ പോരാട്ടം നടത്തുന്ന സംഘടനയാണ്‌

നാഗാ വിഘടനവാദി ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (എന്‍എസ്‌സിഎന്‍ – കെ) തലവന്‍ എസ്എസ് ഖപ്ലംഗ്(ഷങ്‌വാങ് ഷങ്‌യുങ് ഖപ്ലാംഗ്) അന്തരിച്ചു. 77 വയസായിരുന്നു. മ്യാന്‍മറിലെ ആശുപത്രിയിലാണ് അന്ത്യം. നാഗാ വിഘടനവാദി ഗ്രൂപ്പുകളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ച വിഭാഗമാണ് എന്‍എസ്‌സിഎന്‍കെ. പതിറ്റാണ്ടുകളോളം ഇന്ത്യയിലേയും മ്യാന്‍മറിലേയും പ്രദേശങ്ങള്‍ മോചിപ്പിച്ച് സ്വതന്ത്ര രാഷ്ട്രത്തിനായി സായുധ പോരാട്ടം നടത്തുന്ന സംഘടനയാണിത്.

മ്യാന്‍മറിലെ പാങ്‌സോ മേഖലയിലുള്ള വക്താമില്‍ 1940 ഏപ്രിലിലാണ് എസ്എസ് ഖപ്ലംഗിന്റെ ജനനം. ഒരു ഹെമി നാഗ ഗോത്ര കുടുംബത്തില്‍. 1964ല്‍ നാഗ ഡിഫന്‍സ് ഫോഴ്‌സിന് ഖപ്ലാംഗ് രൂപം നല്‍കി. ഇന്ത്യയില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള പ്രദേശങ്ങള്‍ ചേര്‍ത്ത് നാഗാ രാഷ്ട്രം ആവശ്യപ്പെട്ടു. ഈസ്റ്റേണ്‍ നാഗ റെവലൂഷണറി കൗണ്‍സിലിന്റെ ചെയര്‍മാനായി. 1950കളില്‍ അംഗാമി സാപു ഫിസോയുടെ നാഗ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ചൈനയില്‍ പോയി പരിശീലനം തേടാന്‍ സഹായം നല്‍കിയത് ഖപ്ലാംഗാണ്. എന്നാല്‍ 1975 നവംബറില്‍ എ സെഡ് ഫിസോ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചതോടെ ഖപ്ലാംഗ് ഫിസോയ്‌ക്കെതിരെ തിരിഞ്ഞു. എസ്എസ് ഖപ്ലംഗ്, തുയിംഗാലംഗ് മുവ, ഇസാക് ചിഷി സു എന്നീ മൂന്ന് നേതാക്കളാണ് ഇന്ത്യക്കെതിരായ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എന്‍എസ്‌സിഎന്‍ രൂപീകരിക്കുന്നതും ഇതേ തുടര്‍ന്നാണ്.

അതേസമയം ഈ ഐക്യം അധികകാലം നീണ്ടില്ല. 1988ല്‍ മുവായെ വധിക്കാന്‍ ശ്രമം നടന്നു. ഐഎം ഗ്രൂപ്പിനോട് അനുഭാവമുള്ള ഇന്ത്യന്‍ നാഗ കേഡര്‍മാരെ മ്യാന്‍മറില്‍ നിന്ന് തുരത്തിയിരുന്നു. ആസാമിലെ ഉള്‍ഫ അടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പല സായുധ ഗ്രൂപ്പുകള്‍ക്കും ഖപ്ലാംഗ് വിഭാഗം ആയുധങ്ങളടക്കം സഹായം നല്‍കിയിട്ടുണ്ട്. 2001ല്‍ ഖപ്ലംഗ് വിഭാഗം ഇന്ത്യാ ഗവണ്‍മെന്റുമായും മ്യാന്‍മറുമായും വെടിനിര്‍ത്തല്‍ കരാറിലും 2012ല്‍ സമാധാന ഉടമ്പടിയിലും ഒപ്പുവച്ചെങ്കിലും 2015ല്‍ പിന്മാറി. ഖോലെ കൊണ്യാകിനേയും കിതോവി സിമോണിയേയും പോലുള്ള ഇന്ത്യന്‍ നാഗ നേതാക്കള്‍ ഖപ്ലംഗ് ഗ്രൂപ്പ് വിട്ട് പുതിയ സംഘടന രൂപീകരിച്ചു. ഇതിനിടെ മ്യാന്‍മറിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി, എന്‍എസ്‌സിഎന്‍ സൈനിക മേധാവി നികി സുമിയോടൊപ്പം നില്‍ക്കുന്ന ചിത്രം വിവാദമായിരുന്നു.

കടുംപിടുത്തക്കാരനായ ഖപ്ലംഗ്ഗിന്റെ നിര്യാണം സമാധാന ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. എതിര്‍ ഗ്രൂപ്പായ എന്‍എസ്‌സിഎന്‍ (ഐഎം) കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായപ്പോളും ഖപ്ലംഗ് വിഭാഗം ഇന്ത്യന്‍ സൈന്യവുമായുള്ള പോരാട്ടം തുടരുകയായിരുന്നു. ഈയാഴ്ച നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ ഇന്ത്യന്‍ ആര്‍മി മേജര്‍ ഡേവിഡ് മാന്‍ലൂമും മൂന്ന് എന്‍എസ്‌സിഎന്‍ – കെ അംഗങ്ങളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ 20 ഇന്ത്യന്‍ സൈനികരെ വധിച്ച ആക്രമണത്തെ തുടര്‍ന്ന് മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം എന്‍എസ്‌സിഎന്‍ ക്യാമ്പുകള്‍ ആക്രമിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍