UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മണ്ടൻമാരുടെ’ SSLC തന്നെ ഒരുപടി മുന്നില്‍; വിവാദങ്ങള്‍ സ്വകാര്യ സ്‌കൂളുകളെ സഹായിക്കാനോ?

Avatar

ആര്‍ സുരേഷ് കുമാര്‍

കേരളത്തിലെ എസ്.എസ്. എൽ.സി. പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവാദങ്ങൾ പതിവാണ്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ഫലപ്രഖ്യാപനമുണ്ടായപ്പോൾ വേഗത്തിൽ ഫലം പ്രഖ്യാപിച്ച് ഖ്യാതി നേടാൻ ശ്രമിച്ചതിൻ്റെ ഫലമായുണ്ടായ പാകപ്പിഴകളാണ് കൂടുതൽ ശ്രദ്ധയിൽ വന്നത്. അതിനോടൊപ്പം ജയിക്കുന്നവരുടെ നിലവാരത്തകർച്ചയെക്കുറിച്ച് പറഞ്ഞു കൊണ്ട് പൊതുവിദ്യാഭ്യാസത്തെ മുഴുവൻ അപഹസിക്കുന്ന ചർച്ചകൾ വ്യാപകമാവുന്നു. ഏകദേശം ഒന്നര പതിറ്റാണ്ടു മുമ്പുവരെ ഇത്രയധികം വിവാദങ്ങൾ  എസ്.എസ്.എൽ.സി. പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.

സിവിൽ സർവീസിലുൾപ്പെടെ ഇന്ന് ഭരണ അധ്യാപന രംഗങ്ങളിലുള്ളവരെല്ലാം തന്നെ അന്ന് പൊതുവിദ്യാലയങ്ങളിൽ പഠിച്ചിരുന്നവരാണ്. ശരാശരി 40 ശതമാനമാണ് അന്നൊക്കെ വിജയം.  പരാജിതരിൽ ഒരു വിഭാഗം ട്യൂഷൻ സെൻ്ററുകളിൽ പഠിച്ച് പ്രൈവറ്റായി വീണ്ടുമെഴുതും. ജയിക്കുന്നവരിൽ അറുപത് ശതമാനത്തോളം കോളേജുകളിൽ അഡ്മിഷൻ ലഭിച്ച് പഠനം തുടരും. മറ്റൊരു വിഭാഗം പാരലൽ കോളേജുകളെ ആശ്രയിക്കും. ജയിക്കുന്നവരിലെ ചെറിയൊരു വിഭാഗവും തോൽക്കുന്നവരിലെ വേറൊരു വിഭാഗവും പഠനമവസാനിപ്പിച്ച് വിവിധ തൊഴിൽ മേഖലകളിലേക്ക് തിരിയും. അന്നും ജയിക്കുന്നവരിൽ ശരിയായി മലയാളം പോലും എഴുതാൻ കഴിയാത്തവർ ഉണ്ടായിരുന്നു. അതൊന്നും പാഠ്യപദ്ധതിയുടെയോ സിദ്ധാന്തങ്ങളുടെയോ അടിസ്ഥാനത്തിൽ ചർച്ചക്ക് വിധേയമായിരുന്നില്ല.

ഇന്ന് സ്ഥിതി മാറി. അന്നത്തെ പൊതു വിദ്യാലയ മിടുക്കന്മാർ അതിൻ്റെ ബലത്തിൽ നേടിയ ജീവിത സാഹചര്യങ്ങളുടെ മെച്ചത്തിൽ തങ്ങളുടെ മക്കളെ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയത്തിലേക്കും പിന്നീട് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളിലേക്കും അയച്ചുതുടങ്ങിയതോടെ ഉപഭോഗ പരത കൂടുതലുള്ള മലയാളിയുടെ അനുകരണഭ്രമത്തിൽ സാധാരണക്കാരനും ചെന്നുപെട്ടു. ഇടപെടൽ ശേഷി കുറഞ്ഞ പാവപ്പെട്ട രക്ഷിതാക്കളുടെ മക്കൾ മാത്രമായി പൊതു വിദ്യാലയങ്ങളുടെ മുതൽക്കൂട്ട് .   

  
പഠനവൈകല്യങ്ങളും ഭിന്നശേഷിയുമുള്ള വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ഇടിച്ചുതാഴ്ത്തി സംസാരിക്കാൻ പഴയ പൊതു വിദ്യാലയ മിടുക്കന്മാർ ഇന്ന് മുൻപന്തിയിലാണ്. തങ്ങളുടെ മക്കളെ മറ്റ് സിലബസുകളിൽ പഠിക്കാനയച്ചുകൊണ്ട് പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും ഇക്കാര്യങ്ങളിൽ വലിയ സംഭാവന  നൽകുന്നുണ്ട്. പ്രി കെ.ജി. മുതൽ സ്പെഷ്യൽ ട്യൂഷനും രക്ഷിതാക്കളുടെ ട്യൂഷനും എട്ടാം ക്ലാസ് മുതൽ കോച്ചിംഗും ഏർപ്പെടുത്തിയിരിക്കുന്ന ഒരു വിഭാഗം കുട്ടികൾ പഠിക്കുന്ന സി.ബി.എസ്.ഇ. സ്കൂളുകളുടെ നിലവാരത്തെയും മക്കളുടെ വിദ്യാഭ്യാസത്തിൽ യാതൊരു ഇടപെടലും നടത്താൻ കഴിയാഞ്ഞ രക്ഷിതാക്കളുടെ ആശ്രയമായ സ്കൂളുകളുടെ നിലവാരത്തെയും താരതമ്യംചെയ്യുന്നത് അശാസ്ത്രീയമല്ലേയെന്ന  ചോദ്യം വളരെ പ്രസക്തമാണ്.  ഒരേ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്നും വിവിധ സിലബസുകളിൽ പഠിക്കുന്നവരുടെ വൈകാരിക ബുദ്ധി ഉൾപ്പെടെയുള്ള ഘടകങ്ങൾ താരതമ്യം ചെയ്തു കൊണ്ടുള്ള പഠനത്തിലൂടെ മാത്രമേ ശരിയായ വിലയിരുത്തൽ സാധ്യമാകൂ.

സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ വാങ്ങിയവർക്ക് പോലും അക്ഷരമറിയില്ല എന്ന തോന്നലുളവാക്കുന്ന ചർച്ചയും വിലയിരുത്തലും സംസ്ഥാന സിലബസിൽ കുട്ടികളെ പഠിക്കാൻ വിടുന്ന  മധ്യവർഗവിഭാഗത്തിലെ അവശേഷിക്കുന്ന  രക്ഷിതാക്കളെ കൂടി ഭീതിയിലാഴ്ത്താനും ഈ സ്ട്രീമിൽ നിന്ന് കുട്ടികളെ പിൻവലിക്കാനുമുള്ള തന്ത്രമായി സി ബി എസ്ഇ ലോബി ഉപയോഗിക്കുന്നുവെന്ന സത്യം മറന്നു പോകരുത്. നിലവാരമില്ലെന്ന പേരിൽ മറ്റ് സിലബസുകാർ അഡ്മിഷൻ നിഷേധിക്കുന്നവർക്കും പൊതു വിദ്യാലയങ്ങളാണ് ശരണം.  ആധുനിക സമൂഹത്തിൻ്റെ സങ്കീർണതകളുടെ ഫലമായി പഠന വൈകല്യങ്ങൾ   ഏറി വരുന്നവരും ഇൻക്ളുസീവ്  വിദ്യാഭ്യാസത്തിൻറെ ഭാഗമായി പൊതു വിദ്യാലയങ്ങളിലാണ് പഠിക്കാനെത്തുന്നത്.

പൊതുവിദ്യാലയങ്ങളുടെ പരിമിതികൾ അറിയാതെയല്ല ഇതെല്ലാം പറയുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾ ശ്രദ്ധ പുലർത്താത്തിടത്ത് കുട്ടികൾ അക്ഷരമറിയാതെ കടന്നു വരുന്നുണ്ട്. സമൂഹത്തിൻ്റെ പൊതുധാരയിലുള്ളവരെ പഠിപ്പിക്കുന്നതു പോലെ അക്ഷരം പഠിപ്പിച്ച് തുടങ്ങിയാൽ മനസ്സിലാകാത്ത സാംസ്കാരിക പശ്ചാത്തലമുള്ളവരും പൊതു വിദ്യാലയങ്ങളിൽ വന്നു ചേരുന്നു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. പൊതു വിദ്യാലയങ്ങളിൽ നിന്നിറങ്ങുന്നവർ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിൽ പിന്നിലാണ് എന്നതും പൊതുവായ സത്യമാണ്. ഇവ പരിഹരിക്കാൻ അധ്യാപക വിദ്യാർത്ഥി അനുപാതം കുറച്ച് കുട്ടികൾക്ക് വ്യക്തിപരമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ഇംഗ്ലീഷിൽ സ്പെഷ്യൽ കോച്ചിംഗ് നൽകുകയും വേണം. സി.ബി.എസ്.ഇ.ക്കാർക്ക് ഇതൊരു വെല്ലുവിളിയല്ല. രക്ഷിതാക്കളും ട്യൂഷൻകാരും വേണ്ട ശ്രദ്ധ അവർക്ക് നൽകുന്നുണ്ട്.

മോശമായ സാമൂഹ്യ വിദ്യാഭ്യാസ പശ്ചാത്തലത്തിൽ നിന്നു വരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതാണ് വെല്ലുവിളി. അതേറ്റെടുക്കുന്നതിൽ ഒരു വിഭാഗം അധ്യാപകർ ആത്മാർത്ഥത കാട്ടുമ്പോൾ ചെറിയൊരു വിഭാഗം ശമ്പളത്തിന് മാത്രം പ്രാധാന്യം നൽകുന്നവരായി നിൽക്കുകയും മാറി നിന്ന് പൊതുവിദ്യാഭ്യാസത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന വസ്തുത പൊതു വിദ്യാഭ്യാസ രംഗത്തെ മറ്റൊരു ചിത്രമാണ്. പൊതു സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും ഉറപ്പുവരുത്തി പൊതു വിദ്യാലയങ്ങൾ മികവിൻ്റെ വഴികൾ തേടുന്ന പ്രവണത വർധിച്ചു വരുന്ന കാലഘട്ടമാണിത്. ഇപ്പോൾ എസ് എസ് എൽ സി പരീക്ഷാ ഫലത്തെ മുൻനിർത്തി തുടരുന്ന ആക്രമണങ്ങൾ എലിയെ പേടിച്ച് ഇല്ലം ചുടാൻ പലരെയും പ്രേരിപ്പിക്കാനാണ്.

എല്ലാ രംഗത്തും ഉദാരവൽക്കരണത്തെ പിന്തുണച്ചവർ എസ്.എസ്.എൽ.സി.ക്ക് പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന 40 ശതമാനം വിജയം മതിയെന്ന വാദമാണോ ഇയർത്തുന്നത്? അന്ന്നിലവാര ത്തോടെ എസ്.എസ്.എൽ.സി. കഴിഞ്ഞിറങ്ങിയെന്ന് പറഞ്ഞിരുന്ന അതേ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളിലുള്ളവർ ഇന്ന് പൊതുവിദ്യാലയങ്ങൾക്ക് പുറത്താണ് പഠിക്കുന്നത്.

നിലവാരത്തിൻ്റെ പേരിൽ വിജയശതമാനം കുറച്ചുകൊണ്ട്  ഒരുതിരിച്ചു പോക്ക് ഇനി  പൊതു വിദ്യാലയങ്ങൾക്ക് സാധ്യമാണോ? വിദ്യാഭ്യാസത്തെ കച്ചവടമാക്കി ലക്ഷങ്ങൾ നൽകി ഹയർ സെക്കൻ്ററിയിൽ അധ്യാപകരായവർ അനുഭവിക്കുന്ന ഉപരിവർഗ സുരക്ഷിതത്വം ഇല്ലാതായാൽ ഒരുപാട് കുടുംബ  ആത്മഹത്യകൾക്ക് കേരളം സാക്ഷിയാകും. നിലവാരമുള്ളവർക്ക് മാത്രമാണ് അവസരം നൽകേണ്ടതെങ്കിൽ ഇത്രയധികം ഹയൻ സെക്കൻ്ററി സ്കൂളുകളും എഞ്ചിനീയറിംഗ് കോളേജുകളും  മെഡിക്കൽ കോളേജുകളും ടീച്ചർ എഡ്യുക്കേഷൻ കോളേജുകളും  നഴ്സിംഗ് കോളേജുകളുമൊക്കെ ആവശ്യമുണ്ടായിരുന്നോ? അതെല്ലാം വികസനമായി ചിത്രീകരിച്ച് മേനി നടിച്ചവർ ഇതിനെല്ലാം അടിത്തറയൊരുക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങളിലെ ഉദാരവൽക്കരണത്തെ വിമർശിക്കുന്നതെന്തിന്? ഈ വിഭാഗങ്ങളിലെ വിജയശതമാനം 75 ൽ താഴെയായാൽ കേരളത്തിൻ്റെ സാമൂഹ്യഘടനയെ അതെങ്ങനെ ബാധിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. 

എന്നാൽ അക്ഷരമറിയാത്തവരെ ജയിപ്പിക്കാനുള്ള ന്യായികരണമല്ലിതൊന്നും. വിമർശനക്കാർ സി.ബി.എസ്.ഇ.യെ പുകഴ്ത്താനും കേരള എസ് എസ് എൽസിയെ ഇകഴ്ത്താനും പറയുന്നകാര്യങ്ങളിൽ പാഠ്യപദ്ധതിക്കോ സിദ്ധാന്തങ്ങൾക്കോ വലിയ സ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ്. പൊതു വിദ്യാലയങ്ങളിലെ പിന്നാക്കക്കാരെ സി ബി എസ് ഇക്കാർ ദത്തെടുത്ത് ഇന്ന് സി ബി എസ് ഇ യിൽ പഠിക്കുന്നവരുടെ നിലവാരമുള്ള പരീക്ഷാഫലം ഉണ്ടാക്കി കാണിക്കുന്നതുവരെ മണ്ടൻമാരുടെ എസ് എസ് എൽ സി ഒരുപടി മുന്നിലാണെന്ന് പറയേണ്ടി വരും.

(തിരുവനന്തപുരം കോളേജ് ഓഫ് എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍