UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

ന്റെ റബ്ബേ, ഇനിയെങ്കിലും ഈ കടുംവെട്ട് നിര്‍ത്തിക്കൂടേ?

ബാറുകള്‍ അടച്ചുപൂട്ടിയതിനാല്‍ പഞ്ചായത്താപ്പീസിലെ പ്യൂണ്‍ കൊച്ചാപ്പിച്ചേട്ടനും ഗള്‍ഫ് റിട്ടേണ്‍ഡ് മോഹനനും ബിവറേജസ് കോര്‍പ്പറേഷന്‍ കടയില്‍നിന്ന് വാങ്ങിയ മദ്യം മോന്താനാണ് സര്‍ക്കാര്‍ പള്ളിക്കൂടത്തിന്റെ വരാന്തയില്‍ ഇരുന്നത്. നമ്മുടെ ‘വിദ്യാഭാസ’ മന്ത്രി വാര്‍ത്താസമ്മേളനം നടത്തി ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ ഇരുവര്‍ക്കും എല്ലാവിഷയങ്ങള്‍ക്കും ‘എ പ്ലസ് ‘ ഗ്രേഡ്! പരീക്ഷ എഴുതാത്തവര്‍ക്ക് എ പ്ലസ് പ്രഖ്യാപിച്ച മന്ത്രി അടുത്തവര്‍ഷം മുതല്‍ പരീക്ഷയ്ക്കുമുമ്പേ ഫലം പ്രഖ്യാപിച്ച് റെക്കോര്‍ഡിടാന്‍ കാത്തിരിക്കുകയാണെന്ന സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം നിസ്സാരമല്ല. കഴിഞ്ഞ നാലുവര്‍ഷ കണക്കെടുപ്പു പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ അത് സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ്!

ജയിച്ച കുട്ടികള്‍ തോല്‍ക്കുകയും തോറ്റ കുട്ടികള്‍ ജയിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു…. കഴിഞ്ഞവര്‍ഷം ചില വിഷയങ്ങള്‍ തോറ്റവര്‍ ഇത്തവണ തോറ്റവിഷയങ്ങള്‍ വീണ്ടും എഴുതി. ആ വിഷയങ്ങളില്‍ അവര്‍ ജയിക്കുകയും ചെയ്തു. പക്ഷെ, കഴിഞ്ഞ വര്‍ഷം ജയിച്ച വിഷയങ്ങള്‍ ഇത്തവണ എഴുതാതിരുന്നിട്ടും തോറ്റു!

പരീക്ഷ എഴുതാത്തവര്‍ക്ക് ഗ്രേഡ് ലഭിച്ചതുള്‍പ്പെടെ 3338 പരാതികള്‍ പരീക്ഷാഫലം പുറത്തുവന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ലഭിച്ചതായി അധികൃതര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. അതിനര്‍ത്ഥം ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കും അനൗദ്യോഗികമായുള്ള പരാതികള്‍ എന്നാണ്.

ഇത്രയേറെ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി പറയുന്നത് നിസ്സാര പ്രശ്‌നങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നാണ്. ഒരു തലമുറയെ മുഴുവന്‍ വെള്ളം കുടിപ്പിക്കുന്ന ഇത്തരം വീഴ്ചകള്‍ മുഖ്യമന്ത്രിക്ക് നിസ്സാരം! ഇതിനായി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകള്‍ കയറി ഇറങ്ങി വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വാസ്ഥ്യം തകരുന്നത് ഈ സര്‍ക്കാരിന് പ്രശ്‌നമേയല്ല. ബഡ്ജറ്റ് വിറ്റ കെ.എം. മാണിയും ബാറുടമകളില്‍നിന്ന് കോടികള്‍ കോഴ വാങ്ങിയതില്‍ കെ.ബാബുവും സോളാര്‍ കേസില്‍ താന്‍ തന്നെയും അകപ്പെട്ട കെണികളുമായി നോക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഇതൊക്കെ നിസ്സാരമായേ കരുതാനാവൂ. അതിനെക്കാള്‍ മുഖ്യമന്ത്രിക്ക് സന്തോഷം പകരുന്നത് മറ്റൊരു കാര്യമാവണം – ‘ഇനി മുതല്‍ ജനസമ്പര്‍ക്കത്തില്‍’ ഇപ്പൊ ശര്യാക്കിത്തരാം’ എന്നുപറഞ്ഞ് തീരുമാനമെടുക്കാന്‍ കുറേ എസ്.എസ്. എല്‍.സി പരാതിക്കാരെയും കിട്ടുമല്ലോ’!

മറ്റേതെങ്കിലുമൊരു സംസ്ഥാനത്തായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടിയ പി.കെ.അബ്ദുറബ്ബ് എന്ന മന്ത്രി പിന്നെ ആ സ്ഥാനത്തുണ്ടാവില്ലായിരുന്നു. പ്രതികരണശേഷി കൂടിപ്പോയതിനാല്‍ ഇവിടെ ‘അഴിമതിയും ക്രമക്കേടുകളും ഈ ഭരണത്തിന് ഐശ്വര്യം’ എന്ന ബോര്‍ഡ് ഓരോ വകുപ്പിലും വയ്ക്കാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും മാത്രമല്ല, ഉദ്യോഗസ്ഥരും മത്സരിക്കുമ്പോള്‍ പ്രതിപക്ഷം ടി.വി ക്യാമറകള്‍ക്കു മുന്നില്‍ ‘ അഡ്ജസ്റ്റുമെന്റ് സമര’ങ്ങള്‍ നടത്തി സായൂജ്യമടയുകയാണല്ലോ.

ഈ പരീക്ഷാഫല അട്ടിമറിക്ക് നേതൃത്വം നല്‍കിയ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ചുമതല ഫലപ്രദമായി നിര്‍വഹിച്ചുപോന്നത് ‘ഐടി @ സ്‌കൂള്‍’ എന്ന വിദ്യാഭ്യാസവകുപ്പിന്റെ തന്നെ സ്ഥാപനമായിരുന്നു. ഒരു പരാതിക്കും ഇടവരുത്താതിരുന്നിട്ടും അവരെ മാറ്റിയത് എന്തിനായിരുന്നു? ഇക്കുറി ആ ചുമതല കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍.ഐ.സിക്ക് നല്‍കിയത് അവര്‍ മന്ത്രി നിര്‍ദ്ദേശിച്ച സ്വകാര്യ ഏജന്‍സിയെക്കൊണ്ട് ഇത് നിര്‍വഹിപ്പിക്കാം എന്ന ഉറപ്പിനെത്തുടര്‍ന്ന് ആയിരുന്നില്ലേ? എന്‍.ഐ.സിയുടെ വിവാദമായ സോഫ്റ്റ്വെയറിലെ ‘ഡബിള്‍ എന്‍ട്രി’ അതിവേഗത്തില്‍ ഫലം പുറത്തുവരുത്തണമെന്ന മന്ത്രിയുടെ താല്‍പര്യത്തെ തുടര്‍ന്ന് അട്ടിമറിച്ചതല്ലേ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്? (കുറ്റക്കാരനെന്ന് കണ്ടെത്തിയ സോഫ്റ്റ്വെയറിനെ സസ്‌പെന്‍ഡ് ചെയ്യാനും അടുത്തവര്‍ഷങ്ങളില്‍ ഡീബാര്‍ ചെയ്യാനും ഇനി ‘പച്ച’ സോഫ്റ്റ്വെയര്‍ നടപ്പിലാക്കാനും മന്ത്രി തീരുമാനിച്ചെന്ന രീതിയിലുള്ള കമന്റുകള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്).

ഉത്തരക്കടലാസ് പരിശോധന വേണ്ടവിധം നടത്താതിരിക്കാന്‍ ഇടപെട്ടില്ലേ? സാധാരണഗതിയില്‍ ഒരു ദിവസം രണ്ട് കെട്ടുകള്‍ നോക്കാന്‍ അദ്ധ്യാപകര്‍ക്ക് നല്‍കാറുള്ളതിന് പകരം ഇത്തവണ മൂന്നായി ഉയര്‍ത്തിയ സാഹചര്യം എന്തായിരുന്നു? കെ.എസ്.ടി.എ ഉള്‍പ്പെടെയുള്ള അദ്ധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കേണ്ടിവന്നുവെങ്കിലും അധിക ഡി.എ നല്‍കി ചില അദ്ധ്യാപകരെക്കൊണ്ട് കൂടുതല്‍ പേപ്പര്‍ നോക്കിപ്പിച്ചില്ലേ?

മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷാനടത്തിപ്പ് ചുമതല വഹിച്ചിരുന്ന പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാറ്റി ‘ലീഗ്‌വത്കരിച്ച’തല്ലേ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയത്?

പരീക്ഷാഫലം ഏപ്രില്‍ പതിനാറിനോ ഇരുപതിനോ പകരം മേയ് ഒന്നിനോ രണ്ടിനോ പുറത്തുവന്നിരുന്നെങ്കില്‍ എന്തെങ്കിലും സംഭവിക്കുമായിരുന്നോ? സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ളവയുടെ പരീക്ഷാഫലം മേയ് ഒടുവിലേ പുറത്തുവരാറുള്ളൂ. അപ്പോള്‍, പ്ലസ് ടു സീറ്റുകച്ചവടമായിരുന്നു പരീക്ഷാഫലം ധൃതിപിടിച്ച് പുറത്തുകൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പ്ലസ് ടു അഴിമതി ലിസ്റ്റ് ഹൈക്കോടതി ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയില്‍ കളഞ്ഞിരുന്നല്ലോ. അക്കൂട്ടര്‍ക്ക് ഇത്തവണ വീണ്ടും കൊടുക്കേണ്ടേ? (വാങ്ങിയതും വാഗ്ദാനം ചെയ്യപ്പെട്ടതുമായ പണത്തോട് കൂറ് കാട്ടേണ്ടേ!) അതിനൊക്കെ സമയം കിട്ടാനല്ലേ റബ്ബ് ഈ കസര്‍ത്തൊക്കെ കാട്ടുന്നത്? കഴിഞ്ഞ തവണ സംസ്ഥാനത്തുണ്ടായിരുന്ന 4,19,404 പ്ലസ് ടു സീറ്റുകളില്‍ 3,33,417 സീറ്റുകളിലെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുള്ളൂ. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്തും വിശദ പഠനം നടത്തിയുമല്ലേ ഇനി പ്ലസ് ടു ബാച്ചും സീറ്റും അനുവദിക്കേണ്ടത്? അതിന് എന്തെങ്കിലും നടപടി ആരംഭിച്ചോ?

യോഗ്യത ഇല്ലെന്നു പറഞ്ഞ് സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ഒരു വൈസ്ചാന്‍സലറെ ഗവര്‍ണര്‍ക്ക് പുറത്താക്കേണ്ടിവന്നു. ഇത് വ്യക്തമാക്കുന്നത് വി.സി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമനത്തിന് ലേലംവിളി പ്രകാരമുള്ള തുക നല്‍കലാണ് യോഗ്യത എന്നാണ്. യോഗ്യത ഉള്‍പ്പെടെയുള്ളവയില്‍ അഴിമതി ആരോപണം നേരിടാത്ത എത്ര വിസിമാര്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുണ്ട്? ഒരാള്‍പോലുമില്ല. കോഴിക്കോട് ഉള്‍പ്പെടെയുള്ളിടങ്ങളില്‍ റബ്ബിന്റെ സ്വന്തം വി.സിക്കെതിരെ സമരം നടത്തിയത് കോണ്‍ഗ്രസുകാരുള്‍പ്പെടുന്ന യു.ഡി.എഫുകാരാണ്! അഴിമതിക്കെതിരെ കോണ്‍ഗ്രസ് സമരം ചെയ്യണമെങ്കില്‍ അവിടെ അഴിമതി എത്രമാത്രം ഭീകരമായിരിക്കും? അവിടെ വിസിക്ക് സര്‍വകലാശാലയിലെ നിയമനത്തിന് നല്‍കാനെന്ന പേരില്‍ പണം വാങ്ങിയ ലീഗ് നേതാവ് പിടിയിലായിട്ട് പിന്നീട് എന്ത് സംഭവിച്ചു?

കേരളത്തിന് ആകെ അഭിമാനിക്കാനുണ്ടായിരുന്നത് പൊതുവിദ്യാഭ്യാസത്തിലെ മികവായിരുന്നു. ഈ സര്‍ക്കാരിന്റെയും അതിലെ മന്ത്രിയുടെയും ‘കടുംവെട്ടി’ല്‍ ആ മികവും കടലെടുത്തിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുക എന്ന അജണ്ട വിദ്യാഭ്യാസമന്ത്രി അധികാരമേറ്റതുമുതല്‍ നടപ്പിലാക്കി വരികയായിരുന്നില്ലേ എന്ന സംശയം ഇതുവരെയുള്ള അദ്ദേഹത്തിന്റെ നടപടികള്‍ പരിശോധിക്കുന്ന ആര്‍ക്കുമുണ്ടാവും. പ്രതീക്ഷിച്ചതിനെക്കാള്‍ ‘നേട്ടങ്ങള്‍’ ഉണ്ടായില്ലേ? അതിനാല്‍,ബഹു.മന്ത്രി, ഇനിയെങ്കിലും ഈ കടുംവെട്ട് നിറുത്തിക്കൂടേ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍