UPDATES

ന്യൂസ് അപ്ഡേറ്റ്സ്

SSLC: കാട് കാണാതെ ആനയെ മാത്രം കാണുന്നവര്‍-ഡോ. ആര്‍ വി ജി മേനോന്‍

Avatar

ഡോ: ആര്‍ വി ജി മേനോന്‍

കേരളവിദ്യാഭ്യാസ  മേഖലയ്ക്ക് പല നല്ല വശങ്ങള്‍ ഉണ്ടെങ്കിലും അത് ഒരിക്കലും ഇന്ത്യയ്ക്ക് മുഴുവനും മാതൃകയായിരുന്നു എന്ന് ഞാന്‍  കരുതുന്നില്ല. നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മഹത്വം അത് അഞ്ചുവയസായ ഏതാണ്ടെല്ലാ കുട്ടികളെയും ഉള്‍ക്കൊള്ളുന്നു എന്നതും  അവരെല്ലാവരും തന്നെ പത്താം ക്ലാസ്സില് എത്തുന്നു എന്നതുമാണ്. എന്നാല്‍ അതിന്റെ ഗുണമേന്മ ഒരിക്കലും കേമമായിരുന്നില്ല. ഇപ്പോഴും അതാണ്‌ നാം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. ഇത്തവണത്തെ പരീക്ഷ ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍  ഈ ശരിയായ പ്രശ്നത്തില്‍നിന്നു ശ്രദ്ധ മാറ്റാനേ ഉപകരിക്കുന്നുള്ളൂ.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണം നന്നാവാത്തതിന് പ്രധാന കാരണങ്ങള്‍ പലതാണ്. ഒന്നാമത് നമുക്ക് ദേശീയ വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന 220 പ്രവൃത്തിദിനങ്ങള്‍ കിട്ടുന്നില്ല. എന്ന് തന്നെയല്ല, നാമത്  ലക്ഷ്യമാക്കുന്നുമില്ല.  ആവശ്യത്തിനു ക്ലാസ് കിട്ടാതെ അധ്യാപകര്‍ എന്ത് ചെയ്യാനാണ്?

രണ്ടാമത് ദേശീയ നിയമത്തില്‍  പറയുന്ന അധ്യാപക- വിദ്യാര്‍ഥി  അനുപാതം നമുക്ക് ക്ലാസ്സില്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ല. 1:35 എന്നതിനു  പകരം “നല്ല” സ്കൂളുകളില്  പലപ്പോഴും അന്‍പതിലേറെ കുട്ടികളാണ് ഒരു ക്ലാസ്സില്‍ ഉണ്ടാകുക. പ്രവൃത്ത്യുന്മുഖമായ ബോധനരീതിയും തുടര്‍ച്ചയായ മൂല്യനിര്‍ണ്ണയവും  വേണമെന്ന് പറയുന്ന നമ്മളെങ്ങനെയാണ് ഇത് അംഗീകരിക്കുക? ഒരു ക്ലാസ്സിലും 35ല്‍ കൂടുതല്‍ കുട്ടികളു ഉണ്ടാകാന്‍ പാടില്ല. എങ്കില്‍ മാത്രമേ നാം ഉദ്ദേശിച്ച രീതിയിലുള്ള ബോധനം നടക്കൂ.

മൂന്നാമത്തെ കാര്യം പല സ്കൂളുകളിലും  അത്യാവശ്യം വേണ്ട അധ്യാപകര്‍  ഉണ്ടാവില്ല എന്നതാണ്. ഒരുപാട് അധ്യാപകര്‍ “പ്രൊട്ടെക്റ്റഡ് ” ആയി നില്ക്കുന്നു എന്ന് പരാതി പറയുന്ന സര്‍ക്കാരിന് ഈ പ്രശ്നം പരിഹരിക്കാന്  എന്തേ  കഴിയുന്നില്ല? ഒഴിവുകളും അവധി പ്രശ്നങ്ങളും പരിഹരിച്ചു കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണം. ഇതില്‍ വീഴ്ച  വരരുത്.

അതുപോലെ തന്നെ ഒഴിവാക്കേണ്ട പ്രശ്നമാണ് ഒരുപാട് കുട്ടികള്‍ക്ക് സമയത്ത്  പാഠപുസ്തകം കിട്ടുന്നില്ല എന്നത്. ഒരുതരത്തിലുള്ള ഒഴിവു കഴിവും ഇതിനു ബാധകമല്ല. അക്ഷന്തവ്യമായ വീഴ്ച എന്നേ  പറയാനാവൂ. അതുപോലെ തന്നെ അദ്ധ്യാപകസഹായിയുടെ കാര്യവും. അതിനോടൊപ്പം പറയേണ്ട കാര്യമാണ് അധ്യാപക പരിശീലനത്തില് വന്നിട്ടുള്ള വീഴ്ച. പുതിയ പാഠ്യപദ്ധതിയും ബോധനരീതിയും വിജയകരമാവണമെങ്കില്  അധ്യാപകരെ ശക്തിപ്പെടുത്തിയേ  പറ്റൂ. അതുപോലെ  തന്നെയാണ് സ്കൂളുകളിലെ ലൈബ്രറി, ലാബ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൌകര്യങ്ങളും. ഇതെല്ലാം  പരിഹരിക്കുകയും  പ്രാദേശിക ഭരണകൂടങ്ങള്‍ തത്പര്യമെടുക്കുകയും ചെയ്താല്‍  നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഒന്നാന്തരമാകും എന്നതില്‍ സംശയമില്ല.

(വിദ്യാഭ്യാസ വിചക്ഷണനും കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുന്‍ സംസ്ഥാന പ്രസിഡന്‍റുമാണ് ഡോ. ആര്‍ വി ജി മേനോന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍