UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എസ്എല്‍സി ഫലപ്രഖ്യാപനം; പിഴച്ചത് മന്ത്രിക്കോ? അതോ സോഫ്റ്റ് വെയറിനോ?

Avatar

അഴിമുഖം പ്രതിനിധി

ചരിത്രത്തില്‍ മുമ്പില്ലാത്തവിധം നാണക്കേട് ഉണ്ടാക്കിക്കൊണ്ടാണ് ഇത്തവണത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ വാശിയാണ് അപാകതകള്‍ നിറഞ്ഞ ഫലപ്രഖ്യാപനത്തിന് കാരണമായി ഒരു വിഭാഗം ആരോപിക്കുമ്പോള്‍, മന്ത്രിയടക്കം പഴിക്കുന്നത് സാങ്കേതിക തകരാറിനെയാണ്. വാദപ്രതിവാദങ്ങള്‍ക്ക് അപ്പുറം അപമാനം സഹിക്കേണ്ടി വന്നിരിക്കുന്നത് ഒരു കാലത്ത് ഇന്ത്യക്ക് തന്നെ മാതൃകയായിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിനാണ്. ഈ വിഷയത്തില്‍ പ്രമുഖര്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

ഈ നാണക്കേട് മന്ത്രി അഴിമതി കാണിക്കാന്‍ വേണ്ടി നടത്തിയ വാശിയുടെ ഫലം

ടി. തിലക രാജ്
സംസ്ഥാന സെക്രട്ടറി, കെഎസ്‌ ടി എ 
ഏറെ നാണക്കേടുണ്ടാക്കിയിരിക്കുന്നു ഇത്തവണത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം. പലതവണ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും, അതൊന്നും ചെവിക്കൊള്ളാതെ തന്റെ താല്‍പര്യം നടപ്പാക്കാന്‍ ധൃതികാണിച്ച മന്ത്രിയുടെ നടപടികളാണ് ഇതിനെല്ലാം കാരണം. സാധാരണ ഡിസംബര്‍ മാസത്തില്‍ ആണ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും വിവരങ്ങളെല്ലാം തെറ്റുകള്‍ തിരുത്തി ശരിയാക്കുന്നതുമെല്ലാം. എന്നാല്‍ ഇത്തവണ അത് നടന്നത് ഫെബ്രുവരിയില്‍. സംഭവിച്ച അപകാതകള്‍ ചൂണ്ടിക്കാട്ടാനായി ഒരു യോഗം വിളിക്കാന്‍ പലതവണ കെ എസ് ടി എ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് കേട്ടില്ല. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് മുമ്പ് മോഡല്‍ പരീക്ഷ നടത്തുന്ന രീതിയുണ്ട്. ഈ പരീക്ഷയില്‍ കുട്ടികള്‍ അവരുടെ രജിസ്റ്റര്‍ നമ്പര്‍ ആണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇത്തവണ കുട്ടികള്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ കിട്ടുന്നത് മോഡല്‍ പരീക്ഷ നാലെണ്ണം കഴിഞ്ഞിട്ടാണ്.

ഒടുവില്‍ ഫെബ്രുവരി 25 നാണ് ഒരു ഡിപ്പാര്‍ട്ട്‌മെന്റ് യോഗം വിളിക്കാന്‍ തീരുമാനമായത്. ആ യോഗത്തിലാകട്ടെ പരീക്ഷ സെക്രട്ടറിയൊഴികെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തന്നെ പങ്കെടുത്തുമില്ല. അപാകതകള്‍ പരീക്ഷ സെക്രട്ടറിയെ ചൂണ്ടിക്കാട്ടിയപ്പോള്‍, എല്ലാം സെര്‍വറിന്റെ കുഴപ്പമാണെന്നായിരുന്നു മറുപടി. പുതിയ സെര്‍വറുകള്‍ ലഭിച്ചില്ലെന്നും ഡമ്മി സെര്‍വറാണ് ഉപയോഗിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സെര്‍വറിന് ചെലവ് വരുന്നത് ഒരു കോടിയിലധികമാണ്. ഇതിന്റെ ടെന്‍ഡര്‍ ആര്‍ക്ക് കൊടുക്കണമെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനം വളരെ വൈകിപ്പിച്ചു. അഴിമതി തന്നെയാണ് ഇവിടെയും ലക്ഷ്യമിട്ടത്.

മാര്‍ച്ച് 4 ന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു യോഗം വിളിച്ചു. വിവിധ അധ്യാപക സംഘടനകളുടെ പ്രതിനിധികളായി 24 പേര്‍ പങ്കെടുത്തു. ഈ യോഗത്തില്‍വച്ച് തനിക്ക് ഏപ്രില്‍ 16 ന് റിസല്‍ട്ട് പ്രഖ്യാപിക്കണമെന്നും മാര്‍ച്ച് 28 ന് വാല്യുവേഷന്‍ തുടങ്ങണമെന്നും അതിനായി എല്ലാവരുടെയും സഹായം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലുള്ള അപാകതകള്‍ ആദ്യം പരിഹരിക്കാന്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് അതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നു. താന്‍ പറഞ്ഞ സമയത്ത് റിസല്‍ട്ട് പ്രഖ്യാപിക്കണമെന്നു മാത്രമായിരുന്നു നിര്‍ബന്ധം. 28 ന് വാല്യുവേഷന്‍ ആരംഭിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തീയതി 31 ലേക്ക് ആക്കി. 31 പല സ്‌കൂളുകളിലും റിട്ടയര്‍മെന്റ് ഡേ ആണ്. അന്നും വാല്യുവേഷന്‍ ആരംഭിക്കുന്നതിലെ തടസ്സങ്ങള്‍ സംഘടന ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് 30 ന് സ്‌കൂള്‍ ക്ലോസിംഗ് ദിവസമാക്കി ഉത്തരവിറക്കി. അധ്യാപകരെ സ്വാധീനിക്കാനുള്ളശ്രമമായിരുന്നു ഇതിനു പിന്നില്‍.

വാല്യുവേഷന്‍ ആരംഭിച്ചപ്പോഴും ധൃതി പിടിച്ചുള്ള മൂല്യനിര്‍ണയം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കെ എസ് ടി എ ചൂണ്ടിക്കാണിച്ചിരുന്നു. ഞങ്ങള്‍ പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അപ്‌ലോഡിംഗ് തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തന്നെ എല്ലാം തെറ്റി. 40 മാര്‍ക്ക് അപ് ലോഡ് ചെയ്യേണ്ടിടത്ത് 10 മാര്‍ക്ക് എന്ന് കാണിക്കുന്നൂ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞത്. ഓരോ കാര്യങ്ങള്‍ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുമ്പോഴും കിട്ടുന്ന മറുപടി എല്ലാം പരിഹരിക്കാം എന്നതായിരുന്നു. റിസല്‍ട്ട് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസവും ഞങ്ങള്‍ പരീക്ഷ സെക്രട്ടറിയോട് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചോ എന്നു ചോദിച്ചപ്പോള്‍, എല്ലാം ശരിയാക്കി എന്നായിരുന്നു പറഞ്ഞത്. പിറ്റേദിവസം രാവിലെ പ്രഖ്യാപിക്കുമെന്നു പറഞ്ഞ ഫലം വൈകുന്നേരത്തേക്ക് മാറ്റിയപ്പോഴെ കാര്യങ്ങള്‍ കുഴപ്പമാണെന്നു മനസ്സിലായി. പരിഹരിച്ചെന്നു പറഞ്ഞ ഒന്നും അവര്‍ പരിഹരിച്ചിരുന്നില്ല.

മന്ത്രിയുടെ വാശിയും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും കൊണ്ട് ആശങ്കയിലായത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്. വിജയശതമാനം കൂടിയതിനെ കെ എസ് കെ ഒരിക്കലും വിമര്‍ശിക്കില്ല. കുട്ടികളുടെയും അവരുടടെ മാതാപിതാക്കളുടെയും കഷ്ടപ്പാടുകളെയും കണ്ടില്ലെന്നു നടിക്കരുതല്ലോ. വിമര്‍ശിക്കേണ്ടതും അന്വേഷണം നടത്തേണ്ടതും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ്.

മന്ത്രിയുടെ വാശിക്കു പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. ഇനിയും പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ച് അഴിമതി നടത്തണം. അതിന് കുട്ടികളുടെ എണ്ണം കൂട്ടണം.

ഇത്തരം ഹീനമായ വാശികളും താല്‍പര്യങ്ങളും ഒരു സംസ്ഥാനത്ത് മുഴുവന്‍ നാണക്കേടാണ് ഉണ്ടാക്കിവച്ചിരിക്കുന്നതെന്ന് മന്ത്രി മറന്നുപോകരുത്.


വിവാദങ്ങള്‍ ഉയര്‍ത്തി നമ്മുടെ കുട്ടികളെ തരംതാഴ്ത്തരുത്

ടി പി ആരിഫ് അലി
സംസ്ഥാന പ്രസിഡന്റ്, എംഎസ്എഫ്
രാഷ്ട്രീയ വിവാദം ഉണ്ടാക്കി മുതലെടുപ്പ് നടത്തേണ്ട ഒരു വിഷയമല്ല ഇത്. നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള വീഴ്ചയുടെ പേരില്‍ കുട്ടികളെ തരംതാഴ്ത്തി കെട്ടുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ഇത്തവണ ഫല പ്രഖ്യാപനത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ പഴിചാരേണ്ടത് വിദ്യാഭ്യാസ മന്ത്രിയുടെ മേലോ, അല്ലെങ്കില്‍ വിജയിച്ച കുട്ടികളുടെ കഴിവുകളെ പരിഹസിച്ചും താഴ്ത്തിക്കെട്ടിയുമല്ല. വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനത്തില്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്തിയെന്നാണ് പ്രതിപക്ഷ കക്ഷികളുടെയും അവരുടെ ചില സംഘടനകളുടെ നേതാക്കന്മാരുടെയും ആക്ഷേപം. ഒരു വിദ്യാഭ്യസ മന്ത്രിക്കും വളരെ കോണ്‍ഫിഡന്‍ഷ്യലായി നടക്കുന്ന മൂല്യനിര്‍ണയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നത് ഈ വിമര്‍ശകര്‍ക്കെല്ലാവര്‍ക്കും തന്നെ അറിവുള്ളതുമാണ്, എന്നിട്ടും വെറും രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി പലതും പടച്ചുവിടുകയാണ്. വിജയശതമാനം വര്‍ദ്ധിച്ചത് ഇതാദ്യമായല്ല. 2005 ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം തൊട്ടാണ് വിജയശതമാനം ഉയരാന്‍ തുടങ്ങിയതെന്നും ഓര്‍ക്കണം.

ഉദ്യോഗസ്ഥതലത്തില്‍ നിന്ന് സംഭവിച്ച വീഴ്ച തന്നെയാണ് ഇവിടെ എടുത്തുപറയേണ്ടതും വിമര്‍ശിക്കേണ്ടതും. വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നു പരാതി പറയേണ്ടത് ഇപ്പോഴല്ല, കുറവുകളും പരിമിതികളും നേരത്തെ തന്നെ ചൂണ്ടിക്കാണിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച്ച വന്നിട്ടുണ്ട്. പരിമിതികള്‍ക്കുള്ളിലായിരുന്നു മൂല്യനിര്‍ണയമെങ്കില്‍, അവ ചൂണ്ടിക്കാട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാതെ ഇപ്പോള്‍ വീഴ്ചകള്‍ക്ക് ന്യായം പറയുന്നതിനോട് യോജിക്കാനാവില്ല.

പ്രധാനമായും ഇവിടെ പറയാനുള്ളത്, അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മുടെ കുട്ടികളെ പഴിക്കുന്നത് നിര്‍ത്തണമെന്നാണ്. വിജയശതമാനത്തെ അപഹസിക്കുമ്പോള്‍, അവിടെ അപമാനിക്കപ്പെടുന്നത് നമ്മുടെ കുട്ടികളാണ്. എതിര്‍ക്കണമെങ്കില്‍ ഇവിടുത്തെ കരിക്കുലം സംവിധാനത്തെ എതിര്‍ക്കാം. അതു തയ്യാറാക്കിയ നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാരെ വിമര്‍ശിക്കാം. കാരണം കുട്ടികള്‍ പഠിച്ചത് ഇവരൊരുക്കിയ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ്. കുട്ടികളുടെ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഈ സംവിധാനങ്ങളുടെ നിലവാരമാണ് ആദ്യം ഉയര്‍ത്തേണ്ടത്. 

എന്തായാലും ഒഴിവാക്കപ്പെടേണ്ടിയിരുന്ന വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ വീഴ്ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇനി വരുന്ന പ്ലസ് ടു ഫലപ്രഖ്യാപനം കാര്യക്ഷമമാക്കണമെന്നാണ് എം എസ്എഫിന് അഭ്യര്‍ത്ഥിക്കാനുള്ളത്.


ഇതുവെറുമൊരു സോഫ്റ്റ് വെയര്‍ പ്രശ്‌നമല്ല, പിഴച്ചത് മന്ത്രിക്കു തന്നെ

ഷിജു ഖാന്‍
സംസ്ഥാന പ്രസിഡന്റ്, എസ്എഫ്‌ഐ  
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം ഇതുവരെ നേരിടാത്ത രീതിയിലുള്ള പ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നത്. ഇതിനെ അങ്ങനെ ഒരു സോഫ്റ്റ്‌വെയര്‍ പ്രശ്‌നമായി മാത്രം ഒതുക്കാന്‍ പറ്റില്ല. ഈ രംഗത്ത് എസ്എസ്എല്‍സി പരീക്ഷ ഉള്‍പ്പടെയുള്ള പ്രധാന കാര്യങ്ങളെ അങ്ങേയറ്റം അപഹാസ്യമാക്കുന്ന രീതിയിലുള്ള പ്രവണതകളാണ് അരങ്ങേറുന്നത്. മുസ്ലിം ലീഗ് പ്രതിനിധി കെ എന്‍ എ ഖാദര്‍ പറയുന്നത് ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഇതിന്റെ ഉത്തരവാദിത്വം അല്ലാതെ മന്ത്രിക്കല്ല എന്നാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല മന്ത്രിക്കല്ലെങ്കില്‍ പിന്നെയാര്‍ക്കാണ്? ഇങ്ങനെയാണെങ്കില്‍ അദ്ദേഹം ഈ പണിക്കു നില്‍ക്കേണ്ട കാര്യമില്ല .

വിജയശതമാനം ഉയര്‍ന്നത് പാഠ്യ പദ്ധതിയുടെ മാറ്റം കാരണമാണെന്നാണ് മന്ത്രിയുടെ വാദം. വിദ്യാഭ്യാസ സമ്പ്രദായം ശരിയായ രീതിയില്‍ മുമ്പോട്ടു പോകുന്നതിന് ആരും എതിരല്ല. നമ്മുടെ വിദ്യാര്‍ഥികള്‍ മോശക്കാരാണന്നുള്ള അഭിപ്രായം ആര്‍ക്കുമില്ല. എന്നാല്‍ 34 പേപ്പര്‍ നേക്കേണ്ടത്തിനു പകരം 54 പേപ്പര്‍ നോക്കാനും 24 മണിക്കൂര്‍ പേപ്പര്‍ വാല്യൂ ചെയ്യാനും അധ്യാപകരെ നിര്‍ബന്ധിച്ചാല്‍ അവര്‍ക്കും പരിമിതികള്‍ ഉണ്ടാവില്ലേ.

സര്‍ക്കാര്‍ തുടര്‍ച്ചയായി പല പദ്ധതികളും ഇപ്പോള്‍ അട്ടിമറിക്കുകയാണ്. ഉച്ചഭക്ഷണം, യുണിഫോം, ക്ലസ്റ്റര്‍ കൂടാതെ ഫണ്ട് ലാപ്‌സാക്കല്‍ എന്നിങ്ങനെ നിരവധി നടപടികള്‍ സര്‍ക്കാര്‍ ചെയ്യുകയാണ്. അതിനുപുറമേയാണ് വിദ്യാഭ്യാസ മേഖലയ്ക്കു മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന ഇപ്പോഴത്തെ നടപടിയും.

ഇനിയും ദിവസങ്ങള്‍ കഴിഞ്ഞേ പ്ലസ് വണ്ണിന്റെ അഡ്മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ നടക്കുകയുള്ളൂ. മന്ത്രിയുടെ അല്‍പ്പത്വവും ധാര്‍ഷ്ട്യവും പ്രകടിപ്പിക്കാന്‍ വേണ്ടി നടത്തിയ ഈ നടപടികാരണം മുഴുവന്‍ കാര്യങ്ങളും താറുമാറായി. മൂല്യനിര്‍ണ്ണയത്തില്‍ വേഗത പോലെതന്നെയാണ് സൂക്ഷ്മതയും. അത്ര ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങള്‍ അധ്യാപകരുടെ തലയില്‍ അമിത ഭാരം ചുമത്തി അടിച്ചേല്‍പ്പിച്ചാല്‍ ഇങ്ങനെയേ സംഭവിക്കൂ. കൂടാതെ പലയിടത്തും മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത് പോലുമില്ല. റിസല്‍ട്ടില്‍ വന്ന അപാകതകള്‍ മൂലം പല വിദ്യാര്‍ഥികളും ആശങ്കയിലാണ്. പരീക്ഷാഭവന്റെ ചരിത്രത്തില്‍ ഇത്ര നാണംകെട്ട അവസ്ഥ ഉണ്ടായിട്ടില്ല.ഇതിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് എസ്എഫ്‌ഐ ആഹ്വാനം ചെയ്യുന്നത്.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍