UPDATES

ന്യൂസ് അപ്ഡേറ്റ്സ്

SSLC: ഇപ്പൊ ശരിയാക്കിത്തരാമെന്ന് റബ്ബ്; നിറഞ്ഞാടുന്ന സൈബര്‍ മലയാളി

Avatar

രാകേഷ് നായര്‍

എന്തിനെയും ഏതിനെയും കുറിച്ച് അഭിപ്രായം പറയുന്നവനാണ് മലയാളിയെന്ന് ചിലര്‍ കുറ്റം പറയാറുണ്ടെങ്കിലും ലോകത്ത് ഇത്രയേറെ പ്രതികരണശേഷിയുള്ള മറ്റൊരു ജനവിഭാഗമുണ്ടോയെന്ന് സംശയമാണ്. പോളണ്ടിനെപ്പറ്റിയാണെങ്കിലും പോഞ്ഞിക്കരയെപ്പറ്റിയാണെങ്കിലും, ആരും മിണ്ടരുതെന്ന്‍ പറഞ്ഞാലും മ്മള് മിണ്ടും. അത് മ്മ്‌ടെ ഒരു ശീലാണ്…

കൊച്ചുരാമേട്ടന്റെ ചായപ്പീടികയിലെ ബഞ്ചിമ്മേലിരുന്നും തട്ടിമ്പുറത്തെ പാര്‍ട്ടിയാപ്പീസിലിരുന്നും പഞ്ചായത്ത് കെട്ടിടത്തിലെ വായനശാലയിലിരുന്നും നാട്ടുകാര്യങ്ങള്‍ മാത്രമല്ല, അമേരിക്കാന്റെ നയങ്ങളും ക്യൂബാന്റെ കൊണങ്ങളും നമ്മള് വിശകലനം ചെയ്തു. മ്മ്ക്ക് ഈയെമ്മും ഗോര്‍ബച്ചേവുമൊക്കെ ഒരുപോലാര്‍ന്നു. മലയാളി ഒരിക്കലും വെറും മലയാളി മാത്രമായി ഒതുങ്ങിയിരുന്നില്ല, അവന്‍ ആഗോള മലയാളിയായിരുന്നു.

കാലം മാറി, മലയാളിയും കുറച്ച് മാറി. കൊച്ചുരാമേട്ടന്റെ ചായപ്പീടിക ഇപ്പോള്‍ ഹോട്ടല്‍ ആന്‍ഡ് ടീ ഷോപ്പായി, തട്ടിമ്പുറത്തുണ്ടായിരുന്ന പാര്‍ട്ടീയാപ്പീസ് തമ്പി കണ്ട്രാക്ട് ഫ്രീയായി പണിതുകൊടുത്ത വാര്‍ക്ക കെട്ടിടത്തിലേക്ക് മാറ്റി, വായിക്കാനാരുമില്ലാത്തതുകൊണ്ട് പഞ്ചായത്ത് കെട്ടിടമിപ്പോള്‍ ഒഴിഞ്ഞുകെടക്കുകയാണ്. എല്ലാവരും കൊറച്ച് ബിസ്സിയായി, പ്പ വരാട്ടാ…ച്ച്‌രി പണീണ്ടേ..എന്ന ലൈനിലേക്ക് മലയാളി മാറി.

ഒത്തുകൂടാനും അഭിപ്രായങ്ങള്‍ പറയാനും പണ്ടു നമുക്കുണ്ടായിരുന്ന ഇടങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും (സ്വയം നഷ്ടപ്പെടുത്തിയതാണെങ്കിലും) മലയാളിയുടെ ആ പൗരബോധ്വോണ്ടല്ലോ, അത് കളഞ്ഞിട്ടില്ലാട്ടാ…

അവന്റെ സ്‌പേസ് ഒന്നു ചെയ്ഞ്ച് ആയീന്നുമാത്രം…വെര്‍ച്വല്‍ സ്‌പേസിലേക്ക് മാറീന്നുമാത്രം. അവിടെയവന്‍ പഴയ ആ മലയാളി തന്നെ, എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായം പറയ്ണ ആ പഴേ മലയാളി.

തുഞ്ചനെക്കാളും കുഞ്ചനെ ഫോളോ ചെയ്യുന്നോരാണ് മലയാളി. സ്വദേശാഭിമാനിയെക്കാള്‍ സഞ്ജയനോടാണ് അവന് ചെറിയൊരിഷ്ടക്കൂടുതല്‍, എത്രയൊക്കെ ഫേവറൈറ്റുകളുണ്ടെങ്കിലും വടക്കേ കൂട്ടാല നാരായണന്‍ അവന്റെ വീക്ക്‌നെസ്സ് ആണ്. ഇതിനൊക്കെ കാരണം ഒന്നുമാത്രം, അവന്റെ നര്‍മ്മബോധം. അഭിനവ കുഞ്ച-സഞ്ജയ-വികെഎന്നുമാര്‍ നിറഞ്ഞാടുന്നവേദിയാണ് ഇന്ന് സോഷ്യല്‍ മീഡിയ. തങ്ങളോട് അഹിതം ചെയ്യുവതാരായാലും അവരെ ആക്ഷേപഹത്യക്ക് വിധേയരാക്കാന്‍ മലയാളി ഒരുക്കിയിട്ടിരിക്കുന്ന കോടതിയാണ് ഈ വെര്‍ച്വല്‍ സ്‌പേസ്, വെറുമൊരു മജിസ്‌ട്രേറ്റ് കോടതിയല്ല, അന്താരാഷ്ട്രനീതിന്യായ കോടതി. നാസയിലെ വെളുത്ത ശാസ്ത്രജ്ഞര്‍ക്കും റഷ്യേലെ ടെന്നീസ് സുന്ദരിക്കും പ്രേതപ്പടം പിടിച്ച് കാണികളെ പീഢിപ്പിക്കുന്ന കമ്പനിക്കാരനുമൊക്കെ ഒരുപോലെ ശിക്ഷവിധിക്കണമെങ്കില്‍ അതല്ലാണ്ട് പറ്റില്ലല്ലോ. അവനവന്റെ കാര്യം മാത്രം നോക്കുന്നവാണ് മലയാളിയെന്ന് ചില ദോഷൈകദൃക്കുകള്‍ പാടി നടക്കുന്നത് വെറുതെയാണെന്നുകൂടി ഈ വെര്‍ച്വല്‍ സ്‌പേസില്‍ കയറിയിറങ്ങുന്നവര്‍ക്ക് മനസ്സിലാകും. വെള്ളാട്ടിരിക്കു വേണ്ടി സാമൂരിന്റെ പടയെ നേരിട്ട വള്ളുവനാടന്‍ സേനാനികളെപ്പോലെ, തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടിയാണ് മലയാളി സോഷ്യല്‍ മീഡിയയില്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടിയത്. അവന് അവനെക്കാള്‍ ചങ്കാണ് മാസ്റ്റര്‍ ബ്ലാസ്റ്ററും മെഗാസ്റ്റാറുമൊക്കെ. 

പക്ഷേങ്കില് ഇപ്പം കുറച്ച് ദീസായി ഈ അടുപ്പേ കിടന്ന വേവ്ണ്ത് മ്മ്‌ടെ റബ്ബ് മന്ത്രിയാണ്. മന്ത്രീടെ തന്ത്രങ്ങള് കഥാപുസ്തകത്തീ വായിച്ച് രസിച്ചോരാണ് മലയാളിയെങ്കിലും, അത്തരം പെരട്ട് തന്ത്രങ്ങളുമായി റബ്ബ് വന്നാല്‍ മ്മള്‍ സഹിക്കൂലാ..

ഈ എസ്എസ്എല്‍സീന്നു വച്ചാ, അത് വെറുമൊരു ഇത് അല്ല മന്ത്രീ…പേര്‍ഷ്യാക്ക് വീസ കിട്ടണേക്കാള്‍ പാടായിരുന്നു ഒരുകാലത്ത് പത്ത് ജയിക്കണതേന്ന് ങ്ങ്ക്ക് അറ്യാ…? ബ്‌ടെ എത്രേണ്ണം ഒതളങ്ങ തിന്നും റെയിലെ തലബെച്ചും ഫാനിമ്മേ തൂങ്ങിം ചത്തിട്ട്‌ണ്ടെന്ന് ങ്ങ കേട്ടിര്ക്കണാ..? എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില് പേര് ചേര്‍ക്കാനെക്കൊണ്ട് ആ ബുക്ക്വായിട്ട് പോയി കാത്തിനിന്നേക്കണ കാലത്തെക്കുറിച്ച് ങ്ങ ഓര്‍ത്തേക്ക്ണാ…? യെസ്ഡി ദാസേട്ടന്റെ ടൂവീലര്‍ വര്‍ക് ഷോപ്പിലിരുന്ന് പൈ വക്കീലിന്റെ ചേതക്കിന്റെ എഞ്ചിനഴിക്കേണ്ടി വന്നത് ഇരുന്നൂറ്റി പത്ത് കടക്കാനെക്കൊണ്ട് പറ്റാഞ്ഞിട്ടാണെന്ന് ങ്ങ അറിഞ്ഞേക്ക്ണാ..? സോമസുന്ദരന്‍ മാഷ്‌ടെ വിക്ടറിയിലെ സെഷന്‍ ബാച്ചിലേക്കുള്ള പോക്കില്‍ കൃത്യമായി ബിന്ദൂം കൂട്ട്യാരോളും കോളേജി പോവാന്‍ ബസ് കാത്തിക്ക്‌ണേടത്ത് തന്നെ ഹെര്‍ക്കുലീസിന്റെ ചെയിന്‍ തെറ്റ്‌മ്പോ ഞങ്ങ്‌ടെ നെഞ്ച് വിങ്ങിയേക്കണത് ങ്ങക്ക് തിരിഞ്ഞേക്ക്ണാ…? ഈ പ്ലസും മൈനസുമൊക്കെ വരേണേക്കാലും മുമ്പ് ഇവ്‌ടെ ഉണ്ടാര്‍ന്ന സെക്കന്‍ഡ് ക്ലാസും ഫസ്റ്റ് ക്ലാസും ഡിസ്റ്റിംഗഷനുമൊക്കെ ങ്ങക്ക് അറിയില്ലേ മന്ത്രീ…ദ്‌ക്കൊ ബാങ്ങിക്കണ മ്മ്‌ടെ സന്തോഷം, മ്മ്‌ടെ പെരേലെ സന്തോഷം, അതൊന്നും ഇപ്പം പറഞ്ഞാല്‍ ങ്ങ്ക്ക് കേറൂല്ല റബ്ബേ… ങ്ങള്‍ മന്ത്രിയാകുന്നതിനും മുമ്പും ഇവിടെ എസ്എസ്എല്‍സി പരീക്ഷ നടന്നിരുന്നെന്നും റിസല്‍ട്ട് പ്രഖ്യാപിച്ചിരിന്നുവെന്നും ങ്ങ്‌ള് ഓര്‍ക്കണം. പക്ഷേങ്കില് അതിങ്ങള് ഇപ്പം നടത്തിയ ആഭാസം പോലായിരുന്നില്ല. ഒരു നേരും നെറിവുമൊക്കെ ഉണ്ടായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ അതിവേഗം ബഹുദൂരം പദ്ധതി വിദ്യാഭ്യാസ വകുുപ്പില്‍ നടപ്പാക്കാന്‍ നോക്കി നടവും തല്ലി വീണ് കിടക്കണ അബ്ദു റബ്ബിനെ ഇങ്ങനെ പലതും ഓര്‍മിപ്പിച്ചും പലതും പറഞ്ഞുകൊടുത്തും മലയാളി സോഷ്യല്‍ മിഡിയയില്‍ നിറഞ്ഞാടുകയാണ് കുറച്ചു ദിവസങ്ങളായി. നമ്മുടെ എല്ലാ നേതാക്കാന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രിപുംഗവന്‍മാര്‍ക്കുമെല്ലാം ഫേസ്ബുക്കിലും, ട്വിറ്ററിലുമെല്ലാം അകൗണ്ടുകള്‍ ഉണ്ടെങ്കിലും അവരൊന്നും അതില്‍ നേരിട്ട് കയറില്ലെന്നാണ് വിചാരിക്കണത്. ഇല്ലെങ്കില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന ഈ ആക്ഷേപവിമര്‍ശനങ്ങള്‍ കേട്ട് അല്‍പ്പമെങ്കിലും നാണം അവര്‍ക്ക് തോന്നേണ്ടതാണ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, അങ്ങ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞതുതൊട്ട് സോഷ്യല്‍ മീഡിയയില്‍ വന്നുക്കൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ ഒന്നു ശ്രദ്ധിക്കണം. ഉളുപ്പുണ്ടെങ്കില്‍ അങ്ങ് മുഖം പൊത്തും.

ഒരതിമോഹമാണ് ഈ പറഞ്ഞതെന്ന് അറിയാമെങ്കിലും, സമയം കിട്ടുകയാണെങ്കില്‍ അങ്ങ്, അങ്ങേയ്ക്കും ആ വകുപ്പിനുമെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം എത്രത്തോളം ഉണ്ടെന്ന് ഒന്നു മനസ്സിലാക്കണം. ഇദൊന്നും ബല്യ ഇഷ്യൂ അക്കണ്ടാന്നാണ് അങ്ങയുടെ പാര്‍ട്ടി പറഞ്ഞ് നടക്കണതെങ്കിലും, ഇവിടെ ജനം എന്നൊരു വിഭാഗമുണ്ടെന്നും അവര്‍ക്ക് നിങ്ങളോടൊക്കെയുള്ള പുച്ഛം എത്രത്തോളമുണ്ടെന്നും തിരിച്ചറിയണം.

ഒരു ചിരിക്കപ്പുറം ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാനൊരുപാടുണ്ട് കോയ….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍