UPDATES

ന്യൂസ് അപ്ഡേറ്റ്സ്

SSLC: നമ്മുടെ കുട്ടികളെ ഇനിയും ബലിയാടുകളാക്കരുത്- ഹൈബി ഈഡന്‍ എംഎല്‍എ

Avatar

ഹൈബി ഈഡന്‍

ലോകത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ഈ മാറ്റം ആഗോളതലത്തില്‍ തന്നെ വിദ്യാഭ്യാസരംഗത്തും പ്രതിഫലിക്കുന്നു. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകാതെ വീട്ടില്‍ തന്നെയിരുന്നു പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്. ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ട സമയത്താണ് നമ്മുടെ നാട്ടില്‍ നിന്ന് വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടുള്ള നിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ എന്റെ എല്ലാ കൂട്ടുകാരെയും അഭിനന്ദിക്കുമ്പോഴും ആ വിജയത്തില്‍ വലുതായി സന്തോഷിക്കാന്‍ എനിക്കു സാധിക്കാതെ വരുന്നത് ഇതേ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലുള്ളതുകൊണ്ടാണ്. നമുക്ക് വേണ്ടത് ക്വാണ്ടിറ്റേറ്റീവ് റിസള്‍ട്ട് അല്ല, ക്വാളിറ്റേറ്റീവ് റിസള്‍ട്ട് ആണ്. 

എസ് എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇവിടെയുള്ള പ്രധാന്യം നമുക്കെല്ലാവര്‍ക്കും അറിയുന്നത് തന്നെ. നമ്മുടെ നാട്ടിലെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസ് ആവുകയെന്നതാണ്. ഇത്രയ്ക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെയാണ്, അതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാവുന്നത് എന്നതാണ് വേദനിപ്പിക്കുന്ന കാര്യം.

ഇവിടെ നമ്മുടെ മുന്നില്‍ രണ്ടു വഴികളുണ്ട്:

ഒന്ന്, ഇപ്പോള്‍ നമ്മള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കൊടുക്കുന്ന പ്രാധാന്യം വേണ്ടെന്നുവയ്ക്കണം. അതുവഴി കുട്ടികളിലും മാതാപിതാക്കളിലും ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. ഇപ്പോഴത്തെ വിജയശതമാനം 98 ആണ്. പുനര്‍മൂല്യ നിര്‍ണയവും സേ പരീക്ഷയുമൊക്കെ കഴിയുമ്പോള്‍ അത് 99 ലേക്ക് എത്തും. വിജയിക്കാതെ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പരീക്ഷ എഴുതാത്തവര്‍ മാത്രമായിരിക്കും എന്ന നിലയിലും കാര്യങ്ങളെത്തും. ഇപ്പോള്‍ പത്താം ക്ലാസ് വരെ ഓള്‍ പാസ് രീതിയാണല്ലോ. നമുക്കത് എസ്എസ്എല്‍സി വരെ നീട്ടാം. എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കാം. ഓള്‍ പ്രമോഷന്‍!

ഇതല്ല നാം ആഗ്രഹിക്കുന്നതെങ്കില്‍, ചില മാറ്റങ്ങള്‍ക്ക് നാം വിധേയരായേ തീരൂ. ഈ സര്‍ക്കാര്‍ വന്നശേഷം കരിക്കുലത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കണ്ടന്റുകള്‍ കൂടിയിട്ടുണ്ട്. അതുപോര, നിലവിലുള്ള കരിക്കുലം ഒന്നുകൂടി റീ ഫ്രെയിം ചെയ്യണം. കൂടുതല്‍ എഫക്ടീവ് ആക്കണം. ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കുകയും കാലാനുസൃതമായി സിലബസുകള്‍ പരിഷ്‌കരിച്ച് ആഗോളതലത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ പ്രാപ്തരാക്കുകയുമാണ്. ഈ ചുമതല സര്‍ക്കാര്‍ നിര്‍വ്വഹിച്ചാല്‍ വിജയശതമാനം ക്രമേണ ഉയര്‍ന്നു വരിക തന്നെ ചെയ്യും.

സിബിഎസ്ഇ, ഐസിഎസ്ഇ കുട്ടികള്‍ താരതമ്യേന പ്രയാസമുള്ള സിലബസുകളാണ് പിന്തുടരുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടുക എന്നത് അല്‍പ്പം ബുദ്ധിമുട്ടാകും. കാരണം, സര്‍ക്കാര്‍ സിലബസില്‍ പഠിച്ച കുട്ടികള്‍ വലിയ ഗ്രെയ്‌ഡോടു കൂടി പാസ്സായി പുറത്തുണ്ട്. എന്നാല്‍ ഇതൊരു നേട്ടമായി പറയാന്‍ പറ്റുമോ? ഈ കുട്ടികള്‍ തമ്മില്‍ ശരിയായ താരതമ്യം വരുന്നത്, ഏതെങ്കിലും എന്‍ട്രന്‍സ് പരീക്ഷക്ക് വരുമ്പോഴും മറ്റുമാണ്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ തന്റെ കഴിവു മാറ്റുരയ്‌ക്കേണ്ടി വരുമ്പോഴാണ് നമ്മുടെ കുട്ടികളുടെ ദയനീയത പ്രകടമാകുന്നത്. ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ നമ്മുടെ കുട്ടികളുടെ നിലവാരം എത്രയോവട്ടം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അവരൊക്കെ എസ്എസ്എല്‍സിക്ക് നല്ല വിജയം നേടിയവരുമാണ്! കുട്ടികളെ പരിഹസിച്ച് പറയുന്നതല്ല,അവരെന്റെ കൊച്ചനുജന്മാരും അനുജത്തിമാരുമാണ്. അവരുടെ ഭാവി, അവരുടെ ഒരു മൂത്ത സഹോദരനെന്ന നിലയില്‍ എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ സിസ്റ്റത്തിന് സംഭവിച്ച ചില പോരായ്മകളാണ്. അതിപ്പോള്‍ സംഭവിച്ചതല്ല, കഴിഞ്ഞകാലങ്ങളില്‍ നടന്നതിന്റെ തുടര്‍ച്ചയാണ്. ഇന്ത്യക്ക് മാതൃകയായിരുന്ന കേരള മോഡലിന്റെ തകര്‍ച്ചയ്ക്കു നേരെയാണ് ഞാനും ശബ്ദിക്കുന്നത്.

നിരന്തര മൂല്യനിര്‍ണ്ണയ രീതിയില്‍ ഒരു മിനിമം ക്രൈറ്റീരിയ കൊണ്ടുവരണം. മൂല്യനിര്‍ണ്ണയം ഉദാരമാക്കിയും ഗ്രേസ് മാര്‍ക്കുകള്‍ നല്‍കിയും വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ നോക്കരുത്. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിക്കോളൂ. അതേപോലെ എഴുത്ത് പരീക്ഷയ്ക്കും ഒരു മിനിമം ക്രൈറ്റീരിയ ഉണ്ടാക്കിക്കൊണ്ട് നിരന്തര മൂല്യനിര്‍ണയം കുറച്ചുകൂടി സുതാര്യമാക്കണം. നിലവിലുള്ള സംവിധാനം ശുദ്ധീകരിച്ചേ മതിയാകൂ.

കുറുക്കുവഴികളിലൂടെ നേട്ടം കൈവരിക്കാന്‍ ശ്രമിക്കരുത്. അതിന്റെ ബലിയാടുകളായി നമ്മുടെ കുട്ടികളെയും മാറ്റരുത്. അങ്ങനെ ചെയ്താല്‍, അതവരുടെ ഭാവിയോട് ചെയ്യുന്ന പാതകമായിരിക്കും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍