UPDATES

ആണ്‍കുട്ടികളോട് സംസാരിക്കരുത്, തൊടരുത്; സെന്‍റ് അലോഷ്യസ് കോളജിലെ പെണ്‍ വിലക്കുകള്‍

അഴിമുഖം പ്രതിനിധി

പെണ്‍കുട്ടികള്‍ക്ക് കടുത്ത വിലക്കുകളുമായി കര്‍ണാടകയിലെ മാംഗ്ലൂരുള്ള സെന്റ് അലോഷ്യസ് കോളജ്. സ്കൂളില്‍ പാലിക്കേണ്ട നിയമങ്ങള്‍ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തിരിക്കുകയാണ്  അധികൃതര്‍.  ആണ്‍കുട്ടികളോട് സംസാരിക്കുന്നതിന് പോലും കര്‍ശനവിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും സസ്പെന്‍ഷനും വരെയാണ് ശിക്ഷ.  ഇവ സ്ത്രീവിവേചനപരമാണ് എന്നു പരക്കെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.  

ക്യാംപസിനുള്ളില്‍ ആണ്‍കുട്ടികളുമായി സംസാരിക്കാനോ അടുത്തിരിക്കാനോ പാടില്ല. ആണ്‍കുട്ടികളുടെ കൂട്ടത്തോടൊപ്പം നില്‍ക്കുന്നതിന് പോലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികളെ ക്ലാസില്‍ പോയി കാണരുത്, എതിര്‍ലിംഗത്തില്‍പ്പെട്ടവരെ സ്പര്‍ശിക്കരുത്, ശാരീരികമായി തൊട്ട് നില്‍ക്കരുത് എന്നിങ്ങനെയുള്ള നിയമങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് അച്ചടിച്ച് നല്‍കിയിരിക്കുന്നത്. മേയ്ക്ക് അപ് സാധനങ്ങള്‍ ഉപയോഗിക്കുന്നത് മുതല്‍ മുടി കെട്ടുന്നതിനും ചെരുപ്പിന്‍റെ നിറത്തില്‍ വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നല്‍കിയിരിക്കുന്ന നിയമങ്ങളുടെ ഫോട്ടോകോപ്പി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ഒരു പൂര്‍വ്വവിദ്യാര്‍ഥി ബ്ലോഗില്‍ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പും ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു. ഇതോടെയാണ് സ്കൂളിലെ വിലക്കുകള്‍ കൂടുതല്‍ വ്യക്തമായത്. ആണ്‍കുട്ടികള്‍ക്കൊപ്പം കമ്പയിന്‍ സ്റ്റഡി നടത്തുന്നത് പോലും അധികൃതര്‍ വിലക്കിയിട്ടുണ്ട്. 15ല്‍ താഴെ പെണ്‍കുട്ടികളുള്ള ക്ലാസുകളില്‍  ബാക്കിയുള്ള 50ലധികം വരുന്ന ആണ്‍കുട്ടികളോട് സൌഹൃദം സൂക്ഷിക്കുന്നത് പോലും സ്കൂള്‍ വിലക്കുന്നു. നിയമങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ പിഴയാണ് ഈടാക്കുന്നത്. വീണ്ടും ആവര്‍ത്തിച്ചാല്‍ 1000രൂപയായും പിഴത്തുക ഉയരും. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും 7 ദിവസം വരെ സസ്പെന്‍ഷനുമാണ് ശിക്ഷയായി നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന തരത്തിലാണ് അധികൃതരുടെ നടപടികളെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍