UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഘോഷിക്കപ്പെടുന്ന സ്ത്രീശരീരവും കാലുകള്‍ മാത്രമല്ലാതാകുന്ന ചിത്രങ്ങളും

Avatar

ഡേവിഡ് റോസന്‍ബെര്‍ഗ്
(സ്ലേറ്റ്)

സ്ട്ടെയ്സി ബേക്കറുടെ ഇന്‍സ്റ്റാഗ്രാം ഫീഡ് stace_a_lace നിറയെ കാലുകളാണ്. 2013ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ത്രീകളുടെ കാലുകളുടെ ഫോട്ടോയെടുക്കാന്‍ തുടങ്ങിയതാണ് ബേക്കര്‍. ഇപ്പോള്‍ 66,000 ഫോളോവര്‍മാരുണ്ട് ഇവര്‍ക്ക്. ഒരു പുസ്തകവും അണിയറയില്‍ ഒരുങ്ങുന്നു.

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയുടെയും പോര്‍ട്രെയിറ്റിന്റെയും ഒരു മിശ്രണമാണ് ഈ പ്രോജക്റ്റ്. ന്യൂയോര്‍ക്കിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ കൂടി ഒരു സ്ത്രീ നടന്നുപോയപ്പോള്‍ അവരുടെ കാലുകളും കോട്ടും ശ്രദ്ധിച്ചതില്‍ നിന്നാണ് ഈ പ്രോജക്റ്റ് തുടങ്ങിയത്. അപരിചിതയായ അവരോട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് അവരുടെ ഫോട്ടോ എടുത്ത് നന്നായപ്പോള്‍ ബേക്കര്‍ മറ്റൊരു സ്ത്രീയോട് ചോദിക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ അവര്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വൈറലാവുകയും ചെയ്തു.

“ഇതിലെ, ഓര്‍ക്കാപ്പുറത്ത് വരുന്ന ഭംഗി എനിക്കിഷ്ടമാണ്”, ബേക്കര്‍ പ്രോജക്റ്റിനെപ്പറ്റി പറയുന്നു. “ഒരു സബ്ജക്റ്റ് കണ്ടാല്‍ അവരോടു പങ്കെടുക്കാമോ എന്ന് ചോദിക്കുക, അടുത്തുള്ള ഒരു മതില്‍ കണ്ടെത്തി അതിനരികില്‍ നിന്ന് ഒരു ചിത്രമെടുക്കുക. എല്ലാത്തിനും കൂടി പത്തുനിമിഷം മതി. ഞാന്‍ ചോദിക്കുന്ന സ്ത്രീകളില്‍ പലരും സഹകരിക്കും എന്ന് മാത്രമല്ല, അവര്‍ ബാഗ് താഴെ വെച്ച് കോട്ട് ഊരിയോ ബ്ലൌസ് ഉയര്‍ത്തിയോ കൈകള്‍ മേലേയ്ക്ക് ഉയര്‍ത്തിയോ ഒക്കെ പരിപൂര്‍ണ്ണ അപരിചിതയായ എന്നെ സഹായിക്കുന്നത് ഇപ്പോഴും എന്നെ അമ്പരപ്പിക്കും.”

ഒരു സ്ത്രീയുടെ അരയ്ക്ക് കീഴെയുള്ള ഫോട്ടോ എന്നതിനെക്കാള്‍ അബ്സ്ട്രാക്റ്റ് ആയാണ് അവര്‍ തന്റെ ഫോട്ടോകളെ കാണുന്നത്.

“കാലുകള്‍ മാത്രമല്ലാതാകുന്ന ചില ചിത്രങ്ങളാണ് എനിക്കേറെ ഇഷ്ടം. നോക്കുമ്പോള്‍ ശില്പങ്ങള്‍ പോലെ തോന്നും ചിലത്.” അവര്‍ പറയുന്നു. “എന്നെയോ പ്രോജക്റ്റിനെയോ പുകഴ്ത്തിപ്പറയുകയല്ല. ഒരു മതിലിനു അഭിമുഖമായി എടുത്ത ഒരു സ്ത്രീയുടെ കാലിന്റെ ചിത്രം മാത്രമാണത്. പക്ഷെ ഇടയ്ക്കൊക്കെ ഈ ഡീകണ്‍സ്ട്രക്റ്റ് ചെയ്ത കാല് മറ്റെന്തോകൂടി ആകും. പലപ്പോഴും നിറഞ്ഞ ശരീരങ്ങളിലാണ് ഇത് സാധ്യമാവുക, മോഡലുകളുടെ മെലിഞ്ഞ കാലുകളിളല്ല. മോഡല്‍ കാലുകള്‍ പൊതുവേ രസകരമായ കാല്‍ചിത്രങ്ങള്‍ തരാറില്ല. മോഡലിനെ പോലെ മെലിഞ്ഞ കാലുകള്‍ വേണമെന്ന് ഒരിക്കല്‍ ആഗ്രഹിച്ചിട്ടുള്ള എന്നെപ്പോലെ ഒരാള്‍ നോക്കുമ്പോള്‍ ഇതൊരു നല്ല കാര്യമാണ്.”

പല കാര്യങ്ങളിലും ഈ പ്രോജക്റ്റും ബേക്കറുടെ ഫോട്ടോലോകത്തേയ്ക്കുള്ള വരവിനോട് സദൃശ്യമാണ്. ഒരു ദശാബ്ദം മുന്‍പാണ് ടെക്സാസിലെ ഒരു അറ്റോര്‍ണി ജോലി ഉപേക്ഷിച്ച് മെയിന്‍ മീഡിയ വര്‍ക്ക്ഷോപ്പില്‍ പഠിക്കാന്‍ അവര്‍ എത്തിയത്. അവിടെവച്ച് ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്റെ ഫോട്ടോഗ്രാഫി സംവിധായിക കാത്തി റയാനെ അവര്‍ പരിചയപ്പെട്ടു. കാത്തി, ബേക്കര്‍ക്ക് മാസികയില്‍ ഒരു ചെറിയ അവസരം നല്‍കി. പിന്നീട് അത് മുഴുവന്‍സമയ ജോലിയായി മാറുകയായിരുന്നു.

“പത്തുവര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ ഒപ്പം ജോലി ചെയ്യുന്ന ഒരു ഫോട്ടോ എഡിറ്റര്‍ ആണ്. എന്റെ ഭാഗ്യം എനിക്കറിയാമെങ്കിലും എന്തെങ്കിലും പ്രശ്നമായെങ്കിലോ എന്നുകരുതി വക്കീല്‍ ലൈസന്‍സും കൂടെ കൊണ്ടുപോകുന്നു.”

ബേക്കറുടെ ചിത്രങ്ങളില്‍ പലതും മാന്‍ഹാട്ടനില്‍ വെച്ച് എടുത്തതാണ്. അയര്‍ലന്‍ഡിലെ ചില ഗ്രാമങ്ങളിലും പാരീസിലും ലണ്ടനിലും ലോസ് ആഞ്ജലസിലും സാന്‍ഫ്രാന്‍സിസ്കോയിലും വെച്ച് എടുത്ത ചിത്രങ്ങളുമുണ്ട്.

ഇന്‍സ്റ്റാഗ്രാമിന്റെ സ്വഭാവം കൊണ്ടുകൂടിയാണ് സിറ്റി ലെഗ്സ്‌ വിജയിച്ചത് എന്ന് ബേക്കര്‍ പറയുന്നു.അവരുടെ മെന്റര്‍ ആയ രയാനും ഒരു ഇന്‍സ്റ്റഗ്രാം സീരീസിനെ പുസ്തകമാക്കിയിട്ടുണ്ട്. ഓഫീസ് റൊമാന്‍സ് എന്ന പേരില്‍ ന്യൂയോര്‍ക്ക്‌ ടൈംസ് ഒഫീസിനുള്ളില്‍ എടുത്ത ചിത്രങ്ങളാണ് അവ.

സോഷ്യല്‍ മീഡിയയില്‍ ഇനിയും പുരോഗമനത്തിന് ഇടമുണ്ടെന്ന് ബേക്കര്‍ പറയുന്നു.

“സത്യത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഒരേ തരം ചിത്രങ്ങള്‍ ഇപ്പോള്‍ മടുപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ആളുകള്‍ എന്റെ ഫീഡ് കണ്ടുമടുക്കും എന്നും എനിക്കറിയാം, ഇതാ മറ്റൊരു കാലുകൂടി എന്നാകും. ആളുകള്‍ കൂടുതല്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നത് കാണാനാണ് എനിക്കിഷ്ടം.”

ബേക്കറുടെ ജോലിയില്‍ താല്‍പ്പര്യം കാണിക്കുന്ന ഒരുപാട് ആളുകളുണ്ട്.

“എന്റെ പ്രോജക്റ്റിനെപ്പറ്റി എനിക്ക് സന്ദേഹങ്ങളുണ്ട്. ഇവ രസകരങ്ങളായ ചിത്രങ്ങളാണ് എന്നെനിക്ക് ഉറപ്പില്ല. ഇതും മറ്റൊരു ടൈപ്പോളജി പ്രോജക്റ്റ് അല്ലെ? എന്നാല്‍ ചിലപ്പോഴെങ്കിലും ഒരു നല്ല ചിത്രമെടുക്കുമ്പോള്‍ ഇതില്‍ എന്തോ ഉണ്ടല്ലോ എന്നെനിക്കു തോന്നും. എത്ര പറഞ്ഞു മുഷിഞ്ഞതാണെങ്കിലും, സ്ത്രീ ശരീരത്തെ ആഘോഷിക്കലാണ് ഇതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍