UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമോഫോബിയയുടെ കാലത്ത്, എന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് വേണ്ടി

ചെറിഷ് ടൊറന്റോ

ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത് എങ്കിലും ഞാൻ യാഥാസ്ഥിതികൻ ആയിരുന്നില്ല. സർവ മതങ്ങളോടും പ്രേമവും സഹിഷ്ണുതയും പാലിക്കുവാനാണ് എന്റെ ഗുരുനാഥന്മാരും വായിച്ച ഗ്രന്ഥങ്ങളും എന്നെ പ്രബോധിപ്പിച്ചത്. സ്‌കൂളിൽ പഠിക്കുന്ന കാലത്തു ഞാൻ ചിന്തിച്ചിരുന്നില്ല, എന്റെ സഹപാഠികളുടെ സമുദായമെന്തെന്ന്. പിൽക്കാലത്തു ഞാൻ കണക്കെടുത്തപ്പോൾ കണ്ടു, അവരിൽ മുസ്ലീമുകൾ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു ക്രിസ്ത്യൻ കോളജിൽ രണ്ടു വർഷം ഉപരി പഠനം. അവിടെയും മുസ്ലീമുകൾ ഉണ്ടായിരുന്നില്ല. പിന്നെ പഠിച്ചത് കൊല്ലം ജില്ലയിലെ പ്രമുഖ കോളജിൽ. അവിടെ എനിക്കു കിട്ടി അനേകം മുസ്‌ലിം സുഹൃത്തുക്കൾ. കളിച്ചും ചിരിച്ചും തല്ലു കൂടിയും തുടർന്ന സൗഹൃദം ഇന്നും തുടരുന്നു.  

ഇവരെ ഒന്നും കോളേജ് പഠനത്തിന് ശേഷം പിന്നീട് അധികം കാണുവാൻ അവസരമുണ്ടായിരുന്നില്ല. എങ്കിലും എന്റെ വിവാഹ ക്ഷണക്കത്തു കിട്ടിയപ്പോൾ വിദേശത്തു നിന്നും ചടങ്ങിൽ പങ്കെടുക്കാൻ മാത്രം നാട്ടിൽ അവധിക്കു വന്ന ഒരു മുസ്‌ലിം സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഇന്നും ഞാൻ എന്റെ സ്വകാര്യങ്ങൾ പങ്കുവയ്ക്കുന്ന വിശ്വസ്തനായ സുഹൃത്ത്. പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ജീവിത വീഥിയിൽ അനേകം പേരെ കണ്ടുമുട്ടി, അനവധി സുഹൃത്തുക്കൾ എനിക്കു ഉണ്ടായെങ്കിലും, ഉറ്റ സുഹൃത്തു എന്നു പറയാൻ ഇവൻ ഒന്നു മാത്രം.

സുഹൃത്തുക്കളെ സാമുദായികമായി വേർതിരിക്കുന്ന നീചമായ നയം എനിക്കുണ്ടായിരുന്നില്ല. ഹിന്ദുക്കളെ കണ്ടാൽ അവർ നായരാണോ ഈഴവനാണോ പട്ടിക ജാതിയാണോ എന്നു നോക്കുന്ന പതിവും എനിക്കില്ല. ക്രിസ്ത്യാനികളെ  മാർത്തോമ, ഓർത്തഡോക്സ്, കാത്തോലിക് എന്നിങ്ങനെ വേർതിരിക്കുന്ന ശീലവും പണ്ടുണ്ടായിരുന്നില്ല. മുതിർന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സമയത്തു സമുദായ സംവരണത്തിന്റെ കണക്കെടുപ്പ് തുടങ്ങിയപ്പോഴാണ് ഞാനും അങ്ങനെ ചെയ്യാൻ തുടങ്ങിയത്.

കാലിഫേറ്റ് പ്രസ്ഥാനത്തിന്റെ വഴി പിഴച്ച വിധ്വംസക പ്രവർത്തനങ്ങൾ മൂലം ഇന്ന് ലോകമാകമാനം ഇസ്‌ലാം മതവും ഇസ്‌ലാം മതവിശ്വാസികളും തെറ്റിദ്ധരിക്കപ്പെടുമ്പോൾ ഞാൻ കണക്കെടുക്കുന്നു എന്റെ ഇസ്‌ലാമിക സുഹൃത്തുക്കളെ. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ടു അർദ്ധ രാത്രിയോടടുത്ത അസമയത്തു എനിക്കു നിയമോപദേശവും നിയമ സഹായവുമായി വന്നത് കൊല്ലം പട്ടണത്തിലെ ഇസ്‌ലാം മതവിശ്വാസിയായ ഒരു വക്കീൽ. എന്റെ ഭാര്യ അസുഖമായി വീട്ടിൽ ശയ്യാവലംബിയായി കിടക്കുമ്പോൾ ഉണക്ക മുളകും കുന്തിരിക്കവുമായി ഓതാൻ വന്നത് അയൽപക്കത്തെ ഒരു താത്ത. ഭാര്യയുടെ അസുഖം ഭേദമായതു അവർ ഓതിയത്  കൊണ്ടാണെന്നു ഇപ്പോഴും താത്ത വിശ്വസിക്കുന്നു.  

ഞാനൊരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ എന്റെ സഹപ്രവർത്തകയായ അതിസുന്ദരിയായ ഒരു മുസ്‌ലിം പെൺകുട്ടി ഉണ്ടായിരുന്നു. നന്നായി പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒരു പെൺകുട്ടി. വാർഷാവർഷം തിരുവോണത്തിന്റെ ആഘോഷം നടക്കുമ്പോൾ പൂക്കളമിടാനും തിരുവാതിരയ്ക്കു പിന്നണി ഗാനം പാടുവാനും തിരക്കു പിടിച്ചു ഓടി നടക്കുന്ന പെൺകുട്ടി.  

അതേ പോലെ എനിക്കു പരിചയമുള്ള എം ബിഎ പഠിച്ച ഒരു മുസ്‌ലിം പെൺകുട്ടി ഉണ്ടായിരുന്നു. ആദ്യം ഒരു ബാങ്കിൽ ട്രെയിനി ആയി ജോലി ചെയ്യുന്ന സമയത്തു ഇടയ്ക്കു എന്നെ വിളിച്ചു ബിസിനസ്  ഉപദേശങ്ങൾ തേടുമായിരുന്ന അവൾ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതു. പിന്നീട് ഒരു ഇൻഷൂറൻസ് കമ്പനിയിൽ പ്രവർത്തിക്കുമ്പോഴും ജൂവലറിയിൽ സെയിൽസ് മാനേജർ ആയി ഉയർന്ന ജോലി ചെയ്യുമ്പോഴും, മികച്ച  പ്രകടനത്തിന് സ്ഥിരമായി അംഗീകാരം  ലഭിച്ചിരുന്ന പെൺകുട്ടി. അവളുടെ വിവാഹ ആലോചന നടക്കുന്ന സമയത്തു വരനെ തെരഞ്ഞെടുക്കുന്ന സമയത്തും എന്നോടു അഭിപ്രായം ചോദിച്ചിരുന്ന പെൺകുട്ടി ഇന്ന് വിവാഹിതയായി മൂന്നു കുട്ടികളുമായി കുടുംബ സമേതം കഴിയുന്നു. അവളുടെ ഭർത്താവും ഇപ്പോൾ എന്റെ സുഹൃത്തു തന്നെ.

ഞാൻ താമസിക്കുന്നത് മുസ്ലീമുകൾ തിങ്ങിപ്പാർക്കുന്ന കൊല്ലം ജില്ലയിലെ ഒരു സമ്പന്ന പ്രദേശത്താണ്. റംസാൻ വരുമ്പോൾ അയൽപക്കത്തെ താത്ത ആട് ബിരിയാണിയുമായി വീട്ടിലെത്തും. അതേപോലെ, സമീപത്തെ ജമാ അത്തു പള്ളിയിൽ റംസാൻ ആഘോഷം നടക്കുന്ന സമയത്തു ജാതിമത ഭേദമെന്യേ സർവ്വ ജനങ്ങൾക്കും അവർ ആട് ബിരിയാണി വിതരണം ചെയ്യുമായിരുന്നു. കാർത്തിക നാളിൽ എന്റെ വീടിന്റെ മതിലിൽ ഞാൻ മൺചിരാതുകൾ തെളിക്കും. ക്രിസ്മസ് വരുമ്പോൾ എന്റെ വീടിന്റെ വരാന്തയിൽ ഞാൻ വർണ്ണ പ്രഭയുള്ള നിരവധി ക്രിസ്മസ് വിളക്കുകൾ തെളിക്കുമ്പോൾ, അയൽക്കാരായ ഹിന്ദുക്കളും മുസ്ലീമുകളും ക്രിസ്മസ് വിളക്കുകൾ തെളിച്ചു എന്നോട് മത്സരിക്കും. ഈസ്റ്ററിന് ഞാൻ അവർക്കു വെള്ളയപ്പം വിതരണം ചെയ്യും. ദീപാവലിക്ക് എന്റെ കുട്ടികൾ പടക്കവും മത്താപ്പൂവും കത്തിച്ചു ഹിന്ദുക്കളുടെ ആഘോഷത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കും. ഇത്തരത്തിൽ മറ്റുള്ളവരുടെ ആഘോഷങ്ങൾ സ്വന്തം ആഘോഷമാക്കി മാറ്റിയായിരുന്നു, സഹവർത്തിത്തത്തോടെ ഞങ്ങൾ  ജീവിക്കുന്നതും ജീവിച്ചതും.   

എന്റെ വീടിനു തൊട്ടടുത്താണ് കൊല്ലം ജില്ലയിലെ ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രമുള്ളത്. എല്ലാ ചൊവ്വാഴ്ചയും അവിടെ ദോഷക്രിയക്കായി പ്രത്യേക പൂജ നടക്കുന്നു. ആയിരക്കണക്കിന് സ്ത്രീഭക്തജനങ്ങളാണ് ആഴ്ച തോറും ആ ക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തുന്നത്. ക്ഷേത്രത്തിനു പുറത്തെ തെരുവ് കമ്പോളത്തിൽ നാടൻ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ സ്ഥിരമായി ഞാൻ പോകാറുണ്ട്. ഹൈന്ദവ വിശ്വാസിയായ ഒരു അയൽക്കാരനുണ്ട് എനിക്ക്. ഈ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷമുള്ള പ്രസാദവും അന്നവുമായി ഇയാൾ സ്ഥിരമായി എന്റെ വീട്ടിലെത്തും. രണ്ടു ദിവസത്തിൽ കൂടുതൽ  ഞങ്ങൾ എങ്ങോട്ടെങ്കിലും യാത്ര പോയാൽ വീടിനു കാവൽ ഇരിയ്ക്കുന്നതും മിണ്ടാപ്രാണിയായ നായയ്ക്ക്  രണ്ടു നേരം ഭക്ഷണം കൊടുക്കുന്നതും ഈ ഹിന്ദു സുഹൃത്തു തന്നെ. എന്റെ വീട്ടിൽ ആളില്ലാത്ത സമയത്തു  കുക്കിങ് ഗ്യാസ് കൊണ്ടു വരുമ്പോൾ അതു കാശു കൊടുത്തു വാങ്ങി വച്ചു സഹായിക്കുന്നത് അയൽപക്കത്തെ താത്തയാണ്.

എന്റെ  രണ്ടു കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിന് പല സ്‌കൂളുകളിൽ അലഞ്ഞെങ്കിലും എങ്ങും കിട്ടിയില്ല. ഒടുവിൽ സഹായിച്ചത് എന്റെ ഒരു മുസ്‌ലിം സുഹൃത്ത്. അവൻ സ്വന്തം സ്‌കൂളിൽ രണ്ടു സീറ്റ് തരപ്പെടുത്തി തന്നു. എന്റെ രണ്ടു മക്കളും പഠിച്ചത് കൊല്ലം ജില്ലയിൽ ഉയർന്ന നിലവാരമുള്ള ഈ പബ്ലിക് സ്‌കൂളിൽ. മുസ്‌ലിം സമുദായക്കാരാണ് ഈ സ്‌കൂൾ നടത്തുന്നത് എങ്കിലും പ്രവേശനത്തിനോ നിയമനത്തിനോ സമുദായ സംവരണത്തിന് പ്രാധാന്യം കൊടുക്കാതെ മെറിറ്റിനു പ്രാധാന്യം കൊടുക്കുന്ന ഒരു മതേതര സ്ഥാപനം. എന്റെ ഒരു ബന്ധു ടീച്ചർ ജോലിക്കായി സ്വന്തം സമുദായത്തിൽ ഉൾപ്പെടെ പലയിടത്തു പത്തു വർഷം ശ്രമിച്ചെങ്കിലും എങ്ങും ജോലി തരപ്പെട്ടില്ല. ഒടുവിൽ അയാൾക്ക്‌ ജോലി ശരിയാക്കി കൊടുത്തത് ഇതേ മുസ്‌ലിം സ്‌കൂളിൽ തന്നെ ആയിരുന്നു.

എന്റെ മക്കളുടെ സുഹൃത്തുക്കളിൽ ഏറിയ പങ്കും മുസ്ലീമുകൾ. അവരിൽ ചിലർ വീട്ടിൽ അതിഥികളായി വരുമ്പോൾ അവരുടെ കുഞ്ഞുങ്ങൾക്ക് നിസ്കാരത്തിനു പായ് വിരിക്കുമായിരുന്നു ഞങ്ങൾ. ജീവിതത്തിന്റെ കണക്കു പുസ്തകം തുറന്നു ബാക്കി പത്രം വിലയിരുത്തുമ്പോൾ, മറ്റു സമുദായങ്ങളേക്കാൾ മുസ്‌ലിം സമുദായത്തിൽപ്പെട്ടവരത്രെ മുന്നും പിന്നും നോക്കാതെ സഹായ ഹസ്തവും സഹകരണവുമായി എന്റെ അരികിൽ വന്നിട്ടുള്ളത്. 

ഇത്തരത്തിൽ കേരള സമൂഹത്തിൽ ക്രിസ്ത്യൻ- ഹിന്ദു- മുസ്‌ലിം സമുദായങ്ങൾ ആത്മീയമായും സാംസ്കാരികമായും ഇഴുകി ചേർന്നു സഹിഷ്ണുതയോടെ സഹവസിക്കുന്ന അനുഭവമാണ് നമുക്കുള്ളത്. എങ്കിലും ലോകമാകമാനം ഇസ്‌ലാമോഫോബിയ പടർന്നു പിടിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത മാനസിക സംഘർഷവും ഒറ്റപ്പെടലുമാണ് കേരളത്തിലെ  മുസ്‌ലിം സമുദായത്തിലെ മിതവാദികളും സഹിഷ്ണുതാ മനോഭാവമുള്ളവരും ഇന്ന് നേരിടുന്നത്. അവരോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

ഇസ്‌ലാമിന്റെ പേരിൽ ലോകത്തു നടക്കുന്ന ഒറ്റപ്പെട്ട  അക്രമങ്ങളുടെ മറവിൽ നമ്മൾ അന്ധരാകാതെ, കളങ്കരഹിതമായ ന്യൂനപക്ഷ ഇസ്ലാം സമൂഹത്തെ ദേശീയ  മുഖ്യധാരയോടോടൊപ്പം നിർത്തുകയാണ്  ഭൂരിപക്ഷത്തിന്റെ കരണീയമായ ദൗത്യം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(കാനഡയിലെ ടൊറാന്റോയില്‍ എഞ്ചിനീയറാണ് ലേഖകന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍