UPDATES

വിദേശം

ജൂതരാഷ്ട്രത്തില്‍ മറ്റാര്‍ക്കുമഭയമില്ല; അതിര്‍ത്തിയടച്ച് നെതന്യാഹു

റൂത്ത് എഗ്ലാഷ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിറിയയില്‍ നിന്നും യൂറോപ്പ് ലക്ഷ്യമാക്കിയുള്ള  അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിനെ മാത്രമല്ല, ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചുകൊണ്ട് തുടരുകയാണ്.  സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളെല്ലാം ഏറിയും കുറഞ്ഞും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നുണ്ട്. അത്തരത്തില്‍ സിറിയയുമായി അതിര്‍ത്തി പങ്കിടുന്നൊരു രാജ്യമെന്ന നിലയ്ക്ക്  തങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ബാധ്യതയുണ്ടെന്ന് ഇസ്രയേലിലെ ഒരു വിഭാഗം കരുതുന്നു. ഈയൊരാവശ്യവുമായി അവര്‍ ഗവണ്‍മെന്റിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്കുള്ള സാധ്യത തന്നെ കൊട്ടിയടയ്ക്കുന്ന സമീപനമാണ് വിഷയത്തില്‍ പ്രസിഡന്റ് നെതന്യാഹു സ്വീകരിച്ചത്. ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ കിഴക്കന്‍ മേഖല അടയ്ക്കാനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിറിയന്‍ അഭയാര്‍ത്ഥികള്‍ ഇസ്രയേലിലേക്ക് കടന്നു വരുന്ന പ്രധാന ഊടുവഴിയാണിത്.

ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശത്തു കൂടി അഭയാര്‍ത്ഥികള്‍ക്കൊപ്പം ഐ.എസ് തീവ്രവാദികളും കടന്നു കൂടാന്‍ സാധ്യതയുണ്ടെന്നാണ് നെതന്യാഹു പറയുന്നത്. ”തീവ്രവാദികളേയും അനധികൃത കുടിയേറ്റക്കാരെയും കൊണ്ട് ഇസ്രയേല്‍ നിറയുന്നത് ഒരു തരത്തിലും അനുവദിക്കാനാവില്ല. വളരെ ചെറിയൊരു രാജ്യമായ ഇസ്രയേലിന് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷിയുമില്ല”.ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു തന്റെ കടുത്ത നയം വ്യക്തമാക്കി.

രാജ്യത്തിന്റെ  തെക്കേ അറ്റത്തു നിന്നു തുടങ്ങി നിലവിലെ ഗോലാന്‍ അതിരു വരെയുള്ള പ്രദേശത്താണ് ഇസ്രയേല്‍ പുതിയതായി തടസ്സം തീര്‍ത്തിരിക്കുന്നത്. സിറിയ, ഇസ്രയേലുമായി കൂടിച്ചേരുന്ന സ്ഥലമാണ് ഗോലാന്‍ അതിര്.

സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ചു രാജ്യങ്ങളില്‍ ഒന്നാണെങ്കിലും, ആ രാജ്യത്തു നിന്നുള്ള ഒരാള്‍ക്കു പോലും ഔദ്യോഗികമായി ഇസ്രയേല്‍ ഇതുവരെ അഭയം നല്‍കിയിട്ടില്ല. മാത്രമല്ല ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇരു രാജ്യങ്ങള്‍ക്കിടയിലും ഒരുകാലത്തും ഉണ്ടായിട്ടില്ല.

ഈയിടെ തങ്ങളുടെ അതിര്‍ത്തി പ്രദേശത്ത് പരുക്കേറ്റെത്തിയ 1000ത്തോളം സിറിയക്കാരെ ചികിത്സിക്കാന്‍ തയ്യാറായതു മാത്രമാണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഇസ്രയേല്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള അനുഭാവ പൂര്‍ണമായ ഏക സമീപനം. പരുക്കേറ്റവരിലേറെയും  സിറിയയിലെ ന്യൂനപക്ഷമായ ഡ്ര്യൂസ് വിഭാഗത്തില്‍ പെടുന്നവരാണെന്നതായിരുന്നു അത്തരമൊരു സമീപനം സ്വീകരിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ച ചേതോവികാരം.  ഇസ്രയേല്‍ അതിര്‍ത്തിയോടു ചേര്‍ന്നു വരുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഡ്ര്യൂസുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്ന പക്ഷം സഹായിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന സൂചനയും ഇസ്രയേല്‍ അന്ന്  നല്‍കിയിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപദേശം മാനിച്ച് സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ഐസക് ഹെര്‍സോഗിന്റെ അഭിപ്രായം. അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ജൂതര്‍ക്ക് വ്യത്യസ്ഥ നിലപാടു സ്വീകരിച്ചു മാറി നില്‍ക്കാനാവില്ലെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്രയേലിലെ ഇടതു പക്ഷ പാര്‍ട്ടിയായ മെറെട്‌സും സമാന അഭിപ്രായമാണ് പങ്കു വയ്ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ പതിനായിരക്കണക്കിനു പേര്‍ക്കു അഭയം നല്‍കാന്‍ തയ്യാറാകുമ്പോള്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുന്നത് ഇസ്രയേല്‍ ലോകത്തിനു മുന്നില്‍ വീണ്ടും കൂടുതല്‍ ഒറ്റപ്പെടുന്നതിനിടയാക്കുമെന്നു മെറെട്‌സ് നേതാവ് സെഹ്വ ഗാലന്‍ ആശങ്കപ്പെടുന്നു.

പരിമിതമായ തോതിലെങ്കിലും അഭയാര്‍ത്ഥികളെ  സ്വീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണമെന്നും അതു വഴി വിയറ്റ്‌നാം അഭയാര്‍ത്ഥികള്‍ക്ക് അഭയമേകി സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു വരെ അര്‍ഹനായ മുന്‍ പ്രസിഡന്റ് മെഞ്ചം ബെഗിന്റെ (1977-83)  പാരമ്പര്യം കുറച്ചെങ്കിലും തിരിച്ചു പിടിക്കണമെന്നുമാണ് ഇസ്രയേല്‍ നിയമ നിര്‍മാണ സഭയിലെ (ഗിലലൈ) അംഗമായ ഇലാസര്‍ ഈയിടെ ഫേസ്ബുക്കില്‍ കുറിച്ചത്.

ലോകത്തെവിടെയുമുള്ള ജൂതന്മാര്‍ക്ക് എന്നും എളുപ്പത്തില്‍ കുടിയേറാന്‍ വാതിലുകള്‍ തുറന്നു കൊടുത്തിട്ടുള്ള രാജ്യമാണ് ഇസ്രയേല്‍. എന്നാല്‍ മറ്റ് അഭയാര്‍ത്ഥികളെ ഉള്‍ക്കൊണ്ടതിന്റെ ചരിത്രം അവരെ സംബന്ധിച്ച് തുലോം കുറവാണ്.  നേരത്തെ സൂചിപ്പിച്ച മെഞ്ചം ബെഗിന്റെ കാലത്ത് 1977ല്‍ 300 വിയറ്റ്‌നാം അഭയാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്രമൊരുക്കിയതാണ് ഈ ഗണത്തില്‍ എടുത്തു പറയാവുന്നൊരു കാര്യം. 1990ല്‍ പഴയ യൂഗോസ്ലോവ്യയില്‍ നിന്നുള്ള 84 ബോസ്‌നിയന്‍ മുസ്ലീം അഭയാര്‍ത്ഥികളേയും അവര്‍ സ്വീകരിച്ചിരുന്നു.

എന്തായാലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയ്ക്ക് ഇസ്രയേലിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം  പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ സുഡാന്‍ പ്രദേശത്തു നിന്നുള്ള മുസ്ലീങ്ങളും, ആഫ്രിക്കയിലെ തന്നെ എറിട്രിയയില്‍ നിന്നുള്ള ക്രിസ്ത്യാനികളുമടക്കം അമ്പതിനായിരത്തോളം പേരാണ് ഇസ്രയേലിലിപ്പേള്‍ അഭയം തേടി എത്തിയിരിക്കുന്നത്. ഈജിപ്തുമായി ചേര്‍ന്നു കിടക്കുന്ന തെക്കന്‍ അതിര്‍ത്തിയിലൂടെയാണ് ഇവര്‍ ഇസ്രയേലിലെത്തുന്നത്.

പതിനായിരക്കണക്കിനു വരുന്ന ജൂതന്മാരല്ലാത്ത ഈ ആഫ്രിക്കക്കാരെ നുഴഞ്ഞു കയറ്റക്കാരും കുടിയേറ്റക്കാരുമായാണ് ഭരണകുടം വിശേഷിപ്പിക്കുന്നത്. ജൂത രാഷ്ട്ര സിദ്ധാന്തത്തിലൂന്നിയുള്ള ഇസ്രയേലിന്റെ സാമൂഹ്യ-രാഷ്ട്രീയ- മത ഘടനയ്ക്ക് ഭീക്ഷണിയായാണ് അവര്‍ ഇക്കൂട്ടരെ കാണുന്നതും.

ഒട്ടനവധി വിവേചന നടപടികളാണ് ഇസ്രയേലില്‍ ആഫ്രിക്കന്‍ അഭയാന്വേഷകര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ആഫ്രിക്കക്കാര്‍ക്ക് ജോലി നിക്ഷേധിക്കുന്നതില്‍ തുടങ്ങി  മൃതദേഹം മറവു ചെയ്യാന്‍ വിദൂരത്തുള്ള മരുഭൂമി പ്രദേശങ്ങള്‍ മാത്രം അനുവദിക്കുന്നതും ”കാശു തരാം തിരിച്ചു പോ” പോലുള്ള പ്രതിക്ഷേധ പീഡനങ്ങളിലും വലയുകയാണവര്‍.

ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനകളെല്ലാം തന്നെ അഭയാര്‍ത്ഥികളോടുള്ള ഗവണ്‍മെന്റിന്റെ വിവേചന നയത്തില്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നുണ്ട്. അഭയാന്വേഷകരെ പൂര്‍ണമായി അംഗീകരിക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം അവരുടെ അവസ്ഥ എന്തായിരിക്കണമെന്നതു സംബന്ധിച്ച വ്യക്തമായ നിലപാടു സ്വീകരിക്കുകയെങ്കിലും വേണമെന്നാണ് അവര്‍ പറയുന്നത്. 80 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ഔദ്യോഗിക അഭയം നല്‍കിയിട്ടുള്ളുവെന്നു അവര്‍ ചൂണ്ടിക്കാണിക്കുന്നു.

1948ല്‍ രൂപീകൃതമായ ശേഷം ഇതുവരെ ഇസ്രയേല്‍ ഔദ്യോഗിക അഭയാര്‍ത്ഥികളായി അംഗീകരിച്ചിട്ടുള്ളത് വെറും 200 പേരെ മാത്രമാണ്. 2013ല്‍ പ്രസിദ്ധീകരിച്ച പാര്‍ലമെന്ററി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കണക്കു നിരത്തുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍