UPDATES

സിനിമ

അല്‍ഫോന്‍സ് പുത്രന്റെ വിജയ രഹസ്യം സിമ്പിളാണ്‌, പക്ഷേ പവര്‍ഫുള്ളാണ്

Avatar

ശരണ്‍ ശിവരാജന്‍

പുതിയ നല്ല ആശയങ്ങളുമായി കടന്നു വരുന്ന ചെറുപ്പക്കാര്‍, യുവ സംരഭകര്‍, ഇവരെല്ലാം സമൂഹത്തിന് പലപ്പോഴും പ്രതീക്ഷയും പ്രചോദനവുമാകാറുണ്ട്. അവരുടെ കടന്നു വരവ് സിനിമ മേഖലയിലേക്കാവുമ്പോള്‍, അവിടെ വിജയങ്ങള്‍ നേടുമ്പോള്‍ ആ മാധ്യമത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ അവര്‍ കൂടുതലായി ശ്രദ്ധിക്കപ്പെടും. ആവശ്യമുള്ള വിഭവങ്ങള്‍ മാത്രം കണ്ടെത്തി അതിനെ ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തി ഇവര്‍ ഒരുക്കുന്ന ഉത്പന്നം (സിനിമ) അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആളുകള്‍ അതിനു പിന്നിലെ രഹസ്യമെന്തെന്നു ജിജ്ഞാസയോടെ തെരഞ്ഞു തുടങ്ങും. അതെ, പറഞ്ഞു വരുന്നത് അല്‍ഫോന്‍സ് പുത്രന്‍ എന്ന യുവ സംവിധായകനും സംഘവും കടന്നു വന്ന സിനിമ വഴികളെക്കുറിച്ചു തന്നെ. 

മിനിമം വയബിള്‍ പ്രോഡക്ട്
അല്‍ഫോന്‍സ് പുത്രനു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ പ്രശസ്തമായൊരു സിനിമ കുടുംബ പശ്ചാത്തലമില്ല. പിന്നെ വിജയിച്ച സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്നിട്ടുമില്ല. ആകെയുള്ള കൈമുതല്‍ എഡിറ്റിങ് മേശയിലെ കൈത്തഴക്കം മാത്രം. പിന്നെങ്ങനെ ഒരു പ്രൊഡ്യൂസറെ കിട്ടാന്‍?. ആ ഒരു പ്രശ്‌നം നേരിടാന്‍ അല്‍ഫോന്‍സ് അവലംബിച്ച മാര്‍ഗ്ഗം, സിംമ്പിളായിരുന്നു. സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തില്‍ (പ്രഥമ ബിസിനസ് സംരംഭം) പയറ്റാറുള്ള മിനിമം വയബിള്‍ പ്രോഡക്റ്റ് അഥവാ എം വി പി തന്ത്രം തന്നെയാണ് അല്‍ഫോന്‍സും സംഘവും പ്രയോഗിച്ചത്.

നമ്മള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഉത്പന്നത്തിന്റെ ചെലവു കുറഞ്ഞ ലഘു രൂപം, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാമ്പിള്‍, (ഉദാഹരണമായി ട്വിറ്റര്‍ തുടങ്ങുന്നതിനു മുമ്പായി 140 അക്ഷരങ്ങളോ ചിഹ്നങ്ങളോ മാത്രം ഉപയോഗിച്ച് പോസ്റ്റിടാവുന്നൊരു ആപ്ലിക്കേഷന്‍ ആ കമ്പനി പുറത്തിറക്കിയിരുന്നു.) തയ്യാറാക്കി വിപണിയിലെത്തിക്കുക എന്നതാണ് എം വി പി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ നേരം എന്ന ഷോര്‍ട്ട് ഫിലിമായിരുന്നു അന്‍ഫോന്‍സ് ഇറക്കിയ എം വി പി.

ഷോര്‍ട്ട് ഫിലിമുകളുടെ വിജയത്തിലൂടെ അല്‍ഫോന്‍സിനു ലഭിച്ച പ്രശസ്തി തന്റെ ആദ്യ ഫീച്ചര്‍ സിനിമയുടെ മാര്‍ക്കറ്റിങ്ങിനും പ്രമോഷനും അദ്ദേഹത്തെ വളരെയേറെ സഹായിച്ചു. പുതുമുഖ സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയ്ക്ക് ഉണ്ടാവാമായിരുന്ന പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും അതിജീവിച്ച് നേരം ഒരു ഹിറ്റായി മാറിയെങ്കില്‍ അതിനു കാരണം ചിത്രത്തിന്റെ മേക്കിങ്ങിലും മാര്‍ക്കറ്റിങ്ങിലും സംവിധായകനും സംഘവും പുലര്‍ത്തിയ ക്രിയാത്മക സമീപനങ്ങളാണ്.

പ്രാദേശികവല്‍ക്കരണം
ചെറിയ ചെറിയ വ്യത്യാസങ്ങളോടെ സിനിമ രണ്ടു ഭാഷകളില്‍, തമിഴിലും മലയാളത്തിലും, ഒരുക്കി. അതുവഴി വലിയൊരു പ്രേക്ഷക സമൂഹത്തെ നേടാന്‍ അവര്‍ക്ക് സാധിച്ചു. പത്രങ്ങളും, ചാനലുകളും തുടങ്ങി ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള വെബ് ആപ്ലിക്കേഷനുകള്‍ വരെ തങ്ങളുടെ റീച്ച് കൂട്ടാന്‍ പയറ്റുന്ന തന്ത്രമാണിത്. കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ തങ്ങളുടെ സേവനം ലഭ്യമാക്കി കൂടുതല്‍ ഗുണഭോക്താക്കളെ സൃഷ്ടിക്കുന്ന രീതി.

ചെലവ് കുറയ്ക്കുക
നേരം സിനിമ പൂര്‍ണമായും തമിഴില്‍ റീമേക്ക് ചെയ്യാതെ ഏതാനും താരങ്ങളെ മാത്രം മാറ്റി തിയേറ്ററില്‍ എത്തിച്ചതിനാല്‍ ആ വകയിലും അല്‍ഫോണ്‍സ് പുത്രന്‍ ചെലവ് കുറച്ചിരുന്നു. സോണി വേഗാസ് എന്ന വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിച്ച് കൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി. ഇങ്ങനെ സിനിമയില്‍ അനാവശ്യമായി പണം ചെലവാക്കേണ്ടി വരുന്നതെവിടെയെന്നൊക്കെ കൃത്യമായി മനസ്സിലാക്കി അതിനെല്ലാം മികച്ച ബദല്‍ മാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.

മികച്ച ടീം
സിനിമ ആയാലും ബിസിനസ് സംരംഭം ആയാലും അതിന്റെ വിജയത്തിന് അത്യാവശ്യം വേണ്ട മറ്റൊരു ഘടകമാണ് നല്ലൊരു ടീം. അല്‍ഫോന്‍സ് അങ്ങനെയൊരു ടീമിനെ കണ്ടെത്തിയത് സ്‌കൂളിലും കോളേജിലുമായി തന്റെയൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ നിന്നു തന്നെയാണ്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഒരു പ്രോജക്ടിനായി ദീര്‍ഘ നേരം പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ കൂടെ പ്രവര്‍ത്തിക്കുന്നവരുമായി ഉണ്ടാവേണ്ട മാനസിക ഐക്യം അല്ലെങ്കില്‍ സിനിമക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കെമിസ്ട്രി വളരെ പ്രധാനമാണ്. തനിക്കും തന്നോടും എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ടീമിനെ നില നിര്‍ത്തുന്നതിന്റെ ഗുണം അല്‍ഫോന്‍സിന്റെ സിനിമ കാണുമ്പോള്‍ മനസ്സിലാവും. വലിയ വലിയ പ്രോജക്ടുകളിലേക്ക് മൈക്രോസോഫ്റ്റും, ആപ്പിളും, ഗൂഗിളും ഒക്കെ നടത്താറുള്ള ടീം സെലക്ഷനിലും ഇത്തരം മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. അംഗങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യത്തിനാണ് അവര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. ടീമിലേക്ക് അംഗങ്ങളെ കണ്ടെത്തുന്ന സമയത്ത് ചിലപ്പോള്‍ അവരുടെ ചുമതല സംബന്ധിച്ചൊരു വ്യക്തതയും ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ പ്രോജക്ട് പുരോഗമിക്കുന്നതിന് അനുസരിച്ച് അവരതിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറുക തന്നെ ചെയ്യും.

തട്ടകം അറിയാവുന്ന നിക്ഷേപകന്‍
ഒരു നല്ല ടീമുണ്ടായതിനു ശേഷം വരുന്ന അടുത്ത വലിയ കടമ്പയാണ് നല്ലൊരു പ്രൊഡ്യൂസറെ ലഭിക്കുക എന്നത്. ഒരു സിനിമയുടെ നിര്‍മ്മാതാവെന്നാല്‍ വെറും പണം നിക്ഷേപിക്കാനുള്ള ആള്‍ മാത്രമാവരുത്. തന്റെ രണ്ടാമത്തെ സിനിമ പ്രേമത്തിന് അന്‍വര്‍ റഷീദിനെ പോലൊരു നിര്‍മ്മാതാവിനെ കിട്ടിയതാണ് അല്‍ഫോന്‍സ് പുത്രന്റെ മറ്റൊരു വലിയ ഭാഗ്യം. ഒരേ സമയം വിജയിച്ച സംവിധായകനും, വിജയിച്ച സംരഭകനുമാണദ്ദേഹം. സിനിമയുടെ മേക്കിങ്ങിലും, അതിന്റെ വിപണനത്തിലും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ അന്‍വറിനു കഴിയും. സിനിമ പ്രവര്‍ത്തനത്തില്‍ പലപ്പോഴും വിലങ്ങു തടിയാകുന്നത് സിനിമയെ പറ്റി വലിയ ധാരണയില്ലാത്ത അല്ലെങ്കില്‍ ലാഭം മാത്രം ലാക്കാക്കുന്ന നിക്ഷേപകരാണ്. ഇവര്‍ ചിലപ്പോള്‍ സിനിമ സംരഭത്തെ തന്നെ മറിച്ചിട്ടെന്നു വരും. ”പല നിക്ഷേപകര്‍ക്കും അവര്‍ പണമിറക്കുന്ന സംരംഭങ്ങളെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ല. ചിലര്‍ക്കുള്ളതു മുഴുവന്‍ തെറ്റിധാരണകളാണ്.” അമേരിക്കയിലെ പ്രമുഖനായ ഇന്ത്യന്‍ വ്യവസായി വിനോദ് കോസ്‌ല ഈയിടെ പറഞ്ഞതാണിത്. അതു കൊണ്ടു തന്നെ ഒരു സംരംഭത്തെക്കുറിച്ചു നല്ല രീതിയില്‍ അറിവുള്ളൊരു നിക്ഷേപകനെ/യെ തന്നെ കിട്ടുക എന്നത് അതിന്റെ സുഗമമായ മുന്നോട്ടു പോക്കിന് വളരെ പ്രധാനമാണ്. അതിപ്പോള്‍ സിനിമയാണെങ്കിലും അല്ലെങ്കില്‍ മറ്റേതെങ്കിലും ബിസിനസ് ആണെങ്കിലും. അതു തന്നെയാണ് കാര്യം.

ഉപഭോക്താവിന്റെ പ്രതീക്ഷയ്ക്ക് ഒരുപടി മുന്നില്‍ നില്‍ക്കുക
അങ്ങനെ പ്രതീക്ഷിച്ച പോല എല്ലാ ഘടകങ്ങളും ഒത്തിണങ്ങി വന്നപ്പോള്‍ പ്രതീക്ഷകള്‍ക്കെല്ലാമപ്പുറത്തെ വമ്പന്‍ വിജയമാണ് അല്‍ഫോന്‍സിനേയും സംഘത്തിനേയും കാത്തിരുന്നത്. ട്രെയിലര്‍ പോലും ഇറക്കാതെ (അതും വിപണന തന്ത്രത്തിന്റെ ഭാഗം) ഒരു ഗാനം മാത്രം പുറത്തു വിടുകയാണ് പ്രേമത്തിന്റെ പ്രമോഷനായി ചെയ്ത പ്രധാന കാര്യം. ആ പാട്ടിന്റെ ഇമ്പവും, അതിലെ നമുക്കേറെ പരിചയമുണ്ടെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയോടുള്ള (മേരി) ഇഷ്ടവും കൗമാരക്കാരേയും യുവാക്കളേയും ഒരു പോലെ തിയ്യേറ്ററിലേക്ക് ആകര്‍ഷിച്ചു. അവിടെ നമുക്കായി കരുതി വച്ചിരുന്നത് മലര്‍ എന്ന അത്ഭുതത്തെയായിരുന്നു. അതെ. കടുത്ത മത്സരം നടക്കുന്ന മേഖലയില്‍ നമുക്ക് വിജയിച്ചു നില്‍ക്കണമെങ്കില്‍ നാം ഉപഭോക്താവിന് എന്തെങ്കിലും അധികമായി നല്‍കിയേ മതിയാവു. പക്ഷേ അതു സിനിമയിലാവുമ്പോള്‍ ”അത് കുറച്ച് അധികമായി”എന്നൊരു തോന്നല്‍ പ്രേക്ഷകന് ഉണ്ടാവാനും പാടില്ല. ഇവിടെ പഴയ കച്ചവട തത്വമനുസരിച്ച് പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയതു കൊണ്ടു മാത്രമായില്ല. പക്ഷേ അവര്‍ക്കൊരു തരത്തിലുള്ള നിര്‍വൃതി തന്നെ പകര്‍ന്നു നല്‍കണമെന്നര്‍ത്ഥം.

ടാര്‍ഗറ്റ് ഓഡിയന്‍സ്
ഏത് ഉത്പന്നവും തയ്യാറാക്കുന്നത് ഒരു പ്രത്യേക ടാര്‍ഗറ്റ് ഓഡിയന്‍സിനു വേണ്ടിയാണ്. അവരുടെ അഭിരുചികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് ഉത്പന്നം നിര്‍മ്മിക്കുമ്പോള്‍ അത് നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു. ഇവിടെ അല്‍ഫോന്‍സ് ഉന്നം വച്ച ഓഡിയന്‍സ് 16 മുതല്‍ 26 വയസ് വരെ ഉള്ളവരായിരുന്നു. അവരെല്ലാം കൃത്യമായി സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്തു.

ഏറ്റവും മികച്ചത് ഉപഭോക്താവിന് നല്‍കുക
പോസ്റ്റ് പ്രൊഡക്ഷനില്‍ അല്‍ഫോന്‍സ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് സിനിമയുടെ എഡിറ്റിംഗിനു വേണ്ടിയായിരുന്നു. ഏറ്റവും ആവശ്യമുള്ളതും മികച്ചതും മാത്രമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന ഉല്‍പന്നത്തിലുണ്ടാകുകയെന്ന് പലവട്ടം ചിന്തിച്ചു ഉറപ്പു വരുത്തുകയായിരുന്നു അദ്ദേഹം. ഒരു ഉത്പന്നത്തിലെ ആവശ്യമില്ലാത്ത ഘടകങ്ങള്‍ എന്തൊക്കെയെന്നു കണ്ടെത്തി ഒഴിവാക്കുന്ന പ്രവര്‍ത്തിയാണ് ആത്യന്തികമായി അതിന്റെ വിജയം നിര്‍ണയിക്കുന്നത്. സിനിമയുടെ സംവിധായകനെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതും എളുപ്പം പാളിപ്പോകാവുന്നതുമായ മേഖല കൂടിയാണ് എഡിറ്റിംഗ്.

മാര്‍ക്കറ്റിംഗിലെ വേറിട്ട ചിന്ത
പരമ്പരാഗത രീതികളെ കഴിവതും ഒഴിവാക്കിയായിരുന്നു പലപ്പോഴും അല്‍ഫോന്‍സിന്റെ മാര്‍ക്കറ്റിംഗ്. ”പിസ്ത” എ ഒറ്റ ഗാനം വൈറലാക്കി നേരത്തെ ഹിറ്റാക്കിയെങ്കില്‍ പ്രേമത്തിന്റെ കാര്യത്തില്‍ ഒരു ട്രെയിലര്‍ പോലുമുണ്ടായിരുന്നില്ല. മാത്രമല്ല വിവാദങ്ങളേയും പ്രതിസന്ധികളെ പോലും എങ്ങനെ ക്രിയാത്മകമായി മാര്‍ക്കറ്റിംഗിനുപയോഗിക്കാമെന്നു സെന്‍സര്‍ കോപ്പി വിവാദത്തില്‍ പ്രേമം ടീം നമുക്ക് കാണിച്ചു തന്നു. പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്നും മാറി കൂടുതല്‍ ക്രിയാത്മകമായി പെരുമാറുമ്പോഴാണ് ഏതു ബിസിനസ്സിലും വിജയ വാതില്‍ തുറക്കുന്നത്.

സംരംഭകന് വേണ്ട അടിസ്ഥാന ഘടകം
ഇതിനെല്ലാം ഉപരിയായി വിജയിക്കാന്‍ വേണ്ട അടിസ്ഥാന ഘടകം ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും തന്നെയാണ്. നിവിന്‍പോളി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു. അല്‍ഫോന്‍സുമായി മുമ്പൊരിക്കല്‍ സംസാരിച്ചതിനെക്കുറിച്ച്. മുമ്പെന്നു വച്ചാല്‍ അല്‍ഫോന്‍സ് സിനിമയിലേക്ക് വരുന്നതിനെല്ലാം വളരെ മുമ്പ്. സിനിമാ സംവിധായകനാകുമെന്ന നിശ്ചയ ദാര്‍ഢ്യവും അതിലേക്കുള്ള കൃത്യമായ കാഴ്ച്ചപ്പാടുകളും അന്നേ അല്‍ഫോന്‍സിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നതായി നിവിന്‍ ഓര്‍ക്കുന്നു. ഒരു സംരംഭകനും അത്യാവശ്യമായി വേണ്ട ഘടകമാണിത്.

(കളമശേരി സ്റ്റാര്‍ട്ട്അപ്പ് വില്ലേജിലെ ടെന്‍ഡര്‍വുഡ്‌സ് സിഇഒയും സഹസ്ഥാപകനുമാണ് ശരണ്‍ ശിവരാജന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍