UPDATES

സയന്‍സ്/ടെക്നോളജി

നവസംരംഭകരേ ഇങ്ങോട്ട് പോരേ, കളമശ്ശേരിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിലേക്ക്

Avatar

പ്രണവ് കുമാര്‍ സുരേഷ്/കിരണ്‍

ഐ ടി മേഖലയില്‍ നവസംരംഭകര്‍ക്ക് പ്രോത്സാഹനം നല്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്‍മെന്‍റ് ആരംഭിച്ച  സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ സിഇഒ പ്രണവ് കുമാര്‍ സുരേഷ് സംസാരിക്കുന്നു. 

യുവാക്കളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് കാരണം
ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികളെയാണ്. കൂടാതെ നവസംരംഭകരാവാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്നവരെയും സഹായിക്കുന്നു. ഇവരിലൂടെയാണ് സംരംഭകത്വ സംസ്‌കാരം വളര്‍ത്തുന്നത്. ഇവരില്‍ പലരും ഒരു ഘട്ടമെത്തുമ്പോള്‍ മുംബൈയിലേക്കോ, ബാംഗ്ലൂരിലേക്കോ മാറും. മികച്ച അവസരങ്ങളും സാധ്യതകളും തേടി ഇങ്ങനെ മാറുന്നതിനെ നമ്മള്‍ എതിര്‍ക്കാറില്ല. ഇവിടെയെത്തുന്നവരില്‍ ഏറെയും 25 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇവര്‍ക്ക് ധാരാളം സമയം ലഭിക്കുന്നുണ്ട്. പഠന സമയത്ത് സംരംഭം ആഗ്രഹിച്ച നേട്ടം കൈവരിച്ചില്ലെങ്കിലും പഠിച്ച് കഴിയുമ്പോള്‍ മറ്റ് ജോലികള്‍ തേടാനുള്ള സൗകര്യം ഉണ്ട്. എന്നാല്‍ ഡ്രോപ് ഔട്ട് ചെയ്യണമെന്നല്ല ഞങ്ങള്‍ പറയുന്നത്. രക്ഷപ്പെടുകയാണെങ്കില്‍ അതൊരു കരിയര്‍ സാധ്യതയാണ്. പരാജയപ്പെട്ടാല്‍ അതിലൂടെ സ്വന്തം ശേഷികള്‍ തിരിച്ചറിയാനും പുതിയ ജോലിയില്‍ കൂടുതല്‍ തിളങ്ങുന്നതിനും സഹായിക്കും.

പഠിച്ച് വരുന്ന കുട്ടികളുടെയും, മറ്റുള്ളവരുടെയും സക്‌സസ് റേറ്റ്
ഇവര്‍ ഇരുവരും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. നവസംരംഭകര്‍ എന്ന നിലയില്‍ രണ്ടുപേരും ഉണ്ടാക്കുന്നത് ഒരേ പിഴവുകള്‍ തന്നെയാണ്. രണ്ടാമതായി, ഇരുവിഭാഗത്തിലും വിജയവും, പരാജയവും കണ്ടിട്ടുണ്ട്. ഈ മേഖലയെ പറ്റി പല കാര്യങ്ങളും ഇവര്‍ക്ക് അറിയില്ല. അപ്പോള്‍ അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവര്‍ നല്‍കുന്ന ഉപദേശങ്ങള്‍ കൂടുതല്‍ സ്വീകരിച്ചേക്കാം. അഞ്ച് വര്‍ഷം ജോലി ചെയ്ത് വരുന്നവരാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ ഐഡിയ ഇങ്ങനെയാണ് വര്‍ക്ക് ചെയ്യേണ്ടതെന്ന ഒരു ധാരണ ഉണ്ടാകും. അവര്‍ മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നില്ല. അങ്ങനെ നല്ല ഉപദേശങ്ങള്‍ തള്ളിക്കളയുന്നത് മൂലം ചില സംരംഭങ്ങള്‍ പരാജയപ്പെടാം. തിരിച്ചും സംഭവിക്കാം. കോളേജ് വിദ്യാര്‍ത്ഥികള്‍ ഈ ഉപദേശങ്ങള്‍ സ്വീകരിച്ച് രക്ഷപ്പെടാം. കൂടുതലായി സ്വീകരിച്ച് അബദ്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യാം. ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയം കോളേജില്‍ പഠിക്കുമ്പോഴാണോ, ജോലി ചെയ്ത ശേഷമാണോ ആരംഭിക്കുന്നത് എന്നതിനെ ആശ്രയിച്ചല്ല. മറിച്ച് എത്ര നന്നായി ആ പ്രക്രിയയില്‍ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവുന്നുവെന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എത്രത്തോളം അനുഭവ സമ്പത്തിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നതാണ് ഡിഫൈനിംഗ് ഫാക്ടര്‍

ഇതുവരെ എത്ര സ്റ്റാര്‍ട്ട് അപ്പുകള്‍ പിറന്നു
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 6500 ലധികം അപേക്ഷകളാണ് ലഭിച്ചത്. എല്ലാം കൂടി 60 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലമേ ഉള്ളൂ. അതില്‍ 960 പേരെ ആക്സപ്റ്റ് ചെയ്തു. ഇതിനകത്ത് ഹെവി റിജക്ഷന്‍ ഇതുവരെയില്ല. നമ്മള്‍ സഹായിക്കുന്നത് ഐ ടി, കമ്മ്യൂണിക്കേഷന്‍, മൊബൈല്‍ റിലേറ്റഡ് ആയ സംരംഭങ്ങളെയാണ്. 960 എണ്ണമാണ് ഐഡിയ സ്റ്റേജില്‍ നമ്മള്‍ സ്വീകരിച്ചത്. ജനവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 530 ഓളം സംരംഭങ്ങള്‍ ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്. ബാക്കി പലരും ഇത് വേണ്ടെന്ന് വയ്ക്കുകയോ, മറ്റ് ജോലി തേടി പോവുകയോ, അല്ലെങ്കില്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങി അല്‍പ്പം ജോലി ചെയ്ത ശേഷം സംരംഭത്തിലേക്ക് മടങ്ങിവരാമെന്ന് ചിന്തിക്കുന്നവരോ ആണ്.

സംരംഭങ്ങളുടെ പൊതുസ്വഭാവം
ഐ ടി., ടെലികോം, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് മേഖലകളിലെ ആശയങ്ങളാണ് നമ്മള്‍ പ്രമോട്ട് ചെയ്യുന്നത്. ഇന്റര്‍നെറ്റില്‍ കൂടി വിപണനം ചെയ്യാവുന്ന ഒരു പ്രൊഡക്ടിനെയാണ് സഹായിക്കുന്നത്. അല്ലെങ്കില്‍ ഹാര്‍ഡ് വെയര്‍ പ്രൊഡക്ടുകളായിരിക്കണം. സര്‍വ്വീസ് കമ്പനികള്‍ക്ക് ഞങ്ങള്‍ പ്രോത്സാഹനം നല്‍കുന്നില്ല. അതായത്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന പ്രത്യേക ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ച് അത് ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വിറ്റ് പണം വാങ്ങുന്നവര്‍ക്ക് വേണ്ട പ്ലാറ്റ്‌ഫോം അല്ല ഇവിടെ ഒരുക്കുന്നത്.

പുറത്തുപോകുന്ന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം
ഇവിടെയിരിക്കുന്ന 60 ഗ്രൂപ്പുകളെ പറ്റി പറഞ്ഞുവല്ലോ. അതില്‍ 40 എണ്ണവും അത്യാവശ്യം നല്ല രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ അവര്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുവെന്ന് തന്നെ പറയണം. കാരണം മറ്റൊന്നുമല്ല. ഇവരെല്ലാം കഴിഞ്ഞ ഒരു രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നവരാണ്. അപ്പോഴേക്കും പഠിച്ച്, പരമാവധി തെറ്റുകള്‍ വരുത്തി ശരിയായി വന്നിട്ടുള്ളവരാണ്. അതുകൊണ്ട്, നല്ല ഒരു അടിസ്ഥാനം ഉണ്ടാക്കിയ ശേഷമാണ് പുറത്തുപോകുന്നത് എന്നതിനാല്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്ന കമ്പനികളെല്ലാം നല്ല വളര്‍ച്ച നേടുമെന്ന് വിശ്വാസമുണ്ട്.

സ്ത്രീ പങ്കാളിത്തം സംബന്ധിച്ച്
വളരെ ചുരുക്കം സ്ത്രീകള്‍ മാത്രമാണ് ഇപ്പോള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. 10 ശതമാനത്തില്‍ താഴെയാണ് കൊച്ചിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെയെത്തുന്ന 100 പേരില്‍ 5 മുതല്‍ 10 പേര്‍ വരെയാണ് പെണ്‍കുട്ടികള്‍. സമാനമായ അവസ്ഥയാണ് ബംഗലൂരുവിലും, മുംബൈയിലുമെല്ലാമുള്ളത്. ഇത് കുറയാന്‍ കഴിവല്ല കാരണം. കഴിവുകള്‍ സമാനമാണ്. എന്നാലും ഒരു സ്ഥിരം ജോലിയില്‍ നിന്ന് മാറി സ്ത്രീകള്‍ ഇതിലേക്ക് വരണോയെന്ന ചിന്ത സമൂഹത്തിലുണ്ട്. ഇതിലൊരു മാറ്റം വേണം. മറ്റൊന്ന്, കൃത്യസമയത്ത് വീട്ടിലെത്താന്‍ സാധിച്ചെന്ന് വരില്ല. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ ബംഗലൂരിലേക്കോ മറ്റോ പോകേണ്ടി വന്നേക്കാം. പെണ്‍കുട്ടികള്‍ക്ക് രാത്രിയിലെ സ്വതന്ത്ര സഞ്ചാരം ഇപ്പോഴും സാധ്യമല്ല. ഇതെല്ലാം പലപ്പോഴും വീട്ടുകാര്‍ക്ക് സ്വീകാര്യമാകില്ല. സമൂഹം കുറേക്കൂടി ഓപ്പണ്‍ ആകണം. വീട്ടിലെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഇതൊക്കെ സാധിക്കും.

സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കന്നുണ്ടോ?
തീര്‍ച്ചയായും. അതിന് വലിയ പരിശ്രമവും ആലോചനയും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ട്. പലപ്പോഴും, കോളേജ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുമ്പോള്‍ ഈ കാര്യത്തില്‍ ഞങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കാറുണ്ട്. ഇതോടൊപ്പം ഗൂഗിള്‍ ഡവലപ് ഗ്രൂപ്പിന്റെ വുമണ്‍ ടെക്‌നിക്തോണ്‍ എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. അത് സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടിയായിരുന്നു. സമാന ചിന്താഗതിയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പെണ്‍കുട്ടികലെ ടെക്‌നോളജി ഫീല്‍ഡിലേക്കും, എഞ്ചിനീയറിംഗ് ഫീല്‍ഡിലേക്കും കൊണ്ടുവരുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

മലയാളി യുവാക്കളുടെ പങ്കാളിത്തം
കൊച്ചിയിലിപ്പോള്‍ കൂടുതലും ഉള്ളത് മലയാളി വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. 85 ശതമാനം പേരും മലയാളികളാണ്. കൂടുതലായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്. യാത്രാ സൗകര്യവും, പഠനവും പരിഗണിക്കുമ്പോള്‍ കൊച്ചി പലപ്പോഴും ചിലവേറിയതും തടസ്സങ്ങള്‍ നിറഞ്ഞതുമാണ്. സമാന സ്ഥിതിയാണ് വിശാഖപട്ടണത്തുള്ള ഞങ്ങളുടെ സെന്ററില്‍ ഉള്ളത്. അവിടെയും നവസംരംഭകരില്‍ സിംഹഭാഗവും അവിടുത്തെ വിദ്യാര്‍ത്ഥികളാണ്. ഇത് എല്ലായിടത്തെയും സ്ഥിതിയാണ്. കൂടുതല്‍ സൗകര്യപ്രദമായ ഇടം സംരംഭകര്‍ തന്നെ തിരഞ്ഞെടുക്കുന്നുവെന്ന് വേണം കരുതാന്‍.

കൂടുതല്‍ പേരെ നവസംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍
അത് പ്രധാനമായും രണ്ട് രീതിയിലാണ് നടക്കുന്നത്. ഒന്ന് എഞ്ചിനീയറിംഗ് കോളേജുകളിലും മറ്റും സംഘടിപ്പിക്കുന്ന ധാരാളം ഇവന്റുകളില്‍ ഞങ്ങള്‍ പോയി സംസാരിക്കുന്നുണ്ട്. കൂടാതെ കോളേജുകളില്‍ അല്ലാതെയും സന്ദര്‍ശനം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ഈ മേഖലയെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമാണ്. രണ്ടാമത്തെ ഭാഗത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കാരണം ഇവര്‍ക്കെല്ലാം ചോദിക്കാനുള്ളത് വളരെ സ്‌പെസിഫിക് ആയിട്ടുള്ള കാര്യങ്ങളായിരിക്കും. അത് നമുക്ക് ജനറല്‍ ആയി പറഞ്ഞ് കൊടുക്കാവുന്ന സംശയങ്ങള്‍ ആവുകയില്ല. അതിന് നമുക്ക് പ്രത്യേക ക്ലാസ് സംഘടിപ്പിക്കേണ്ടി വന്നേക്കും. ആ കാര്യത്തില്‍ നമ്മള്‍ പേഴ്‌സണല്‍ ഇന്ററാക്ഷന്‍ ആലോചിച്ചിട്ടുണ്ട്. 60 പേര്‍ മുതല്‍ 500 പേര്‍ വരെ ഇത്തരത്തില്‍ നമുക്ക് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്ന സംഘങ്ങളാണ്. എന്നാല്‍ അതിലും കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കണമെന്നുണ്ട്. അതിനുള്ള സാധ്യതകള്‍ വികസിപ്പിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്യുന്നത്.

സംരംഭകര്‍ തങ്ങളുടെ ആശയങ്ങളോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥത
ആദ്യം മുതല്‍ക്ക് സംരംഭകര്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണത തിളങ്ങി നില്‍ക്കുന്ന ഒരു ആശയം മറ്റൊരു വിധത്തില്‍ അവതരിപ്പിക്കുന്നതാണ്. ഫേസ്ബുക്ക് പോലെ മറ്റൊരു സങ്കേതം. അല്ലെങ്കില്‍ ഫേസ്ബുക്കിലെ ഏതെങ്കിലും ഒരു ഘടകം ശരിയല്ല. അത് ശരിയാക്കും എന്നൊക്കെയാവും ആദ്യം മുന്നോട്ട് വയ്ക്കുന്ന ഐഡിയ. കുറച്ചുനാള്‍ വര്‍ക്ക് ചെയ്ത് കഴിയുമ്പോള്‍ അതിന്റെ ഒരു വിപണി സ്വഭാവം ഉള്‍പ്പടെ പഠിച്ചുവരുമ്പോള്‍, പുതിയ ആശയത്തിലേക്ക് ചുവട് മാറ്റും. ഇതും മികച്ചതാകണമെന്നില്ല. പലവട്ടം ഇങ്ങനെ ആശയം മാറ്റുമ്പോള്‍ മികച്ചതൊന്നിലേക്ക് എത്തിച്ചേരും. ചിലര്‍ നാല് പ്രാവശ്യം മാറിക്കഴിയുമ്പോഴേക്കും സംരംഭം ഉപേക്ഷിച്ച് പോകും. ഇത് ആ വ്യക്തിയുടെയും ഗ്രൂപ്പിന്റെയും ദൃഢനിശ്ചയം ഇല്ലാതെ സംഭവിക്കുന്നതാണ്. അത് ഒരു സ്വയം തിരിച്ചറിയുന്നതിനുള്ള സാഹചര്യം കൂടിയാണ് ഇവിടെ ഒരുക്കുന്നത്.

അപേക്ഷകള്‍ സ്വീകരിക്കുന്നത്
വളരെ ലളിതമാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന വിധം. ഞങ്ങളുടെ വെബ്‌സൈറ്റില്‍ ഒന്നോ രണ്ടോ വാക്യത്തില്‍ ഐഡിയ ഷെയര്‍ ചെയ്യണം. ഈ ടീമിന് കുറച്ചെങ്കിലും അത് ചെയ്യാനുള്ള താത്പര്യം വേണം. ഇതുണ്ടെങ്കില്‍ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ നല്‍കും. അത് കഴിഞ്ഞ് സ്ഥലം വേണെമെന്നുണ്ടെങ്കില്‍ ആണ് ഇവിടെ സ്ഥലം നല്‍കുന്നത്. പക്ഷെ  ഈ സംഘങ്ങള്‍ ഇവിടെ ഇന്‍കുബേഷന്‍ ടീമുമായി നേരില്‍ സംവദിക്കണം. അതില്‍ നമുക്ക് പ്രോത്സാഹനം ചെയ്യാവുന്ന എല്ലാ പദ്ധതികളിലും സഹായം ഞങ്ങള്‍ നല്‍കും. ആശയങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇവിടേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. പക്ഷെ നിലവില്‍ ഇന്റേണല്‍ ആയിട്ടുള്ള കുറച്ച് പദ്ധതികള്‍ അവസാനഘട്ടത്തിലാണ്. അത് കഴിഞ്ഞാല്‍ മാത്രമേ പുതിയ ആപ്ലിക്കേഷനുകള്‍ സ്വീകരിക്കുള്ളൂ. ആഗസ്ത് അവസാന വാരത്തോടെ അത് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള സംരംഭകര്‍ക്ക് ലഭ്യമാക്കാവുന്ന പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കി, അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനാണ് ശ്രമം. അത് കഴിഞ്ഞ് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകുന്നുള്ളൂ.

സാമ്പത്തിക അടിത്തറ സംബന്ധിച്ച്
ഒന്നാമത് സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് ആദ്യം മുതല്‍ക്കുണ്ടായിരുന്ന സീഡ് ഫണ്ടാണ് സാമ്പത്തിക അടിത്തറ ഒരുക്കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായം എടുത്തുപറയേണ്ടതാണ്. അടിസ്ഥാനപരമായ സൗകര്യങ്ങള്‍ വളരെയധികം സബ്‌സിഡിയില്‍ ലഭ്യമാക്കുന്നു. കെട്ടിടത്തിന്റെ വാടകയും, ഇന്റര്‍നെറ്റും, മറ്റ് അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുന്ന അതേ വിലയ്ക്ക് സംരംഭകര്‍ക്കും നല്‍കുന്നു. സര്‍ക്കാരിന്റെ നയപരിപാടികളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കിയ പ്രാധാന്യം വലുതാണ്. കൂടാതെ ധാരാളം നിക്ഷേപകര്‍ ഇവിടേക്ക് വരുന്നുണ്ട്. അവര്‍ക്ക് ഇഷ്ടപ്പെടുന്ന ആശയങ്ങളില്‍ അവര്‍ നിക്ഷേപം നടത്തുന്നു. അത് ഞങ്ങളുമായി ബന്ധമുള്ളതല്ല. അതേസമയം നിക്ഷേപകരെ, ഇവിടുത്തെ സംരംഭകരുമായി ബന്ധിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അല്ലാതെ നേരിട്ട് ഞങ്ങള്‍ തന്നെ ചില ആശയങ്ങളില്‍ നിക്ഷേപം നടത്താറുമുണ്ട്. ബ്ലാക്‌ബെറി നല്‍കുന്ന സഹായം മറ്റൊന്നാണ്. അവരുടെ സാങ്കേതിക വിദഗ്ദ്ധരെയും മറ്റും ഇവിടെയെത്തിച്ച് സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ഗെറ്റ് ഇറ്റ് നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവരിലൂടെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐ ബി എം, മൈക്രോസോഫ്റ്റ് എന്നിവര്‍ നിരവധി സോഫ്റ്റ് വെയറുകള്‍ സൗജന്യമായി നല്‍കി. ഗൂഗിളും ഇത് ചെയ്തിട്ടുണ്ട്. എച്ച് ഡി എഫ് സി സംരംഭകര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കി. അതും വളരെയേറെ സഹായകരമായി. ഓരോ പാര്‍ട്ണറും തങ്ങളുടെ ലഭ്യമായ സാധ്യതകള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. സാമ്പത്തികേതര സഹായങ്ങള്‍ കൂടുതലായി ലഭിക്കുന്നുണ്ട്.

സ്റ്റാര്‍ട്ട് അപ്പിന്റെ വിഷന്‍
ഞങ്ങള്‍ ലക്ഷ്യമാക്കുന്നത് 2022 നകം 1000 ഉന്നത നിലവാരമുള്ള പ്രൊഡക്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നതാണ്. എന്നുവെച്ചാല്‍ സാങ്കേതിക മുന്നേറ്റത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ സാധിക്കുന്ന വിധത്തില്‍ മാറ്റം വരുത്തുന്ന സ്റ്റാര്‍ട്ട് അപ്പുകളാണ് ഉദ്ദേശിക്കുന്നത്. അതിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ ഒരു മില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ട് അപ്പ് ആയിരിക്കണമെന്നും ആഗ്രഹമുണ്ട്. ഇതിനേക്കാള്‍ കൂടുതലായി പത്ത് വര്‍ഷത്തിനകം കോളേജില്‍ നിന്ന് ഒരു സംരംഭം ഉയര്‍ന്നുവരികയും അത് വിദ്യാഭ്യാസ രംഗത്തും, മാനവഗുണനിലവാരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും അതിനെ പരമാവധി വളര്‍ച്ച സാധ്യമാക്കുക.

നേരിടുന്ന പ്രയാസങ്ങള്‍
ഒരു പുതിയ സംരംഭത്തിന്റെ എല്ലാ വെല്ലുവിളികളും നേരിടുന്ന സ്ഥാപനമാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജും. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി പിന്നീട് സ്റ്റാര്‍ട്ട് അപ്പുകളെ പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ഒന്നുകൂടി ആഴത്തില്‍ സംരംഭങ്ങളുമായി ഇടപെട്ട് പ്രവര്‍ത്തിക്കാനായാല്‍ അത് ഗുണകരമായിരുന്നേനെ. ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്ന 530 പേരും, സ്റ്റാര്‍ട്ട് അപ്പ് വില്ലേജിനകത്ത് ആണെങ്കില്‍ നമുക്ക് കുറേക്കൂടി സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പക്ഷെ സ്ഥലപരിമിതി ഇതിന് തടസ്സമാണ്. ഇപ്പോള്‍ 15000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമേ ഉള്ളൂ. ഈ പ്രയാസങ്ങള്‍ ഒരു പരിധി വരെ മറികടന്നാല്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഇത്രയധികം ആശയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുയെന്നതും വെല്ലുവിളിയാണ്.വെല്ലുവിളികള്‍ക്കിടയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 

(മാധ്യമ പ്രവര്‍ത്തകനാണ് കിരണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍