UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

75,000 കുട്ടികള്‍ മരണവാതില്‍ക്കല്‍ നില്‍ക്കുന്ന നൈജീരിയ

കെവിന്‍ സീഫ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാണാതായ വിദ്യാര്‍ത്ഥിനികളാണ് ഈ നൈജീരിയന്‍ ഇസ്ളാമിക സംഘത്തെ സകലര്‍ക്കും അറിയാവുന്ന ഒരു പേരാക്കി മാറ്റിയത്.

ഇരുനൂറിലേറെ വിദ്യാര്‍ത്ഥികളെയാണ് 2014 ഏപ്രിലില്‍ ബോകൊ ഹറാം കലാപകാരികള്‍ വടക്കന്‍ ബോര്‍ണോ നഗരത്തില്‍ തട്ടിക്കൊണ്ടുപോയത്.  #BringBackOurGirls പ്രചാരണം വളരെ വേഗം ഒരു അന്താരാഷ്ട്ര പ്രചാരണമായി മാറി. മിഷേല്‍ ഒബാമയേ പോലുള്ള പ്രമുഖര്‍ അതിനു പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ലോകം ഇവിടത്തെ തീവ്രവാദികളെ തോല്‍പ്പിക്കാന്‍ ഗൌരവമായി ആലോചിച്ചത്. പെട്ടന്ന് ധാരാളം പണം വന്നു, കൂടുതല്‍ ഡ്രോണ്‍ വിമാനങ്ങളെത്തി, പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ഈ വിദൂരമൂലയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിച്ചു.

രണ്ടുവര്‍ഷം കഴിയുമ്പോള്‍ ഈ ശ്രദ്ധ മാഞ്ഞിരിക്കുന്നു. കൂടുതല്‍ പ്രശ്നക്കാരായ ഇസ്ളാമിക സംഘങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനുണ്ട്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആഫ്രിക്കയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുമില്ല.

പക്ഷേ ലോകം മറ്റ് കാര്യങ്ങളില്‍ മുഴുകിയിരിക്കവേ വടക്കുകിഴക്കന്‍ നൈജീരിയയിലെ പ്രശ്നം കൂടുതല്‍ മാരകമായ ഒന്നായി മാറിയിരിക്കുന്നു. കലാപകാരികളല്ല വലിയ ഭീഷണി. ഇപ്പോളത് പട്ടിണിയാണ്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തമായി മാറുന്ന ഒന്നില്‍ പെട്ടു കിടക്കുന്നതു 3 ദശലക്ഷത്തിലേറെ മനുഷ്യരാണ്. വേണ്ടത്ര സഹായങ്ങള്‍ എത്തിയില്ലെങ്കില്‍ ബോര്‍നോയിലും തൊട്ടുകിടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും 75,000 ത്തോളം കുട്ടികള്‍ അടുത്ത വര്‍ഷം മരിച്ചേക്കുമെന്ന് UNICEF മുന്നറിയിപ്പ് നല്കുന്നു.

പക്ഷേ ബോകൊ ഹറാമിനേ ഭയന്ന് പലായനം ചെയ്യുകയോ അല്ലെങ്കില്‍ അവര്‍ക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുകയോ ചെയ്യുന്ന ഈ ഇരകള്‍ക്കായി പണം കണ്ടെത്തുക അത്ര എളുപ്പമല്ല. ഉദാഹരണത്തിന്, 115 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ട UNICEF-നു കിട്ടിയത് 28 ദശലക്ഷം ഡോളറാണ്. സെപ്റ്റബറിലെ യു.എന്‍ പൊതുസഭയില്‍ ഈ ദുരന്തം കാര്യമായി പരാമര്‍ശിക്കപ്പെട്ടതേയില്ല. നൈജീരിയയിലെ ആഭ്യന്തര മാധ്യമങ്ങള്‍ പോലും കൈകാര്യം ചെയ്യുന്നത് ദേശീയ സാമ്പത്തിക മാന്ദ്യം പോലുള്ള വിഷയങ്ങളാണ്.

പെട്ടെന്നുള്ള ശ്രദ്ധ കിട്ടുന്ന തരം പ്രകൃതി ദുരന്തവുമല്ല ഇത്. തട്ടിക്കൊണ്ടുപോയ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കഥയും വിസ്മരിക്കപ്പെട്ടിരിക്കുന്നു.

“ചില രീതിയില്‍ നൈജീരിയ ഒരു പഴയ കഥ പോലെയായിരിക്കുന്നു,” നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങള്‍ക്കായുള്ള യു.എന്‍ കാര്യാലയത്തിന്റെ ഉപമേധാവി സൈമണ്‍ ടെയ്ലര്‍ പറഞ്ഞു.

പണമില്ലായ്മയും താത്പര്യക്കുറവും വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഉടനീളം കാണാം. കുറച്ചുകാലം പട്ടിണിയും രോഗങ്ങളും വേട്ടയാടുന്ന മനുഷ്യരുടെ അടുത്തേക്ക് എത്തുന്നതുപോലും സന്നദ്ധസഹായസംഘങ്ങള്‍ക്ക് ദുഷ്കരമായിരുന്നു. പക്ഷേ പ്രവര്‍ത്തിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ പോലും പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് വേണ്ട പോഷകാഹാരങ്ങളോ ഭക്ഷണമോ ഉണ്ടായിരുന്നില്ല. സഹായസംഘങ്ങള്‍ ഇപ്പൊഴും ആളില്ലാത്ത അവസ്ഥയിലാണ്.

ബോക്കോ ഹറാം പോരാളികള്‍ ഇപ്പോഴും ബോര്‍ണോ സംസ്ഥാനത്തിന് ചുറ്റും ആക്രമണം നടത്തുന്നു. സഹായ സംഘങ്ങളെ ദുരിതബാധിതരായ 2 ദശലക്ഷം ജനങ്ങളുടെ അടുത്തേക്ക് എത്തുന്നതില്‍ നിന്നും തടയുകയാണവര്‍. ആഭ്യന്തരയുദ്ധത്തില്‍ ഉപരോധത്തില്‍ അകപ്പെട്ട ആലെപ്പോ നഗരത്തില്‍ ഉള്ളതിനെക്കാള്‍ ഏഴിരട്ടി ജനസംഖ്യയുണ്ട് ഇവിടെ.

അടുത്തിടെ ഞാനും ഫോട്ടോഗ്രാഫര്‍ ജെയിന്‍ ഹാനും നടത്തിയ യാത്രയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചെറിയ തോതില്‍ എത്തിയ മൂന്നു നഗരങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ താത്ക്കാലിക ആശുപത്രികളുണ്ടാക്കുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ ഞാന്‍ കണ്ട ഭൂരിഭാഗം പേര്‍ക്കും സഹായങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. സുരക്ഷാ പ്രശ്നങ്ങളും പണമില്ലായ്മയും സന്നദ്ധ പ്രവര്‍ത്തകര്‍ തടസങ്ങളായി ചൂണ്ടിക്കാട്ടി.

അതില്‍ ചിലര്‍ 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള രോഗബാധ സമയത്ത് അവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടേക്ക് നൂറുകണക്കിനു കോടി ഡോളറിന്റെ സഹായമെത്തി. 2,000 യു.എസ് സൈനിക സേവന അംഗങ്ങളാണ് നിയോഗിക്കപ്പെട്ടത്. അതുമായി താരതമ്യം ചെയ്താല്‍ നൈജീരിയ ഒരു വിസ്മരിക്കപ്പെട്ട ഭൂപ്രദേശമാണ്.

കുട്ടികളുടെ ജീവനുകളാണ് ഏറെ അപകടത്തില്‍ എന്നു അടിയന്തര പദ്ധതികല്‍ക്കുള്ള യുനിസെഫ് ഡയറക്ടര്‍ അഫ്ഷാന്‍ ഖാന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ, പണം വേണ്ടത്ര ലഭിക്കാത്ത പ്രതിസന്ധി എന്നാണ് അന്താരാഷ്ട്ര രക്ഷാ സമിതിയുടെ നൈജീരിയ ഡയറകടര്‍ സാറാ നദികുമാന ഇതിനെ വിശേഷിപ്പിച്ചത്.

ഞാന്‍ സന്ദര്‍ശിച്ച ഓരോ നഗരത്തിലും ബോകൊ ഹറാം ബോംബ് വെച്ചു തകര്‍ത്ത കെട്ടിടങ്ങളില്‍ നിന്നും കുടുംബങ്ങള്‍ പുറത്തുവന്നു. മറ്റുള്ളവര്‍ കുടിലുകളില്‍ ഉറങ്ങുന്നു. മലമ്പനി പരക്കെയുണ്ടെങ്കിലും ധാരാളം പേര്‍ കൊതുകുവല പോലുമില്ലാതെ തുറസായിടങ്ങളില്‍ ഉറങ്ങുന്നു.

ബോര്‍നോയില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള ഒരു ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയതേയുള്ളൂ അദാമ ആദാമും കുടുംബവും. ഈ അടുത്തകാലത്ത് ചില സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയ ബാങ്കി നഗരത്തിലേക്കാണ് അവര്‍ വന്നത്.

അവര്‍ക്ക് കഴിക്കാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആദത്തിന് പാലൂട്ടാനുള്ള ആരോഗ്യം പോലുമില്ലായിരുന്നു. അവരുടെ 6 മാസം പ്രായമായ കുട്ടി മലേറിയ ബാധിച്ച് അവശനായിരിക്കുന്നു. ഞാന്‍ കണ്ടുമുട്ടി കുറച്ചുനാള്‍ക്കകം Doctors Without Frontiers നടത്തുന്ന ഒരു ആരോഗ്യകേന്ദ്രത്തില്‍ ആ കുട്ടി മരിച്ചു. പട്ടിണിയും ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളും ബാധിച്ച് സെപ്തംബറില്‍ മരിച്ച നൂറുകണക്കിനു കുട്ടികളില്‍ ഒരാള്‍.

ഈ പ്രതിസന്ധി ശ്രദ്ധയാകര്‍ഷിക്കത്തത്തിന്റെ കാരണം സന്നദ്ധ പ്രവര്‍ത്തകര്‍ക്കറിയാം. കൂടുതല്‍ ഭൌമരാഷ്ട്രീയ പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങളുണ്ട്. ആഫ്രിക്കയിലെ രണ്ടാമത്തെ സമ്പന്ന രാജ്യമായ നൈജീരിയക്ക് ഈ പ്രതിസന്ധി തനിയെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് പലരും കരുതുന്നു.

പക്ഷേ ഈ സമയം വൈകിക്കലും ശ്രദ്ധക്കുറവും നിരവധി പേരുടെ ജീവനെടുത്തു. ലോകത്തിന്റെ ശ്രദ്ധ നേടാന്‍ ഇനിയെത്ര ജീവനുകള്‍ക്കൂടി ഇല്ലാതാകണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍