UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈവത്തെ എതിര്‍ത്ത് ഒടിയനെ പേടിക്കുന്നവര്‍; 13 ാം നമ്പറിനെ കുറിച്ചു തന്നെ

Avatar

ഡി. ധനസുമോദ്

വക്കീലിന്റെ പ്രകടനം കണ്ട് അദ്ദേഹത്തിന്റെ കക്ഷിയായ പോക്കറ്റടിക്കാരനെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. അഭിഭാഷകരെ പരിഹസിക്കാന്‍ നാട്ടില്‍ പറയുന്ന കഥയാണിത്. വക്കീലിനേയും കോടതിയേയും മാറ്റി നിര്‍ത്താം. ചിലര്‍ ന്യായീകരിക്കാന്‍ എത്തിയാല്‍ കക്ഷികള്‍ പരാജയപ്പെടും എന്നതിന്റെ സാക്ഷ്യപത്രമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയ 13-ാം നമ്പര്‍ യുദ്ധം. അധികാരമേറ്റ ഇടതുപക്ഷ മന്ത്രിമാര്‍ക്ക് നല്‍കിയ കാറുകളില്‍ 13-ാം നമ്പര്‍ ഇല്ല എന്നതാണ് യുദ്ധകാരണം. 

വി. എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം. എ. ബേബി 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ഇങ്ങനെ ഒരു ധൈര്യവും ധാരണയും ആര്‍ക്കും ഉണ്ടായില്ല എന്നതാണ് വാസ്തവം. എന്നാല്‍ 13-ാം നമ്പര്‍ ഒഴിവാക്കിയതിനെതിരെ പരിഹസിച്ച് ബിജെപി. നേതാവ് കെ. സുരേന്ദ്രന്‍ പോസ്റ്റ് ഇട്ടത് അടുത്ത പൊങ്കാലയ്ക്ക് വഴികാട്ടുന്നതായിരുന്നു. 

കെ. സുരേന്ദ്രന്‍ ഇടുന്ന പോസ്റ്റുകളെല്ലാം വിമര്‍ശിക്കുക എന്നതാണ് ചില ഇടതരുടെ നയം. നീ പറിക്കുന്ന ആണികളെല്ലാം ആവശ്യമില്ലാത്തതായിരിക്കും എന്ന ഒരു ലൈന്‍. മഞ്ചേശ്വരത്ത് 89 വോട്ടിനു തോറ്റ സുരേന്ദ്രന്‍ ഇപ്പോള്‍ 89 എന്ന് കേട്ടാല്‍ തന്നെ പേടിക്കുമെന്നൊക്കെ ഓരോരുത്തരും തട്ടിവിട്ടു. ബുദ്ധിയുണ്ടെന്നു പൊതുവെ കരുതിയ പലരുടേയും ന്യായീകരണം ഇങ്ങനെയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13-ാം നമ്പര്‍ കാര്‍ ഇല്ലായിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി പിണറായി സര്‍ക്കാര്‍ പുതിയ കാറൊന്നും വാങ്ങുന്നില്ല. അതുകൊണ്ടാണ് 13-ാം നമ്പര്‍ കൊടുക്കാത്തത്. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച വക്കീലന്മാര്‍ ജനിക്കുന്നത്. 

ആര്‍ടിഒ. രജിസ്റ്റര്‍ ചെയ്ത നമ്പര്‍ അല്ല കേരള സ്റ്റേറ്റ് 13 എന്നത്. സര്‍ക്കാര്‍ നല്‍കുന്ന നമ്പര്‍ ആണിത്. മന്ത്രിമാരുടെ സീനിയോരിറ്റിയും ഘടകമാണെങ്കിലും മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുകയാണ് പതിവ്. കെ. സി. ജോസഫ് മന്ത്രിയായിരിക്കെ 99 എന്ന നമ്പര്‍ കാര്‍ ആയിരുന്നു ഉപയോഗിച്ചത്. ആര്‍ടിഒ യില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ഇട്ടു നല്‍കുന്ന ഈ നമ്പരുകളുടെ പേരിലെ ചര്‍ച്ച അനാവശ്യമാണ് എന്ന് വാദിക്കുന്നവരുണ്ട്. അന്ധവിശ്വാസത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 13 എന്ന സംഖ്യ ഒഴിവാക്കുന്നത്. ഡിസംബര്‍ 13 നായിരുന്നു എന്റെ വിവാഹം. കടുത്ത എസ്എഫ്‌ഐക്കാരനായിരുന്ന സുഹൃത്ത് സ്വകാര്യമായി എന്നോട് പറഞ്ഞത് 13 അശുഭസംഖ്യയാണെന്നും വിവാഹം മാറ്റിവെയ്ക്കാന്‍ പാടില്ലേ എന്നുമായിരുന്നു. ഇത്തരക്കാരുടെ മനസ്സില്‍ പോലും ഒരു 13 പേടിയുള്ളപ്പോള്‍ അത് മാറ്റാനുള്ള കാര്യമാണ് കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ചെയ്യേണ്ടത്. ഇവിടെ കാര്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന പ്രശ്‌നമില്ല, ഇത് രജിസ്‌ട്രേഷന്‍ നമ്പരുമല്ല വെറുതെ ചുവന്ന അക്കത്തില്‍ ഒരു ബോര്‍ഡ് എഴുതേണ്ട കാര്യമേയുള്ളു. എന്ന് നിസാമുദ്ദീന്‍ മൊഹമ്മദ് അഭിപ്രായപ്പെടുന്നു. ചെറിയ കടലാസ് പണി മാത്രം നടത്തി 19 മന്ത്രിമാരില്‍ ആരെങ്കിലും 13 തെരഞ്ഞെടുക്കണം. 

വയലാര്‍ രക്തസാക്ഷി മണ്ഡപം ഉള്‍പ്പെടുന്ന ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പ്രതിനിധി കൂടിയായ സിപിഐ. യിലെ പി. തിലോത്തമന്‍ ഈ നമ്പര്‍ ചോദിച്ചു വാങ്ങണമെന്നാണ് വ്യക്തിപരമായ അഭ്യര്‍ത്ഥന. എം. എ. ബേബി നേടിയെടുത്ത 13-ാം നമ്പര്‍ ഇപ്പോഴും സര്‍ക്കാരില്‍ തന്നെയുണ്ട്. ഫോണില്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം മതി. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയുള്ള ചെറിയൊരു കാല്‍വെയ്പ് നടത്തിയാല്‍ പി. തിലോത്തമന്‍ കൂടുതല്‍ അറിയപ്പെടും. 

ഏതെങ്കിലും മന്ത്രിമാര്‍ 13-ാം നമ്പര്‍ ഏറ്റെടുക്കണം എന്ന് പറയുന്നതില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. പൊതുജനത്തിന്റെ അവസാന പ്രതീക്ഷയായ ഹൈക്കോടതിയ്ക്ക് പോലും 13-ാം നമ്പര്‍ പേടിയാണ്. പുതിയ ഹൈക്കോടതി സമുച്ചയത്തില്‍ കോടതി നമ്പരുകള്‍ നല്‍കിയപ്പോള്‍ …11, 12, 12എ, 14, 15… എന്നിങ്ങനെയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി തള്ളി മര്യാദയ്ക്ക് നമ്പരിടാന്‍ സുപ്രീം കോടതി കല്‍പ്പിച്ചു. ഈ വിധിയെ മറികടക്കാന്‍ വലിയ ഉഡായിപ്പ് ആണ് ഹൈക്കോടതി എടുത്തത്. ഓരോ നിലക്കും A,B,C,D എന്നിങ്ങനെ കോടതി മുറിയാക്കി. എട്ടു നിലകള്‍ ഉള്ള കോടതിയില്‍ 8 A കൊണ്ട് കോടതി മുറി അവസാനിപ്പിച്ചു. അന്ധവിശ്വാസം സംരക്ഷിക്കാനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്ന് കേരളാ ഹൈക്കോടതി പോലും തെളിയിച്ച സാഹചര്യത്തില്‍ ഇതൊക്കെ തിരുത്താനുള്ള ആര്‍ജ്ജവം ഇടതു മന്ത്രിമാരില്‍ നിന്ന് മാത്രമാണ് കേരളത്തില്‍ പ്രതീക്ഷിക്കാവുന്നത്.

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയില്‍ പ്രസേനജിത്ത് രാജാവിനോട് ബുദ്ധന്‍ പറയുന്ന വരികള്‍ ഓര്‍ക്കുക.

ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍-
ക്കിന്നത്തെ ആചാരമാവാം
നാളത്തെ ശാസ്ത്രമതാവാം അതില്‍
മൂളായ്ക സമ്മതം രാജന്‍

13 വെറും സംഖ്യയല്ല, കാറിന്റെ നമ്പര്‍ വിഷയവും മാത്രമല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അനുകരിക്കാനല്ലല്ലോ അവരെ തോല്‍പ്പിച്ചു ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്. ജാതി-മത രാഷ്ട്രീയത്തെ അകലെ നിര്‍ത്തി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രിസഭയില്‍ നിന്നും കുറച്ചുകൂടി ജാഗ്രത ജനം പ്രതീക്ഷിക്കുന്നുണ്ട്.

കെ. ഇ. എന്‍. കുഞ്ഞഹമ്മദ് പറയുന്ന ഒരു കഥയുണ്ട്. യുക്തിവാദത്തെക്കുറിച്ച് സംസാരിച്ച് ദൈവമില്ലെന്ന് സ്ഥാപിച്ച് കഴിയുമ്പോള്‍ ഒരു സാഹിത്യകാരന്‍ ചെവിയില്‍ ചോദിച്ചു ‘ഒടിയന്‍ ഉണ്ടോ?’.

ദൈവത്തെ എതിര്‍ക്കുമ്പോള്‍ തന്നെ ഒടിയനെ പേടിക്കുന്നവരാണ് കമ്യൂണിസ്റ്റ്കള്‍ എന്ന് ചിന്തിക്കാന്‍ ഒരു സുരേന്ദ്രനും അവസരം നല്‍കരുത്. ഇനിയൊരിക്കലും തിരിച്ചു കിട്ടാനാവാത്ത വിധം 13-ാം നമ്പര്‍ പോയിട്ടില്ല. എം. എ. ബേബി മന്ത്രിയായി സൃഷ്ടിച്ച നമ്പര്‍ സര്‍ക്കാരിന്റെ പക്കല്‍ തന്നെയുണ്ട്. മന്ത്രിമാര്‍ ആരെങ്കിലും എടുത്ത് കാറില്‍ ഫിറ്റ് ചെയ്യു…

മറുകുറി: നമ്മള്‍ കണ്ണൂര്‍കാരുടെ ബണ്ടി ഒക്കെ KL 13 എന്നാണ്, എന്നാല്‍ നമ്മളൊക്കെ എത്ര പ്രാവശ്യം മരിക്കണം -സുനില്‍ വാര്‍ഷ്‌ണേയന്‍.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍