UPDATES

ട്രെന്‍ഡിങ്ങ്

ഭരിക്കുന്നവരോട് മമതയില്ല; വാഗ്ദാന വഞ്ചനകള്‍ പൊറുക്കില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചോ എന്ന് ജനം തിരിച്ചു ചോദിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം നീങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും അത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്

ശക്തമായ ഭരണവിരുദ്ധ വികാരങ്ങളിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം നീങ്ങുന്നത് എന്ന് തെളിയിക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങള്‍ വെളിവാക്കുന്നത്. ഭരിക്കുന്ന കക്ഷിയുടെ അഴിമതിയും വാഗ്ദാന വഞ്ചനകളും മറന്ന് ‘ഏത് കുറ്റിച്ചൂലിനെ നിറുത്തിയാലും’ ജയിക്കുന്ന കാലം കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഫലങ്ങള്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൊതുചിത്രത്തെ വിലയിരുത്തുമ്പോള്‍ തുടക്കത്തില്‍ ഈ വികാരമാണ് മുന്നിട്ട് നില്‍ക്കുന്നതും.

അഞ്ച് സംസ്ഥാനങ്ങളിലും ഭരിക്കുന്ന പാര്‍ട്ടികള്‍ക്കെതിരായ വികാരം ഒരു പോലെ അലയടിക്കുന്നത് ഒരു പക്ഷെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആദ്യമായിരിക്കും. മണിപ്പൂരിലെ ആദ്യഫലങ്ങള്‍ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍ നല്‍കുന്നില്ലെങ്കിലും അവിടെ ബിജെപി നിലമെച്ചപ്പെടുത്തുന്നത് അതിന്റെ സൂചനയായി വേണം കണക്കാക്കാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ പോലും കഷ്ടപ്പെട്ട പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനോട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നത് എന്നതും ഇക്കാര്യത്തില്‍ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

ഇക്കാര്യത്തില്‍ കേരളം ചരിത്രപരമായി പുലര്‍ത്തുന്ന ഒരു സ്വഭാവസവിശേഷതയിലേക്ക് ദേശീയ രാഷ്ട്രീയവും നീങ്ങുകയാണ്. ജനങ്ങളുടെ ഇച്ഛയ്ക്കും അഭിലാഷങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുകയും നല്‍കുന്ന വാഗ്ദാനങ്ങള്‍ അപ്പോള്‍ തന്നെ മറക്കുകയും ചെയ്യുന്ന പതിവ് രീതികള്‍ മാറ്റിയെഴുതാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ഫലങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പരാഗത സ്വാഭാവമുണ്ട്. വലിയ ആഘോഷത്തോടെ പുറത്തിറക്കപ്പെടുന്ന പ്രകടന പത്രികയാണത്. പ്രകാശനം ചെയ്യുന്ന ദിവസം മാത്രം ചര്‍ച്ചയാവുകയും തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ പോലും വലിയ സാംഗത്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒന്നാണത്. പക്ഷെ പ്രകടനപത്രകകളില്‍ ഈ അലംഭാവം തുടരാന്‍ ഇനി ഭരിക്കുന്ന പാര്‍ട്ടികള്‍ മടിച്ചേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചോ എന്ന് ജനം തിരിച്ചു ചോദിക്കുന്ന ഒരു ഘട്ടത്തിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം നീങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും അത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിലും സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ അത് ഉപകരിക്കും. അത്തരം ഒരു ഘട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക ഓഡിറ്റിന് വിധേയമാകുകയും ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ പക്വത കൈവരിക്കുകയും ചെയ്യുമെന്ന ശുഭ പ്രതീക്ഷ തന്നെയാണ് ഈ ജനവിധി നല്‍കുന്നത്.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍