UPDATES

സിനിമ

താരത്തിനല്ല, ഒരു നടന് ഇത്തവണ അവാര്‍ഡ് കിട്ടുമെന്നു പ്രതീക്ഷിക്കാമോ? (വിനായകന്റെ കാര്യമാണ്)

പുലിയെ പിടിക്കാന്‍ ഇറങ്ങിയതിന്റെ വീരത്വവും കണ്ണുകാണാതെ തന്നെ അഞ്ചെട്ടു പൊലീസുകാരെ തല്ലിയോടിച്ചതിന്റെ കേമത്തവുമൊക്കെയാകാം മികച്ച നടനാകാനുള്ളതിന്റെ മാനദണ്ഡം

ഒരു താരം എന്നു പറയുന്നത് വിനായകനെ സംബന്ധിച്ച് ചേരുന്ന വിശേഷണമല്ല. പച്ചയായ ഒരു മനുഷ്യന്‍ എന്നതു തന്നെയാണ് വിനായകനെ അഭിസംബോധന ചെയ്യാന്‍ ഏറ്റവും യോജ്യമായത്. സോഷ്യല്‍ മീഡിയയില്‍ അയാള്‍ ചര്‍ച്ചയാകുന്നതും ആ ഒരു വിശേഷണം കൊണ്ടാണ്. മലയാള സിനിമയില്‍ ഇതേ പരിഗണനയോടെ പ്രേക്ഷകര്‍ സ്വീകരിച്ച വേറെയും നടന്മാരുണ്ടായിട്ടുണ്ട്. ദന്തഗോപുരവാസികളായവര്‍ക്കിടിയില്‍ ചിലര്‍, ഇവര്‍ നമുക്കിടയില്‍, നമ്മളോടൊപ്പം ഉള്ള ആരൊക്കെയോ അല്ലേ എന്ന അത്ഭുതത്തോടെ പ്രേക്ഷകന്‍ സ്‌നേഹിച്ചവര്‍. ആ ഗണത്തില്‍പ്പെട്ട് പ്രേക്ഷകന്റെ ആത്മാര്‍ത്ഥമായ പിന്തുണ കിട്ടുന്ന നടനാണ് വിനായകന്‍. ആ വിനായകന് ഇന്നു പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം- മികച്ച നടനുള്ള- കിട്ടുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.

എത്രകാലമായി കാണും ഒരു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിനായി നാം ഇത്രയേറെ കാത്തിരുന്നിട്ട്? ഇന്നയാള്‍ക്ക് അവാര്‍ഡ് കിട്ടുമോ എന്ന ആകാംക്ഷപ്പെട്ടിട്ട്? അല്ലെങ്കില്‍ അങ്ങനെയൊരു കാത്തിരിപ്പും ആകാംക്ഷയും ഇവിടെ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ? ഉണ്ടാവാം ഇല്ലായിരിക്കാം. പക്ഷേ വിനായകനു വേണ്ടി ഒരു വലിയ വിഭാഗം അയാള്‍ക്ക് പുരസ്‌കാരം കിട്ടണേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുമ്പോള്‍, അതിലൊരപൂര്‍വതയുണ്ട്. തീര്‍ച്ചയായും ഈ പരിഗണനയ്ക്കപ്പുറം വിനായകന് മറ്റേത് അവാര്‍ഡിനാണു പരിഗണിക്കപ്പെടേണ്ടതെന്നും തോന്നിപ്പോകുന്നു. അവിടെയാണ് വിനായകന്‍, നിങ്ങളിലെ കലാകാരനും മനുഷ്യനും അഭിമാനിക്കേണ്ടത്.

കമ്മട്ടിപ്പാടത്തിലെ ഗംഗയെ കണ്ടതിനുശേഷം സോഷ്യല്‍ മീഡിയ അയാളില്‍ എത്രമാത്രം അലിഞ്ഞുപോയി! ഒരു കഥാപാത്രത്തില്‍ നിന്നും വളര്‍ന്നുപോയി കമ്മട്ടിപ്പാടത്തിലെ ഗംഗ. ഗംഗയ്‌ക്കൊപ്പം വിനായകനും. തൊലിവെളുത്തവരുടെ സിനിമയില്‍, മുഖഭംഗിക്കാരുടെയും പേശിമുഴുപ്പുള്ളവരുടെയും സിനിമയില്‍ ഉദയ കോളനിയില്‍ നിന്നും വന്ന ആ കറുത്ത നിറക്കാരന്‍ തന്റെതായ സ്ഥാനം നേടി. അയാള്‍ ബോണ്‍ ആക്ടറോ മെയ്ഡ് ആക്ടറോ എന്ന് ആരും ചര്‍ച്ച ചെയ്തില്ല. പക്ഷേ എല്ലാവരും പറഞ്ഞു- അഭിനയത്തില്‍ കലര്‍പ്പില്ലാത്ത നടനാണയാളെന്ന്.

പക്ഷേ മലയാള സിനിമയിലും വ്യക്തമായി ഒഴിച്ചിട്ടിരിക്കുന്ന ഒരു കമ്മട്ടിപ്പാടമുണ്ട്. അവിടെയായിരുന്നു വിനായകനും സ്ഥാനം. കാരണം, പ്രഖ്യാപിത താരശരീരമോ പാരമ്പര്യമോ അയാള്‍ക്കില്ലായിരുന്നല്ലോ. ആ അരികുവത്കരണം തന്നെയായിരുന്നു ഗംഗ എന്ന കഥാപാത്രവും വിനായകന്‍ എന്ന നടനും ഒരു ചാനല്‍ അവാര്‍ഡ് നൈറ്റിലും ക്ഷണിക്കപ്പെടാതിരുന്നത്. ക്ഷണിച്ചവരാകട്ടെ അയാളെ അപമാനിക്കുകയുമായിരുന്നു ചെയ്തത്. ഓരോ തവണയും വിനായകന്‍ അവഗണിക്കപ്പെടുമ്പോഴും അയാള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയ.

ചാനല്‍ കമ്പനിക്കാരുടെ സ്‌പോണ്‍സേര്‍ഡ് അവാര്‍ഡുകളില്‍ വിനായകനെ കുടുക്കാതിരുന്നതിനും അവര്‍ നന്ദി പറഞ്ഞു. ഏതെങ്കിലും കറിപ്പൗഡറുകാരനോ അലക്കുസോപ്പുകാരനോ പറഞ്ഞിട്ട് കിട്ടേണ്ട ഒന്നല്ല വിനായകനു കിട്ടേണ്ട പുരസ്‌കാരം എന്നാണു സോഷ്യല്‍ മീഡിയ വിളിച്ചു പറഞ്ഞത്. അത്തരം പുരസ്‌കാരങ്ങള്‍ വാങ്ങാനും റേറ്റിംഗ് കൂട്ടാനുള്ള കലാപാരിപാടികള്‍ നടത്തിപ്പോകാനും വര്‍ഷാവര്‍ഷം അണിഞ്ഞൊരുങ്ങി വരാറുള്ള താരശരീരങ്ങള്‍ തന്നെ ആ പണി തുടരട്ടെ, വിനായകനെ പോലെയുള്ളവരെ ഒഴിവാക്കൂ എന്നു തന്നെ സോഷ്യല്‍ മീഡിയ പറഞ്ഞു.

സംസ്ഥാന അവര്‍ഡും ഒരു വീതംവയ്പ്പു തന്നെയാണ്. അഭിനയത്തിനാണോ ഒരാള്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരം കൊടുക്കുന്നതെന്ന സംശയം എത്രയോ കാലങ്ങളായി തോന്നിക്കൊണ്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന അവാര്‍ഡുകളൊക്കെ ഒരു കോമഡിയായി തീര്‍ന്നിട്ടു കാലംകുറെയായി. പക്ഷേ ഇത്തവണ എല്ലാവരും ആഗ്രഹിക്കുന്നത് അങ്ങനെയൊരു കോമഡിക്കല്ല, നിങ്ങള്‍ ഈ അവാര്‍ഡ് വിനായകനു കൊടുക്കുമെങ്കില്‍ കഴിഞ്ഞ കുറെ കാലങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥതയോടെ നടത്തുന്ന അവാര്‍ഡ് പ്രഖ്യാപനമായിരിക്കും ഇതെന്നു പറയുന്നത് വിനായകന്റെ ഫാന്‍സ് അസോസിയേഷന്‍കാരല്ല.

ഇന്നലെ മുതല്‍ ചില ചാനലുകള്‍ ബ്രേക്കിംഗ് സ്‌കോള്‍ ആയി മികച്ച നടനുള്ള പുരസ്‌കാരം വിനായകനാണെന്ന തരത്തില്‍ പറയുന്നുണ്ട്. അതെത്രകണ്ട് സത്യമാകുമെന്നു സംശയമുണ്ട്. കമ്മട്ടിപ്പാടത്തിലെ ഗംഗ സഹനടനല്ലേ, മേക് അപ്പിന്റെ സഹായമില്ലേ എന്നൊക്കെ ചോദിച്ചു കളഞ്ഞേക്കാം. പുലിയെ പിടിക്കാന്‍ ഇറങ്ങിയതിന്റെ വീരത്വവും കണ്ണുകാണാതെ തന്നെ അഞ്ചെട്ടു പൊലീസുകാരെ തല്ലിയോടിച്ചതിന്റെ കേമത്തവുമൊക്കെയാകാം മികച്ച നടനാകാനുള്ളതിന്റെ മാനദണ്ഡം.

അതങ്ങനെയാണു വരുന്നതെങ്കില്‍ അങ്ങനെ തന്നെ പോട്ടേ… ശീലം മാറില്ലെന്നു കരുതി ചിരിച്ചു തള്ളാം. അതല്ലെങ്കില്‍ ജൂറിക്ക് അഭിമാനിക്കാം, ശരിയായ തീരുമാനം എടുത്തതിന്…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍