UPDATES

സിനിമ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഒഴിവുദിവസത്തെ കളി മികച്ച സിനിമ, ദുല്‍ഖറും പാര്‍വതിയും നടീനടന്മാര്‍

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളിയാണ് മികച്ച സിനിമ. ചാര്‍ളിയുടെ സംവിധാനത്തിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായപ്പോള്‍ ഇതേ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. പാര്‍വതിയാണ് മികച്ച നടി. ചാര്‍ളിയിലെയും എന്നു നിന്റെ മൊയ്തീനിലെയും പ്രകടനങ്ങളാണ് പാര്‍വതിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ കലാമൂല്യവും ജനപ്രിയതയ്ക്കുമുള്ള അവാര്‍ഡ് സ്വന്തമാക്കി. ലൗവ്X 24 എന്ന ചിത്രത്തിലൂടെ ശ്രീബാല കെ മേനോന്‍ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ജയസൂര്യ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായി.

മികച്ച സ്വഭാവ നടനായി പ്രേംപ്രകാശ്( നിര്‍ണായകം) തെരഞ്ഞെടുക്കപ്പെട്ടു. അഞ്ജലി പി വി യാണ് മികച്ച സ്വഭാവ നടി, ചിത്രം ബെന്‍. പി ജയചന്ദ്രനാണ് മികച്ച ഗായകന്‍. മധുശ്രീ നാരായണന്‍ മികച്ച ഗായിക. രമേഷ് നാരായണന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ബിജിബാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. കാറ്റും മഴയും എന്ന ചിത്രത്തിലൂടെ ഹരികുമാര്‍ മികച്ച കഥാകൃത്തായി തെരഞ്ഞെടുത്തു. ചാര്‍ളിയുടെ തിരക്കഥയൊരുക്കിയ ആര്‍. ഉണ്ണി,മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. നീന, ചാര്‍ളി എന്നീ ചിത്രങ്ങളിലൂടെ ജോമോന്‍ ടി ജോണ്‍ മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുക്കപ്പെട്ടു. വെളുത്ത രാത്രികള്‍ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള(അഡാപ്ഷന്‍) അവാര്‍ഡ് മുഹമ്മദ് റാസി നേടി. മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം മനോജ്( ഇവിടെ) നേടിയപ്പോള്‍ ചാര്‍ളിയുടെ കലാസംവിധാനം നിര്‍വഹിച്ച ജയശ്രീ ലക്ഷ്മിനാരായണനും സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. മാസ്റ്റര്‍ ഗൗരവ്( ബെന്‍) ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്) എന്നിവര്‍ മികച്ച ബാലതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍