UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യനയം: സര്‍ക്കാരിന്റെ ആഹ്ലാദവും സുധീരന്റെ ചിരിയും

Avatar

അഴിമുഖം പ്രതിനിധി

മൂക്കറ്റം ആഴത്തിലേക്ക് മുങ്ങിത്തുടങ്ങിവയനു കിട്ടിയ ചെറിയൊരു പിടിവള്ളി. സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ടുവന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയെക്കുറിച്ച് ഒട്ടും അതിശയോക്തിയില്ലാതെ പറയാന്‍ കഴിയുക ഇങ്ങനെ മാത്രമാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഒന്നിനു പിറകെ ഒന്നായി യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നുകൊണ്ട്, ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്തവിധം അപമാനം ഏല്‍ക്കേണ്ടി വരുന്ന ഒരു ഗവണ്‍മെന്റിന്റെ മുഖത്ത് ഈ വിധി അല്‍പ്പദിവസമെങ്കിലും തെളിച്ചം കൊണ്ടുവരും. സംസ്ഥാനത്ത് മാസങ്ങളായി പുകഞ്ഞുകത്തിയിരുന്ന ഏകവിഷയം ബാര്‍കോഴ മാത്രമാണ്. അതിനിടയില്‍ വന്ന ഹൈക്കോടതി വിധി സര്‍ക്കാരിന്റെ വിജയമാക്കി മാറ്റുകയും അതുവഴി തങ്ങള്‍ ന്യായമായകാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നതെന്ന് ജനങ്ങളോട് പറയുകയുമാണ് യുഡിഎഫ് മന്ത്രിസഭ. അഴിമതിയാരോപണങ്ങള്‍ ഉയരുമ്പോഴും മദ്യനയത്തില്‍ തങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെന്ന് ഈ വിധിയിലൂടെ സര്‍ക്കാര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ കേസുകളില്‍ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്ന പതിവ് കുറച്ചുകാലമായി ഇല്ലാതായിട്ടും മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരിലൊരാളായ കപില്‍ സിബലിനെ തന്നെ നിയോഗിച്ചു. അതുവഴി മദ്യമനയത്തില്‍ തങ്ങള്‍ക്കനുകൂലമായ വിധി ഉണ്ടാക്കിയെടുക്കാനുമായി എന്നും ഇനി സര്‍ക്കാര്‍ പറയും.

പക്ഷെ, ഈ വിധി നിലവില്‍ ഉണ്ടായിട്ടുള്ള ഒരാരോപണങ്ങളെയും കഴുകി കളയുന്നതല്ല. അങ്ങനെ വരുത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ല. കളങ്കിതരായവരെ വിശുദ്ധരാക്കാന്‍ ഹൈക്കോടതി ഒന്നും തന്നെ പറഞ്ഞിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് മാത്രമാണ് വിധിയില്‍ പറയുന്നത്. കോഴയും അഴിമതിയുമൊക്കെ ഇതിനു പുറത്തുനില്‍ക്കുന്നതാണ്. ഇത് കെ എം മാണിക്കും അറിയാം. അതുകൊണ്ടാണല്ലോ, മദ്യനയത്തില്‍ കോടതിയില്‍ നിന്നുമുണ്ടായ വിജയത്തെ പ്രകീര്‍ത്തിച്ച് ഒരു വരി പ്രസ്താവനപോലും മാണിക്ക് നടത്താന്‍ കഴിയാതെ വന്നത്. കോടതിയില്‍ നിന്നുണ്ടായ വിജയത്തില്‍ സംസ്ഥാനത്തെ നിയമമന്ത്രികൂടിയ മാണിക്ക് ആഹ്ലാദിക്കാന്‍പോലും കഴിയാതെ വരുന്നതിലെ ഗതികേട് എന്തുകൊണ്ടാണെന്ന് വ്യക്തമാണല്ലോ. എന്നാല്‍ എക്‌സസൈസ് മന്ത്രി ബാബു താന്‍ പുറത്തുനിന്നു വക്കീലിനെ കൊണ്ടുവന്നു മദ്യനയത്തില്‍ സര്‍ക്കാര്‍ വിജയത്തിനായി വാദിപ്പിച്ചു എന്നു ബാബു പറഞ്ഞുനടക്കുന്നു. സര്‍ക്കാരിന് താന്‍ അഭിമാനിക്കാന്‍ വക നല്‍കിയെന്ന അവകാശവാദം ബാബുവിന് പറയാം, അതുവഴി തന്റെ കൈകളും മനസ്സും ശുദ്ധമാണെന്ന് ഒരു പ്രസ്താവന നടത്താനെങ്കിലും ബാബുവിന് കഴിഞ്ഞു, അധികമാരെയും വിശ്വസിപ്പിക്കാന്‍ കഴിയില്ലെന്നറിയാമെങ്കിലും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നാട്ടിലെ അബ്കാരിയുടെയും സ്വര്‍ണ്ണക്കടക്കാരന്റെയുമൊക്കെ പണംകൊണ്ടാണ് നിലനില്‍ക്കുന്നതെന്ന് ഏതൊരാള്‍ക്കും അറിയാമെന്നിരിക്കെ, ഞാന്‍ ആരോടും ഒന്നും വാങ്ങിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞാല്‍, അതാര് വിശ്വസിക്കാന്‍. പക്ഷെ, മാണിക്ക് ഒന്നു വാ തുറക്കാന്‍പോലും കഴിയില്ല. വല്ലതും പറഞ്ഞാല്‍ അത് സ്വയം പരിഹാസ്യനാകുന്നതിന് തുല്യമാകും. മാണിയും ബാബുവും സാക്ഷാല്‍ കുഞ്ഞൂഞ്ഞുമെല്ലാം ആരെയൊ കാണിക്കാന്‍ വേണ്ടി ചിരിക്കുമ്പോള്‍, മറ്റൊരാള്‍ മനസ്സു തുറന്ന് പൊട്ടി ചിരിക്കുന്നുണ്ട്, വി എം സുധീരന്‍!

ഈ വിധി യഥാര്‍ത്ഥത്തില്‍ വി എം സുധീരന്റെ വിജയമാണ്. അതായത് സുധീരന് വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന വിധിയാണ് ഇന്നലെ വന്നിരിക്കുന്നത്. ആറന്മുള്ള വിമാനത്താവളത്തിന്റെ കാര്യത്തിലായാലും കരിമണല്‍ ഖനനത്തിന്റെ കാര്യത്തിലായാലും ഒടുവില്‍ മദ്യത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിനെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ച കെപിസിസി പ്രസിഡന്റാണ് സുധീരന്‍. തന്റെ ആദര്‍ശമുഖമാണ് ഇവിടെയെല്ലാം സുധീരന്‍ ആയുധമാക്കിയത്. എന്നാല്‍ ആദര്‍ശധീരനായ വി എം സുധീരന്‍ കെ എം മാണിയുടെ കാര്യത്തില്‍ പുലര്‍ത്തിയ നിശബ്ദത എല്ലാവരെയും ഞെട്ടിച്ചു. അത് സുധീരനെ സംശയത്തിന്റെ നിഴലില്‍വരെ നിര്‍ത്തി. കെ കരുണാകരനെ പോലെ തന്ത്രശാലികളായ :രാഷ്ട്രീയ നേതാക്കന്‍മാരില്‍ നിന്ന് ഉണ്ടാകുന്ന രാഷ്ട്രീയമല്ല സുധീരനില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത്, ഒരു രാഷ്ട്രീയ ബുദ്ധിശാലിയുമല്ല സുധീരന്‍. തന്റെ നിലപാടുകളും അതില്‍ അടിയുറച്ചുനില്‍ക്കാനുള്ള സ്ഥൈര്യവുമായിരുന്നു സുധീരന്റെ ഗുണം, അതുതന്നെയാണ് ജനം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. പക്ഷെ മാണിയുടെ കാര്യത്തില്‍ സുധീരന്‍ തന്റെ മേലുള്ള പ്രതീക്ഷകളെ സ്വയം അട്ടിമറിച്ചു. ബാര്‍ കോഴ ആരോപണത്തിനു ശേഷം മാണി കാണിച്ച നിശബ്ദതയും തെറ്റായ നീക്കങ്ങളും അദ്ദേഹത്തിന്മേലുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. എന്നിട്ടും കെ പിസിസി പ്രസിഡന്റ് അനങ്ങിയില്ല. തന്റെ മൗനം കൊണ്ട് മാണിയെ സംരക്ഷിക്കിച്ചു. അങ്ങനെയെല്ലാം കളങ്കിതനായി മാറി കൊണ്ടിരിക്കുകയായിരുന്നു സുധീരന് കിട്ടിയ രക്ഷാകവചമാണ് ഇന്നലെയുണ്ടായ വിധി. തന്റെ നിലപാടുകള്‍ക്ക് ലഭിച്ച വിജയം എന്ന് സുധീരന്‍ ഈ വിധിയെ ഒറ്റയ്ക്ക് കൈയടക്കാന്‍ നോക്കി. ഇന്നലെ വിധി പ്രസ്താവം വന്നതിനു പിന്നാലെ തൊട്ട് ഇത് തന്റെ വിജയമാണെന്ന മട്ടില്‍ സുധീരന്‍ ഭംഗിയായി ആഘോഷങ്ങള്‍ നടത്തുന്നുണ്ട്.

അവിചാരിതമായി കിട്ടിയ കെപിസിസി പ്രസിഡന്റ് സ്ഥാനം, അതെങ്ങനെയെങ്കിലും തന്നില്‍ നിന്ന് തട്ടിയകറ്റാന്‍ നോക്കിനടക്കുന്ന മുഖ്യമന്ത്രി. പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം ഒരേസമയം നയിക്കേണ്ടി വരികയായിരുന്നു സുധീരന്. താന്‍ പറയുന്നതൊന്നും ആരും കേള്‍ക്കാനില്ലാത്ത ഗതിയില്‍ നിന്നാണ് മദ്യം സുധീരന് ഒരനുഗ്രഹമായി മാറുന്നത്. മദ്യം ഭാഗ്യത്തിന്റെ രൂപത്തില്‍ സുധീരനെ തേടിയെത്തുന്നത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പാണ്. ആറു ബാറുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് ഇന്നത്തെ മദ്യനയത്തിന്റെ തുടക്കം. കഴിഞ്ഞ സാമ്പത്തിക വര്‍ഷാരംഭത്തില്‍ പുതിയതായി ആറ് ബാറുകള്‍ക്ക് എക്‌സൈസ് കമ്മിഷണര്‍ അനുമതി നിഷേധിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ അനുമതി നിഷേധിക്കലല്ലായിരുന്നു, നീട്ടിവയ്ക്കലായിരുന്നു ഉദ്ദേശ്യം. അതെന്തിനാണെന്ന് മനസ്സിലാകുമല്ലോ! പിന്നീട് ഈ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയുമോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശം ആരാഞ്ഞപ്പോള്‍, എക്‌സൈസ് വകുപ്പ് അതിനോട് അനുകൂലമായി പ്രതികരിക്കുകയും നയമവകുപ്പില്‍ നിന്ന് എന്‍ഒസി ലഭ്യമാണെന്ന് അറിയിക്കുകയും ചെയ്തു. ഈ നോട്ടുമായാണ് കെ ബാബു കാബിനറ്റ് മീറ്റിംഗിനെത്തിയത്. എന്നാല്‍ അന്ന് മാണിയും ബാബുവും തമ്മില്‍ തര്‍ക്കമുണ്ടായി. ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിക്കാമെന്നേറ്റ മുഴുവന്‍ തുകയും കിട്ടാത്ത സാഹചാര്യത്തില്‍ താന്‍ അറിയാതെ നിയമവകുപ്പ് എങ്ങനെ എന്‍ഒസി നല്‍കിയെന്ന് മാണി ക്ഷുഭിതനായെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമ്പതുലക്ഷം രൂപ മാണിക്ക് വീട്ടില്‍ കിട്ടിയെന്ന് അറിയാമായിരുന്ന ബാബു മാണിയുടെ പുതിയനീക്കത്തില്‍ അസ്വസ്ഥനായി ആ നോട്ട് മേശപ്പുറത്തേക്ക് ഇട്ടെന്നുമാണ് പറയുന്നത്.

ഈ അവസരം സുധീരന്‍ മുതലെടുക്കുകയായിരുന്നു. പാര്‍ലമെന്റ് ഇലക്ഷന്‍ കഴിയുന്നതുവരെയെങ്കിലും പുതിയ ബാറുകള്‍ അനുവദിക്കാതിരിക്കണമെന്നും അതുവഴിയുണ്ടാകുന്ന ചീത്തപ്പേര് സര്‍ക്കാരിന് മേല്‍ വീഴ്ത്തരുതെന്നും സ്‌നേഹബുദ്ധ്യാ ഉപദേശിക്കുകയും ഉമ്മന്‍ ചാണ്ടിക്ക് അതനുസരിക്കേണ്ടി വരികയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സുധീരന്റെ നിറംമാറി. സഭയെയും മദ്യവിരുദ്ധരെയും കുത്തിപ്പൊക്കി സര്‍ക്കാരിനെ കുരുക്കി. ഈ കുരുക്കില്‍ നിന്ന് ഉണ്ടായതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. അതിന്റെ പിന്നിലുള്ള കൂടുതല്‍ കഥകളൊക്കെ എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. സുധീരന്റെ കളിക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ മറു കളിയിലൂടെ രൂപപ്പെട്ട മദ്യനയം ഒരിക്കലും ഉണ്ടാക്കണമെന്ന് ആഗ്രഹിച്ച് ഉണ്ടാക്കപ്പെട്ട ഒന്നല്ല. പരസ്പരം കുരുക്കാന്‍ ഓരോരുത്തരും ശ്രമിച്ചതിന്റെ ആത്യന്തിക ഫലം മാത്രമാണത്. അല്ലാതെ, ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കോ, ധനമന്ത്രിക്കോ, എക്‌സൈസ് മന്ത്രിക്കോ ഇങ്ങനെയൊരു മദ്യനയം ഉണ്ടാക്കണമെന്ന് സ്വപ്‌നത്തില്‍പോലുമുണ്ടായിരുന്നില്ല, അതവര്‍ക്ക് ചിന്തിക്കന്‍പോലും കഴിയാത്തകാര്യമാണ്. പക്ഷെ സംഭവിച്ചുപോയി. ഇന്നിപ്പോള്‍ തങ്ങളുടെ പൊന്‍തൂവലായി തലയിലേറ്റുന്ന ഈ മദ്യനയം, യഥാര്‍ത്ഥത്തില്‍ അവരുടെ കരളു പിടയിക്കുന്ന ഒന്നാണ്.

ഇവിടംകൊണ്ടൊന്നും ഒന്നിനും അവസാനമായിട്ടില്ല എന്നതാണ് ഈ കളിയിലെ വാസ്തവം. ഹൈക്കോടതി വിധി എല്ലാത്തിന്റെയും അവസാനവാക്കാണെന്ന് ആരും കരുതുന്നില്ല. ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നൊരു സര്‍ക്കാരിന് കിട്ടിയ ചെറിയൊരു ആശ്വാസം മാത്രമാണത്. തങ്ങളെ അനുകൂലിക്കുന്ന മാധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങള്‍ക്കു മുന്നില്‍ ചെറിയൊരു പുകമറ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നുമാത്രം. അതേസമയം മാണിക്കെതിരെയും ബാബുവിനെതിരെയുമൊക്കെ ഉണ്ടായിട്ടുള്ള ആരോപണങ്ങളെയൊന്നും വെള്ളപൂശാന്‍ ശ്രമിക്കുകയും വേണ്ട. 

പന്ത് സുപ്രീം കോടതിയുടെ കോര്‍ട്ടിലെത്തുകയാണ്. ഹൈക്കോടതി സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ചപ്പോലെ സുപ്രീം കോടതി പെരുമാറണമെന്നില്ല. അതെന്തുമാകട്ടെ, ചോദ്യം ഒന്നുമാത്രം- ഇങ്ങനെയൊരു മദ്യനയം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍