UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിരോധാഭാസങ്ങളുടെ തമ്പുരാക്കന്മാരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കണം; ജോയി മാത്യൂ

അഴിമുഖം പ്രതിനിധി 

കേരള സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ടു സുപ്രീം കോടതി ഉത്തരവു വന്നതിനെ പരിഹസിച്ചു നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പണമുള്ളവനു നക്ഷത്രഹോട്ടലിലും ക്ലബുകളിലും പോയി മദ്യപിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്ന മദ്യനയം സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നു ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം ; കോണ്‍ഗസ്സിനും പിന്നെ , ക്രിസ്ത്യാനിക്കും’ എന്ന തലക്കെട്ടോടെ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ജോയി മാത്യു വിമര്‍ശിക്കുന്നു. കോടതി ഉത്തരവ് തങ്ങളുടെ വിജയമെന്നു വീമ്പിളക്കുന്ന സുധീരനും ഉമ്മന്‍ ചാണ്ടിക്കും മദ്യപിക്കുന്ന കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്നു പറയാന്‍ ധൈര്യമുണ്ടോയെന്നും വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസിനൊപ്പം തന്നെ മതമേലധ്യക്ഷന്മാരെയും കളിയാക്കുന്നുണ്ട് ജോയി മാത്യൂ. മദ്യനയം അംഗീകരിച്ച സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ തങ്ങളുടെ വിശ്വാസികളോടു മദ്യപിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ഇതു ലംഘിക്കുന്നവരെ സഭയില്‍ നിന്നും പുറത്താക്കുകയും വേണമെന്നും ജോയി മാത്യു പറയുന്നു. ഇങ്ങനെയൊക്കെ ചെയ്താല്‍ കോണ്‍ഗ്രസിലായാലും സഭയിലായാലും അംഗബലം കുറയാനെ ഇടയാക്കൂ എന്നും ജോയി മാത്യു പരിഹസിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം ; കോണ്‍ഗസ്സിനും പിന്നെ ക്രിസ്ത്യാനിക്കും

ബാര്‍ കേസില്‍ സുപ്രീം കോടതി വിധി വന്നതും പോകുന്നതും ഒന്നും എനിക്ക് വിഷയമല്ല ,കോടതിക്കറിയില്ലല്ലോ ഇതൊക്കെ ഇവിടത്തെ ഗ്രൂപ്പ് കുടിപ്പകയുടെ പ്രതിഫലനമാണെന്ന് . ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മദ്യനയത്തിന് കിട്ടിയ അംഗീകാരമാണ് എന്ന് വീമ്പടിക്കുന്ന മുഖ്യമന്ത്രിയും ,വി.എം .സുധീരനും ‘മദ്യപിക്കുന്ന കോണ്‍ഗ്രസ്സുകാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും ‘എന്ന് കൂടി ഉറപ്പുതന്നാല്‍ കാണാമായിരുന്നു കോണ്‍്ഗ്രസിലെ അംഗബലം ! ഇത് തന്നെ കോടതി വിധിയെ സഹര്‍ഷം സ്വാഗതം ചെയ്ത ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരും അവരുടെ വിശ്വസികളോട് ആഹ്വാനം ചെയ്യുകയും ലംഘിക്കുന്നവരെ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്യേണ്ടതാണ് (അപ്പോള്‍ അവിടെയും അംഗസംഖ്യ പ്രശ്‌നമാകും).

പ്രവാസികള്‍ വിയര്‍പ്പൊഴുക്കി നാട്ടിലേക്കയക്കുന്ന പണം കഴിഞ്ഞാല്‍ സര്‍ക്കാരിനു ലഭിക്കുന്ന ഏറ്റവും വലിയ വരുമാനം മദ്യവില്‍പ്പനയിലൂടെയാണെന്ന് ഏതു മാണിയും സമ്മതിക്കും, എന്നിട്ടും കള്ളന്മാരെപ്പോലെ , പിച്ചക്കാരെപോലെ എറ്റവും വൃത്തിഹീനമായ ബീവറേജസ് കടകള്‍ക്ക് മുന്നില്‍ പരിഹാസ്യരായി എന്നാല്‍ എറ്റവും അച്ചടക്കത്തോടെ (നമ്മുടെ നിയമസഭാ സാമാജികര്‍ പഠിക്കേണ്ടതാണ് ഈ അച്ചടക്കം )നില്‍ക്കുന്ന ഈ വന്‍ ഉപഭോക്താക്കളെ ചുരുങ്ങിയത് മാന്യമായെങ്കിലും പരിഗണിക്കാന്‍ മനസ്സുകാണിക്കാത്ത ഇതേ അധികാരികള്‍ തന്നെ പണമുള്ളവര്‍ നക്ഷത്ര ഹോട്ടലിലോ ക്ലബ്ബിലോ പോയി മദ്യപിക്കുന്നതിനു സൗകര്യമൊരുക്കുകയും ചെയ്യുന്നു ! അത് കൂടി നിരോധിച്ചാല്‍ ഇവരൊക്കെ എവിടെപ്പോയിരുന്നു മദ്യപിക്കും ? അതുകൊണ്ടാണ് കോരനു കുമ്പിളില്‍ 
തന്നെ കഞ്ഞി മതിയെന്ന് കരുതുന്ന ഈ വിരോധാഭാസങ്ങളുടെ തമ്പുരാക്കന്മാരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടോ ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍