UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാനിരിക്കുന്ന ലാവ്‌ലിന്‍ കേസും മാധ്യമ വിലക്കും; ഭരണകൂടത്തിന്റെ ചില സന്ദേശങ്ങള്‍

കോഴിക്കോട് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തേജസ് ദിനപത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായി എന്‍ പി ചെക്കുട്ടി സംസാരിക്കുന്നു

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ രണ്ടു ഭാഗത്തും തെറ്റ് പറ്റിയിട്ടുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടി സുപ്രീം കോടതി നേരിട്ട് ഇടപെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫിനെ പ്രശ്‌നം പരിഹരിക്കാന്‍ നിയോഗിക്കുകയും ചെയ്തു. അതിന്റെ ഫലമായി കേരള ഹൈക്കോടതിയില്‍ നിന്നും രണ്ടു ജഡ്ജിമാര്‍ കൊച്ചിയിലും തിരുവനന്തപുരത്തും പോയി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി കൊച്ചിയില്‍ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അഭിഭാഷക-മാധ്യമ തര്‍ക്കം പരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിശ്വാസം.

എന്നാല്‍ കോഴിക്കോട് ഇന്നു നടന്നിരിക്കുന്നത് പുതിയ പ്രശ്‌നങ്ങളുടെ തലപൊക്കലാണ്. ജില്ല ജഡ്ജിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവന്നെന്നാണു പോലിസ് പറഞ്ഞത്. വാസ്തവത്തില്‍ അങ്ങനെയൊരു തീരുമാനം എടുത്താല്‍ മാധ്യമപ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. ഇവിടെ അതൊന്നും നടന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ പോലും കോഴിക്കോട് ശാന്തമായിരുന്നു. അതുകൊണ്ടു തന്നെ യാതൊരു പ്രകോപനവും കൂടാതെയാണ് പോലിസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞതെന്നു സ്പഷ്ടം.

അത്ഭുതകരമായ ഒരു സംഗതി, ഐസ്‌ക്രീം കേസ് പോലൊരു വളരെ പ്രമാദമായ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി എത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞത് അഭിഭാഷകരല്ല, പോലീസ് എന്നതാണ്. കോടതിയുടെ പേരു പറഞ്ഞു ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംവിധാനം മാധ്യമപ്രവര്‍ത്തകരെ തടഞ്ഞാല്‍ അതിന് പിന്നിലെ കാര്യം ഗൗരവകരമായി പരിശോധിക്കേണ്ടതുണ്ട്. വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ കോടതിക്കകത്ത് വരുമ്പോള്‍ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംവിധാനം പത്രപ്രവര്‍ത്തകരെ തടയുന്നതിന്റെ അര്‍ത്ഥം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ വരുമ്പോള്‍ ഇനിയങ്ങോട്ട് മാധ്യമ പ്രവര്‍ത്തനം സാധ്യമല്ല എന്നുള്ള സാഹചര്യം ഒരുങ്ങുന്നു എന്നതാണ്. അതു വളരെ ഗൗരവമുള്ള അന്തരീക്ഷം ഉണ്ടാക്കും. കാരണം ഇനി വരാന്‍ പോകുന്ന കേസുകളില്‍ ഒന്ന് കേരളത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്‍ പ്രതിയായിരിക്കുന്ന ഒന്നാണ്. ലാവ്‌ലിന്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ അടുത്തമാസം വരികയാണ്. അത്രയും പ്രധാനപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രപ്രവര്‍ത്തകരെ ഹൈക്കോടതിക്കകത്ത് കയറ്റില്ല എന്നൊരു സന്ദേശം കൂടി ഇതിലുണ്ട്. യഥാര്‍ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഭരണാധികാര ശക്തികള്‍ മാധ്യമങ്ങളെ പോലിസിനെ ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ഗൂഡാലോചന എവിടെയൊക്കെ നടക്കുന്നുണ്ട് എന്ന് വളരെ വ്യക്തമാണ്.

ഹൈക്കോടതി ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് എതിരായി നിലപാടെടുത്തിട്ടുണ്ടോ, എടുത്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ബന്ധപ്പെട്ട വ്യക്തികളെ അറിയിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കപ്പെടണം.

ഹൈക്കോടതിയില്‍ സംഭവിച്ച പ്രശ്‌നങ്ങള്‍ മുതലെടുത്ത് അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പുതിയ നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കു മുകളില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളായിട്ടും ഞാന്‍ ഇതിനെ കാണുന്നു. ഹൈക്കോടതിയുമായോ അഭിഭാഷകരുമായോ ഉള്ള പ്രശ്‌നമല്ല ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്, മറിച്ച് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ വരുതിയില്‍ മാധ്യമങ്ങളെ കൊണ്ട് വരാനും സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനും ഉള്ള ഒരു നീക്കത്തെ കുറിച്ചാണ്.

പോലീസിന്റെ ഭാഗത്ത് നിന്നും ഇന്നുണ്ടായിരിക്കുന്ന നടപടികള്‍ക്ക് കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഉത്തരാവാദിത്വമുണ്ട് എന്നതില്‍ തര്‍ക്കമില്ല. കാരണം ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ആഭ്യന്തര വകുപ്പും മന്ത്രിയും ഉത്തരം പറയണം. പോലീസിന്റെ ഭാഗത്തുള്ള വീഴ്ച മാത്രമായിട്ടല്ല കാണേണ്ടത്, മറിച്ച് ഭരണകൂട താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ നീക്കമായി വേണം ഇതിനെ കാണാന്‍.

ഹൈക്കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചില വക്കീലന്മാര്‍ക്ക് ഇവിടുത്തെ ഭരണകൂടവുമായി ബന്ധമുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. സ്‌കൂട്ടറില്‍ എത്തിയ ഒരു ജൂനിയര്‍ വക്കീല്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അന്തരീക്ഷം കലുഷിതമായാത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനും താല്പര്യമുള്ള കേസുകള്‍ ഹൈക്കോടതിയില്‍ വരാന്‍ പോകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ കകഷികള്‍ക്ക് ഇതിനു പിന്നിലുള്ള ലക്ഷ്യങ്ങളെ പറ്റി സജീവമായി ചര്‍ച്ചകള്‍ വേണമെന്നു പറയുന്നത്.

മാധ്യമങ്ങള്‍ക്കും തെറ്റ് സംഭവിച്ചിട്ടുണ്ട്. തുടക്കത്തില്‍ അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ തന്നെ മറുഭാഗത്തെ പറ്റിയും റിപ്പോര്‍ട്ട് നല്‍കാന്‍ ഉള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ആ ഉത്തരവാദിത്തം നിറവേറ്റിയില്ല. പല പത്രങ്ങളുടെയും തലക്കെട്ടുകള്‍ വായിച്ചു ഞാന്‍ അന്തംവിട്ടു പോയി. തീര്‍ത്തും പക്ഷം ചേര്‍ന്നുള്ള വാര്‍ത്തകള്‍ ആണ് കൊടുത്തത്. അക്രമം ഉണ്ടായി എങ്കില്‍ അക്രമം ഉണ്ടായി എന്ന് പറയണം, അതില്‍ ഒരുപക്ഷത്ത് മാധ്യമപ്രവര്‍ത്തകര്‍ ആയിപ്പോയി എന്ന് കരുതി ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍ കൊടുക്കാന്‍ പാടില്ലായിരുന്നു.

മാധ്യമങ്ങള്‍ എപ്പോഴും കൃത്യമായ വാര്‍ത്തകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകരുടെ ചിത്രം കൊടുത്തിട്ടുണ്ടെങ്കില്‍ മര്‍ദ്ദനമേറ്റ അഭിഭാഷകരുടെയും ചിത്രം നമ്മള്‍ കൊടുത്തിരിക്കണം. അതാണ് മാധ്യമ ധര്‍മം. വൈകാരികമായ നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അത് നമ്മള്‍ സ്വയം വിമര്‍ശനമായി എടുക്കേണ്ടതാണ്. പക്ഷെ അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ തെറ്റുകാരാണ് അവരെ ഉപദ്രവിക്കേണ്ടവരാണ് എന്നു പൊതു സമൂഹം കരുതുന്നത് ശരിയല്ല. മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് അങ്ങനെ പറയുന്നത്. അതിനെ ന്യായീകരിക്കാന്‍ കഴിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

( എന്‍ പി ചെക്കുട്ടിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍