UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരിച്ചടവ് മുടക്കി കോര്‍പ്പറേറ്റുകള്‍; പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു

Avatar

ടീം അഴിമുഖം

2013-നും 2015-നുമിടയില്‍ രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാകടത്തിന്റെ കണക്ക് അറിഞ്ഞാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. 1,14,000 കോടി രൂപ! കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടെ എഴുതിത്തള്ളിയതിനെക്കാള്‍ വളരെ കൂടുതലാണിത്. വിവരാവകാശ നിയമപ്രകാരം ഈ കണക്കുകള്‍ ആവശ്യപ്പെട്ട ദി ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിശദാംശങ്ങളുള്ളത്.

2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 15,551 കോടി രൂപയായിരുന്ന കിട്ടാക്കടം  2015 മാര്‍ച്ച് അവസാനമായപ്പോഴേക്കും മൂന്നിരട്ടിയിലേറെ കുതിച്ചുയര്‍ന്ന് 52,542 കോടി രൂപയിലെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. വലിയൊരു ശതമാനം കിട്ടാകടവും കോര്‍പറേറ്റ് ലോണുകളാണ്. ഏറ്റവും വലിയ തുക വായ്പ എടുത്ത ചിലര്‍ തന്നെയാണ് ഏറ്റവും വലിയ തുക അടക്കാതെ വീഴ്ച വരുത്തിയിരിക്കുന്നതും. വിവിധ ബാങ്കുകളില്‍ നിന്ന് 7000 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാത്ത കിങ്ഫിഷര്‍ ഒരു ഉദാഹരണം. ഇന്ത്യന്‍ സാഹചര്യത്തില്‍ മധ്യവര്‍ഗക്കാരും പാവങ്ങളും എടുത്ത വായ്പകള്‍ നിസ്സാരം മാത്രമാണ്.

വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുകയും 100 കോടി രൂപയോ അതില്‍ കൂടുതലോ വരുന്ന കിട്ടാക്കടം എഴുത്തള്ളിയതിന്റെ ആനുകൂല്യം പറ്റുകയും ചെയ്ത വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കണക്കുകള്‍ ആവശ്യപ്പെട്ട ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി ‘ഈ വിവരം ഞങ്ങളുടെ പക്കല്‍ ലഭ്യമല്ല’ എന്നായിരുന്നു. കിട്ടാകടങ്ങളെല്ലാം ചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് ബാങ്കുകളില്‍ തങ്ങള്‍ ആവശ്യപ്പെടാറുള്ളതെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇക്വിറ്റി ക്യാപിറ്റല്‍ വഴിയും മറ്റും നടപടികളിലൂടെയും പൊതുമേഖലാ ബാങ്കുകളെ താങ്ങി നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ ഈ ബാങ്കുകളെല്ലാം ചേര്‍ന്ന് 2004-നും 2015-നുമിടയില്‍ എഴുതി തള്ളിയ കിട്ടാക്കടം 2.11 ലക്ഷം കോടി രൂപയിലേറെ വരും. ഇത്തരം വായ്പകളുടെ പകുതിയിലേറെയും (1,14,182 കോടി രൂപ) എഴുതിത്തള്ളിയത് 2013-നും 2015-നുമിടയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കിട്ടാക്കടം തീരെയില്ലാത്ത രണ്ടേ രണ്ടു ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും മാത്രമാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 2004-നും 2012-നുമിടയില്‍ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാകടം നാലു ശതമാനം വളര്‍ന്നപ്പോള്‍ 2013-നും 2015-നുമിടയിലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഈ വളര്‍ച്ച ഏതാണ്ട് 60 ശതമാനം എന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നു. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയ കിട്ടാകടം മാത്രം 2013 മുതലുള്ള വായ്പകളുടെ 85 ശതമാനം വരും.

2004-നു ശേഷം നാലു തവണ മാത്രമാണ് കിട്ടാകടത്തിന്റെ തോതില്‍ കുറവുണ്ടായിട്ടുള്ളത്. ഏറ്റവുമൊടുവില്‍ ഇത് 2011-ലായിരുന്നു. 2012-13 വരെയുള്ള ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നത് 2009-നും 2013-നുമിടയില്‍ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും നല്‍കിയ വായ്പയും അതേപോലെ എഴുതിത്തള്ളിയ കിട്ടാകടവും ഇരട്ടിയായിട്ടുണ്ട്. ബാങ്കുകള്‍ വേര്‍ത്തിരിച്ചുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കിട്ടാകടത്തിന്റെ കണക്കില്‍ മുന്നില്‍. 2013 മുതല്‍ എസ്ബിഐയുടെ കിട്ടാക്കടം നാലിരട്ടിയാണ് കുതിച്ചുയര്‍ന്നത്. 2013-ല്‍ 5,594 കോടി രൂപയായിരുന്നത് 2015-ല്‍ 21,313 കോടി രൂപയിലെത്തി.

2015-ല്‍ മറ്റെല്ലാ പൊതുമേഖലാ ബാങ്കുകളും എഴുതിത്തള്ളിയ മൊത്തം തുകയുടെ 40 ശതമാനം വരും എസ്ബിഐയുടെ കിട്ടാകടം മാത്രം. മറ്റ് 20 ബാങ്കുകള്‍ എഴുതിത്തള്ളിയ തുകയേക്കാള്‍ വരുമിത്. 2014-ലും എസ്ബിഐയുടെ കിട്ടാകടം മറ്റെല്ലാ ബാങ്കുകളും എഴുതിത്തള്ളിയ മൊത്തം തുകയുടെ 38 ശതമാനമുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കിട്ടാകടത്തിലും 2013 മുതല്‍ തുടര്‍ച്ചയായ വര്‍ധന ഉണ്ടായിട്ടുണ്ട്. 2013-നും 2014-നുമിടയ്ക്ക് 95 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. എന്നാല്‍ 2014-നും 2015-നുമിടയില്‍ 238 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2014-ല്‍ 1,947 കോടി രൂപ ആയിരുന്നത് 6,587 കോടിയായി ഉയര്‍ന്നു.

പൊതുമേഖലാ ബാങ്കുകളുടെ കരുത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ലയന പദ്ധതികള്‍ തയാറാക്കുന്നതോടൊപ്പം തന്നെ നിഷ്‌ക്രിയ ആസ്തികളും കുടിശ്ശികവന്ന ആസ്തികളും ബാങ്കുകള്‍ വര്‍ഗ്ഗീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നടപടികള്‍ എടുക്കാനും ബാലന്‍സ്ഷീറ്റ് ശക്തിപ്പെടുത്താന്‍ ആവശ്യമായ വകുപ്പുകളുണ്ടാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികളും പുനര്‍ക്രമീകരിച്ച വായ്പകളുമടക്കം പൊതുമേഖലാ ബാങ്കുകള്‍ക്ക് എഴ് ലക്ഷം കോടി രൂപയുടെ പീഡിത ആസ്തിയാണുള്ളത്. നിഷ്‌ക്രിയ ആസ്തികള്‍ അല്‍പ്പം ഉയര്‍ന്ന തോതിലാണെന്നും എഴുതിത്തള്ളിയ കണക്കായി ഈ ആസ്തികളെ കാണരുതെന്നും രാജന്‍ ഈയിടെ പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ഇവ തിരിച്ചടക്കാന്‍ വായ്പയെടുത്തവര്‍ക്ക് കഴിയുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഭവങ്ങളുടെ ക്രമീകരണത്തിനായി ചില ബാങ്കുകള്‍ തമ്മില്‍ ലയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2015 മാര്‍ച്ചില്‍ 5.20 ശതമാനമായിരുന്ന പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി 2015 ജൂണ്‍ ആയപ്പോഴേക്കും 6.03 ശതമായി ഉയര്‍ന്നു. ചില ലോണ്‍ അക്കൗണ്ടുകളും അവയുടെ വര്‍ഗീകരണവും 2015 ഡിസംബര്‍ 31-നും 2016 മാര്‍ച്ച് 31-നും അവസാനിക്കുന്ന രണ്ടു പാദങ്ങളിലായി പുനഃപരിശോധിക്കണമെന്നും ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍