UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാര്‍; പിണറായിയുടെ മനസ്സിലെന്ത്?

Avatar

ജെ. ബിന്ദുരാജ് 

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്നും പൊട്ടില്ലെന്നും തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരാണെന്നു തോന്നും അവരുടെ പല പ്രസ്താവനകളും കേട്ടാല്‍. മുല്ലപ്പെരിയാര്‍ പൊട്ടുമെന്നു പറയുന്നവര്‍ക്കും പൊട്ടില്ലെന്നു വാദിക്കുന്നവര്‍ക്കും അവരവരുടേതായ അജണ്ടയുണ്ടെന്നതാണ് സത്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്ത് മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദമാകുകയും സംസ്ഥാനം ഇതുവരെ വച്ചുപുലര്‍ത്തിയിരുന്ന നിലപാടിന് കടകവിരുദ്ധമാണ് അതെന്ന് പ്രതിപക്ഷവും മുല്ലപ്പെരിയാര്‍ സമരസമിതിയും ഒച്ചവച്ചു തുടങ്ങിയതോടെ 119 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തില്‍ മഴക്കാലത്തിനു മുമ്പേ തന്നെ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

ഉന്നതാധികാര സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ് കെ ടി തോമസ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന വാദം ഉന്നയിച്ചതും മുല്ലപ്പെരിയാര്‍ പൊട്ടുന്ന പക്ഷം ആ അണക്കെട്ടിലെ ജലം മൂഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന് 2006 ജൂലൈയിലെ മഴയുടെ കണക്കുനോക്കി കേരളം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നതുമൊക്കെയാണ് തമിഴ്‌നാടിന് അനുകൂലമായ ഒരു വിധി സുപ്രീംകോടതിയില്‍ നിന്നും 2014-ല്‍ ഉണ്ടാകാന്‍ ഇടയാക്കിയത്. ഉന്നതാധികാര സമിതിയില്‍ ജസ്റ്റിസ് കെ ടി തോമസിന്റെ വീക്ഷണത്തെ രൂപപ്പെടുത്തിയതാകട്ടെ അദ്ദേഹം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ മുന്‍ ചെയര്‍മാനായിരുന്ന ഡോക്ടര്‍ കെ സി തോമസിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് നടത്തിയ ഒരു സന്ദര്‍ശനവും. ഈ സന്ദര്‍ശനത്തിലാണ് 1979-ലും 1980-യിലും 1981-ലും മുല്ലപ്പെരിയാര്‍ ഡാമില്‍ നടന്ന വലിയ തോതിലുള്ള ബലപ്പെടുത്തലിനെപ്പറ്റി അദ്ദേഹമറിഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ മനസ്സുമാറിയെന്നും അദ്ദേഹം ഡാം മുമ്പ് പരിശോധിച്ച് അത് ബലവത്താണെന്ന് കണ്ടെത്തിയ തട്ടേയും മേത്തയുമൊക്കെ നല്‍കിയ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുകയും സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡാമിന്റെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള കേരളത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി മുല്ലപ്പെരിയാര്‍ കേസ്സില്‍ അന്തിമവിധി പുറപ്പെടുവിച്ചതും കേരളം ‘ശശി’യായതും!

119 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഏതെല്ലാം തരത്തില്‍ ബലപ്പെടുത്തിയാലും അതിന്റെ ബലത്തെപ്പറ്റി സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകുമെന്ന് കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലേക്ക് ജസ്റ്റിസ് കെ ടി തോമസിന്റെ പേര് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജിയായിരുന്ന ഒരാള്‍ കേരളത്തിന്റെ പ്രതിനിധിയായി ഉന്നതാധികാര സമിതിയില്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന മേല്‍ക്കൈയും മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദഗതികള്‍ അദ്ദേഹം ശക്തമായി സമിതിയില്‍ അവതരിപ്പിക്കുകയുമൊക്കെ ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു അന്നെത്ത ജലവിഭവവകുപ്പു മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍. മന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ ആ ശ്രമത്തില്‍ അദ്ദേഹം ഏതാണ്ട് വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ ജസ്റ്റിസ് കെ ടി തോമസിന്റെ മനംമാറ്റം എല്ലാം തലകീഴായി മറിച്ചു സുപ്രീം കോടതി ഉന്നതാധികാരസമിതിയുടെ കണ്ടെത്തലുകള്‍ അംഗീകരിച്ചു. മാത്രവുമല്ല 2006-ലെ വിധി അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി വിശദമായി പ്രതിപാദിച്ചിരുന്നതിനാലും അന്ന് കേരളം നിരത്തിയ പല വാദങ്ങളും (മുല്ലപ്പെരിയാറിലെ ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന് 2006 ജൂലൈ മാസത്തിലെ മഴയുടെ കണക്കു നോക്കി കേരളം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു) കേരളത്തിനു തന്നെ തിരിച്ചടിയായിരുന്നതിനാലും സുരക്ഷാ മാനദണ്ഡം വീണ്ടുമുയര്‍ത്തി അതേ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളും വിലപ്പോയില്ല. മാത്രവുമല്ല കേരളം 2006-ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്ന സുപ്രീം കോടതി വിധിയെ അതിജീവിക്കാന്‍ ഏകപക്ഷീയമായി പാസ്സാക്കിയ ജലസേചന ജലസംരക്ഷണ ഭേദഗതി നിയമം (ഡാം സുരക്ഷാ നിയമം) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി സംശയലേശമന്യേ പ്രസ്താവിക്കുകയും റദ്ദു ചെയ്യുകയും ചെയ്തു.

സുപ്രീം കോടതിയുടെ വിധിയെ അതിലംഘിക്കാന്‍ കേരളം നടത്തിയ ശ്രമങ്ങളാണ് വാസ്തവത്തില്‍ കേരളത്തിന് തിരിച്ചടിയായി മാറിയതെന്ന് വ്യക്തം. ഇതിനൊപ്പം ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടു കൂടിയായപ്പോള്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ അണക്കെട്ട് എന്നുള്ള കേരളത്തിന്റെ വാദങ്ങളും പൊളിഞ്ഞു. സുരക്ഷയ്ക്കും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് പരിഗണിക്കുന്നതിനും മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ കമ്മിറ്റിയേയും ചുമതലപ്പെടുത്തി. അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് കേരളം ഏര്‍പ്പെടുത്തിയ വിലക്കും കോടതി അസ്ഥിരപ്പെടുത്തി. പക്ഷേ ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി മാറ്റുമെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത പ്രഖ്യാപിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ കേരളം പല ഒളിച്ചുകളികളും നടത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അനുമതി തമിഴ്‌നാടിന് കേരളം നല്‍കിയത് 1970-ലാണ്. 1941-ലെ അവാര്‍ഡ് പ്രകാരം പക്ഷേ അവര്‍ക്ക് വൈദ്യുതി ഉണ്ടാക്കാനാവില്ല. ഇടുക്കി പദ്ധതി പൂര്‍ത്തീകരിച്ചപ്പോള്‍ കേരളത്തിന് വൈദ്യുതി അധികമായതിനാലാണ് 1970-ല്‍ ഇത്തരമൊരു അനുമതി തമിഴ്‌നാടിന് നല്‍കപ്പെട്ടത്. തമിഴ്‌നാട് വൈദ്യുതി ഉണ്ടാക്കുന്നതിനു പകരമായി കേരളത്തിനവര്‍ മൂന്ന് കാര്യങ്ങള്‍ ചെയ്തു തരണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒന്ന്, വിനോദസഞ്ചാരത്തിന്റെ മേല്‍നോട്ടമായിരുന്നു. രണ്ട്, ജലാശയത്തിലെ മീന്‍ പിടിക്കാന്‍ പ്രദേശവാസികള്‍ക്കുള്ള അനുവാദമായിരുന്നു. മൂന്ന്, വൈദ്യുതി ഉണ്ടാക്കുമ്പോള്‍ കേരളത്തിനൊരു റോയല്‍റ്റി നല്‍കണം. അത് മൂന്നും അവര്‍ സമ്മതിച്ചാണ് വൈദ്യുതി ഉല്‍പാദനം തമിഴ്‌നാട് ആരംഭിക്കുന്നത്.

പക്ഷേ ഇന്ന് ജലവൈദ്യുത പദ്ധതികള്‍ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുമെന്ന വാദം എക്കാലത്തുമെന്ന പോലെ ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരു വിഹിതം കേരളത്തിന് ചോദിക്കാവുന്നതാണ്. പക്ഷേ കേരളം അത് ഇക്കാലമത്രയും ചോദിച്ചിട്ടില്ല. അതിനുള്ള കാരണവും വ്യക്തമാണ്. അങ്ങനെ ചെയ്താല്‍ കേരളത്തിനു പിന്നെ ഡാമിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കപ്പെടാനാവില്ലെന്നതാണ് അതിനു കാരണം. പുതിയ അണക്കെട്ട് ഉണ്ടാക്കുന്നപക്ഷവും തമിഴ്‌നാടിന് ജലം നല്‍കാതിരിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ കേരളത്തിനാവില്ലെന്നിരിക്കേ, കേരളം ഇക്കാര്യത്തില്‍ കടുംപിടുത്തം നടത്തേണ്ട ആവശ്യമില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമേ, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേസ് വാദിച്ചതില്‍ കേരളത്തിന്റെ ഭാഗത്തു നിന്നും മുന്‍കാലങ്ങളില്‍ പല മഠയത്തരങ്ങളും സംഭവിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. കേരളത്തിന്റെ വാദങ്ങളെ എതിര്‍ക്കുന്ന വാദമുഖങ്ങള്‍ പലതും നമ്മുടെ അഭിഭാഷകരില്‍ നിന്നു തന്നെ ഉണ്ടായി. 116 ചതുരശ്ര കിലോമീറ്റര്‍ തമിഴ്‌നാടിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ നിന്നുള്ള വെള്ളം മുല്ലപ്പെരിയാറില്‍ എത്തുന്നുണ്ടെന്നത് ശരിയാണ്. 1958-ല്‍ വി ആര്‍ കൃഷ്ണയ്യരുടെ കാലത്ത് വാട്ടര്‍ അറ്റ്‌ലസ് കേരളം പ്രസിദ്ധീകരിച്ചപ്പോള്‍ സി ഡബ്ല്യു ആര്‍ ഡി എം മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്നാണ് പറഞ്ഞിട്ടുള്ളത്. അത് എഴുതപ്പെട്ട രേഖയായതിനാല്‍ അത് മുല്ലപ്പെരിയാര്‍ സ്‌പെഷ്യല്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ നായരും ഇത് ശരിവച്ചിരുന്നു. അത് വച്ച് മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയാണെന്ന് സുപ്രീം കോടതിയും പറയുകയായിരുന്നു. അന്തര്‍ സംസ്ഥാന നദിയും അന്തര്‍ സംസ്ഥാന ബേസിനും തമ്മിലുള്ള വ്യത്യാസം നമ്മള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിധിന്യായത്തില്‍ കണ്ടില്ല.

തമിഴ്‌നാട് പോലും മുല്ലപ്പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 2006-ല്‍ അത് അന്തര്‍ സംസ്ഥാന നദിയാണെന്ന് കേരളം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നതാണ് സത്യം. റിട്ട് അന്തര്‍ സംസ്ഥാന വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണലില്‍ പോകണമെന്നായിരുന്നു അന്ന് കേരളത്തിന്റെ ആവശ്യം. അന്തര്‍ സംസ്ഥാന നദിയല്ലാത്തതിനാല്‍ റിട്ട് നിലനില്‍ക്കില്ലെന്നായിരുന്നു അന്ന് തമിഴ്‌നാടിന്റെ വാദം. വേറെയും പിഴവുകള്‍ ഉണ്ടായിരുന്നു. 2006-ല്‍ സുപ്രീം കോടതിയില്‍ കേരളത്തിനായി കേസ് വാദിച്ച അഭിഭാഷകന്‍ വിശ്വനാഥന്‍ നായരെ കാര്യങ്ങള്‍ വ്യക്തമായി പഠിപ്പിക്കാത്തതിനാല്‍ കോടതിയില്‍ കേരളത്തിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ അദ്ദേഹം വാദിച്ചു. അതിന്റെ പരിണിതഫലമാണ് ഇടുക്കി ഡാമിന് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തെ ഉള്‍ക്കൊള്ളാനാകുമെന്ന് കേരള സര്‍ക്കാര്‍ ബോധിപ്പിച്ചതായി ജസ്റ്റിസ് സബര്‍വാളിന്റെ വിധിന്യായത്തില്‍ എഴുതിവച്ചിട്ടുള്ള കാര്യങ്ങള്‍. 2006 ജൂലൈയിലായിരുന്നു കേസ്സ്. ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും സ്‌റ്റോറേജ് ലെവല്‍ എന്താണെന്ന് ജഡ്ജി തിരക്കിയപ്പോള്‍ കൊടുത്ത കണക്കുകള്‍ വച്ച് മുല്ലപ്പെരിയാറിലെ ജലത്തെ ഇടുക്കി താങ്ങുമായിരുന്നു അന്നത്തെ ആ ദിവസത്തില്‍. പക്ഷേ ഈ രണ്ടു ഡാമുകളും യഥാര്‍ത്ഥത്തില്‍ നിറയുന്നത് ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണെന്ന കാര്യം വിശ്വനാഥന്‍ നായര്‍ കോടതിയില്‍ പറഞ്ഞില്ല. അഭിഭാഷകന് ജഡ്ജി ചോദിച്ച പല ചോദ്യങ്ങള്‍ക്കും അന്ന് ഉത്തരം പറയാനായില്ല.

ഈ വസ്തുതകളൊക്കെ നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി പദത്തിലേറിയ പിണറായി വിജയന്റെ പ്രസ്താവനകള്‍ വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ മുമ്പ് പ്രഖ്യാപിച്ച നിലപാടുകളില്‍ നിന്നൊക്കെ ഭിന്നമായി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മുന്നോട്ടു പോകേണ്ടതെന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പിണറായിക്ക് പെട്ടെന്ന് ഇത്തരമുള്ള ഒരു വെളിപാട് ഉണ്ടാകാനുള്ള കാരണം എന്താണെന്ന് അറിയില്ലെങ്കിലും രാഷ്ട്രീയത്തേക്കാളും കേരളത്തിന്റെ താല്‍പര്യങ്ങളേക്കാളും ഉപരിയായി മറ്റു പലതും അതില്‍ കടന്നുവന്നിട്ടാകാനിടയുണ്ട്. പ്രത്യേകിച്ചും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എല്‍ ഡി എഫ് വിട്ട് യു ഡി എഫില്‍ ചേക്കേറിയ മുന്‍ ഇടതു സര്‍ക്കാരിലെ ജലവിഭവവകുപ്പുമന്ത്രിയായ എന്‍ കെ പ്രേമചന്ദ്രനോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ വിരോധം! പരനാറിയെന്ന് അന്ന് പ്രേമചന്ദ്രനെ വിശേഷിപ്പിച്ച പിണറായി പിന്നീടും പരനാറി പരനാറി തന്നെ എന്നുപറഞ്ഞ് തന്റെ വിരോധം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അണക്കെട്ട് ബലക്ഷയം വന്നതാണെന്നും പുതിയ അണക്കെട്ട് വേണമെന്നും അതിശക്തം വാദിക്കുക വഴി തമിഴ്‌നാടും കേരളവുമായുള്ള 999 വര്‍ഷം പഴക്കമുള്ള കരാര്‍ ഇല്ലായ്മ ചെയ്യാനാകുമെന്നും പുതിയ അണക്കെട്ടിന്റെ മേല്‍നോട്ടം പൂര്‍ണമായും കേരളത്തിനു കൈവരികയും ചെയ്യുമെന്ന് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ആളാണ് പ്രേമചന്ദ്രന്‍. പക്ഷേ സുപ്രീം കോടതി വിധി അതെല്ലാം തന്നെ അട്ടിമറിച്ചു. ഇതിനു പുറമേ, വികസനവിരോധിയെന്ന ലേബല്‍ ചാര്‍ത്തപ്പെട്ട അച്യുതാനന്ദന്‍ സര്‍ക്കാര്‍ എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് പിണറായിക്ക് ഇതിലൂടെ സ്ഥാപിച്ചെടുക്കാനുമാകും.

ഇപ്പോഴത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാറില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരു വിഹിതം തമിഴ്‌നാടില്‍ നിന്നും തേടുകയെന്ന് ലക്ഷ്യവും പിണറായിയുടെ മനസ്സിലുണ്ടാകാം. ശിരുവാണിയിലും ഷോളയാറിലും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി തമിഴ്‌നാട് കേരളത്തിന് നിലവില്‍ നല്‍കുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും വൈദ്യുതി ചോദിച്ചാല്‍ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകും. പക്ഷേ അതിനായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് അതിനായുള്ള ഒരു നിലമൊരുക്കല്‍ ആകാനുമിടയുണ്ട് ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിന്റെ പിന്താങ്ങിക്കൊണ്ടുള്ള പിണറായിയുടെ നിലപാട്. ഇതിനൊക്കെ പുറമേ, തെരഞ്ഞെടുപ്പുകാലത്ത് തമിഴ്‌നാട്ടില്‍ വന്‍തോതില്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി പണമൊഴുക്കുണ്ടായെന്ന വസ്തുതയും വേറെ നില്‍പുണ്ട്. ആ ഘടകം ഈ നിലപാട് മാറ്റത്തിനു പിറകില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് നമുക്ക് നിലവില്‍ അറിവില്ലെന്നിരിക്കേ, അക്കാര്യത്തില്‍ തല്‍ക്കാലം മൗനമാകാം. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രനെ തോല്‍പിക്കാന്‍ തമിഴ്‌നാട്ടില്‍ പണമൊഴുകിയതായി അക്കാലത്ത് അണിയറ സംസാരമുണ്ടായിരുന്നുവെന്നത് വേറെ കഥ. ചിലതൊക്കെ ചേരുംപടി ചേര്‍ക്കേണ്ട സമയമായിരിക്കുന്നുവെന്ന് ചുരുക്കം.

പക്ഷേ എല്ലാം ശരിയാകും എന്ന മോഹിപ്പിക്കുന്ന ആശ്വാസ പരസ്യവാചകവുമായി തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയവര്‍ അത്തരത്തിലുള്ള പ്രവൃത്തികളിലേക്കൊന്നും പോയിട്ടില്ലെന്ന് കരുതുവാനാണ് കേരളം ആഗ്രഹിക്കുന്നത്. പക്ഷേ ജനാധിപത്യവിരുദ്ധമായി എല്ലാം സ്വയം തീരുമാനിച്ചു മുന്നോട്ടുകൊണ്ടുപോകുമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ഠ്യം ആദ്യ വിവാദ തീരുമാനങ്ങളില്‍ തന്നെ ദൃശ്യമാണെന്നത് വ്യക്തം. മുല്ലപ്പെരിയാര്‍ ആണെങ്കിലും അതിരപ്പിള്ളിയാണെങ്കിലും താന്‍ ഒറ്റയ്ക്ക് തന്റെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന ധ്വനിയാണത് നല്‍കുന്നത്. മുല്ലപ്പെരിയാറില്‍ ഡാം വേണ്ടെന്നും അതിരപ്പിള്ളിയില്‍ വൈദ്യുത പദ്ധതിക്കായി ഡാം നിര്‍മ്മിച്ചേ അടങ്ങുവെന്നും പറയുന്നത് ഏകാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണത്തിന്റെ ആദ്യസൂചനകളാണ്. കാടിനേയും ജൈവവൈവിധ്യങ്ങളേയും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ലോകമെങ്ങും ശ്രമങ്ങള്‍ നടക്കുന്ന വേളയിലാണ് പാരിസ്ഥിതിക നാശത്തിനു വഴിവയ്ക്കുന്ന അതിരപ്പിള്ളിക്കാടുകള്‍ നശിപ്പിച്ച് വൈദ്യുതിയുണ്ടാക്കി കേരളത്തെ ശരിയാക്കുമെന്ന് വിജയനും കടകംപള്ളിയും പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട ജലവൈദ്യുത പദ്ധതികളും സോളാര്‍ പദ്ധതികളും താപനിലയങ്ങളും ബദല്‍ സംവിധാനമാകുമെന്നിരിക്കേ, കാട് മുക്കി അണക്കെട്ട് പണിയാനുള്ള ആവേശം നല്ലതല്ല, മറിച്ച് നാശത്തിലേക്കുള്ളതുമാണ്.

(ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍