UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മമാര്‍ക്കും വേണ്ടേ ഒരു അവധിക്കാലം!

Avatar

ലോറന്‍ അപ്‌ഫെല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഞാന്‍ എനിക്ക് മാത്രമായി ഒരു പ്ലെയിന്‍ ടിക്കറ്റ് വാങ്ങിച്ചു. 

എനിക്ക് മൂന്നിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളുണ്ട്. അതുകൊണ്ടാണ് ഈ ടിക്കറ്റ് വാങ്ങലിന് പ്രാധാന്യം ഉണ്ടാകുന്നത്. കുറച്ച് ആഴ്ചകള്‍ കഴിയുമ്പോള്‍ ഞാന്‍ അത്യാവശ്യം വലിപ്പമുള്ള ഒരു ബാഗില്‍ എന്റെ മാത്രം സാധനങ്ങള്‍ പാക്ക് ചെയ്യും. മാതൃത്വത്തിന് വെളിയിലുള്ള ഒരു ജീവിതത്തെ കുറിക്കുന്ന വസ്തുക്കള്‍: യോഗ ഉടുപ്പുകള്‍ അല്ലാത്ത വേഷങ്ങള്‍, ഉറക്കെ വായിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍, പഴങ്ങളുടെ രുചിയില്ലാത്ത ടൂത്ത്‌പേസ്റ്റ്. 

ഞാന്‍ വീട്ടിലിരിക്കുന്ന ഒരു അമ്മയാണ്. അഞ്ച് ദിവസം ഞാന്‍ വെക്കേഷന്‍ എടുക്കുന്നു.

ഒരു ശരാശരി അമേരിക്കന്‍ തൊഴിലാളിക്കു പതിനാറുദിവസം ശമ്പളമുള്ള അവധിയുണ്ട് എല്ലാ വര്‍ഷവും. വീട്ടിലിരിക്കുന്ന ഒരു അമ്മ എന്നത് ഒരു മുഴുവന്‍ സമയ ജോലിയാകുമ്പോള്‍, ഞങ്ങള്‍ക്കും ഈ ആനുകൂല്യം വേണ്ടതല്ലേ? അതേ എന്നാണു ഉത്തരം. യാഥാര്‍ഥ്യം ഏറെ കഷ്ടമാണ്, പേരന്റിംഗ് എന്നതിന്റെ ജോലികള്‍ സമൂഹം അതിനു നല്‍കുന്ന വിലയേക്കാള്‍ വളരെ കൂടുതലാണ്. 

മാതാപിതാക്കളുടെ ജോലി എന്തായാലും കുട്ടികള്‍ ഇല്ലാത്ത ഒരു അവധിക്കാലം എന്ന ആശയത്തിനോടൊപ്പം വിവാദങ്ങളുമുണ്ട്. പ്രത്യേകിച്ച് രണ്ടു മാതാപിതാക്കളും ഒന്നിച്ച് അവധിയെടുക്കുമ്പോള്‍. പത്തില്‍ എട്ട് ആളുകളും പറയുന്നത് കുട്ടികള്‍ ഇല്ലാത്ത അവധിക്കാലം അവര്‍ക്ക് കുറ്റബോധം ഇല്ലാതെ ആഘോഷിക്കാന്‍ കഴിയാറില്ല എന്നാണ്. ഇന്റന്‍സീവ് പേരന്റിങ്ങിന്റെ ഈ കാലത്ത് കുട്ടിയുടെ ആവശ്യങ്ങള്‍ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമാകുമ്പോള്‍ കുട്ടികള്‍ ഇല്ലാത്ത ഒരു അവധി എന്നൊക്കെ പറഞ്ഞാല്‍ അത് സ്വാര്‍ത്ഥതയായേ കരുതൂ. 

എന്നാല്‍ ഇതിലൊരു വൈരുധ്യമുണ്ട്. നമ്മള്‍ തളര്‍ച്ചയെപ്പറ്റിയും കുട്ടികളെ വളര്‍ത്തുന്നതിന്റെ വിഷമങ്ങളെപ്പറ്റിയും ആവോളം പറഞ്ഞുകഴിഞ്ഞു. ഓള്‍ ജോയ് ആന്‍ഡ് നോ ഫണ്‍! എന്ന പുസ്തകത്തില്‍ ജെന്നിഫര്‍ സീനിയര്‍ ഈ അനുഭവം ദീര്‍ഘമായി വിവരിക്കുന്നുണ്ട്. ആളുകള്‍ ഏറ്റവുമധികം അസന്തുഷ്ടി അനുഭവിക്കുന്നത് കുട്ടികളെ വളര്‍ത്തുന്നതിന്റെ ആദ്യനാളുകളിലാണ് എന്നവര്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ ഒരു അവധി എടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കുട്ടിയുടെ അരികില്‍ നിന്ന് മാറിനില്‍ക്കല്‍ കുട്ടിയെ അവഗണിക്കലായോ സ്വാര്‍ത്ഥതയായോ മാത്രമാണ് മനസിലാക്കപ്പെടുന്നത്. 

ഒരു വീട്ടമ്മയുടെ അവസ്ഥയും ഇത് തന്നെയാണോ? ഒരുപക്ഷെ കൂടുതല്‍ സമയവും വീട്ടില്‍ കുട്ടികളോടൊപ്പം ചെലവഴിക്കുന്നത് കൊണ്ടു ഒരു ജോലിക്കാരി അമ്മയുടെയത്ര കുറ്റബോധം അവധിയെടുക്കുമ്പോള്‍ എനിക്ക് തോന്നില്ലായിരിക്കും. മറിച്ച്, ചെറിയ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളില്‍ ഒരാളോട് അമിതമായ വിധേയത്വത്തില്‍ ജീവിക്കുന്നത് മറ്റെയാളുമായി തുലനമില്ലാത്ത ബന്ധം ഉണ്ടാക്കും. നാലുവയസായെങ്കിലും എന്റെ ഇരട്ടകള്‍ക്ക് ഞാന്‍ ഇല്ലാത്ത എതെങ്കിലുമൊരു ദിവസം അവരുടെ അച്ഛന്‍ ഉറക്കുന്നത് ഇഷ്ടമല്ല. 

ഇത്തരം അമിതമായ ആശ്രയത്വം തന്നെ വീട്ടമ്മമാര്‍ക്ക് അവധി ആവശ്യമാണ് എന്ന് കാണിക്കുന്നു. കുട്ടികള്‍ മാത്രമല്ല സമൂഹവും വീട്ടമ്മമാര്‍ മനുഷ്യരാണെന്നും അവര്‍ക്കും വ്യക്തിത്വമുണ്ടെന്നും അംഗീകരിക്കുകയും അച്ഛനോടും ഒരേതരം അടുപ്പം കുട്ടികള്‍ക്ക് ഉണ്ടാവുകയും ഒക്കെ ചെയ്യേണ്ടതാണ്. ചെറിയ രീതിയിലുള്ള അവഗണന കുട്ടികളെ മികച്ച രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും എന്നും കാതറിന്‍ ഷുമാന്‍ എന്ന ഗവേഷക പറയുന്നു. കുട്ടികള്‍ക്കും അവരുടെതായ ഇടം ആവശ്യമാണ്. സദാ സമയവും എല്ലാകാര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരമ്മ ഉണ്ടാകുന്നത് ചിലപ്പോള്‍ അത്ര നല്ലതുമാകില്ല. 

ഞാന്‍ കുട്ടികളില്ലാതെ ഒരു അവധി എടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ കേട്ട പല പ്രതികരണങ്ങളില്‍ ഏറ്റവും പ്രധാനം ഇതാണ്, ‘ഓ, എനിക്കൊരിക്കലും അത് ചെയ്യാന്‍ പറ്റില്ല.’ 

ഇത് തെറ്റാണ് എന്ന് പറഞ്ഞു ചര്‍ച്ച അവസാനിപ്പിക്കുന്നവരുണ്ട്. ചിലര്‍ക്ക് കുട്ടികളെ തനിച്ചുനോക്കാന്‍ വിസമ്മതിക്കുന്ന പങ്കാളിയും പ്രശ്‌നമാകാറുണ്ട്. ഇതിലൊന്നും അത്ഭുതമില്ല.ഒരു പുതിയ പഠനം പ്രകാരം അമേരിക്കയില്‍ ജോലി ചെയ്ത് തളര്‍ന്നാലും മുപ്പത്തഞ്ചുശതമാനം പേരും ലീവെടുക്കാന്‍ തയ്യാറല്ല. കാരണം തങ്ങളുടെ ജോലിയില്‍ ആ സമയം മറ്റൊരാള്‍ വരുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല എന്നത് തന്നെ. ഇതില്‍ ഇരുപത്തിരണ്ടുശതമാനത്തോളം പേര്‍ക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന പേടിയുമുണ്ട്. 

ഈ ജോലി രക്തസാക്ഷി കോംപ്ലക്‌സിന്റെ അമ്മ വേര്‍ഷനും എനിക്ക് മനസിലാകും. തീരെ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ മാത്രമാണ് എന്റെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ രാത്രി മാറ്റിനിറുത്തിയത്. അവനപ്പോള്‍ ഇരുപത്തിയാറുമാസം പ്രായം, ഞാന്‍ അവന്റെ അനിയനെ പ്രസവിക്കാന്‍ ആശുപത്രിയിലും. അത് വരെ ഞാന്‍ അവനെ എന്റെ അരികില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല, ആര്‍ക്കും, എന്റെ ഭര്‍ത്താവിനുപോലും അവന്റെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. അല്‍പ്പസമയം മാറിനിന്നാല്‍ എനിക്ക് തന്നെ ആശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ ഞാന്‍ ഉണ്ടാക്കിയിരുന്നു എന്നതാണ് ശരി. 

ജോലി തുടര്‍ന്നതോടെ തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഏറിവരാനും ഞാന്‍ അതിനോട് പൊരുത്തപ്പെടാനും തുടങ്ങി. ഒരു അവധി അത്യാവശ്യമായിരുന്നു. എന്റെ പതിനെട്ട് മാസമുള്ള രണ്ടാമത്തെ കുഞ്ഞിനെ വിട്ടു ഞാന്‍ ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍ പോയി. മൂന്നാമത്തെയും നാലാമത്തെയും കുട്ടികളെ ഇത്തരത്തില്‍ പതിനാലുമാസമുള്ളപ്പോള്‍ വിട്ടുപോയിരുന്നു. അപ്പോള്‍ മുതല്‍ ഓരോ വര്‍ഷവും എനിക്ക് മാത്രമായി ഞാന്‍ ചെറിയ യാത്രകള്‍ ചെയ്തിരുന്നു. എന്റെ ഭര്‍ത്താവിന്റെ യാത്രകളെ ഞാന്‍ ജീവിതത്തില്‍ സ്വീകരിക്കുന്നത് പോലെ എന്റെ യാത്രകളെ അദ്ദേഹവും സ്വീകരിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു ശരാശരി തൊഴിലാളിയുടെ അവധി വെറും നാലുദിവസമാണ്. വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍ക്കും ഇത്തരമൊരു വാര്‍ഷിക അവധി വേണ്ടതല്ലേ? 

കുട്ടികളെ നോക്കുന്നതിന്റെ അവസാനിക്കാത്ത ഇരുപത്തിനാല് മണിക്കൂര്‍ ചക്രമാണ് മാതാപിതാക്കളെ തളര്‍ത്തുന്നത്. രണ്ടോ മൂന്നോ രാത്രികള്‍ അകന്നുനില്‍ക്കുന്നത് നിങ്ങള്‍ എവിടെ പോയാലും പ്രശ്‌നമല്ല അത് നിങ്ങളുടെ ബാറ്ററികളെ റീചാര്‍ജ് ചെയ്യാന്‍ സഹായിക്കും. രണ്ടോ മൂന്നോ മണിക്കൂര്‍ സ്വന്തമായി സമയം കിട്ടുന്നത് വലിയ കാര്യമൊന്നും ചെയ്യില്ല. സാധാരണ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതലുള്ള പിരിമുറുക്കത്തില്‍ നിന്ന് രണ്ടോ മൂന്നോ ദിവസം വിട്ടുനില്‍ക്കുകയാണ് ഒരു അവധിക്കാലം കൊണ്ടു ചെയ്യുന്നത്. കൂടുതല്‍ നല്ല രീതിയില്‍ ആ ജോലിയിലേയ്ക്ക് തിരികെ വരാന്‍ ഈ അവധി സഹായിക്കും. ഒരു വ്യക്തിയുടെ ആകമാനമുള്ള സൗഖ്യത്തിനും ഇത് ഉപകരിക്കും. ജോലി കുട്ടികളെ നോക്കല്‍ പോലെയുള്ള ഒന്നാകുമ്പോള്‍ പ്രത്യേകിച്ച്.

ഈ യാത്ര കഴിഞ്ഞു ഞാന്‍ തിരികെ ചെല്ലുമ്പോള്‍ കുട്ടികള്‍ എന്നെ കാണാനും ഞാന്‍ അവരെ കാണാനും സന്തോഷിക്കും. അവരുടെ ചെറിയ വ്യക്തിത്വങ്ങള്‍ക്ക് ഇത് കൊണ്ടു യാതൊരു കേടും ഉണ്ടാകില്ല. എന്റെ അഭാവത്തില്‍ അവര്‍ എന്തുചെയ്തു എന്ന് എന്നോട് പറയുകയും എന്റെ യാത്രയെ പറ്റി ഞാന്‍ അവരോടു പറയുകയും ചെയ്യും. 

അവരെന്നെ കൂടുതല്‍ ഇറുക്കെ കെട്ടിപ്പിടിക്കും. എന്നാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ടു ഞാന്‍ പോയിരുന്നു എന്ന കാര്യം തന്നെ അവര്‍ മറക്കും. ഞാന്‍ ഒരിക്കലും അത് മറക്കില്ല എന്നതാണ് ഏറ്റവും നല്ല കാര്യം!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍