UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം: വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ

അഴിമുഖം പ്രതിനിധി

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുക്കാന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്നലത്തെ വിധിക്കെതിരെ ഇന്ന് ഉമ്മന്‍ചാണ്ടിയും ആര്യാടനും നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ഉത്തരവിനെ രണ്ട് മാസത്തേക്ക് ജസ്റ്റിസ് പി ഉബൈദാണ് മരിവിപ്പിച്ചത്. വിജിലന്‍സ് കോടതി ജഡ്ജി വാസവന്‍ അധികാര പരിധി ലംഘിച്ചുവെന്ന് ഉബൈദ് നിരീക്ഷിച്ചു. വാസവന് എതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ഹൈക്കോടതിയുടെ ഭരണ വിഭാഗം ആലോചിക്കണമെന്നും ജസ്റ്റിസ് ഉബൈദ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് ജഡ്ജിക്ക് തന്റെ അധികാരത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈക്കൂലി നല്‍കിയെന്ന് വിവാദ നായിക സരിത എസ് നായര്‍ സോളാര്‍ വിവാദം അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഈ ആരോപണം ചൂണ്ടിക്കാണിച്ച് വിജിലന്‍സ് കോടതിയെ പൊതുതാല്‍പര്യ ഹര്‍ജിയുമായി സമീപിച്ച പി ഡി ജോസഫിന് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാര്‍ കോഴ ആരോപണത്തില്‍ കെ ബാബുവിന് എതിരെ കേസെടുക്കണമെന്നുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെ കഴിഞ്ഞദിവസം ഉബൈദിന്റെ സിംഗിള്‍ ബഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

വിജിലന്‍സ് ജഡ്ജി വാസവനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ് രംഗത്തെത്തി. ജഡ്ജിക്ക് എതിരെ അന്വേഷണം ആവശ്യപ്പെടും. ജഡ്ജി രാഷ്ട്രീയ യജമാനന്‍മാരുടെ പോസ്റ്റ് ഓഫീസ് ആയത് നിര്‍ഭാഗ്യകരം. ജഡ്ജി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായെന്നും അദ്ദേഹം ഉപ്പു തിന്നതിനാല്‍ വെള്ളം കുടിക്കുമെന്നും മന്ത്രി പറഞ്ഞു.  സത്യം വിജയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. സോളാര്‍ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ആവര്‍ത്തിച്ചു.

അതേസമയം മുഖ്യമന്ത്രിക്കും ആര്യാടനും എതിരായി എഫ് ഐ ആറിന് ഉത്തരവിട്ട ജഡ്ജി സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു. അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മെയില്‍ ചെയ്തു.

ഹൈക്കോടതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്കും ആര്യാടനും ആശ്വാസം ലഭിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ രാജിക്കാര്യത്തില്‍ നിന്നും എല്‍ഡിഎഫ് പിന്നോട്ടില്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആര്യാടന്‍, ബാബു എന്നിവരുടെ പരിപാടികള്‍ എല്‍ഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിശ്വന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍