UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിസ് യൂണിവേര്‍സ്; സ്റ്റീവ് ഹാര്‍വിയുടെ അബദ്ധം പബ്ലിസിറ്റി സ്റ്റണ്ടോ?

Avatar

എമിലി യാഹിര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

2015ലെ മിസ് യൂണിവേഴ്‌സ് മല്‍സരത്തിന്റെ ഫലപ്രഖ്യാപനത്തിന് ഒരു ഐതിഹാസിക വൈറല്‍ നിമിഷത്തിന്റെ എല്ലാ ചേരുവകളുമുണ്ടായിരുന്നു. ഒരു സൗന്ദര്യമല്‍സരം; അമ്പരപ്പുണ്ടാക്കുന്ന ഒരു അബദ്ധ ഫലപ്രഖ്യാപനം; തനിക്കു തെറ്റുപറ്റിയെന്ന് അവതാരകന്‍ സ്റ്റീവ് ഹാര്‍വിയുടെ ഏറ്റുപറച്ചില്‍; തലയില്‍വച്ച കിരീടം നിമിഷാര്‍ധത്തില്‍ നഷ്ടമായ മിസ് കൊളംബിയയുടെ മുഖഭാവം; യഥാര്‍ത്ഥ വിജയി മിസ് ഫിലിപ്പീന്‍സ് പിയ വേര്‍ട്‌സ്ബാകിന്റെ കിരീടധാരണം.

എല്ലാം കൃത്യം. എന്നാല്‍ കൃത്യത അല്‍പം കൂടിപ്പോയില്ലേ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

മിസ് കൊളംബിയയാണ് വിജയി എന്ന് ഹാര്‍വി പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം പരിപാടിയുടെ വിഡിയോ ലോകമെമ്പാടും എത്തി. ട്വിറ്ററില്‍ മിസ് യൂണിവേഴ്‌സ് 2015 ആയിരുന്നു ട്രെന്‍ഡിങ് വിഷയം. എന്നാല്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ മറ്റൊന്നിലായിരുന്നു: ഗൂഢാലോചനാ ആരോപണം.

ഉദാഹരണത്തിന് സാന്‍ ഡിയാഗോയില്‍ ടിവി അവതാരകനായ റാവുള്‍ മാര്‍ട്ടിനെസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ ഇതു വിശ്വസിക്കുന്നുണ്ടോ? ഞാന്‍ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ആളല്ല. പക്ഷേ ഇതില്‍ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു വലിയ പബ്ലിസിറ്റി സ്റ്റണ്ടു പോലെയുണ്ട്. എല്ലാവരെയും മിസ് യൂണിവേഴ്‌സ് മല്‍സരത്തെപ്പറ്റി സംസാരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തരം പബ്ലിസിറ്റി സ്റ്റണ്ട്. സാധാരണഗതിയില്‍ ആരും (സത്യസന്ധമായി പറഞ്ഞാല്‍) മിസ് യൂണിവേഴ്‌സിനെ ഗൗനിക്കാറില്ലല്ലോ’.

പേര് തെറ്റായി വായിച്ചെന്ന വാദം ബലപ്പെടുത്താന്‍ സ്റ്റീവ് ഹാര്‍വി ടിവിയില്‍ കാണിച്ച കാര്‍ഡുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇന്റര്‍നെറ്റില്‍ നിറഞ്ഞു. രണ്ടുപേരുകള്‍ തമ്മില്‍ എങ്ങനെ മാറിപ്പോയെന്നതിനെപ്പറ്റി കാഴ്ചക്കാര്‍ കൂടുതല്‍ സംശയാലുക്കളായി.

സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു സംശയിക്കാന്‍ കാരണങ്ങള്‍ ഇനിയുമുണ്ട്.

1. ടെലിപ്രോംപ്റ്റര്‍ ‘മിസ് കൊളംബിയ’ എന്നു കാണിച്ചോ?

അബദ്ധത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്തു ക്ഷമ ചോദിച്ചശേഷമാണ് ഹാര്‍വി സ്‌റ്റേജ് വിട്ടത്. പക്ഷേ മിസ് യൂണിവേഴ്‌സ് സ്‌നാപ്ചാറ്റ് അനുസരിച്ച് ‘ടെലിപ്രോംപ്റ്റര്‍ മിസ് കൊളംബിയ എന്നു കാണിച്ചു’ വെന്നാണ് ഹാര്‍വി പറഞ്ഞത്. സ്‌നാപ് എവിടെയും കണ്ടെത്താനായില്ലെങ്കിലും യുഎസ്എ ടുഡേ ഉള്‍പ്പെടെ പലര്‍ക്കും സ്‌ക്രീന്‍ഗ്രാബുകള്‍ കിട്ടി.

സ്‌നാപ്ചാറ്റ് കഥയ്ക്കുശേഷവും മാധ്യമങ്ങളോടു സംസാരിച്ച ഹാര്‍വി സ്വയം കുറ്റമേറ്റെടുക്കുന്നതായി കാണാം. പ്രഖ്യാപനത്തില്‍ ‘വിജയി’ എന്നതിനുപകരം ‘റണ്ണര്‍ അപ് ‘ എന്നായിരുന്നു താന്‍ പറയേണ്ടിയിരുന്നത് എന്ന് ഹാര്‍വി ആവര്‍ത്തിക്കുന്നുണ്ട്.

2. മിസ് യൂണിവേഴ്‌സിന് ജനശ്രദ്ധ കിട്ടാനുള്ള അടവ്.

വന്‍ ജനപ്രീതിയുള്ള ഒന്നല്ല മിസ് യൂണിവേഴ്‌സ് മല്‍സരം. കഴിഞ്ഞ വര്‍ഷം 7.6 മില്യണ്‍ ആളുകളാണ് ടിവിയില്‍ മല്‍സരം കണ്ടത്. യുഎസില്‍ ഇത് ഇനിയും കുറവാണ്. ക്രിസ്മസിന് അഞ്ചുദിവസം മാത്രം മുന്‍പുള്ള ഒരു ഡിസംബര്‍ ഞായറാഴ്ച രാത്രി ഫുട്‌ബോള്‍ മല്‍സരമല്ലാതെ മറ്റൊന്നിനും ആളുകളെ ടിവിക്കു മുന്നിലിരുത്താനാകില്ല. ഫോക്‌സ് ചാനല്‍ ആദ്യമായി സംപ്രേഷണം ചെയ്ത പരിപാടിക്ക് വിജയിക്കേണ്ടതുണ്ടായിരുന്നു. അത് വിജയിക്കുകയും ചെയ്തു.

3. ജനശ്രദ്ധ നേടാനുള്ള സ്റ്റീവ് ഹാര്‍വിയുടെ ശ്രമം.

സ്വന്തം ടോക് ഷോയില്‍ ഹാര്‍വി എന്തിനെപ്പറ്റി സംസാരിക്കുമെന്നാണു നിങ്ങള്‍ കരുതുന്നത്? ഹാര്‍വിയാണ് ‘ഫാമിലി ഫ്യൂഡി’ന്റെയും അവതാരകനെന്ന് അതേ ടോക് ഷോ കാഴ്ചക്കാരെ ഓര്‍മിപ്പിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

4………….ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ട എന്തെങ്കിലും.

മിസ് യൂണിവേഴ്‌സ് സംപ്രേഷണം ഈ വര്‍ഷം നാടകീയത നിറഞ്ഞതായിരുന്നു. 2002 മുതല്‍ ഡൊണാള്‍ഡ് ട്രംപും എന്‍ബിസിയുമാണ് സൗന്ദര്യമല്‍സരത്തിന്റെ ഉടമസ്ഥാവകാശം കൈവശം വച്ചിരുന്നത്. മെക്‌സിക്കന്‍ അഭയാര്‍ഥികള്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ട്രംപുമായുള്ള എല്ലാ ബന്ധവും എന്‍ബിസി വിഛേദിച്ചിരുന്നു. യൂണിവിഷന്‍ മിസ് യൂണിവേഴ്‌സ് പരിപാടി ഉപേക്ഷിക്കുകയും ട്രംപ് സംപ്രേഷണാവകാശം ഈ വര്‍ഷം ഡബ്ലിയുഎംഇ/ഐഎംജിക്കു വില്‍ക്കുകയും ചെയ്തു. മല്‍സരത്തില്‍ ഇപ്പോള്‍ ട്രംപിന് പങ്കൊന്നുമില്ലെങ്കിലും പലര്‍ക്കും സംഭവത്തില്‍ ട്രംപിനെ സംശയമുണ്ട്.

5. മിസ് യൂണിവേഴ്‌സ് ചരിത്രത്തില്‍ വേറിട്ടുനില്‍ക്കാന്‍.

‘മൈ കസിന്‍ വിന്നി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാരിസ ടോമെ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ നേടിയ അവാര്‍ഡ് നിശ ഓര്‍മയുണ്ടോ? ടെലിപ്രോംപ്റ്ററില്‍നിന്ന് അവതാരകന്‍ അന്ന് തെറ്റായ പേരായിരിക്കണം വായിച്ചതെന്നു കരുതുന്നവര്‍ ഇന്നുമുണ്ട്. മിസ് യൂണിവേഴ്‌സിനു കൈവന്നത് ഒരു മാരിസ ടോമെ നിമിഷമാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍